വിജയലക്ഷ്മിയുടെ നാദവിസ്മയത്തിനു മുന്നിൽ ഇരുളും വഴിമാറുന്നു

വിജയലക്ഷ്മിയുടെ നാദവിസ്മയത്തിനു മുന്നിൽ ഇരുളും വഴിമാറുന്നു
January 12 04:45 2017

കോട്ടയം: മംഗല്യ ജീവിതത്തിനൊപ്പം വൈക്കം വിജയലക്ഷ്മി കാഴ്ചയുടെ നിറപ്പകിട്ടാർന്ന ലോകത്തിലേക്കും നടന്നടുക്കുന്നു. ജന്മനാ കാഴ്ചയില്ലാത്ത വിജയലക്ഷ്മിക്ക്‌ ഇപ്പോൾ കണ്ണുകളിൽ വെളിച്ചം തിരിച്ചറിയാനും അവ്യക്തതയോടെയെങ്കിലും നിഴലുകൾ കാണാനും കഴിയുന്നുണ്ട്‌.
വിജയലക്ഷ്മിക്ക്‌ നേരിയതോതിൽ കാഴ്ച ലഭിച്ചു തുടങ്ങിയതായി ഇവരെ ചികിത്സിക്കുന്ന ഡോക്ടർ ദമ്പതികളായ ശ്രീകുമാറും ശ്രീവിദ്യയും പറഞ്ഞു. അധികം വൈകാതെ കാഴ്ച പൂർണമായും ലഭിക്കുമെന്നാണ്‌ വിശ്വാസമെന്നും ഇവർ പറഞ്ഞു. നിലവിൽ പ്രകാശം തിരിച്ചറിയാൻ കഴിയുന്നുണ്ട്‌. കൂടാതെ വളരെ അടുത്തുള്ള വസ്തുക്കളെ നിഴൽപോലെ കാണാനും സാധിക്കും. നിഴലു പോലെ വിജയലക്ഷ്മിക്കൊപ്പമുള്ള അമ്മയ്ക്കും അറിയാനാകുന്നുണ്ട്‌ ആ മാറ്റം. ‘പണ്ട്‌ നടന്നു പോകുന്ന വഴിയിൽ ആരെങ്കിലും നിന്നാൽ അവൾക്ക്‌ അറിയില്ലായിരുന്നു. പക്ഷേ ഇപ്പോൾ അവളുടെ അടുത്ത്‌ നമ്മൾ ചെന്നു നിന്നാലും വഴിയിൽ തടസ്സമുണ്ടെങ്കിലുമൊക്കെ അവൾക്കറിയാം. അവിടേക്കവൾ നോക്കുന്നുണ്ടെന്നും അവർ പറയുന്നു.
ഓരോ ദിവസം ചെല്ലുന്തോറും പ്രകാശം തിരിച്ചറിയാനുള്ള ശേഷി വർധിക്കുന്നുണ്ടെന്ന്‌ വിജയലക്ഷ്മി പറഞ്ഞു. ചെറിയ തോതിൽ വസ്തുക്കളെ തിരിച്ചറിയാൻ തുടങ്ങിയതോടെ വിജയലക്ഷ്മിയുടെ കുടുംബവും ഏറെ പ്രതീക്ഷയിലാണ്‌. തലച്ചോറിലെ ഞരമ്പിനു സംഭവിച്ച തകരാറാണ്‌ വിജയലക്ഷ്മിക്കു കാഴ്ചയില്ലാതാക്കിയത്‌.
ഹോമിയോ ഡോക്ടർമാരായ ശ്രീകുമാറും ശ്രീവിദ്യയും സ്വയം വികസിപ്പിച്ചെടുത്ത ചികിത്സാവിധിപ്രകാരമുള്ള ചികിത്സയാണ്‌ നൽകുന്നത്‌. ഏകദേശം പത്തുമാസം നീണ്ടുനിന്ന ചികിത്സയ്ക്കൊടുവിലാണ്‌ വിജയലക്ഷ്മി പ്രകാശത്തെ തിരിച്ചറിഞ്ഞു തുടങ്ങിയതെന്ന്‌ ഡോക്ടർമാർ വ്യക്തമാക്കി.

  Categories:
view more articles

About Article Author