വിധി കൽപ്പിച്ച ചിത്രം

വിധി കൽപ്പിച്ച ചിത്രം
June 16 04:55 2017

അനുകൃഷ്ണ എസ്‌
നിറം മങ്ങിയ ഒരു വീട്‌, വീട്ടു മുറ്റത്ത്‌ ബലൂൺ കയ്യിൽ പിടിച്ചൊരു കുട്ടി, കുട്ടിയുടെ അഴിച്ചു മാറ്റിയ വസ്ത്രം അടുത്ത്‌.. ഇതൊരു പത്തുവയസുകാരി വരച്ച ചിത്രത്തിന്റെ വിവരണമാണ്‌. ചിത്ര രചനയിൽ പ്രാഗത്ഭ്യം നേടിയ ഒരാളല്ല ഈ കുട്ടി. രചനയിലെ ചേതോഹാരിത വിവരിക്കാനുമല്ല ഇത്‌ പറഞ്ഞതും. ഒരു പത്തുവയസുകാരിയുടെ ജീവിതത്തിലെ അനുഭവങ്ങളുടെ തീഷ്ണത, വൈകാരികത അതാണ്‌ ചിത്രം കാട്ടിത്തരുന്നത്‌. ഒപ്പം തമസുമൂടപ്പെട്ട ലോകത്തിന്റെ നേർക്കാഴ്ച്ചയും. രണ്ടു വർഷംകൊണ്ട്‌ താൻ അനുഭവിക്കേണ്ടി വന്ന ലൈംഗിക പീഡനത്തിന്റെ ഇരുണ്ട അധ്യായമാണ്‌ കുട്ടിയുടെ ചിത്രം. എന്ത്‌, എവിടെ, എങ്ങനെ, ആര്‌ എന്നുള്ള ഒരു കൂട്ടം ചോദ്യങ്ങളും വാദ- വിചാരണകളും ഒന്നും വേണ്ടി വന്നില്ല കോടതിക്ക്‌ സംഭവത്തിന്റെ വ്യക്തത ഉൾക്കൊള്ളാൻ. അങ്ങനെ രണ്ട്‌ വർഷത്തോളം ലൈംഗികമായി ആക്രമിക്കപ്പെട്ട 10 വയസുകാരിക്ക്‌ അവൾ വരച്ച ക്രയോൺസ്‌ ചിത്രങ്ങൾ തെളിവായി സ്വീകരിച്ചു കൊണ്ട്‌ ജഡ്ജി നീതി ഉറപ്പു വരുത്തി. ഡൽഹി കോടതിയിലാണ്‌ ഈ വിശിഷ്ട സംഭവം ഉണ്ടായത്‌. പെൺകുട്ടി വരച്ച ചിത്രം തെളിവായി സ്വീകരിച്ചുകൊണ്ട്‌ പ്രതിക്ക്‌ അഞ്ച്‌ വർഷത്തെ തടവ്‌ ശിക്ഷയാണ്‌ കോടതി വിധിച്ചത്‌.
സംഭവം ഇങ്ങനെ: ഇപ്പോൾ 10 വയസ്‌ പൂർത്തിയാക്കിയ പെൺകുട്ടിയുടെ അച്ഛനും അമ്മയും കൊൽക്കത്തക്കാരാണ്‌. അമ്മ മരിച്ചതോടെ അച്ഛനുപേക്ഷിച്ച കുഞ്ഞിനെ സംരക്ഷിക്കാനെത്തിയ അമ്മാവനായിരുന്നു കുട്ടിയെ പീഡനത്തിനിരയാക്കിയിരുന്നത്‌. എട്ടാം വയസ്‌ മുതൽ കുട്ടി അമ്മാവനാൽ ലൈംഗികമായി കയ്യേറ്റം ചെയ്യപ്പെടുകയായിരുന്നു. മൊഴി നൽകാൻ പ്രാപ്തയല്ല പെൺകുട്ടിയെന്നും പെൺകുട്ടിയെക്കൊണ്ട്‌ നിർബന്ധിച്ച്‌ പറയിപ്പിക്കുകയാണെന്നുമായിരുന്നു പ്രതിഭാഗം അഭിഭാഷകന്റെ വാദം. എന്നാൽ പെൺകുട്ടി വരച്ച ചിത്രം കുട്ടിയുടെ മാനസികാവസ്ഥയും സംഘർഷങ്ങളും വരച്ചു കാട്ടുന്നതാണെന്നായിരുന്നു ജഡ്ജിയുടെ നിരീക്ഷണം.
