Thursday
24 May 2018

വിപ്ലവ ബോധത്തിന്റെ സൗമ്യമുഖം

By: Web Desk | Sunday 16 July 2017 4:45 AM IST

കാനം രാജേന്ദ്രൻ
അഗാധ പണ്ഡിതനും ഇന്ത്യയിലെ ഇടതുപക്ഷ വിചാര വിപ്ലവത്തിന്റെ ശക്തനായ പ്രണേതാവും പ്രാഖ്യാതാവുമായിരുന്ന എൻ ഇ ബാലറാം ഓർമ്മയായിട്ട്‌ ഇന്ന്‌ 23 വർഷം പൂർത്തിയാകുന്നു. ഇന്ത്യയുടെ വികസനത്തെ കുറിച്ച്‌ വ്യക്തമായ സങ്കൽപ്പവും പ്രതീക്ഷയും വെച്ചുപുലർത്തിയിരുന്ന പക്വമതിയായ ഒരു ജനസേവകനും പൊതുപ്രവർത്തകനും ആയിരുന്നു അദ്ദേഹം. ആദ്ധ്യാത്മികതയിലും തത്വചിന്തയിലും അടിയുറച്ച ഇന്ത്യയുടെ ചരിത്ര പശ്ചാത്തലത്തെ തൊട്ടറിഞ്ഞുകൊണ്ട്‌ ഇടതുപക്ഷ ആശയങ്ങളെ ഈ സാംസ്കാരിക ചൈതന്യവുമായി സമരസപ്പെടുത്താനും ആവുംവിധം വിളക്കിച്ചേർക്കാനും ജീവിതമാകെ ഉഴിഞ്ഞുവെച്ച ശക്തമായ മനീഷയുടെ ഉടമയായിരുന്നു ബാലറാം. പരന്ന വായനയും ഉദാത്തമായ ചിന്തയും സംസ്കാര സമ്പന്നമായ പെരുമാറ്റവുംകൊണ്ട്‌ ഏവരുടേയും ആദരവ്‌ നേടാൻ കഴിഞ്ഞ അപൂർവ്വ പ്രതിഭയായിരുന്നു
അദ്ദേഹം.
കോൺഗ്രസിലൂടെയും കോൺഗ്രസ്‌ സോഷ്യലിസ്റ്റ്‌ പാർട്ടിയിലൂടെയും സഞ്ചരിച്ച്‌ 1939-ൽ കമ്മ്യൂണിസ്റ്റ്‌ പാർട്ടിയിൽ എത്തിയ ബാലറാം ജീവിതാവസാനം വരെ സി പി ഐയുടെ മനസും ബുദ്ധിയും ശബ്ദവും ശക്തിയുമായി ജീവിച്ചു. അദ്ദേഹത്തിന്‌ പല തവണ അറസ്റ്റ്‌ വരിക്കേണ്ടതായും പല ജയിലുകളിൽ കിടക്കേണ്ടതായും വന്നിട്ടുണ്ട്‌. 1957-ലും 60-ലും 70-ലും കേരള നിയമസഭയിൽ അംഗമായിട്ടുള്ള ബാലറാം 1970 ഒക്ടോബർ 4 മുതൽ 71 സെപ്തംബർ 24 വരെ അച്യുതമേനോന്റെ ആദ്യ മന്ത്രിസഭയിൽ വ്യവസായ-വാർത്താവിതരണ മന്ത്രിയായിരുന്നു. പിന്നീട്‌ ബാലറാം സി പി ഐ സംസ്ഥാന സെക്രട്ടറിയായി. രാജ്യസഭാംഗമായി. കമ്മ്യൂണിസ്റ്റ്‌ പാർട്ടി കേന്ദ്ര സെക്രട്ടേറിയറ്റ്‌ അംഗമായി.
അർപ്പിത മനസായ രാഷ്ട്രീയ പ്രവർത്തകനും സാഹിത്യകാരനും ശാസ്ത്രതത്പരനും സഹൃദയനും എല്ലാമായിരുന്ന ബാലറാം ഇടതുപക്ഷ രാഷ്ട്രീയത്തിലെ യശോധനനായിരുന്നു. സമ്പൂർണതയോടടുക്കുന്ന ഒരു സമഗ്രതയുണ്ടായിരുന്നു ആ വ്യക്തിത്വത്തിന്‌. പാർട്ടി പ്രവർത്തനങ്ങൾക്കിടയ്ക്കും വിവിധ വിഷയങ്ങൾ പഠിക്കാനും ഗവേഷണ ബുദ്ധിയോടെ വിശകലനം ചെയ്യാനും സുചിന്തിതമായ അഭിപ്രായങ്ങൾ രൂപീകരിക്കാനും ദാർശനിക പരിവേഷമാർന്ന അഭിജാത ഭാഷയിൽ അവയെല്ലാം എഴുതിവെക്കാനും കഴിഞ്ഞ ആ പ്രതിഭാശാലി പ്രബുദ്ധ കേരളത്തിന്റെ മനസിൽ എന്നെന്നും ജീവിക്കും. ചരിത്രം, സംസ്കാരം, സാഹിത്യം, വിമർശനം, രാഷ്ട്രീയം, പ്രത്യയശാസ്ത്രം, ദർശനം, മതം, സൗന്ദര്യശാസ്ത്രം, സാമ്പത്തിക വികസനം എന്നിങ്ങനെ ബാലറാമിന്റെ തൂലികയ്ക്ക്‌ വിധേയമായ വിഷയങ്ങൾ അനവധിയാണ്‌. ഇരുപതിലധികം ഗ്രന്ഥങ്ങളിൽ അവ നിറഞ്ഞു പരന്നു കിടക്കുന്നു.
