Thursday
24 May 2018

വിദ്യാഭ്യാസ കേരളത്തിന്റെ വിളക്കുമരം

By: Web Desk | Saturday 15 July 2017 4:45 AM IST

വിദ്യാഭ്യാസ വിചക്ഷണനും സാഹിത്യ നിരൂപകനുമായ ജോസഫ്‌ മുണ്ടശ്ശേരിയുടെ 114-ാ‍ം ജന്മവാർഷികം ജൂലൈ 17 ന്‌

ആദ്യ കമ്മ്യൂണിസ്റ്റ്‌ മന്ത്രിസഭയിൽ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ജോസഫ്‌ മുണ്ടശ്ശേരി നിയമസഭയിൽ അവതരിപ്പിച്ച വിദ്യാഭ്യാസ ബിൽ പൊതു വിദ്യാഭ്യാസ മേഖലയിൽ സൃഷ്ടിച്ച പുത്തനുണർവ്വ്‌ വിപ്ലവകരമായ വഴിത്തിരിവിനിടയാക്കി. അന്ന്‌ കേരളത്തിൽ പ്രവർത്തിച്ചിരുന്ന 9000 ത്തോളം വിദ്യാലയങ്ങളിൽ ബഹുഭൂരിപക്ഷവും സ്വകാര്യമേഖലയിലായിരുന്നു. ഇത്തരം സ്കൂളുകളിൽ അദ്ധ്യാപകർക്ക്‌ നിയമപരമായ പരിരക്ഷ നൽകാൻ കൂടിയുള്ളതായിരുന്നു. അദ്ധ്യാപകരുടെ മാഗ്നാകാർട്ട എന്നറിയപ്പെട്ട ഈ ബിൽ

