വിലക്ക്‌ വീണ ചിരിവരകൾ

വിലക്ക്‌ വീണ ചിരിവരകൾ
May 14 04:45 2017

മറ്റൊരു ലോക കാർട്ടൂൺ ദിനം കൂടി കടന്നു പോയിരിക്കുന്നു. സത്യം സത്യമായി തന്നെ വരച്ചതിന്റെ പേരിലോ അധാർമികതയെ വിമർശിച്ചതിന്റെ പേരിലോ ശിക്ഷിക്കപ്പെട്ട കാർട്ടൂണിസ്റ്റുകളും നിരവധിയാണ്‌.

വി സി അഭിലാഷ്‌

“കാർട്ടൂണിസ്റ്റായി ജനിക്കുക സാധ്യമല്ല.
കാർട്ടൂണിസ്റ്റായി മരിക്കുക വളരെയെളുപ്പമാണ്‌.”
ഡേവിഡ്‌ ലാ

അസാധാരണ സർഗവൈഭവമുള്ളവർക്ക്‌ മാത്രമെ വരയ്ക്കുന്നതിനെ പറ്റി ചിന്തിക്കാനെങ്കിലുമാവൂ എന്ന്‌ ഒരിക്കൽ അഭിപ്രായപ്പെട്ടത്‌ ബർണാഡ്‌ ഷായാണ്‌. ഏതു തെറ്റിനു നേരെയും ധൈര്യമായി വിരൽചൂണ്ടാൻ ആർജവമുള്ള കാർട്ടൂണുകൾ ചിരിയുടെ പരിമിതിയില്ലാത്ത ലോകം മാത്രമല്ല വിശാലമായ ചിന്തയ്ക്കും വലിയ ഇടം നൽകുന്നു. ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ കാര്യത്തിൽ മറ്റേതൊരു കലയിലുമെന്നതുപോലെ കാർട്ടൂണിലും ഇക്കാര്യത്തിൽ പരിമിതികളേറെയുണ്ട്‌. എന്നാൽ സത്യം സത്യമായി തന്നെ വരച്ചതിന്റെ പേരിലോ അധാർമികതയെ വിമർശിച്ചതിന്റെ പേരിലോ ശിക്ഷിക്കപ്പെട്ട കാർട്ടൂണിസ്റ്റുകളും നിരവധിയാണ്‌.

