വിജയം ഉറപ്പിച്ച്‌ സഖാവ്‌

വിജയം ഉറപ്പിച്ച്‌ സഖാവ്‌
April 20 04:45 2017

രാജഗോപാൽ രാമചന്ദ്രൻ
സിദ്ധാർത്ഥ ശിവ – നിവിൻ പോളി ടീമിന്റെ സഖാവ്‌ എന്ന ചിത്രം പ്രേക്ഷകർക്ക്‌ മുന്നിൽ വെളിവാക്കുന്നത്‌ യഥാർത്ഥ കമ്മ്യൂണിസ്റ്റുകാരന്റെ ജീവിതം എങ്ങനെയിരിക്കണമെന്നാണ്‌. പ്രസ്ഥാനത്തിന്‌ വേണ്ടി ജീവിച്ച പഴയകാല കമ്മ്യൂണിസ്റ്റായ കൃഷ്ണന്റെയും പ്രസ്ഥാനം കൊണ്ട്‌ ജീവിക്കുന്ന പുതിയ കാലത്തെ പാർട്ടി പ്രവർത്തകനായ കൃഷ്ണകുമാറിന്റെയും ജീവിതരീതിയിലെ വൈചിത്ര്യം തന്നെയാണ്‌ സിനിമയുടെ കാതൽ. രണ്ടു വേഷത്തിലും എത്തുന്നത്‌ നിവിൻ പോളിയാണ്‌.
കോട്ടയത്ത്‌ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന സഖാവ്‌ കൃഷ്ണന്‌ പാർട്ടി ഏരിയാ സെക്രട്ടറിയുടെ നിർദ്ദേശപ്രകാരം രക്തം നൽകാനെത്തുന്ന കൃഷ്ണകുമാർ, സഖാവ്‌ കൃഷ്ണന്റെ ജീവിതം അന്വേഷിച്ചു കണ്ടെത്തുന്ന രീതിയിലാണ്‌ സിനിമ പുരോഗമിക്കുന്നത്‌. തനിക്കറിയാവുന്ന രാഷ്ട്രീയ തരികിടയുടെ എല്ലാ വശങ്ങളും പ്രയോഗിച്ച്‌ ആശുപത്രിയിൽ നിന്നും രക്തം നൽകാതെ രക്ഷപ്പെടാൻ ആഗ്രഹിക്കുന്ന കൃഷ്ണകുമാർ, പിന്നീട്‌ കൃഷ്ണൻ എന്ന സഖാവിന്റെ ആദർശപൂർണ്ണമായ രാഷ്ട്രീയത്തിൽ ആകൃഷ്ടനാവുന്നതും തന്റെ തെറ്റുകൾ തിരുത്തി കൃഷ്ണൻ തുടങ്ങിവച്ച പോരാട്ടത്തിന്റെ പാതയിലേക്കെത്തുകയും ചെയ്യുന്നിടത്ത്‌ സഖാവ്‌ പൂർണ്ണമാകുന്നു.
കമ്മ്യൂണിസ്റ്റ്‌ പാർട്ടിയിലെ ചില നേതാക്കളുടെ പേരുകൾ പരാമർശിക്കുന്നതല്ലാതെ കൃത്യമായ ഒരു ചരിത്ര-കാല പശ്ചാത്തലം സഖാവ്‌ കൃഷ്ണന്റെ ജീവിതത്തിന്‌ നൽകിയിട്ടില്ല. പീരുമേട്ടിലെ തോട്ടം തൊഴിലാളികളെ സംഘടിപ്പിക്കാൻ പാർട്ടി നിയോഗിക്കുന്ന കൃഷ്ണൻ അവിടെയെത്തുകയും അവകാശങ്ങൾ സംരക്ഷിക്കുന്നതിന്‌ വേണ്ടിയുള്ള സമരത്തിന്റെ മുൻപന്തിയിലേക്കെത്തുന്നതുമാണ്‌ ചിത്രത്തിലെ ഫ്ലാഷ്‌ ബാക്ക്‌ കാലം. ഉശിരൻ ഡയലോഗുകളിലൂടെയും ഹൃദയത്തെ തൊടുന്ന ചില രംഗങ്ങളിലൂടെയും ഇടതുപക്ഷ ചിന്ത മനസ്സിലുള്ളവരിൽ പ്രസ്ഥാനത്തിന്റെ നന്മ മനസ്സിലാക്കാൻ സംവിധായകന്‌ കഴിയുണ്ട്‌.
