വിളയെ കാക്കാൻ ഇൻഷുറൻസ്‌

വിളയെ കാക്കാൻ ഇൻഷുറൻസ്‌
May 06 04:45 2017

മഞ്ജുഷ ആർ എസ്‌
വേനൽ ചൂടിന്‌ അറുതി വരുത്തിക്കൊണ്ട്‌ മഴ എത്തിയെങ്കിലും ഇതോടൊപ്പമുള്ള കൊടുങ്കാറ്റ്‌ പല സ്ഥലങ്ങളിലും കർഷകർക്ക്‌ കണ്ണീർ മഴയാണ്‌ സമ്മാനിച്ചിച്ചത്‌. മണ്ണിൽ പണിയെടുക്കുന്ന കർഷകന്റെ പേടിസ്വപ്നമാണ്‌ പ്രകൃതിക്ഷോഭങ്ങൾ. കൊടുങ്കാറ്റ്‌, ഇടിമിന്നൽ, ഉരുൾപ്പൊട്ടൽ, വെള്ളപ്പൊക്കം തുടങ്ങിയവ എല്ലാ വർഷവും കോടിക്കണക്കിന്‌ രൂപയുടെ കൃഷിനാശം വരുത്തിവയ്ക്കാറുണ്ട്‌. പ്രകൃതി ദുരന്തങ്ങൾകൊണ്ടുണ്ടാകുന്ന കൃഷിനാശത്തിന്‌ നഷ്ടപരിഹാരം നൽകി കർഷകർക്ക്‌ ആശ്വാസമേകുന്ന പദ്ധതിയാണ്‌ ‘വിള ഇൻഷുറൻസ്‌’ പദ്ധതി.
2017-18ലെ സംസ്ഥാന വിള ഇൻഷുറൻസ്‌ പദ്ധതി പ്രകാരം കേരളത്തിലെ പ്രധാനപ്പെട്ട 25 കാർഷിക വിളകൾക്ക്‌ ഇൻഷുറൻസ്‌ പരിരക്ഷ നൽകുന്നതിനുള്ള മാനദണ്ഡങ്ങൾ രൂപീകരിച്ചിട്ടുണ്ട്‌. കൂടാതെ ഇത്തവണ നഷ്ടപരിഹാരത്തുകയിലും വർധനവ്‌ ഉണ്ടായിട്ടുണ്ട്‌. തെങ്ങ്‌, വാഴ, റബർ, കുരുമുളക്‌, കമുക്‌, ഏലം, കശുമാവ്‌, കൈതച്ചക്ക, കാപ്പി, ഇഞ്ചി, തേയില, കപ്പ, മഞ്ഞൾ, കൊക്കോ, നിലക്കടല, എള്ള്‌, പച്ചക്കറി, ജാതി, ഗ്രാമ്പൂ, വെറ്റില, പയറുവർഗങ്ങൾ, മധുരക്കിഴങ്ങ്‌, കരിമ്പ്‌, പുകയില, നെല്ല്‌ എന്നിവയ്ക്കാണ്‌ പദ്ധതി ബാധകം. കോൾ നിലങ്ങൾ, കുട്ടനാട്‌, പാലക്കാട്‌ എന്നിവിടങ്ങളിൽ നെൽക്കൃഷിക്ക്‌ ഉണ്ടാകുന്ന നാശനഷ്ടങ്ങൾക്കും പദ്ധതി പ്രയോജനം ചെയ്യും.
കൃഷിഭവനിലെ കൃഷിയിട പരിശോധനയ്ക്ക്‌ ശേഷം നിർണയിക്കുന്ന പ്രീമിയം തുക ജില്ലാ സഹകരണ ബാങ്കിൽ അടച്ച്‌ പദ്ധതിയിൽ അംഗമാകാം. പാട്ടക്കൃഷിക്കാർക്കും ആവശ്യമായ രേഖകൾ നൽകിയശേഷം പദ്ധതിയിൽ ചേരാവുന്നതാണ്‌. പ്രീമിയം അടച്ച്‌ ഏഴു ദിവസത്തിനു ശേഷം മുതൽ ഉണ്ടാകുന്ന വിളനാശത്തിന്‌ നഷ്ടപരിഹാരത്തിനുള്ള അർഹതയുണ്ടായിരിക്കും.