ഉപേക്ഷിക്കപ്പെട്ട ഒരു വീടും ബലൂൺ കയ്യിലേന്തി നിൽക്കുന്ന കുട്ടിയെയും ചിത്രങ്ങളിൽ കാണാം. അഴിച്ചു വച്ച ഉടുപ്പ്‌ ചിത്രത്തിലെ മേറ്റ്ല്ലാ ഘടകങ്ങളിൽ നിന്നും ഒരു ബന്ധവുമില്ലാതെ വേർപ്പെടുത്തി വരച്ചിരിക്കുന്നു. മങ്ങിയ നിറങ്ങളാണ്‌ കുട്ടി ചിത്രത്തിന്‌ ഉപയോഗിച്ചത്‌. വീട്ടിലുള്ള ആരോ കുട്ടിയെ വസ്ത്രം അഴിച്ചുവെച്ച്‌ ഉപദ്രവിച്ചു എന്നാണ്‌ ചിത്രം വ്യക്തമാക്കുന്നത്‌ എന്ന്‌ ജഡ്ജി വിനോദ്‌ യാദവ്‌ നിരീക്ഷിച്ചു.
2014 നവംബറിൽ ബസിൽ വച്ചാണ്‌ സന്നദ്ധപ്രവർത്തകർക്ക്‌ കുട്ടിയെ ലഭിക്കുന്നത്‌. സന്നദ്ധ പ്രവർത്തകരുടെ ഇടപെടലും പുനഃരധിവാസ ശ്രമങ്ങളുമാണ്‌ കുട്ടിയുടെ ഭൂതകാലം മനസ്സിലാക്കാൻ സഹായിച്ചത്‌. അമ്മ മരിച്ച ശേഷം മുഴുക്കുടിയനായ അച്ഛൻ കുട്ടിയെ ഉപേക്ഷിച്ചു. ബന്ധുവായ സ്ത്രീയാണ്‌ കുട്ടിയെ ഡൽഹിയിലേക്ക്‌ കൊണ്ടുവരുന്നത്‌. അവിടെ വച്ച്‌ വീട്ടു ജോലികൾ കുഞ്ഞിനെ കൊണ്ട്‌ ചെയ്യിപ്പിച്ചു. ജോലി ചെയ്യാൻ മറ്റ്‌ വീടുകളിൽ പറഞ്ഞയയ്ക്കുകയും ചെയ്തു. ഇതിനെല്ലാം പുറമെയായിരുന്നു അമ്മാവന്റെ ലൈംഗിക ഉപദ്രവം എന്ന്‌ കോടതി നിരീക്ഷിച്ചു. വൈദ്യപരിശോധനയിൽ കുട്ടി പീഡനത്തിനിരയായി എന്ന സൂചന നൽകുന്നുണ്ട്‌. വലിയ അന്വേഷണങ്ങൾക്കൊടുവിലാണ്‌ പ്രതിയിലേക്ക്‌ പൊലീസിന്‌ എത്തിച്ചേരാനായത്‌. 2016 ജൂൺ 4ന്‌ പ്രതി അറസ്റ്റിലാവുകയും ചെയ്തു.
അഞ്ച്‌ വർഷത്തെ തടവിന്‌ പുറമെ കുട്ടിയുടെ ക്ഷേമത്തിനായി 3 ലക്ഷം രൂപ പിഴയും ചുമത്തിയിട്ടുണ്ട്‌. കുട്ടിയെ ഇതുവരെ പരിപാലിച്ച കൗൺസലർമാരായ മെസിയെയും ഉസ്മ പ്രവീണിനെയും കോടതി അഭിനന്ദിച്ചു. ഇപ്പോൾ കുട്ടി സ്കൂളിൽ പോവുന്നുണ്ട്‌. നന്നായി പഠിക്കുന്നുണ്ടെന്ന്‌ ബാലവകാശ പ്രവർത്തകയായ ചന്ദ്ര സുമൻ കുമാർ പറയുന്നു.
കുഞ്ഞു മനസുകളിൽ ഏറ്റ മുറിവുകൾക്ക്‌ കാഠിന്യം കൂടും. ജീവിതകാലം മുഴുവൻ ആ മുറിവുകളുടെ വേദനിപ്പിക്കുന്ന പാടുകൾ മനസിൽ തളംകെട്ടി നിൽക്കും. തിരിച്ചറിവില്ലാത്ത പ്രായത്തിൽ ലൈംഗിക ചൂഷണത്തിനിരയാകുന്ന പെൺകുട്ടിക്ക്‌ തെളിവു നൽകാനോ വാദം വയ്ക്കാനോ കഴിവുണ്ടാകണമെന്നില്ല. അതിനാലാകണം ലൈംഗിക ചൂഷണങ്ങൾ കുഞ്ഞുങ്ങൾക്ക്‌ നേരെ അധികമാകുന്നത്‌. എന്നാൽ ഇതിൽനിന്ന്‌ വിപരീതമായൊരു സംഭവമാണ്‌ ഇത്‌.

view more articles

About Article Author