ഷാജി ഇടപ്പള്ളി
കേരളത്തിലെ വിദ്യാഭ്യാസരംഗത്ത്‌ സമഗ്രമായ മാറ്റങ്ങൾ വരുത്താൻ ശ്രമിച്ച വിദ്യാഭ്യാസ വിചക്ഷണനും മലയാള സാഹിത്യ നിരൂപകനും എഴുത്തുകാരനും മന്ത്രിയുമായിരുന്ന ജോസഫ്‌ മുണ്ടശ്ശേരിയുടെ ജന്മദിനമാണ്‌ ജൂലൈ 17. 1957 ൽ അധികാരത്തിൽ വന്ന ആദ്യ കമ്മ്യൂണിസ്റ്റ്‌ മന്ത്രിസഭയിൽ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ജോസഫ്‌ മുണ്ടശ്ശേരി നിയമസഭയിൽ അവതരിപ്പിച്ച വിദ്യാഭ്യാസ ബിൽ പൊതു വിദ്യാഭ്യാസ മേഖലയിൽ സൃഷ്ടിച്ച പുത്തനുണർവ്വ്‌ വിപ്ലവകരമായ വഴിത്തിരിവിനിടയാക്കി. അന്ന്‌ കേരളത്തിൽ പ്രവർത്തിച്ചിരുന്ന 9000 ത്തോളംവിദ്യാലയങ്ങളിൽബഹുഭൂരിപക്ഷവും സ്വകാര്യമേഖലയിലായിരുന്നു. ഇത്തരം സ്കൂളുകളിൽ അദ്ധ്യാപകർക്ക്‌ നിയമപരമായ പരിരക്ഷ നൽകാൻ കൂടിയുള്ളതായിരുന്നു. സർവകലാശാലാ അദ്ധ്യാപകരുടെ മാഗ്നാകാർട്ട എന്നറിയപ്പെട്ട ഈ ബിൽ.
സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസം നൽകുന്നതിനും ഇതിൽ ജനകീയ സഹകരണം ഉറപ്പാക്കിയും പുരോഗമനാശയങ്ങൾ ഉൾപെടുന്നതായിരുന്നു അദ്ദേഹത്തിന്റെ വീക്ഷണങ്ങൾ. സ്വജനപക്ഷപാതത്തിലൂടെ നടത്തുന്ന അദ്ധ്യാപകനിയമനങ്ങളും, ശമ്പള വിതരണത്തിലുള്ള ക്രമക്കേടുകളും പൂർണ്ണമായും ഇല്ലാതാക്കാൻ ശ്രമിച്ചപ്പോൾ ഇതിനെതിരെ നടന്ന നിരവധി സമരങ്ങളും കറുത്ത ഏടുകളായി ചരിത്രത്തിലുണ്ട്‌. തൃശ്ശൂരിലെ കണ്ടശ്ശാംകടവിൽ 1903 ജൂലൈ 17 നു ജനിച്ച ജോസഫ്‌ മുണ്ടശ്ശേരി. കണ്ടശ്ശാംകടവിലെ പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം ഊർജ്ജതന്ത്രത്തിൽ ബിരുദവും പിന്നീട്‌ സംസ്കൃതത്തിലും മലയാളത്തിലും ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി.
രൂപഭദ്രതയെക്കുറിച്ചുള്ള സിദ്ധാന്തത്തിലും വ്യാഖ്യാനശാസ്ത്രത്തിലും ഒരു പുതിയ ചരിത്രം കുറിച്ചു. സാഹിത്യവിമർശന രംഗത്ത്‌ ഇദ്ദേഹത്തിന്റെ ഗദ്യശൈലി വേറിട്ടതായിരുന്നു. കാവ്യപീഠിക, മാനദണ്ഡം, മാറ്റൊലി, മനുഷ്യകഥാനുഗായികൾ, വായനശാലയിൽ (മൂന്നു വാല്യങ്ങൾ), രാജരാജന്റെ മാറ്റൊലി, നാടകാന്തം കവിത്വം, കരിന്തിരി, കുമാരനാശാന്റെ കവിത ഒരു പഠനം, വള്ളത്തോളിന്റെ കവിത ഒരു പഠനം, രൂപഭദ്രത, അന്തരീക്ഷം, പ്രണയം, പാശ്ചാത്യ സാഹിത്യ സമീക്ഷ തുടങ്ങിയ സാഹിത്യ വിമർശന കൃതികളും പ്രൊഫസർ, കൊന്തയിൽനിന്നു കുരിശിലേക്ക്‌, പാറപ്പുറത്തു വിതച്ച വിത്ത്‌ എന്നീ നോവലുകളും സമ്മാനം, കടാക്ഷം, ഇല്ലാപ്പോലീസ്‌ എന്ന ചെറുകഥകളും മുണ്ടശ്ശേരിയുടെ സാഹിത്യ രംഗത്തെ പ്രധാന സംഭാവനകളാണ്‌.ഒറ്റനോട്ടത്തിൽ, ചൈന മുന്നോട്ട്‌ തുടങ്ങിയ തന്റെ യാത്രാനുഭവങ്ങളും കൊഴിഞ്ഞ ഇലകൾ എന്നു പേരിട്ട ആത്മകഥയും മുണ്ടശേരിയെ മനസിലാക്കാൻ പര്യാപ്തമാണ്‌. നിരവധി ബഹുമതികളും ഇദ്ദേഹത്തിന്‌ ലഭിച്ചിട്ടുണ്ട്‌.കൊച്ചി രാജാവ്‌ ‘സാഹിത്യ കുശലൻ’ എന്ന ബഹുമതി നൽകിയാണ്‌ ആദരിച്ചത്‌. 1973 ൽ കേരള സാഹിത്യ അക്കാദമിയുടെ ഫെല്ലോ ആയി തിരഞ്ഞെടുക്കപ്പെട്ടു. 1974ൽ സോവിയറ്റ്ലാന്റ്‌ നെഹ്‌റു അവാർഡും ലഭിച്ചു.കേന്ദ്ര സാഹിത്യ അക്കാദമി അംഗമായിരുന്ന മുണ്ടശ്ശേരി കേരള സാഹിത്യ അക്കാദമിയുടെ സ്ഥാപകാംഗവും സംഗീത അക്കാദമിയുടെ ശിൽപികളിൽ ഒരാളുമായിരുന്നു. കൊച്ചി പ്രജാമണ്ഡലം വഴിയാണ്‌ രാഷ്ട്രീയത്തിലേക്കു രംഗപ്രവേശം തുടർന്ന്‌ . കൊച്ചി രാജ്യത്തിലെ അർത്തൂക്കരയിൽനിന്ന്‌ 1948ൽ നിയമസഭാ അംഗമായി. പിന്നീട്‌ 1954ൽ ചേർപ്പിൽ നിന്ന്‌ തിരുകൊച്ചി നിയമസഭാ അംഗമായും തെരഞ്ഞെടുക്കപ്പെട്ടു 1956ലെ കേരള സംസ്ഥാന രൂപീകരണത്തിനുശേഷം 1957ൽ മണലൂർ നിന്നു കേരള നിയമസഭയിലേക്ക്‌ തിരഞ്ഞെടുക്കപ്പെടുകയും ഇഎംശങ്കരൻ നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിൽ അധികാരത്തിൽ വന്ന ആദ്യ കമ്മ്യൂണിസ്റ്റ്്‌ മന്ത്രിസഭയിൽ വിദ്യാഭ്യാസ മന്ത്രിയാവുകയും ചെയ്തു. 1970ൽ തൃശ്ശൂർ നിന്ന്‌ വീണ്ടും നിയമസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു. തൃശ്ശൂരിലെ സെന്റ്‌ തോമസ്‌ കോളജിൽ അന്യഭാഷാ വിഭാഗത്തിന്റെ തലവനായും തൃശ്ശൂർ അദ്ധ്യാപക പരിശീലന കേന്ദ്രത്തിൽ വിശിഷ്ട പ്രധാനാദ്ധ്യാപകനായും ജോലി ചെയ്തു. കേരള സർവകലാശാല, തിരുവിതാംകൂർ സർവകലാശാല, മദ്രാസ്‌ സർവകലാശാല എന്നിവയിൽ സെനറ്റ്‌ അംഗമായും പ്രവർത്തിച്ചു. കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല എന്ന ആശയം കൊണ്ടുവന്നതും കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല സ്ഥാപിച്ചതും അദ്ദേഹമാണ്‌. തൃശ്ശൂർ എൻജിനീയറിങ്‌ കോളജും കൊല്ലത്തെ തങ്ങൾ കുഞ്ഞു മുസലിയാർ എൻജിനീയറിങ്‌ കോളജും സ്ഥാപിക്കുന്നതിൽ അദ്ദേഹം പ്രധാന പങ്കുവഹിച്ചു.സാഹിത്യത്തിലും അധ്യാപകവൃത്തിയിലും പൊതു രംഗത്തും സാമൂഹ്യ മേഖലയിലും മികവാർന്ന പ്രവർത്തനങ്ങളാണ്‌ ജോസഫ്‌ മുണ്ടശ്ശേരി കാഴ്ചവച്ചത്‌.1977 ഒക്ടോബര്‌ 25 ന്‌ അദ്ദേഹം കാലയവനികക്കുള്ളിൽ മറഞ്ഞു.