കൃഷിനാശം സംഭവിച്ചാൽ 15 ദിവസത്തിനുള്ളിൽ അപേക്ഷ നിർദ്ദിഷ്ട ഫോറത്തിൽ കൃഷിഭവനിൽ നൽകണം. വിളനാശം തിട്ടപ്പെടുത്തിയതിന്‌ ശേഷം അനുവദിക്കുന്ന തുക കർഷകന്റെ ബാങ്ക്‌ അക്കൗണ്ടിലേക്കാണ്‌ എത്തുക.
ഇൻഷുർ ചെയ്യേണ്ടുന്ന കുറഞ്ഞ എണ്ണവും പ്രീമിയം തുകയും നഷ്ടപരിഹാരത്തോതും നിശ്ചയിച്ചിട്ടുണ്ട്‌. തെങ്ങ്‌ കുറഞ്ഞത്‌ 10 എണ്ണം ഇൻഷുർ ചെയ്യണം. ഒരു വർഷത്തേക്ക്‌ ഒരു തെങ്ങിന്‌ 2 രൂപ അല്ലെങ്കിൽ 3 വർഷത്തേക്ക്‌ 5 രൂപ എന്നതാണ്‌ പ്രീമിയം. 2000 രൂപയാണ്‌ ഒരു തെങ്ങ്‌ നശിച്ചാൽ കിട്ടുക. എന്നാൽ ഉൽപ്പാദനക്ഷമത തീരെ കുറഞ്ഞ തെങ്ങുകൾക്ക്‌ പരിരക്ഷ കിട്ടില്ല.
കുറഞ്ഞത്‌ 25 ടാപ്പിങ്‌ റബർ മരങ്ങൾ ഇൻഷുർ ചെയ്യാൻ ഒരു മരത്തിന്‌ 3 രൂപ (ഒരു വർഷത്തേക്ക്‌) അല്ലെങ്കിൽ 7.50 രൂപ (3 വർഷത്തേക്ക്‌) എന്നതാണ്‌ നിരക്ക്‌. നഷ്ട പരിഹാരം മരം ഒന്നിന്‌ ആയിരം രൂപ. വാഴയിൽ ഏത്തൻ, ഞാലിപ്പൂവൻ, കപ്പ, മറ്റിനങ്ങൾ എന്നിവയ്ക്ക്‌ ഇൻഷുറൻസ്‌ പരിരക്ഷ ലഭിക്കും. നട്ട്‌ കഴിഞ്ഞ്‌ ഒരു മാസം മുതൽ 5 മാസത്തിനകം ഇൻഷുർ ചെയ്തിരിക്കണം. ഏത്തവാഴ ഒന്നിന്‌ 3 രൂപ വച്ച്‌ പ്രീമിയം അടയ്ക്കണം. കുലക്കാത്ത വാഴ ഒന്നിന്‌ 150 രൂപയും കുലച്ചതിന്‌ 300 രൂപയുമാണ്‌ നഷ്ടപരിഹാരത്തുക. എന്നാൽ ഞാലിപ്പൂവൻ, മറ്റിനങ്ങൾ എന്നിവയ്ക്ക്‌ കുലച്ചതിന്‌ യഥാക്രമം 200 രൂപ, 75 രൂപ എന്ന നിരക്കിലും കുലയ്ക്കാത്തതിന്‌ യഥാക്രമം 100 രൂപ, 50 രൂപ എന്ന നിരക്കിലും മാത്രമേ നഷ്ടപരിഹാരത്തിന്‌ അർഹതയുള്ളൂ.
പച്ചക്കറി ഇൻഷുർ ചെയ്യാൻ കുറഞ്ഞത്‌ 10 സെന്റിൽ കൃഷി ഉണ്ടായിരിക്കണം. നട്ട്‌ ഒരാഴ്ച കഴിഞ്ഞ്‌, ഒരു മാസത്തിനകം ഇൻഷുർ ചെയ്യണം. സെന്റൊന്നിന്‌ ഒരു രൂപയാണ്‌ പ്രീമിയം. പന്തലുള്ളവർക്ക്‌ 10 സെന്റിന്‌ 1600 രൂപയും പന്തലില്ലാത്തവർക്ക്‌ 1000 രൂപയുമാണ്‌ നഷ്ട പരിഹാരം.