കാർട്ടൂണിസ്റ്റുകളുടെ ബൈബിൾ എന്ന്‌ ഒരിക്കൽ പേരുകേട്ടിരുന്ന ഫ്രാൻസിലെ ലേ കാരിക്കേച്ചറിന്റെ ശിൽപി ചാൾസ്‌ ഫിലിപ്പോണിൽ തുടങ്ങുന്നു കാർട്ടൂണിസ്റ്റുകളുടെ വരപ്പോരാട്ടത്തിന്റെ ചരിത്രം. വരച്ചതിന്റെ പേരിൽ ഫിലിപ്പോൺ ആദ്യമായി കോടതി കയറേണ്ടി വന്നത്‌, 1830 ലാണ്‌. ലാ കാരിക്കേച്ചർ നർമ്മത്തിലൂടെ സാമൂഹിക അനീതികൾക്കെതിരെ പ്രതികരിച്ചിരുന്ന ഫിലിപ്പോൺ അതിന്‌ ലാ കാരിക്കേച്ചറിനെ മാധ്യമമാക്കി. സെൻസർ നിയമങ്ങളുടെ പേരിൽ പ്രതിസന്ധി നിറഞ്ഞ സാഹചര്യങ്ങളാണ്‌ അക്കാലത്തുണ്ടായിരുന്നത്‌ എന്നതിനാൽ പിൽക്കാലത്ത്‌ ഫിലിപ്പോണിന്‌ ലേ കാരിക്കേച്ചർ നിർത്തലാക്കേണ്ടി വന്നു. സെൻസറിംഗ്‌ നിയമങ്ങൾ കാര്യമായി ലേ കാരിവാരി എന്ന പേരിൽ മറ്റൊരു പത്രം ഫിലിപ്പോൺ തുടങ്ങുകയും ഏറെക്കാലം ആ പ്രസിദ്ധീകരണം പിടിച്ചുനിൽക്കുകയും ചെയ്തു. സ്വാഭാവികമായും നർമം തന്നെയായിരുന്നു കാരിവാരിയുടെയും മുഖമുദ്ര. അന്നത്തെ ഫ്രഞ്ച്‌ ഭരണാധികാരി ലൂയി ഫിലിപ്പിന്റെ ഭരണക്രൂരതകളെ അദ്ദേഹം ചെറുതായിട്ടൊന്നുമല്ല വിമർശിച്ചത്‌. ഫിലിപ്പിനെ പരിഹസിച്ചും വികൃതമാക്കിയുമാണ്‌ വരച്ചതെന്നാണ്‌ ഫിലിപ്പോണിനെതിരെ ചുമത്തപ്പെട്ട കുറ്റം. ഫിലിപ്പോണിന്‌ ഏറെക്കാലം കോടതി കയറിയിറങ്ങേണ്ടി വന്നു. ചരിത്രത്തിൽ തന്നെ ഇക്കാര്യത്തിൽ തുടക്കകാരനായി അദ്ദേഹം.വിമർശനാത്മക കാർട്ടൂണിലെ ശക്തനായിരുന്ന ഹോണോർ ദോമിയേയെ ഏറെ പിന്തുണ നൽകി ഫിലിപ്പോൺ പ്രോത്സാഹിപ്പിച്ചിരുന്നു. അക്കാലത്ത്‌ ഫ്രാൻസിലെ പൊതുജനങ്ങൾ പൊങ്ങച്ചത്തിന്റെ പിടിയിലായിരുന്നു. പട്ടിണിയും രാഷ്ട്രീയ അരാജകത്വവും വേണ്ടുവോളം ഉണ്ടായിരുന്നിട്ടും ഇവർ പുറംചായം തേയ്ച്ച്‌ എല്ലാം മറയ്ക്കാൻ ശ്രമിച്ചു. ഈ പൊള്ളത്തരത്തെ ദോമിയേ തന്റെ വരയിലൂടെ പരിഹസിച്ചു. നിരവധി തവണ ദോമിയേയ്ക്കും കോടതി കയറിയിറങ്ങേണ്ടി വന്നു. ആറുമാസത്തോളം അദ്ദേഹം ജയിൽവാസമനുഭവിച്ചു. പാരീസ്‌ കാർട്ടൂണിലെ വിമതൻ എന്ന നിലയിലാണ്‌ അദ്ദേഹത്തെ ഇപ്പോഴും കണക്കാക്കുന്നത്‌.

ഇസ്രായേലിന്റെ പലസ്തീൻ അതിക്രമത്തിന്റെ രക്തസാക്ഷിയാണ്‌ കാർട്ടൂണിസ്റ്റ്‌ നാജി അലി. പ്രശസ്തമായ അൽഖബാസ്‌ പത്രത്തിന്റെ ലണ്ടൻ ഓഫിസിൽ വച്ച്‌ 1987 ജൂലൈ 22ന്‌ ഹഷാൻ സോവൻ എന്ന കൊലയാളിയുടെ തോക്കിനിരയാകുന്നതു വരെയുള്ള അലിയുടെ പിൽക്കാലജീവിതം പലസ്തീൻ ജനതയുടെ കഷ്ടപ്പാടുകളുടെയും അതിജീവനശ്രമങ്ങളുടെയും നേർചിത്രം കൂടിയാണ്‌. കുട്ടിക്കാലം മുതൽ അധിനിവേശ വിരുദ്ധനായ നാജി തന്റെ രാജ്യത്തിനുവേണ്ടി സ്വന്തം പേനയെ, വരയെ ആയുധമാക്കി, ഇസ്രയേലികൾക്കുമുന്നിൽ മുട്ടുവിറച്ചു നിൽക്കാൻ നാജി അലി സന്നദ്ധനായില്ല. അലിയുടെ കഥാപാത്രം ഹൻ ഇല വിമോചനപ്പോരാളികളാൽ ഇതിഹാസതുല്യമായി വാഴ്ത്തപ്പെട്ടു. പത്താമത്തെ വയസിൽ അഭയാർത്ഥിയാവേണ്ടിവന്ന കാർട്ടൂണിസ്റ്റിന്റെ ജീവിതസാമ്യമുള്ള കാർട്ടൂൺസൃഷ്ടി. ഈ കഥാപാത്രം പലസ്തീനിലെങ്ങും തരംഗമായി. സമൂഹത്തിലെ പാവപ്പെട്ട സാധാരണക്കാരായ ആളുകളെയാണ്‌ എപ്പൊഴും അലി വരച്ചത്‌. സ്വാഭാവികമായും ഇസ്രയേൽ ഭരണവർഗത്തിന്റെ കഴുകൻ കണ്ണുകൾ അലിയെ നോട്ടമിട്ടു. “എന്റെ അടുക്കളയിലെ കരിപ്പെട്ടികളിലെ ചോക്കുകൾ കൊണ്ടല്ല ഞാൻ കാർട്ടൂൺ വരക്കുന്നത്‌. എന്റെ കൂടെപ്പിറപ്പുകളുടെ ചോരയിൽ മുക്കിയ കൈ കൊണ്ടാണ്‌.”- എന്നൊരിക്കൽ നാജി അഭിപ്രായപ്പെട്ടു. പലതവണ അദ്ദേഹത്തിനു നേരെ വധശ്രമമുണ്ടായി. ഇസ്രയേലി ചാരസംഘടനയായ മൊസാദാണ്‌ എല്ലാ ശ്രമങ്ങളുടേയും പിന്നിൽ പ്രവർത്തിച്ചത്‌. എല്ലാ എതിർപ്പുകളെയും അലി അതിജീവിച്ചെങ്കിലും ലണ്ടനിൽവച്ച്‌ അദ്ദേഹം മൊസാദിന്റെ തോക്കിൻ കുഴലിനു മുന്നിൽ നിലംപതിച്ചു. .ഇന്നും പലസ്തീനികൾ അലിയുടെ കാർട്ടൂണിസ്റ്റുകൾ പോസ്റ്ററുകളായും പ്ലഡ്ജുകളായും ഉപയോഗിക്കുന്നു.

