Monday
23 Apr 2018

വിദേശനയ വിപര്യയം

By: Web Desk | Sunday 9 July 2017 4:55 AM IST

പ്രധാനമന്ത്രി നരേന്ദ്രമോഡി അടുത്തിടെ നടത്തിയ അമേരിക്ക- ഇസ്രയേൽ സന്ദർശനങ്ങളിലൂടെ രാജ്യത്തിന്റെ വിദേശനയത്തിൽ നിന്നുള്ള പിന്നാക്കംപോക്ക്‌ ഏതാണ്ട്‌ പൂർത്തിയായ അവസ്ഥയിലാണ്‌. സ്വേച്ഛാധിപത്യശക്തികൾക്കെതിരെയും നവ കോളനിവൽക്കരണത്തിനെതിരെയുമുള്ള പോരാട്ടങ്ങളിൽ അടിയുറച്ച നയങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമാണ്‌ മോഡി ഇപ്പോൾ സ്വീകരിക്കുന്ന സമീപനം. മോഡിയുടെ ഭരണത്തിൻകീഴിൽ ഇന്ത്യ സ്വേച്ഛാധിപത്യ ശക്തികളുടെ പ്രീണനങ്ങൾക്ക്‌ കീഴടങ്ങുന്ന കാഴ്ചയാണ്‌ ഇപ്പോഴുള്ളത്‌. ബഹുധ്രുവ ലോകമെന്ന ആശയത്തെതന്നെ തകിടംമറിക്കുന്ന നയങ്ങളാണ്‌ മോഡി സ്വീകരിക്കുന്നത്‌.
രണ്ട്‌ കാര്യങ്ങൾ പ്രധാനമന്ത്രി നരേന്ദ്രമോഡി അംഗീകരിച്ചാൽ അമേരിക്കൻ പ്രസിഡന്റ്‌ ഡൊണാൾഡ്‌ ട്രമ്പ്‌ തികച്ചും സന്തോഷവാനാകുമെന്ന്‌ മോഡിയുടെ സന്ദർശനത്തിന്‌ മുമ്പുതന്നെ അമേരിക്കൻ അധികൃതർ അറിയിച്ചിരുന്നു. വൻതോതിൽ ആയുധങ്ങളും മറ്റ്‌ പ്രതിരോധ ഉൽപ്പന്നങ്ങളും അമേരിക്കയിൽ നിന്ന്‌ വാങ്ങാൻ തയ്യാറാകണമെന്നതാണ്‌ ഒരുകാര്യം. അമേരിക്കയെ അലോസരപ്പെടുത്തുന്ന പ്രശ്നങ്ങൾ ഉന്നയിക്കരുതെന്നാണ്‌ രണ്ടാമത്തെ ആവശ്യം. മോഡിയുടെ അമേരിക്കൻ സന്ദർശനത്തിനിടെ 19 ബില്യൺ അമേരിക്കൻ ഡോളറിന്റെ പ്രതിരോധ കരാറുകൾ ഒപ്പുവച്ചു. ആണവപ്ലാന്റുകൾ സ്ഥാപിക്കാനുള്ള കരാറാണ്‌ മറ്റൊന്ന്‌. അമേരിക്കയിൽ വിവിധ സ്ഥലങ്ങളിൽ ഈ പ്ലാന്റുകൾ സ്ഥാപിക്കുന്നതിന്‌ അവിടത്തെ സർക്കാർ അനുമതി നിഷേധിച്ചിരുന്നു. ഈ പ്ലാന്റുകളാണ്‌ രണ്ടു കൈയും നീട്ടി മോഡി സ്വീകരിച്ചത്‌. കൂടാതെ അവർ നിശ്ചയിച്ച വിലയും ഇതിന്‌ നൽകാൻ മോഡി തയ്യാറാണ്‌.
