വിജ്ഞാനോപാസകനായ വിപ്ലവകാരി

വിജ്ഞാനോപാസകനായ വിപ്ലവകാരി
July 18 04:55 2017

കാനം രാജേന്ദ്രൻ
നിർവചനങ്ങൾക്ക്‌ അതീതമായൊരു ചരിത്ര വ്യക്തിത്വമാണ്‌ സി ഉണ്ണിരാജയുടേത്‌. അദ്ദേഹത്തിന്റെ ഒരു വർഷംനീണ്ട ജന്മ ശതാബ്ദി ആഘോഷങ്ങൾക്ക്‌ ജൂലൈ 18ന്‌ സമാപനമാവുകയാണ്‌. പുരോഗമന പ്രസ്ഥാനത്തിനും സാഹിത്യത്തിനും ഉണ്ണിരാജ നൽകിയിട്ടുള്ള സംഭാവനകൾ കേരളത്തിന്റെ അവിസ്മരണീയമായൊരു അധ്യായം കൂടിയാണ്‌.
രാഷ്ട്രീയത്തിലേയ്ക്ക്‌ താൻ കടന്നുവന്ന വഴികളെക്കുറിച്ച്‌ ‘എന്റെ രാഷ്ട്രീയ വിദ്യാരംഭം’ എന്ന കുറിപ്പിൽ ഉണ്ണിരാജ എഴുതി: “1939ൽ കോളജ്‌ വിദ്യാഭ്യാസം പൂർത്തിയാക്കി ബിരുദമെടുത്തശേഷം ഉദ്യോഗത്തിനൊന്നും പോകാതെ കമ്മ്യൂണിസ്റ്റ്‌ പാർട്ടിയിൽചേർന്നു മുഴുവൻസമയ രാഷ്ട്രീയ പ്രവർത്തകനാകുന്നതിനുള്ള തീരുമാനം അനായാസമെടുക്കാൻ സാധിച്ചതിന്‌ ഒരു പശ്ചാത്താപവും മാനസികാവസ്ഥയും രൂപപ്പെട്ടു കഴിഞ്ഞിരുന്നു”.
ഉണ്ണിരാജയെക്കുറിച്ച്‌ എംആർബി എഴുതി: ‘കാല്‌ കുറഞ്ഞൊന്നു തെറ്റിയിരുന്നെങ്കിൽ രാജൻ ഇന്ന്‌ മറ്റൊരാളായിരുന്നേനെ! – ഐസിഎസുകാരൻ! എന്നുവെച്ചാൽ ചൂഷക വർഗക്കാരുടെ ചൂരൽക്കാരൻ! എന്തൊരു തിരിച്ചടി! ലാത്തിയാക്കണമെന്ന്‌ കരുതിയത്‌ ഓടക്കുഴലായി !’
കേരളത്തിലെ കമ്മ്യൂണിസ്റ്റ്‌ പാർട്ടിയുടെ ആദ്യപഥികരിലൊരാളായ കെ ദാമോദരനൊപ്പം പൊന്നാനിയിലെ ബീഡി തൊഴിലാളികളെ സംഘടിപ്പിച്ചുകൊണ്ടാണ്‌ ഉണ്ണിരാജ സജീവ രാഷ്ട്രീയ പ്രവർത്തനം തുടങ്ങുന്നത്‌. 1939 ഡിസംബറിൽ പിണറായി പാറപ്രത്ത്‌ നടന്ന കമ്മ്യൂണിസ്റ്റ്‌ പാർട്ടി കേരള ഘടകം രൂപീകരണ സമ്മേളനത്തിൽ ഉണ്ണിരാജ പങ്കെടുത്തിരുന്നില്ല. എന്നാൽ സമ്മേളനത്തിൽ വൈകിയെത്തിയ ഉണ്ണിരാജ പാർട്ടി രൂപീകരണ ദിനത്തിൽതന്നെ പാർട്ടി അംഗമായി.
രസതന്ത്രം, ഊർജതന്ത്രം, സൈബർ നെറ്റിക്സ്‌, ജനിതകം മുതലായവയിലും തന്റെ പിടിപാട്‌ കാലത്തിനൊത്ത്‌ വളർത്തുവാൻ ഉണ്ണിരാജ ശ്രമിച്ചിരുന്നു എന്നതിന്റെ നിദർശനമാണ്‌ മരിക്കുന്നതിന്‌ ഏതാനും നാൾ മുമ്പ്‌ അദ്ദേഹം എഴുതി പ്രസിദ്ധീകരിച്ച ‘പഞ്ചഭൂതങ്ങൾ അഞ്ചല്ല’ എന്ന പുസ്തകം. സാധാരണക്കാർക്ക്‌ അനായാസമായി വായിച്ച്‌ ഗ്രഹിക്കാനുതകുന്ന ഭൗതിക ശാസ്ത്ര ഗ്രന്ഥങ്ങൾ ധാരാളമാകുന്നതിനു മുമ്പുതന്നെ പോപ്പുലർ സയൻസ്‌ കൃതികൾ ഉണ്ണിരാജ രചിച്ചുവന്നിരുന്നു.