നാജിയുടെ പിൻതലമുറക്കാരിയായ ഉമയ ജൂഹ എന്ന വനിതാ കാർട്ടൂണിസ്റ്റ്‌ ഇപ്പോഴും ഒളിവിലിരുന്ന്‌ ഇസ്രയേൽ വിരുദ്ധ കാർട്ടൂണിസ്റ്റുകൾ വരയ്ക്കുന്നു. ആയിരത്തിതൊള്ളായിരത്തി എഴുപത്തിരണ്ടിൽ ജനിച്ച ജൂഹ ഈജിപ്തിലെ അഷർ സർവകലാശാലയിൽനിന്നും ബിരുദം നേടി അധികം കഴിയുന്നതിനുമുൻപ്‌ വിവാഹിതയായി. പാലസ്തീൻ വിമോചന പോരാളിയായിരുന്ന ഭർത്താവിനെ ഇസ്രയേൽ പട്ടാളം വെടിവെച്ചുകൊല്ലുന്നത്‌ അവർക്ക്‌ കാണേണ്ടിവന്നു. എന്നാൽ ഭർത്താവിന്റെ മരണത്തിനുമുൻപേ, യൗവനാരംഭത്തിന്റെ നാളുകളിൽത്തന്നെ അടിമത്വത്തിന്റെ കാർ മേഘങ്ങൾ പലസ്തീന്റെ പച്ചമണ്ണുപേക്ഷിച്ചു പോകുന്ന ഒരു വരുംകാലം ജൂഹ സ്വപ്നം കണ്ടിരുന്നു. അതുകൊണ്ടുതന്നെയാണ്‌ ഹമാസ്‌ പോരാളിയായ ഒരു യുവാവിനെ അവർ വിവാഹം ചെയ്തതും. പരിമിതികളുള്ള ഒരു ശരീരവും അതിലൊതുങ്ങാത്ത പോരാട്ടവീര്യവും അവളെ പേനയെടുപ്പിച്ചു. ഒരു പെയിന്ററായി ജോലിനോക്കണമെന്ന്‌ ആദ്യമൊക്കെ ആഗ്രഹിച്ചിരുന്ന ജൂഹ തന്റെ മേഖല കാർട്ടൂണാണെന്ന്‌ തിരിച്ചറിഞ്ഞതോടെ വരച്ചുതുടങ്ങി. പലസ്തീനിലെ പ്രമുഖ പത്രങ്ങളിലൊന്നായ ‘അൽ ഹയാത്‌ അൽ ജദീദ’യിലാണ്‌ ജൂഹയുടെ കാർട്ടൂണുകൾ ആദ്യമായി പ്രസിദ്ധീകരിക്കപ്പട്ടത്‌. പത്രത്തിലെ ജോലിയുടെ സ്ഥിരത ലക്ഷ്യമിട്ട്‌ ആഭ്യന്തര രാഷ്ട്രീയ കാർട്ടൂണുകളാണ്‌ അവർ ആദ്യം വരച്ചിരുന്നതെങ്കിൽ, അൽപ്പകാലം കഴിഞ്ഞപ്പോൾ അതിശക്തമായ രീതിയിൽ അവർ ഇസ്രയേൽ വിരുദ്ധപോരാട്ടം തന്റെ കാർട്ടൂണുകളിലൂടെ ആരംഭിച്ചു. വെളുത്ത കടലാസിൽ കറുത്ത അക്ഷരങ്ങൾകൊണ്ട്‌ അവർ അമേരിക്കൻ ശിങ്കിടി രാജ്യത്തിലെ ഭരണവർഗത്തെനോക്കി പരിഹസിച്ചു. ഇസ്രയേലികൾ കൊന്ന പലസ്തീൻ ഹമാസ്‌ പോരാളിയായ ഭർത്താവിന്റെ കുഴിമാടത്തിലെ വാടിയ പൂവ്‌ മേശപ്പുറത്ത്‌ വച്ച്‌ ഉമയ്യ ഇസ്രയേൽ ഭീകരതയെ ചോദ്യം ചെയ്തു. സ്വാഭാവികമായും ഇസ്രയേലികളുടെ ഹിറ്റ്ലിസ്റ്റിലാണ്‌ ഉമ്മയ്യയും.