‘ആക്റ്റിംഗിൽ അല്ല പ്ലാനിംഗിൽ ആണ്‌ കാര്യം!’ എന്ന്‌ ഒരു വർഷത്തെ ഇടവേളയ്ക്ക്‌ ശേഷമെത്തുന്ന തന്റെ ഈ ചിത്രത്തിലുടെ നിവിൻ പോളി തെളിയിക്കുന്നു. ഓരോ മാസവും ഓരോ ചിത്രങ്ങൾ വീതം റിലീസ്‌ ചെയ്ത്‌ കാഴ്ച്ചക്കാരനെ വെറുപ്പിക്കുന്ന മറ്റു സൂപ്പർതാരങ്ങൾ പഠിക്കേണ്ട പാഠം. അൽത്താഫ്‌, ഐശ്വര്യ രാജേഷ്‌, അപർണ ഗോപിനാഥ്‌, ഗായത്രി സുരേഷ്‌, ബിനു പപ്പു, ശ്രീനിവാസൻ തുടങ്ങിയവരൊക്കെ ചിത്രത്തിൽ സഖാവിന്‌ പിന്തുണയുമായുണ്ട്‌.
മാർക്ക്സിന്റെ ജീവചരിത്രം മലയാളത്തിലേക്ക്‌ പകർത്തിയ സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയായിരിക്കണം സാധാരണ മലയാളിയുടെ വായനാശീലത്തിൽ ആദ്യമായി കമ്മ്യൂണിസത്തിന്റെ വിത്തുപാകിയത്‌.. കെ ദാമോദരനും തകഴിയും കേശവദേവുമുൾപ്പെടെയുള്ള എഴുത്തുകാർ സാധാരണ മലയാളിയുടെ വായനശീലനത്തിന്‌ പിന്നീട്‌ ചുവപ്പ്‌ പകർന്നു. കെ ദാമോദരന്റെ തന്നെ പാട്ടബാക്കിയും കെ പി എ സിയുടേതുൾപ്പെടെയുള്ള നാടകങ്ങളും സാധാരണക്കാരനായ മലയാളിയുടെ കണ്ണിനും മനസ്സിനും തുടർന്ന്‌ കമ്മ്യൂണിസത്തിന്റെ ആവേശം പകരുകയായിരുന്നു. കെ പി എ സിയുടെ നാടകങ്ങൾ വെള്ളിത്തിരയിലെത്തിയതോടെ പറമ്പുകളിലെ ആവേശം സിനിമാ കൊട്ടകകളിലും നിറയുകയായിരുന്നു…
രാഷ്ട്രീയ ഏഴുത്ത്‌ എന്നത്‌ സാധാരണക്കാരന്‌ മനസ്സിലാകാത്ത ഭാഷ ഉപയോഗിക്കുന്ന ബൗദ്ധിക ചിന്തകരെന്ന്‌ സ്വയം വിശേഷിപ്പിക്കുന്ന ചിലരുടെ തൂലികയിലൂടെ മാത്രം പുറത്തുവരുന്ന പുതിയ കാലത്തിൽ പാർട്ടിയെന്തെന്ന്‌ സാധാരണക്കാരന്‌ മനസ്സിലാക്കിക്കൊടുക്കാൻ വെള്ളിത്തിരയിലൂടെ ശ്രമങ്ങൾ ഉയർന്നുവരുന്നുണ്ട്‌… മീനമാസത്തിലെ സൂര്യൻ, ലാൽസലാം, രക്തസാക്ഷികൾ സിന്ദാബാദ്‌, വസന്തത്തിന്റെ കനൽ വഴികൾ… ബോക്സോഫീസിൽ വിജയിച്ചാലും ഇല്ലെങ്കിലും ഇത്തരം ചിത്രങ്ങൾ മലയാളിയുടെ രാഷ്ട്രീയ ചിന്തയിൽ ഉണ്ടാക്കുന്ന മാറ്റം വളരെ വലുതാണ്‌.
രാഷ്ട്രീയത്തെ ഉപജീവനമാക്കി കാണുന്ന കൃഷ്ണകുമാർമാർക്ക്‌ സഖാവ്‌ കൃഷ്ണന്റെ ജീവിതം പുനർചിന്തനത്തിനുള്ള ഒരു സാധ്യതയായി മാറിയാൽ തന്നെ സിദ്ധാർത്ഥ ശിവയുടെയും നിവിൻപോളിയുടെയും ഒരു വർഷത്തിലധികം നീണ്ട പ്രയത്നം വിജയിക്കും…

  Categories:
view more articles

About Article Author