ഗഹനവും സാങ്കേതിക ജടിലവുമായ ശാസ്ത്ര സിദ്ധാന്തങ്ങളും വസ്തുതകളും സാധാരണ നിലവാരത്തിലുള്ള വായനക്കാർക്കുപോലും അഭിഗമ്യമായ വിധം ലളിതമായി പ്രതിപാദിക്കാൻ ഉണ്ണിരാജക്കുണ്ടായിരുന്ന കഴിവ്‌ അസൂയാവഹമാണ്‌. മാർക്ക്സിസം നൽകുന്ന കാഴ്ചപ്പാടിൽ സാധാരണ ശാസ്ത്ര വസ്തുതകളും ബന്ധങ്ങളും അനാവരണം ചെയ്യുമ്പോഴും ഉണ്ണിരാജയുടെ ഭൗതികശാസ്ത്ര കൃതികൾ ഒരു ദാർശനിക പരിവേഷം നൽകുന്നു. വസ്തുതകൾക്കു പുറകിലുള്ള ദാർശനിക മാനം അദ്ദേഹം കൈവിട്ടിരുന്നില്ല.
മലയാളത്തിൽ അപൂർവ്വപ്രകാശിതങ്ങളായ ശാസ്ത്ര-സാങ്കേതിക ആശയങ്ങൾ അവതരിപ്പിക്കാൻ പുതിയ സാങ്കേതിക പദങ്ങൾ രൂപപ്പെടുത്തുന്നതിൽ ഉണ്ണിരാജ പ്രത്യേക കഴിവു കാട്ടി. മലയാള ഭാഷയുടെ അതിർവേലികൾ മുന്നോട്ട്‌ തള്ളി പുതിയ ശൈലിയും പദങ്ങളും സൃഷ്ടിക്കുന്നതിൽ ഉണ്ണിരാജക്ക്‌ ഉണ്ടായിരുന്ന കഴിവ്‌ മാർക്ക്സിസ്റ്റ്‌ ദാർശനിക രാഷ്ട്രീയ കൃതികളുടെ വിവർത്തനത്തിൽ കൂടുതൽ പ്രകടമായി.
വാദം വാദത്തിനുവേണ്ടി എന്ന മനോഭാവം ഉണ്ണിരാജയെ ഒരിക്കലും ബാധിച്ചിരുന്നില്ല. സത്യാന്വേഷണത്തിന്റെ ഭാഗമായി മാത്രമേ വാദങ്ങളെ അദ്ദേഹം അവസംബിച്ചിരുന്നുള്ളൂ. ഉണ്ണിരാജ മലയാളത്തിന്‌ നൽകിയ വൈജ്ഞാനിക സംഭാവനകളിലൊക്കെയും ഈ മനോഭാവം കലർന്നിരിക്കുന്നതു കാണാം.
മാർക്ക്സിസ്റ്റ്‌ സൈദ്ധാന്തികരുടെ മുൻനിരയിലാണ്‌ സി ഉണ്ണിരാജയുടെ സ്ഥാനം. മാർക്ക്സിസം-ലെനിനിസം ആഴത്തിൽ പഠിച്ച്‌ ഉൾക്കൊണ്ടിരുന്ന അദ്ദേഹം ആ പ്രത്യയശാസ്ത്രം സാധാരണക്കാർക്ക്‌ മനസിലാവുംവിധത്തിൽ അനേകം കൃതികൾ രചിച്ചു. ഏത്‌ ജോലിയും ഏറ്റെടുക്കാൻ അദ്ദേഹത്തിന്‌ മടിയുണ്ടായിരുന്നില്ല. പത്രപ്രവർത്തന രംഗത്തിന്‌ പുതിയ ദിശാബോധം പകർന്നുനൽകാൻ അദ്ദേഹത്തിന്‌ കഴിഞ്ഞു.
നമ്മൾ കേട്ടു ശീലിച്ച ഉത്തരങ്ങളുടെ ചുറ്റളവിൽ ഒതുങ്ങുന്ന ഒരാളായിരുന്നില്ല ഉണ്ണിരാജ. വിപ്ലവത്തിന്‌ മാറ്റ്‌ കൂട്ടാൻ അറിവിന്റെ മൂശയിൽ തപസ്സനുഷ്ഠിച്ച ആ പൊന്നാനിക്കാരന്‌ എന്തെങ്കിലുമൊക്കെ ആയിത്തീരാൻ ഒട്ടും താൽപ്പര്യമില്ലായിരുന്നു. തന്നെ തേടിയെത്തിയ സ്ഥാനമാനങ്ങളെ വിനയപൂർവ്വം നിരസിക്കുമ്പോൾ അദ്ദേഹം മറ്റു പലതും നേടുകയായിരുന്നു. മറ്റുള്ളവരുമായി പങ്കുവെക്കാൻ ഉണ്ണിരാജയുടെ പക്കൽ എന്നും രണ്ടു കാര്യങ്ങളേ ഉണ്ടായിരുന്നുള്ളൂ- അറിവും സ്നേഹവും. ഈ രണ്ട്‌ കാര്യങ്ങളും ദാനം ചെയ്യുന്നതിൽ ഉണ്ണിരാജ തികച്ചും ‘മഹാരാജ’നായിരുന്നു. ആറു ദശകങ്ങളുടെ അഭംഗുരവും നിസ്വാർത്ഥവുമായ ജനസേവനം എന്ന ഉപാസനയിൽനിന്നും ലഭിച്ച വെളിച്ചം നമ്മെ നയിക്കട്ടെ.

  Categories:
view more articles

About Article Author