ഔട്ട്ലുക്ക്‌ വാരികയിലെ സീനിയർ കാർട്ടൂണിസ്‌ററായിരുന്നു ഇർഫാൻ ഹുസൈൻ. ഇന്തോ-പാകിസ്ഥാനി കാർട്ടൂണിസ്റ്റ്‌ നിലയിലാണ്‌ പൊതുവെ അദ്ദേഹം അറിയപ്പെട്ടിരുന്നത്‌. 1999 മാർച്ച്‌ മാസം 8ന്‌ കിഴക്കൻ ഡൽഹിയിലെ ഘാസിപ്പൂർഭാഗത്തെ ഒരു അഴുക്കുചാലിൽ നിന്നും ഇർഫാന്റെ മൃതശരീരം കണ്ടെത്തി. അദ്ദേഹത്തിന്റെ ചില രചനകൾ ഇഷ്ടപ്പെടാത്തവരാണ്‌ ആ ജീവൻ എടുത്തതെന്നും, അതല്ല ചില വാഹന മോഷ്ടാക്കളാണ്‌ അത്‌ ചെയ്തതെന്നും അന്ന്‌ വെളിപ്പെടുത്തലുകളുണ്ടായി. എന്തായാലും കാർട്ടൂൺ കലയ്ക്ക്‌ നഷ്ടപ്പെട്ടത്‌ ഒരു ധീരനായ പ്രതിഭയെയാണ്‌.

അടുത്തകാലത്ത്‌ ഒരു അമേരിക്കൻ മാധ്യമത്തിൽ ജെ.സി എന്ന പേരിൽ ഒരു കാർട്ടൂൺ പ്രത്യക്ഷപ്പെട്ടു. യേശുക്രിസ്തുവാണ്‌ പ്രധാന കഥാപാത്രം. അമേരിക്കയിൽ ആവിഷ്ക്കാരസ്വാതന്ത്ര്യം എത്രത്തോളമാകാമെന്ന്‌ തർക്കം ആരംഭിച്ചതു തന്നെ ഈ കാർട്ടൂണിന്റെ പേരിലാണ്‌. പക്ഷെ നമ്മുടെ നാട്ടിലെ മാധ്യമങ്ങൾ ഈ വാർത്ത അധികം ചർച്ച ചെയ്യാതെ പോയി.

ഒരു ഡച്ചു പത്രത്തിൽ വന്ന കാർട്ടൂൺ പരമ്പര ലോകത്ത്‌ പലയിടത്തും രക്തച്ചൊരിച്ചിൽ ഉണ്ടാക്കിയത്‌ 2005 ലാണ്‌. സെപ്തംബർ 30 ന്‌ ജില്ലൻസ്‌ പോസ്റ്റ്‌ എന്ന പത്രത്തിൽ മുഹമ്മദിന്റെ മുഖം എന്ന ലേഖനത്തിലാണ്‌ പത്രണ്ടോളം കാർട്ടൂണുകൾ പ്രത്യക്ഷപ്പെട്ടത്‌. ഇസ്ലാം മതവിശ്വാസികളെ പ്രകോപിതരാക്കിയെങ്കിലും ഡച്ചു ഗവൺമെന്റ്‌ കാർട്ടൂണുകൾക്കെതിരെ നടപടിയൊന്നും സ്വീകരിച്ചില്ല. യൂറോപ്യൻ യൂണിയനിലെ ഒട്ടേറെ രാജ്യങ്ങൾ പ്രസ്തുത കാർട്ടൂണുകൾ പുന:പ്രസിദ്ധീകരിച്ചതോടെ കാർട്ടൂണിസ്റ്റുകൾക്ക്‌ പുറത്തിറങ്ങി നടക്കാൻ വയ്യാതായി. എംബസികൾക്ക്‌ തീയിട്ടു. രാജ്യങ്ങൾ തമ്മിൽ ഉപരോധങ്ങൾ വന്നു. നൂറ്ററുപതോളം ആളുകൾ കൊല്ലപ്പെട്ടു.

ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പേരിൽ ഒരു പക്ഷെ, ലോകത്താകമാനമൊരു കണക്കെടുത്താൽ അതിൽ ഒന്നാംസ്ഥാനക്കാർ കാർട്ടൂണിസ്റ്റുകളുടെ സ്വന്തം നാടായ ഇന്ത്യയിൽ തന്നെയുണ്ടാവും. വിശ്വവിഖ്യാത മലയാളിയായ അബു എബ്രഹാമിനും ആവിഷ്ക്കാര സ്വാതന്ത്ര്യത്തിന്റെ എതിർവശം കാണേണ്ടി വന്നു. ആഗോളവ്യാപകമായ പ്രശ്നങ്ങളാണ്‌ അബുവിന്റെ കാർട്ടൂണുകളിൽ മുഖ്യവിഷയങ്ങളായത്‌. വിയറ്റ്നാമിലെയും സൈപ്രസിലേയും ആഭ്യന്തരപ്രശ്നങ്ങൾ പൊതുസമൂഹത്തിൽ ചർച്ച ചെയ്തുതുടങ്ങിയ അക്കാലത്ത്‌ അബുവിന്റെ ഈ വിഷയങ്ങളിലുള്ള പല കാർട്ടൂണുകളും പത്രമുതലാളിക്കുപോലും രസിക്കുന്നതായിരുന്നില്ല. ഒൻപതു വർഷങ്ങൾക്കുശേഷം അദ്ദേഹം ഒബ്സർവർ വിടുകയും ‘മാഞ്ചസ്റ്റർ ഗാർഡിയനി’ൽ സ്റ്റാഫ്കാർട്ടൂണിസ്റ്റായി ചേരുകയും ചെയ്തു. ഒബ്സർവർ കാലത്തെപ്പോലെ ഗാർഡിയനിലും സാമ്രാജ്യത്വവിരുദ്ധപക്ഷ നിലപാടുകളുള്ള കാർട്ടൂണുകളായിരുന്നു അബുവിന്റേത്‌. ഇസ്രയേൽപോലുള്ള രാഷ്ട്രങ്ങളുടെ ജനാധിപത്യവിരുദ്ധ നയത്തിനെതിരെയുള്ള കാർട്ടൂണുകൾ അബുവിന്റെ ജീവിതം മാഞ്ചസ്റ്റർ ഗാർഡിയനിലും ദുഷ്കരമാക്കി. 1969 ൽ അബുഎബ്രഹാം ഇന്ത്യയിൽ തിരിച്ചെത്തി. അടിയന്തരാവസ്ഥകാലത്ത്‌ അബു വരച്ച ഇന്ദിരാവിരുദ്ധ കാർട്ടൂൺ ഇന്ത്യയിലെ കാർട്ടൂണിസ്റ്റുകൾക്ക്‌ മാത്രമല്ല, ഈ കലയെ സ്നേഹിക്കുന്ന യാതൊരാളും മറന്നു പോകില്ല. ഇന്ദിരയുടെ ഭരണനേട്ടങ്ങളെ അംഗീകരിച്ചിരുന്നെങ്കിലും അടിയന്തരാവസ്ഥയെ അബു ഏറെ വിമർശിച്ചു. സുഹൃത്‌ ബന്ധമോ മറ്റ്‌ ചട്ടകൂടുകളോ അദ്ദേഹത്തിന്‌ ഈ കാര്യത്തിൽ സ്വീകാര്യമായിരുന്നില്ല. അബു വരച്ച ഒരു വിഖ്യാത കാർട്ടൂൺ ഇന്ദിരാഭരണകാലത്ത്‌ ഉണ്ടാക്കിയ തരംഗം ചെറുതൊന്നുമായിരുന്നില്ല. പാതിരാത്രിയിൽ പത്രക്കാരെപ്പോലുമറിയാതെ അന്നത്തെ രാഷ്ട്രപതി ഫക്രുദ്ദീൻ അലി അഹമ്മദിനെക്കൊണ്ട്‌ അടിയന്തരാവസ്ഥക്കുള്ള അനുമതിനേടിയെടുക്കുന്നതായിരുന്നു അബുവിന്റെ കാർട്ടൂൺ. പണ്ട്‌ കുടുംബാസൂത്രണപരിപാടിയെ ദൈവനിഷേധ പ്രവൃത്തിയായി വിശേഷിപ്പിച്ച പോപ്പിനെ പരിഹസിച്ച്‌ സ്വന്തം സഭയിൽ നിന്ന്‌ പുറത്താക്കപ്പെട്ടിട്ടുമുണ്ട്‌ അബു.

