വിലത്തകർച്ച: ഇഞ്ചി കർഷകർ കൃഷി ഉപേക്ഷിക്കുന്നു

വിലത്തകർച്ച: ഇഞ്ചി കർഷകർ കൃഷി ഉപേക്ഷിക്കുന്നു
April 18 04:50 2017

സ്വന്തം ലേഖകൻ
കോട്ടയം: കാർഷിക വിലത്തകർച്ചയിലും ചെറുകിട കർഷകർക്ക്‌ ആശ്വാസമായിരുന്ന തന്നാണ്ടു വിളയായ ഇഞ്ചി കൃഷിയിടങ്ങളിൽനിന്നു പടിയിറങ്ങുന്നു.
കടുത്ത വിലത്തകർച്ചയാണു കർഷകരെ കൃഷി ഉപേക്ഷിക്കാൻ പ്രേരിപ്പിക്കുന്നത്‌. ഒരുകിലോ പച്ച ഇഞ്ചിക്ക്‌ 20 രൂപയിൽ താഴെയാണു നാട്ടിൻ പുറങ്ങളിലെ ചന്തകളിലെ വില. ചുക്കിനാകട്ടെ 95 രൂപ മുതൽ 100 രൂപ വില വരെ ശരാശരി ലഭിക്കുന്നു. എന്നാൽ ഉൽപ്പാദനച്ചെലവിന്‌ ആനുപാതികമായി വില തികച്ചും അപര്യാപ്തമാണ്‌. നടീൽ മുതൽ വിളവെടുപ്പു വരെ കാര്യമായ പരിപാലനം ലഭിക്കേണ്ട കൃഷിയാണ്‌ ഇഞ്ചിക്കൃഷി. മുൻകാലങ്ങളിൽ വാരത്തിനും മറ്റും ഒട്ടേറെ കർഷകർ ഇഞ്ചിക്കൃഷി ചെയ്തിരുന്നെങ്കിൽ ഇന്ന്‌ ഇത്തരത്തിൽ സ്ഥലം പാട്ടത്തിനെടുത്തു കൃഷി ചെയ്യുന്ന കർഷകർ വിരലിലെണ്ണാവുന്നവർ മാത്രമായി. നെൽക്കൃഷി നഷ്ടമായിത്തുടങ്ങിയതോടെ പാടശേഖരങ്ങളിലും ഇഞ്ചിക്കൃഷി വ്യാപകമായിരുന്നു.
ഇഞ്ചി ചുരണ്ടി ഉണക്കിയെടുക്കുന്ന ചുക്കിനും വിലത്തകർച്ച മൂലം ക്ഷാമം നേരിട്ടു തുടങ്ങി. കർഷക വിപണികളിൽപ്പോലും പച്ച ഇഞ്ചിയും ചുക്കും കാര്യമായി എത്തുന്നില്ല.
ജൈവ വളപ്രയോഗത്താൽ ഉൽപ്പാദിപ്പിച്ചെടുക്കുന്ന ചുക്കിന്‌ ലഭ്യതക്കുറവ്‌ അനുഭവപ്പെട്ടതോടെ ചുക്ക്‌ വ്യാപകമായി ഉപയോഗിച്ചിരുന്ന ഔഷധ നിർമ്മാണത്തിനും മറ്റും തമിഴ്‌നാട്ടിൽനിന്നുമാണ്‌ ഉൽപ്പന്നമെത്തിക്കുന്നത്‌.
കാലാവസ്ഥാ വ്യതിയാനവും ചാണകം ഉൾപ്പെടെയുള്ള ജൈവളങ്ങളുടെ വില വർധനയും ഇഞ്ചി കൃഷിയുടെ ഉൽപ്പാദനത്തെ പിന്നോട്ടടിച്ചു. ഇത്തരം പ്രതിസന്ധികളെയെല്ലാം തരണം ചെയ്ത്‌ പതിവായി ഇഞ്ചിക്കൃഷി ചെയ്തു പോന്ന കർഷകർ വിലത്തകർച്ചയായതോടെ കടക്കെണിയിലായി. ചെറുകിട വ്യാപാരികളും മൊത്തവ്യാപാരികളും പച്ച ഇഞ്ചി വിലയ്ക്കെടുക്കാൻ തയാറാകാതെ വരുന്നതിനാൽ തൂക്കം കുറഞ്ഞ്‌ തങ്ങൾക്കു നഷ്ടം വരുന്നുവെന്നാണു വ്യാപാരികൾ പറയുന്നത്‌. ചുക്ക്‌ മാത്രമാണു കുറഞ്ഞ തോതിലെങ്കിലും വിപണിയിലെത്തിക്കുന്നത്‌.
ഇതിനിടെ തമിഴ്‌നാട്ടിൽനിന്നും ഗുണനിലവാരം കുറഞ്ഞ ഇഞ്ചിയുടെയും ചുക്കിന്റെയും കടന്നുവരവും കർഷകർക്കു വിനയായി.
ഉൽപ്പാദനച്ചിലവു കുറഞ്ഞു നിൽക്കുന്നതിനാൽ കേരളത്തിൽ നിന്നുള്ള കർഷകരും തമിഴ്‌നാട്ടിലെത്തി ഭൂമി പാട്ടത്തിനെടുത്ത്‌ ഇഞ്ചിക്കൃഷി ചെയ്യുന്നുണ്ട്‌.
കർഷകത്തൊഴിലാളികളുടെ കൂലി വർധിച്ചതും ഇഞ്ചിക്കൃഷിക്കു ചിലവേറ്റി. കുറഞ്ഞത്‌ 500 രൂപയെങ്കിലും കൂലി കൊടുത്തെങ്കിൽ മാത്രമേ പണിക്ക്‌ ആളെ കിട്ടുകയുള്ളു.
വിലത്തകർച്ചയും തൊഴിൽക്കൂലിയുടെ വർധനയും മൂലം കൂടുതൽ കർഷകരും ഇഞ്ചി വിളവെടുക്കാതെ തന്നെ ഇട്ടിരിക്കുകയാണ്‌. പല കർഷകരും അടുത്ത ഓണ വിപണി ലക്ഷ്യമാക്കി ഉൽപ്പന്നം പറിച്ചെടുക്കാതെ മാറ്റിയിടാനുള്ള ആലോചനയിലാണ്‌. ഇഞ്ചി പറിച്ച്‌ മണ്ണിന്റെ അംശം കളഞ്ഞ്‌ വേരു ചെത്തി ഒരുക്കി വിൽപ്പനക്കായി തയാറാക്കണമെങ്കിൽ നല്ല പണിക്കൂലിയാകും. ഇപ്പോൾ ലഭിക്കുന്ന വിലയ്ക്ക്‌ ഇത്‌ മുതലാവില്ലായെന്നതാണ്‌ കർഷകരുടെ പക്ഷം. കർഷകരുടെ അവസ്ഥ മനസിലാക്കി ഭൂമി പാട്ടത്തിനു നൽകിയ പലരും ഇപ്പോൾ പാട്ടം വാങ്ങുന്നുമില്ല. നേരത്തെ ഉൽപ്പാദനത്തിന്റെ മൂന്നിലൊന്നു വരെ പാട്ടം വാങ്ങിയിരുന്നു.

  Categories:
view more articles

About Article Author