വിഭജിക്കപ്പെട്ട ഫ്രാൻസിനെ ഒരുമിപ്പിക്കും: മാക്രോൺ

വിഭജിക്കപ്പെട്ട ഫ്രാൻസിനെ ഒരുമിപ്പിക്കും: മാക്രോൺ
May 09 04:45 2017

പാരിസ്‌: വിഭജിക്കപ്പെട്ട ഫ്രാൻസിനെ ഒരുമിപ്പിക്കുമെന്നും രാജ്യത്തെയും യൂറോപ്പിനെയും സംരക്ഷിക്കുമെന്നും നിയുക്ത ഫ്രാൻസ്‌ പ്രസിഡന്റ്‌ ഇമ്മാനുവൽ മാക്രോൺ.
ഫ്രഞ്ച്‌ രാജാക്കന്മാരുടെ മുൻ കൊട്ടാരവും ഇപ്പോൾ കലാ മ്യൂസിയവുമായി മാറ്റിയ പാരീസിലെ ലൂവ്രേയുടെ മുറ്റത്ത്‌ തെരഞ്ഞെടുപ്പ്‌ വിജയം ആഘോഷിക്കാനെത്തിയ ആയിരക്കണക്കിന്‌ അനുയായികളെ അഭിസംബോധന ചെയ്യവെയാണ്‌ മാക്രോണിന്റെ പ്രസ്താവന.
‘സമീപകാലത്തു വിവിധയിടങ്ങളിൽ ഭീഷണി നേരിടുന്ന പുത്തൻ ഉദയങ്ങളെ സംരക്ഷിക്കാൻ ലോകവും യൂറോപ്പും ഞങ്ങളുടെ വരവിനായി കാത്തിരിക്കുകയായിരുന്നു, ഞങ്ങളെ നിരീക്ഷിക്കുകയായിരുന്നു’മാക്രോൺ പറഞ്ഞു. വിഭജിക്കപ്പെട്ട, മുറിവേറ്റ ഫ്രാൻസിനെ ഒരുമിപ്പിക്കുമെന്നും തീവ്രചിന്താഗതി പുലർത്തുന്നവർക്ക്‌ വോട്ട്‌ ചെയ്യാൻ ഇനി ജനങ്ങൾക്ക്‌ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
രണ്ടാം ഘട്ട വോട്ടെടുപ്പിൽ 65.5 ശതമാനം വോട്ടു നേടിയാണു മുപ്പത്തൊൻപതുകാരനായ മാക്രോൺ വിജയിച്ചത്‌. എതിർ സ്ഥാനാർഥി മാരീൻ ലെ പെൻ 34.5 ശതമാനം വോട്ടു നേടി. ഫ്രാൻസിന്റെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡന്റാകും മാക്രോൺ.
കഴിഞ്ഞ വർഷം ഓഗസ്റ്റിൽ മന്ത്രി പദവി രാജിവച്ചതിനു ശേഷം എൻ മാർഷെ എന്ന പാർട്ടി രൂപീകരിച്ചാണ്‌ മാക്രോൺ രാഷ്ട്രീയത്തിലേക്ക്‌ ഇറങ്ങുന്നത്‌. ബ്രക്സിറ്റിലൂടെയും ട്രംപിന്റെ വിജയത്തിലൂടെയും പ്രീണനരാഷ്ട്രീയം യൂറോപ്പിൽ പിടിമുറുക്കുന്ന സാഹചര്യത്തിലാണു യൂറോ അനുകൂല, മിതവാദിയായ മാക്രോണിന്റെ വിജയം.

  Categories:
view more articles

About Article Author