മലയാളിയായ മറ്റൊരു കാർട്ടൂണിസ്റ്റ്‌ കേരളവർമ്മ പക്ഷേ ഇതിനേക്കാളും വ്യത്യസ്തമായ ശിക്ഷയേറ്റുവാങ്ങേണ്ടി വന്നയാളാണ്‌. മഹാത്മാഗാന്ധിയുടെ കടുത്ത ആരാധകനായിരുന്നു കെ വി. ഇന്ദിരാഗാന്ധിയെ ശക്തമായി തന്റെ കാർട്ടൂണുകളിലൂടെ വിമർശിച്ചിരുന്ന കെവി അധികാരികളുടെ നോട്ടപ്പുള്ളിയുമായിരുന്നു. ഇന്ദിരയെ അപഹസിച്ച പോസ്റ്റർ കാർട്ടൂൺ വരച്ചു എന്ന കുറ്റത്തിൻമേൽ ജാമ്യമില്ലാ വാറണ്ടുമായെത്തിയ കുറെ പോലീസുകാർ കെ വിയെ വിചാരണ കൂടാതെ ജയിലിടച്ചത്‌ 1976ലാണ്‌. അടിയന്തരാവസ്ഥ കാലമാണത്‌. കാർട്ടൂണിസ്റ്റ്‌ കുട്ടി, പുരി എന്നിവരൊക്കെ ചേർന്നാണ്‌ അദ്ദേഹത്തെ അന്ന്‌ പുറത്തിറക്കിയത്‌. 1978 ൽ ഹിന്ദ്‌ സമാചാർ പത്രത്തിൽ വരച്ച ഒരു കാർട്ടൂണിന്റെ പേരിൽ കെ വിക്ക്‌ വക്കീൽ നോട്ടീസ്‌ ലഭിച്ചു. ഹരിയാനയിലെ അന്നത്തെ മുഖ്യമന്ത്രി ദേവിലാലിന്റെ സന്നിധിയിൽ വിനീതനായി ആശ്രിതമട്ടിൽ നിൽക്കുന്ന തരത്തിൽ തന്റെ ചിത്രം ഹിന്ദ്‌ സമാചാറിൽ കണ്ടപ്പോൾ അന്നത്തെ എംഎൽഎ ഭജൻലാൽ കാർട്ടൂണിനും കാർട്ടൂണിസ്റ്റിനുമെതിരെ തുനിഞ്ഞിറങ്ങി. അഞ്ചു ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ്‌ ഭജൻലാലിന്റെ കേസ്‌.പക്ഷെ കെ വി പിൻതിരിയാൻ തയ്യാറായില്ല. ഭജൻലാലിന്‌ ഇത്രത്തോളം വിഷമിക്കാൻ മാത്രം കാർട്ടൂണിൽ യാതൊന്നുമില്ലെന്ന്‌ സൂചിപ്പിച്ചുകൊണ്ട്‌ കത്തെഴുതി. നഷ്ടപരിഹാരം നൽകുന്ന പ്രശ്നമില്ലെന്നും അദ്ദേഹം അറിയിച്ചു.ഒടുവിൽ ഗത്യന്തരമില്ലാതെയാണ്‌ ഭജൻലാൽ നിയമനടപടികളിൽ നിന്ന്‌ പിൻമാറിയത്‌.