കായ്ഫലമുള്ള 5 ജാതി മരങ്ങൾ ഇൻഷുർ ചെയ്യുമ്പോൾ മരമൊന്നിന്‌ 3 രൂപ ഒരു വർഷത്തേക്കോ അല്ലെങ്കിൽ 7.50 രൂപ 3 വർഷത്തേക്കോ പ്രീമിയം അടക്കണം. 3000 രൂപയാണ്‌ ഒരു മരത്തിന്റെ നഷ്ടപരിഹാരത്തുക. കുറഞ്ഞത്‌ 5 സെന്റ്‌ സ്ഥലത്തെങ്കിലും കപ്പ കൃഷി ചെയ്തിട്ടുള്ളവർക്ക്‌ നട്ട്‌ 5 മാസത്തിനകം വിള ഇൻഷുറൻസ്‌ എടുക്കാവുന്നതാണ്‌. 5 സെന്റിന്‌ 3 രൂപയാണ്‌ പ്രീമിയം. 200 രൂപയാണ്‌ 5 സെന്റിന്‌ നഷ്ടപരിഹാരത്തുക.
നെൽക്കൃഷി ഇൻഷുറൻസ്‌ സംരക്ഷണം ലഭിക്കാൻ 25 സെന്റാണ്‌ കുറഞ്ഞ സ്ഥല പരിധി. സെന്റിന്‌ ഒരു രൂപയേ പ്രീമിയം ആകുന്നുള്ളൂ. നട്ട്‌ അല്ലെങ്കിൽ വിതച്ച്‌ കഴിഞ്ഞ്‌ 15 മുതൽ 45 ദിവസത്തിനകം ഇൻഷുർ ചെയ്തിരിക്കണം. 45 ദിവസത്തിൽ താഴെ പ്രായമുള്ള നെൽക്കൃഷി ഏക്കറിന്‌ 6000രൂപയും അതിനുശേഷമുള്ളവയ്ക്ക്‌ 14000 രൂപയുമാണ്‌ നഷ്ടപരിഹാരം. കീടരോഗബാധ കാണുമ്പോൾ തന്നെ കൃഷിഭവനിൽ അറിയിച്ച്‌ വേണ്ട പ്രതിരോധ നടപടികൾ എടുത്തതിനു ശേഷവും നഷ്ടമുണ്ടായാൽ മാത്രമേ നഷ്ടപരിഹാരത്തിന്‌ അർഹത ഉണ്ടായിരിക്കുകയുള്ളൂ.
ദീർഘകാല വിളകളായ തെങ്ങ്‌, റബർ, കമുക്‌, കുരുമുളക്‌, കശുമാവ്‌ എന്നിവയ്ക്ക്‌ നട്ട്‌ ഒരുമാസം മുതൽ സാധാരണ കായ്ഫലമുണ്ടാകുന്ന കാലയളവ്‌ വരെ പ്രത്യേക ഇൻഷുറൻസ്‌ സംരക്ഷണമുണ്ട്‌. ഇതിന്‌ പ്രീമിയവും നഷ്ടപരിഹാരത്തുകയും കുറവാണ്‌. ഉദാഹരണമായി തെങ്ങിൻ തൈ ഒരെണ്ണത്തിന്‌ ഒരു വർഷത്തേക്ക്‌ പ്രീമിയം തുക ഒരു രൂപയും, നഷ്ടപരിഹാരത്തുക ആദ്യത്തെ 3 വർഷം വരെ 200 രൂപയും, 3 മുതൽ 7 വർഷം വരെ 400 രൂപയുമാണ്‌. അതുപോലെ റബറിന്‌ ഒരു മരത്തിന്‌ 1.50 രൂപ നിരക്കിൽ 3 വർഷത്തേക്ക്‌ ഇൻഷുറൻസ്‌ പരിരക്ഷ ലഭിക്കും. 200 രൂപ, 600 രൂപ എന്നിങ്ങനെയാണ്‌ നഷ്ടപരിഹാരം. വിശദ വിവരങ്ങൾ അടുത്തുള്ള കൃഷിഭവനിൽ ലഭ്യമാണ്‌.

  Categories:
view more articles

About Article Author