ആദ്യവസാനം മാർക്ക്സിസ്റ്റ്‌-ലെനിനിസ്റ്റ്‌ ചിന്തകനായിരുന്നെങ്കിലും എല്ലാ ദർശനങ്ങളേയും ഉദാരമായ സഹാനുഭൂതിയോടെ ദർശിക്കാനും സമീപിക്കാനും ബാലറാമിന്‌ കഴിഞ്ഞിരുന്നു. ഭാരതീയ സംസ്കാരത്തിലും പാരമ്പര്യത്തിലും അടിയുറച്ചു നിന്നുകൊണ്ടു തന്നെയാണ്‌ അദ്ദേഹം ഇടതുപക്ഷ പ്രത്യയശാസ്ത്രങ്ങളുടെ നേരെ ബുദ്ധിയുടേയും മനസിന്റേയും കൈകൾ നീട്ടിയത്‌.
‘ഭാരതീയ സാംസ്കാരിക പൈതൃകം’ എന്ന ലഘുഗ്രന്ഥത്തിൽ ബാലറാം എഴുതി:” മനുഷ്യനും മനുഷ്യനും തമ്മിൽ, മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ബന്ധത്തിന്റെ പ്രതിഫലനമാണ്‌ സംസ്കാരം. വ്യക്തികളുടെ താപശ്ചര്യയിൽ നിന്നല്ല, ജനങ്ങളുടെ സാമൂഹിക ജീവിതത്തിൽ നിന്നാണ്‌ സംസ്കാരം ഉടലെടുക്കുന്നത്‌. ആരുടെ സംസ്കാരവും ഒരിക്കലും സ്ഥിരമായി നിന്നിട്ടില്ല. അവരുടെ ഭൗതിക ജീവിതത്തിലുണ്ടാകുന്ന മാറ്റങ്ങളോടൊപ്പം അത്‌ വളരുകയും ചെയ്തിട്ടുണ്ട്‌. ഭാരതീയ സംസ്കാരം ആദിവാസികളുടേയും സൈന്ധവരുടേയും ആര്യന്മാരുടേയും സെമിറ്റിക്‌ (യഹൂദ, ക്രൈസ്തവ, ഇസ്ലാമിക) ജനങ്ങളുടേയും പാശ്ചാത്യരുടേയും സംസ്കാരങ്ങളുമായി കെട്ടുപിണഞ്ഞു കിടക്കുകയാണ്‌”.
എഴുത്തുകാരനും സഹൃദയനുമായ ബാലറാമിന്റെ ഭാവനയിൽ ഒരു മാർക്ക്സിയൻ സൗന്ദര്യശാസ്ത്രം തന്നെയാണ്‌ ഉണ്ടായിരുന്നത്‌. അതിന്റെ സമീപനം വിവിധ ശാസ്ത്ര ശാഖകൾ പ്രധാനം ചെയ്യുന്നു. ജ്ഞാനരശ്മികളും നിലവിലുള്ള സൗന്ദര്യശാസ്ത്രവും സമന്വയിപ്പിച്ചുകൊണ്ടുള്ള ഒരു നിരൂപണ രീതി ആയിരിക്കണം എന്നായിരുന്നു അദ്ദേഹത്തിന്റെ പക്ഷം.
നമ്മുടെ രാഷ്ട്രം അതീവ ഗുരുതരമായ പ്രതിസന്ധിയിലാണിന്ന്‌. വർഗീയവാദികൾ എല്ലാ രംഗത്തും പിടി മുറുക്കുന്നു. നാം നേടിയെടുത്ത എല്ലാ നേട്ടങ്ങളും തല്ലിക്കെടുത്തുന്നു. എല്ലാറ്റിനേയും കാവിയുടുപ്പിക്കുന്നു. ഇവിടെയാണ്‌ മതനിരപേക്ഷ ജനാധിപത്യ പ്രസ്ഥാനങ്ങളുടെ കൂട്ടായ്മയുടെ പ്രസക്തി. അത്തരമൊരു കൂട്ടായ്മ വളർന്നുവന്നിരിക്കുകയാണ്‌. അത്‌ ശക്തിപ്പെടുത്തി മുന്നോട്ട്‌ കൊണ്ടുപോകാൻ ബാലറാമിന്റെ സ്മരണ നമുക്ക്‌ കരുത്തേകും. ബാലറാമിന്‌ ശ്രദ്ധാഞ്ജലി.