കാർട്ടൂണിസ്റ്റ്‌ ശങ്കറും ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി നെഹ്‌റുവും തമ്മിലുള്ള ബന്ധം ഏറെ പ്രശസ്തമാണ്‌. നെഹ്‌റുവിനെ പരിഹസിച്ചും വിമർശന ബുദ്ധിയോടെ സമീപിച്ചും കഥാപാത്രങ്ങളാക്കി വരച്ചു ശങ്കർ. ഏതെങ്കിലും അവസരത്തിൽ താൻ കഥാപാത്രമായുള്ള കാർട്ടൂൺ തുടർച്ചയായി മുടങ്ങുന്നതു ശ്രദ്ധയിൽപെട്ടാൽ തന്നെ പരിഗണിയ്ക്കാതിരിക്കരുതെന്ന്‌ നെഹ്‌റു ശങ്കറിനോട്‌ ആവശ്യപ്പെടുമായിരുന്നത്രെ. ശങ്കർ മറ്റൊരുനുഭവം പറഞ്ഞിട്ടുണ്ട്‌. ബ്രിട്ടീഷ്‌ ഭരണകാലത്ത്‌ വൈസ്രോയിയെ പരിഹസിച്ചുകൊണ്ട്‌ ശങ്കർ ഒരു കാർട്ടൂൺ വരച്ചു. അക്കാലത്ത്‌ ദേവദാസ്‌ ഗാന്ധിയാണ്‌ ഹിന്ദുസ്ഥാൻ ടൈംസിന്റെ പത്രാധിപർ.അന്ന്‌ ശങ്കർ പത്രത്തിൽ വളരെ പ്രധാനപ്പെട്ട കാർട്ടൂണിസ്റ്റാണ്‌. ദേവദാസ്‌ ഗാന്ധി പോലും കാർട്ടൂൺ കാണുന്നത്‌ അച്ചടിച്ചു വന്നപ്പോഴാണ്‌. സെൻസർ നിയമങ്ങളെ അദ്ദേഹം വല്ലാതെ ഭയപ്പെട്ടിരുന്നു. പത്രാധിപർ പരിഭ്രാന്തനായി. ഉച്ചയ്ക്കുശേഷം പത്രമോഫീസിൽ വൈസ്രായിയുടെ ഒരു ദൂതൻ വന്നെത്തി. പത്രത്തിന്റെ കോപ്പിയുമായി ശങ്കർ ഉടൻ ചെന്ന്‌ വൈസ്രായിയെ കാണാനായിരുന്നു നിർദ്ദേശം. ശങ്കർ വൈസ്രായിയെ കാണാൻ ചെന്നു. തന്റെ‘ഭാര്യയെ ചുണ്ടി വൈസ്രായി പറഞ്ഞു: ‘എന്റെ പത്നിയുടെ മൂക്ക്‌ നിങ്ങൾ വരച്ചത്‌ അത്രയ്ക്കങ്ങ്‌ ശരിയായിട്ടില്ല. ഇതാ ഇനി നേരിട്ടുകണ്ട്‌ മനസിലാക്കിയശേഷം ശരിയായി വരയ്ക്കൂ. അതിനാണ്‌ വിളിപ്പിച്ചത്‌!!’

1980ൽ കെ കരുണാകരന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭ അവിശ്വാസപ്രമേയത്തെ തുടർന്ന്‌ നിലം പൊത്തി. തുടർന്ന്‌ കരുണാകരൻ ചാക്കിട്ടു പിടുത്തമാണ്‌ നടത്തുന്നത്‌ എന്ന്‌ കാണിച്ച്‌ ഇതിഹാസ കാർട്ടൂണിസ്റ്റ്‌ ടോംസ്‌ വരച്ച കാർട്ടൂൺ കരുണാകരനെ കേസിനു പോകാൻ നിർബന്ധിതനാക്കി. കൊല്ലത്തു നിന്നു പ്രസിദ്ധീകരിച്ചിരുന്ന മലയാള നാട്‌ വാരികയിലാണ്‌ ആ കാർട്ടൂൺ പ്രസിദ്ധീകരിച്ചത്‌. ഏറെക്കാലം ടോംസിന്‌ കോടതി കയറിയിറങ്ങേണ്ടി വന്നു. അമൃതാനന്ദമയിയെ കഥാപാത്രമാക്കി കാർട്ടൂൺ വരച്ചതിന്റെ പേരിൽ അമൃതാ ഹോസ്പിറ്റലിൽ ടോംസിന്റെ കാർട്ടൂൺ പ്രസിദ്ധീകരണത്തിന്‌ വിലക്ക്‌ ഏർപ്പെടുത്തിയ കഥയും ടോംസ്‌ പറഞ്ഞിട്ടുണ്ട്‌.
1969ൽ അന്നത്തെ വിദ്യാഭ്യാസ മന്ത്രി സി എച്ച്‌ മുഹമ്മദ്‌ കോയയെ പരിഹസിച്ചു കൊണ്ട്‌ പികെ മന്ത്രി വരച്ച കാർട്ടൂൺ ഏറെ ശ്രദ്ധിക്കപ്പെട്ടു. എന്നാൽ മുഹമ്മദ്‌ കോയക്ക്‌ അതത്ര രുചിച്ചില്ല. ഫലം രണ്ടര വർഷത്തേയ്ക്ക്‌ മന്ത്രിയെ ചിത്രകലാ അദ്ധ്യാപകൻ എന്ന തസ്തികയിൽ നിന്നും പിരിച്ചു വിട്ടു!