ട്രമ്പ്‌ ഭരണകൂടം നടപ്പാക്കിയ വിസാ നിരോധനം സംബന്ധിച്ച പ്രശ്നം ഉന്നയിക്കരുതെന്ന കാര്യത്തിലും അമേരിക്കയ്ക്ക്‌ നിർബന്ധമുണ്ടായിരുന്നു. വിസാ നിരോധനം രാജ്യത്തെ ഐടി കമ്പനികളെ പ്രതികൂലമായി ബാധിക്കും. ആയിരക്കണക്കിനുപേർക്ക്‌ തൊഴിൽ നഷ്ടപ്പെടും. പരിസ്ഥിതിയുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര ഉടമ്പടിയിൽ നിന്നും ട്രമ്പ്‌ പിൻവാങ്ങിയ കാര്യത്തിലും പ്രധാനമന്ത്രി നിശബ്ദത പാലിച്ചു. ഈ കരാറിൽ നിന്നും പിൻവാങ്ങിയത്‌ എത്രമാത്രം വിനാശകരമായ കാര്യമാണെങ്കിലും മോഡിക്ക്‌ പറയാമായിരുന്നു. വികസിത രാജ്യങ്ങളിൽ നിന്നും ധാരാളം ഫണ്ട്‌ പരിസ്ഥിതിയുടെ പേരുപറഞ്ഞ്‌ ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾ ഊറ്റിയെടുക്കുന്നതായി ട്രമ്പ്‌ ആരോപിച്ചിരുന്നു. ഈ അവഹേളനത്തെ മോഡി അപ്പാടെ വിഴുങ്ങി.
തന്റെ വാക്കുകളിലൂടെ ഇന്ത്യ അമേരിക്കൻ പക്ഷത്താണെന്ന്‌ മോഡി വ്യക്തമാക്കുകയും ചെയ്തിരുന്നു. അമേരിക്കൻ മേധാവിത്വത്തെ അംഗീകരിച്ചതിലൂടെ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യത്തെ അമേരിക്കയ്ക്കു മുന്നിൽ അടിയറവച്ചു. ഏഷ്യയിൽ ചൈനീസ്‌ ഭീഷണിക്കുള്ള ബദലെന്ന രീതിയിൽ മോഡി സർക്കാർ വളരെ ഊർജ്ജസ്വലതയോടെയാണ്‌ അമേരിക്കൻ പക്ഷത്തെ സ്വീകരിച്ചത്‌. ജപ്പാനുമായുള്ള സഹകരണം, മറ്റ്‌ അമേരിക്കൻ പിണിയാളുകളുമായുള്ള സൗഹൃദം എന്നിവയെല്ലാം മോഡി വളരെ താൽപ്പര്യത്തോടെ ഉൾക്കൊണ്ടു. രാജ്യത്തിന്റെ വിദേശനയത്തിലുണ്ടാകുന്ന ഗുരുതരമായ വ്യതിയാനമാണ്‌ ഇതൊക്കെ സൂചിപ്പിക്കുന്നത്‌. ഇന്ത്യ കാലങ്ങളായി പിന്തുടരുന്ന ചേരിചേരാ, സ്വേച്ഛാധിപത്യവിരുദ്ധ നിലപാടുകളിൽ അധിഷ്ഠിതമായ വിദേശനയത്തിൽ നിന്നുള്ള പിന്നാക്കംപോക്കാണ്‌ ഇത്‌. അതാവട്ടെ രാജ്യത്തിന്റെയും ജനതയുടെയും മനഃസാക്ഷിക്കെതിരാണ്‌.
മോഡിയുടെ ഇസ്രയേൽ സന്ദർശനം ഇതിൽ നിന്നും തെല്ലും ഭിന്നമല്ല. ഇസ്രയേൽ എന്ന രാജ്യം രൂപീകരിച്ചശേഷം ആ രാജ്യം സന്ദർശിക്കുന്ന ആദ്യത്തെ ഇന്ത്യൻ പ്രധാനമന്ത്രിയാണ്‌ നരേന്ദ്രമോഡി. ഇക്കാര്യം വാസ്തവമാണ്‌. ആ നാട്ടിലെ യഥാർത്ഥ ജനതയെ മതത്തിന്റെ പേരിൽ ഒഴിപ്പിച്ചതിനെതിരെ നമ്മുടെ രാജ്യത്തിന്റെ പിതാവ്‌ മഹാത്മാഗാന്ധി വളരെ ശക്തമായ നിലപാടാണ്‌ സ്വീകരിച്ചിരുന്നത്‌. ഇസ്രയേൽ രൂപീകരിച്ചതിനെ എതിർക്കുന്ന നിലപാട്‌ തന്നെയാണ്‌ ഇന്ത്യ അന്നുമുതൽ സ്വീകരിച്ചുവന്നത്‌. പിന്നീട്‌ പ്രധാനമന്ത്രിയായിരുന്ന നരസിംഹറാവു ഇസ്രയേലുമായി നയതന്ത്രബന്ധം തുടങ്ങിയപ്പോൾ ഇസ്രയേൽ – പലസ്തീൻ എന്നീ രണ്ടു രാജ്യങ്ങൾ വേണമെന്ന നിലപാടാണ്‌ ഇന്ത്യൻ ജനത സ്വീകരിച്ചത്‌. കിഴക്കൻ ജറുസലേമിനെ തലസ്ഥാനമാക്കി പാലസ്തീൻ രാജ്യം രൂപീകരിക്കണമെന്ന ആവശ്യത്തെ എന്നും ഇന്ത്യ പിന്തുണച്ചിരുന്നു. 1967 മുതൽ ഇസ്രയേൽ പിടിച്ചടക്കിയ എല്ലാ മേഖലകളും പാലസ്തീന്‌ കൈമാറണമെന്ന ആശയമാണ്‌ ഇന്ത്യ എന്നും മുന്നോട്ടുവച്ചത്‌. ഇസ്രയേലും പലസ്തീന്റെ നേതാക്കളെയും സന്ദർശിക്കുകയെന്നുള്ള ആശയം മോഡിക്ക്‌ സ്വീകാര്യമായിരുന്നില്ല. ഇതൊക്കെതന്നെ വിദേശനയത്തിലെ വ്യതിയാനങ്ങളാണ്‌ സൂചിപ്പിക്കുന്നത്‌.
