വിമാനാപകടത്തിൽ നേതാജി മരിച്ചിരുന്നില്ലെന്ന്‌ പാരിസ്‌ ഏജൻസി

വിമാനാപകടത്തിൽ നേതാജി മരിച്ചിരുന്നില്ലെന്ന്‌ പാരിസ്‌ ഏജൻസി
July 17 04:45 2017

ന്യൂഡൽഹി: 1945ൽ നടന്ന വിമാന അപകടത്തിൽ നേതാജി മരിച്ചിരുന്നില്ലെന്നും സ്വാതന്ത്ര്യലബ്ധിയുടെ സമയത്ത്‌ അദ്ദേഹം ജീവിച്ചിരുന്നതായും പാരിസ്‌ കേന്ദ്രമായി പ്രവർത്തിക്കുന്ന ജെബിപി മൂർ എന്ന ഏജൻസിയുടെ കണ്ടെത്തൽ. ഇത്‌ സംബന്ധിച്ച തെളിവുകൾ ഫ്രഞ്ച്‌ സർക്കാരിന്റെ രഹസ്യ രേഖകൾ പരിശോധിച്ചതിൽ നിന്നും മനസിലാക്കിയതായും അദ്ദേഹം പറയുന്നു. 1945 നവംബറിലെ രഹസ്യ കോൺഫറൻസിൽ സുഭാഷ്‌ ചന്ദ്രബോസ്‌ പങ്കെടുത്തിരുന്നെന്ന്‌ ഒന്നിലേറെ ഫ്രഞ്ച്‌ ഫയലുകളിൽ പരാമർശമുണ്ട്‌. ഇതിൽ നേതാജി ഇന്ത്യൻ ഇൻഡിപ്പെൻഡൻസ്‌ ലീഗിന്റെ മുൻ മേധാവിയും ഹിക്കാരി കിക്കാൻ എന്ന ജാപ്പനീസ്‌ സംഘടനയിൽ അംഗമാണെന്നും പരാമർശിക്കുന്നുണ്ട്‌. കൂടാതെ നേതാജി ഫ്രഞ്ച്‌ കോളനിയായിരുന്ന വിയറ്റ്നാമിൽ ഏറെ കാലം താമസിച്ചിരുന്നതായും പിന്നീട്‌ അദ്ദേഹം ഇവിടെ നിന്നും രക്ഷപ്പെട്ടതായും പറയുന്നു. എന്നാൽ ഇതെങ്ങനെയാണെന്ന്‌ വിവരമില്ല. 1947 ഡിസംബർ 11 വരെ നേതാജി ഇവിടെ താമസിച്ചിരുന്നതായി തെളിവുകളുണ്ടെന്നും മൂർ പറയുന്നു.
70 വർഷം മുമ്പുള്ള നേതാജിയുടെ തിരോധാനം ഇപ്പോഴും ദുരൂഹമായി തുടരുകയാണ്‌. 1945 ഓഗസ്റ്റ്‌ 18ലെ വിമാനാപകടത്തിൽ നേതാജി കൊല്ലപ്പെട്ടെന്നാണ്‌ സംഭവത്തെ കുറിച്ച്‌ അന്വേഷിച്ച രണ്ടു കമ്മിഷനുകൾ സ്ഥിരീകരിച്ചത്‌. എന്നാൽ ജസ്റ്റിസ്‌ എം കെ മുഖർജി നേതൃത്വം നൽകിയ അന്വേഷണ പാനൽ ഇത്‌ എതിർക്കുകയും ബോസ്‌ ജീവിച്ചിരുന്നു എന്ന്‌ അഭിപ്രായപ്പെടുകയും ചെയ്തു. എന്നാൽ ഈ അഭിപ്രായത്തെ മാനിക്കാൻ നെഹ്‌റുവിന്റെ കാലം മുതലുള്ള കേന്ദ്രസർക്കാരുകൾ തയ്യാറായിരുന്നില്ല.
1945ൽ തായ്പേയിലെ വിമാനാപകടത്തിൽ നേതാജി കൊല്ലപ്പെട്ടതായി ബ്രിട്ടീഷ്‌,ജാപ്പനീസ്‌ സർക്കാരുകൾ പ്രഖ്യാപിച്ചിരുന്നെങ്കിലും ഇക്കാര്യത്തിൽ ഫ്രഞ്ച്‌ സർക്കാർ ഇതുവരെയും മൗനം പാലിക്കുകയായിരുന്നു. എന്നാൽ ഫ്രഞ്ച്‌ കോളനിയായിരുന്ന വിയറ്റ്നാമിൽ നേതാജി ഉണ്ടായിരുന്നതായി പറയുന്ന രേഖകൾ മുഖവിലയ്ക്കെടുക്കണമെന്നും മൂർ പറയുന്നു.

  Categories:
view more articles

About Article Author