ബംഗാളിൽ മമത ബാനർജിയ്ക്കെതിരെ പ്രസിദ്ധീകരിക്കപ്പെട്ട ഒരു കാർട്ടൂൺ പ്രതിക്കൂട്ടിലായി. അധികനാൾ കഴിയുന്നതിനുമുമ്പേമറ്റൊരു കാർട്ടൂൺ കൂടി വിമർശന വിധേയമായി. അന്തരിച്ച വിശ്രുത കാർട്ടൂണിസ്റ്റ്‌ ശങ്കർ അരനൂറ്റാണ്ടു മുമ്പ്‌ വരച്ച ഒരു കാർട്ടൂൺ എൻസിഈആർടി സിലബസ്സിൽ ഉൾപ്പെടുത്തിയതിന്റെ പേരിൽ വലിയ ബഹളം നടന്നു. ഭരണഘടനയെന്ന ഒച്ചിന്റെ മേലിരിയ്ക്കുന്ന അംബേദ്കറെ ചാട്ടവാർ പ്രയോഗം നടത്തി ശാസിക്കുന്ന നെഹ്‌റുവിനെയാണ്‌ ശങ്കർ വരച്ചത്‌. അംബേദ്കറെ അപമാനിച്ച കാർട്ടൂൺ പിള്ളേരെ പഠിപ്പിയ്ക്കാൻ ഉപയോഗിച്ചു എന്നാണ്‌ പ്രതിഷേധക്കാരുടെ കണ്ടെത്തൽ. ഇതിന്റെപേരിൽ ഉപദേശകനായിരുന്ന പ്രൊഫ. സുഹാസ്‌ പാൽഷിക്കറിന്റെ ഓഫീസ്‌ ആക്രമിക്കപ്പെട്ടു.ശങ്കർ വളരെ നേരത്തേ അന്തരിച്ചില്ലായിരുന്നെങ്കിൽ അദ്ദേഹവും ആക്രമിയ്ക്കപ്പെട്ടേനെ!!

ഉത്തർപ്രദേശിലെ കാൺപുർ സ്വദേശിയായ , ഫ്രീലാൻസ്‌ കാർട്ടൂണിസ്റ്റും അഴിമതിവിരുദ്ധ, ഇന്റർനെറ്റ്‌ സ്വതന്ത്രപ്രവർത്തകനുമായ അസീം ത്രിവേദി പ്രദർശിപ്പിച്ച കാർട്ടൂണുകൾ, ജനാധിപത്യവിരുദ്ധമാണെന്ന ആരോപണത്തിന്മേൽ മുംബൈ പോലീസ്‌ ഇദ്ദേഹത്തെ അറസ്റ്റ്‌ ചെയ്തത്‌ വലിയ വിവാദമായി.രാജ്യമങ്ങും ത്രിവേദിയുടെ മോചനത്തിന്‌ വേണ്ടി മുറവിളി ഉയർന്നു.

ഇപ്രകാരം ചട്ടക്കൂടുകളുടെയും വാൾമുനകളുടെയും പ്രതിബന്ധങ്ങളെ ഏറെ കണ്ടിട്ടുള്ള കലാരൂപമാണ്‌ കാർട്ടൂൺ. മേൽവിവരിച്ചതൊക്കെ കൂട്ടത്തിലെ ചില ശ്രദ്ധേയ സംഭവങ്ങളാണ്‌. അതിനുമപ്പുറം നമ്മുടെ മാധ്യമങ്ങളുടെ എഡിറ്റ്‌ ഡസ്കിലേക്കെത്തപ്പെടാതെ വേറെയും ഉദാഹരണങ്ങളുണ്ട്‌..!!

  Categories:
view more articles

About Article Author