ഇസ്രയേലുമായി മറ്റ്‌ മേഖലകളിലെ സഹകരണത്തെ കുറിച്ച്‌ പറയുമ്പോൾ സയണിസ്റ്റ്‌ ശക്തികൾ ആയുധ ഇടപാടുകൾക്ക്‌ മാത്രമാണ്‌ പ്രാധാന്യം കൊടുക്കുന്നത്‌. ഇപ്പോൾതന്നെ വൻതോതിൽ ആയുധങ്ങളും പ്രതിരോധ ഉപകരണങ്ങളും ഇസ്രയേലിൽ നിന്നും വാങ്ങുന്നുണ്ട്‌. മോഡിയുടെ സന്ദർശനത്തിനിടെ 2.6 ബില്യൺ ഡോളറിന്റെ ആയുധക്കരാർ ഒപ്പുവച്ചു. തീവ്രവാദത്തിനെതിരെയുള്ള പോരാട്ടവും സുരക്ഷയുമായി ബന്ധപ്പെട്ട സഹകരണവും തുടങ്ങിയ വിഷയങ്ങളിൽ ഇസ്രയേൽ രഹസ്യാന്വേഷണ വിഭാഗത്തിന്റെയും പ്രതിരോധ ഏജൻസികളുടെയും സഹകരണവുമായി ബന്ധപ്പെട്ട കരാറുകളും ഒപ്പുവച്ചു. ഇസ്രയേലിന്റെ രഹസ്യാന്വേഷണ ഏജൻസിയായ മൊസാദിന്‌ ഇന്ത്യയുടെ സുരക്ഷാ സംവിധാനങ്ങളിൽ ഇപ്പോൾതന്നെ സാന്നിധ്യമുണ്ട്‌. ബട്ലാഹൗസ്‌ ഏറ്റുമുട്ടലിൽ മൊസാദിന്റെ സാന്നിധ്യം ഇതിനകംതന്നെ തിരിച്ചറിഞ്ഞതാണ്‌. കഴിഞ്ഞ മൂന്ന്‌ വർഷത്തിനിടെ രണ്ടുതവണ ഇന്ത്യ-ഇസ്രയേൽ സംയുക്ത സൈനികാഭ്യാസം സംഘടിപ്പിച്ചു. ഇതിൽ ഒരെണ്ണം അസാമിലായിരുന്നു നടന്നത്‌. ഇന്ത്യ – ഇസ്രയേൽ രഹസ്യാന്വേഷണ വിഭാഗങ്ങളുടെ സഹകണത്തിന്‌ ആക്കംകൂട്ടുന്നത്‌ ദേശീയ സുരക്ഷാ ഉപദേഷ്ടാവായ അജിത്‌ ഡോവലിന്റെ ഇടപെടലുകളാണ്‌. ഇത്‌ രാജ്യസുരക്ഷയ്ക്ക്‌ ഗുരുതരമായ ഭീഷണി ഉയർത്തുന്നു. അമേരിക്കയും ഇസ്രയേലുമായി തുറന്ന സഖ്യം ആരംഭിക്കുന്നത്‌ ഇന്ത്യയുടെ വിദേശനയത്തിന്റെ പ്രതികൂല പിന്നാക്കം പോക്കായിരിക്കും. ഇത്‌ തടഞ്ഞേ മതിയാകൂ.