വിനോദ സഞ്ചാരികളുടെ മനംകവർന്ന്‌ ആനക്കുളം

വിനോദ സഞ്ചാരികളുടെ മനംകവർന്ന്‌ ആനക്കുളം
January 28 04:50 2017

പി എൽ നിസാമുദ്ദീൻ
ഇടുക്കി: കണ്ണിനും മനസിനും കുളിർമയേകി ആനക്കുളം വിനോദ സഞ്ചാരികളുടെ മനംകവരുന്നു. ആനക്കുളത്തിന്റെയും മാങ്കുളത്തിന്റെയും സുന്ദര ദൃശ്യങ്ങൾ ആസ്വദിക്കുവാനായി ഇവിടേക്ക്‌ വിദേശികൾ ഉൾപ്പെടെയുള്ള സഞ്ചാരികളുടെ ഒഴുക്കും വർധിച്ചിട്ടുണ്ട്‌.
മാങ്കുളവും ആനക്കുളവും ഇടുക്കി ജില്ലയിലെ തന്നെ മികച്ച വിനോദ സഞ്ചാര കേന്ദ്രങ്ങളായിട്ടാണ്‌ അറിയപ്പെടുന്നത്‌. മലയാറ്റൂർ സംരക്ഷിത മേഖലയിൽ സ്ഥിതി ചെയ്യുന്ന ആനക്കുളം പശ്ചിമഘട്ടത്തിലെ നശിക്കാത്ത ആനത്താരകളിൽ ഒന്നാണ്‌. നിറകുടംപോലെ നിൽക്കുന്ന ഈറ്റ ചോലയാറാണ്‌ ആനക്കുളത്തെ വേറിട്ട്‌ നിർത്തുന്നത്‌. ഉയരത്തിൽ നിന്നും താഴേക്ക്‌ പതിക്കുന്ന ഊഴിഇളക്കൂത്ത്‌, കോഴിവാലൻ കുത്ത്‌ തുടങ്ങിയ വെള്ളച്ചാട്ടങ്ങളും മനോഹര കാഴ്ചയാണ്‌. ഈറ്റചോലയാറിൽ ഉപ്പുവെള്ളം കുമിളയായി പൊങ്ങുമെന്നതും മറ്റൊരു പ്രത്യേകതയാണ്‌. ഈ ഉപ്പുരസം നുകരാനായി ഇവിടെ സ്ഥിരമായി 85ൽ പരം ആനകളാണ്‌ എത്തുന്നത്‌. അതേസമയം ഈ ദൃശ്യവിരുന്ന്‌ ടൂറിസം മേഖലയുടെ വികസനത്തിനായി പ്രയോജനപ്പെടുത്തുന്നില്ലെന്ന ആക്ഷേപം നിലനിൽക്കുന്നുണ്ട്‌. ഗതാഗത സൗകര്യങ്ങളുടെ അഭാവത്തിന്‌ പുറമേ വിനോദസഞ്ചാരികൾക്ക്‌ വേണ്ട മാർഗ നിർദ്ദേശങ്ങൾ നൽകാൻ സ്ഥിരമായി ഒരു ടൂറിസ്റ്റ്‌ ഗൈഡോ ഫോറസ്റ്റ്‌ ഉദ്യോഗസ്ഥരോ ഇല്ലെന്നതാണ്‌ സ്ഥിതി. ഈ മേഖലയിൽ മാലിന്യ നിക്ഷേപവും വർധിച്ചുവരുന്നുണ്ട്‌. വേണ്ടത്ര അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയാൽ കേരളത്തിലെ തന്നെ മികച്ച ടൂറിസം കേന്ദ്രമായി ആനക്കുളം മാറിയേക്കും.

  Categories:
view more articles

About Article Author