Tuesday
19 Jun 2018

വിളവു കാക്കേണ്ടവർ തന്നെ വിള നശിപ്പിക്കരുത്‌

By: Web Desk | Friday 28 July 2017 4:45 AM IST

കഴിഞ്ഞ ദിവസം പുറത്തുവന്ന ലഹരിക്കായി ഗുളികകൾ വിതരണം ചെയ്യുന്ന റാക്കറ്റ്‌ പിടിയിലായെന്ന വാർത്തയ്ക്ക്‌ വലിയ പ്രാധാന്യം കൽപ്പിക്കാനാരും തുനിയുമെന്നു തോന്നുന്നില്ലെങ്കിലും ചില പരാമർശങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ നമ്മുടെ യുവത്വം അകപ്പെടുന്ന നീരാളിക്കയങ്ങളുടെ ആഴം ഭയാനകമായിരിക്കുമെന്ന തിരിച്ചറിവ്‌ ഗുണകരമാകുമെന്നാണ്‌ വിശ്വാസം.
കഞ്ചാവ്‌, ഹഷീഷ്‌, ചരസ്‌, ഹാൻസ്‌, എൽഎസ്ഡി, മാജിക്മഷ്‌റൂം, മാൻഡ്യാക്സ്‌ ക്രിസ്റ്റലുകൾ എന്നീ ഓമനപ്പേരുകൾക്കൊപ്പം ബംഗ്ലൂരു, പോണ്ടിച്ചേരി, കോയമ്പത്തൂർ എന്നീ നഗരങ്ങളിൽ നിന്നെത്തുന്ന ലഹരിഗുളികകൾ കൂടിയാകുമ്പോൾ ലഹരിയാസ്വാദകരുടെ പറുദീസയായി കൊച്ചുകേരളത്തിന്റെ മുക്കും മൂലകളും മാറുകയാണ്‌. ചില്ലറക്കാരെയൊന്നുമല്ല ലഹരിമാഫിയ നോട്ടമിടുന്നത്‌. ഉന്നതവിദ്യാഭ്യാസ കേന്ദ്രങ്ങളെ ലക്ഷ്യമാക്കി തകർത്താടുന്ന ലഹരിമാഫിയയുടെ ലക്ഷ്യത്തെക്കുറിച്ച്‌ ചികഞ്ഞുപരിശോധിക്കേണ്ട കാര്യമില്ലല്ലൊ. ഉന്നതവിദ്യാഭ്യാസ സ്ഥാപനത്തിലെ ഒരു വിദ്യാർഥി ലഹരി നീരാളിയുടെ കൈകളിലകപ്പെട്ടാൽ നശിച്ചുപോകുന്നത്‌ ആ വിദ്യാർഥിയുടെ ജീവിതം മാത്രമല്ല ഒരു കുടുംബത്തിന്റെ സ്വപ്നങ്ങളൊക്കെയുമാണ്‌.
ഇത്രയും വലിയ ദുരന്തത്തിലേക്കാഴ്‌ന്നിറങ്ങുന്ന നമ്മുടെ യുവത്വത്തിന്‌ പറ്റുന്ന താളപ്പിഴകളെന്ത്‌? ഭക്ഷണമില്ലെങ്കിലും ലഹരി കൂടാതെ ജീവിക്കാനാവില്ലെന്ന നിലയിലേക്കു കൂപ്പുകുത്താൻ യുവത്വത്തെ പ്രേരിപ്പിച്ച ഘടകങ്ങളെന്തൊക്കെ? തങ്ങളനുഭവിച്ച ദുരിതജീവിതം മക്കൾക്ക്‌ സ്വന്തമാവരുതേയെന്ന പ്രാർഥനയോടെ ഇരവുപകലുകൾ ഭേദമില്ലാതെ കഷ്ടപ്പെട്ട്‌ പണിയെടുത്ത്‌ ദാരിദ്ര്യമറിയിക്കാതെ വളർത്തി ഉന്നത വിദ്യാഭ്യാസത്തിന്റെ പടിക്കെട്ടുകൾ ചവിട്ടിക്കയറുന്ന ഘട്ടത്തിൽ സമാധാനിക്കുകയും സന്തോഷിക്കുകയും ചെയ്യേണ്ട മാതാപിതാക്കൾക്ക്‌ ഇരുട്ടടി സമ്മാനിച്ചുകൊണ്ട്‌ മക്കൾ ലഹരി സ്വർഗത്തെ പുണരുന്നതെന്തുകൊണ്ട്‌?
ഉത്തരമില്ലാത്ത സന്ദേഹങ്ങളാണിവയെങ്കിലും കച്ചവടതൽപരത നല്ലൊരളവുവരെ ലഹരിരംഗത്തെ സ്വാധീനിക്കുന്നുവെന്നുവേണം കരുതാൻ. പണം ധൂർത്തടിച്ചു ജീവിതം ലഹരിപിടിപ്പിക്കാൻ മദ്യമയക്കുമരുന്ന്‌ ലഹരി ശൃംഘല പോലെ മറ്റൊന്നുണ്ടെന്നു കരുതാനാവില്ല. ലഹരി അതിപ്രസരണത്തിൽ നിന്നാണ്‌ ഇന്ന്‌ നാം നേരിടുന്ന മിക്ക കുറ്റകൃത്യങ്ങളും പിറവിയെടുക്കുന്നത്‌. എൻജിനീയറിങ്‌ വിദ്യാർഥികൾ വരെ ലഹരി ആസ്വാദകരും ഇടപാടുകാരുമൊക്കെയായി മാറുമ്പോൾ ലഹരിവ്യാപാരത്തിലെ രസതന്ത്രമെന്തെന്ന്‌ ഊഹിക്കാമല്ലൊ. അഞ്ച്‌ രൂപയ്ക്ക്‌ ലഭിക്കുന്ന ലഹരിഗുളിക 50 രൂപയ്ക്ക്‌ വിദ്യാർഥികൾക്ക്‌ വിൽക്കുന്നു. ഈ ഗുളികകൾ മാനസികരോഗികൾക്ക്‌ ഡോക്ടർമാർ നിർദേശിക്കുന്നതാണെന്നറിയുന്നവർ എത്ര പേരുണ്ടാകും?
അറിവും വിവരവും വിദ്യാഭ്യാസവും കൈമുതലായ യുവത്വം ഇത്തരത്തിൽ ലഹരിച്ചൂളകളിലകപ്പെട്ട്‌ ജീവിതം കരിച്ചുപുകച്ചു തീർത്ത്‌ കുടുംബങ്ങളെ കണ്ണീർക്കയത്തിൽ മുക്കിത്താഴ്ത്തുമ്പോൾ നിസംഗത പുലർത്താൻ നമുക്കാവില്ല. ലഹരിമാഫിയയെ തകർക്കണമെങ്കിൽ കൂട്ടായ പരിശ്രമം തന്നെ വേണം. സ്വയം നശിക്കേണ്ടതുണ്ടോ എന്നൊരാത്മ പരിശോധന യുവത്വത്തിനുമുണ്ടാകണം. വിളവു കാക്കേണ്ടവർ തന്നെ വിള നശിപ്പിക്കുന്ന ഒറ്റയാൻ ശൈലി അവസാനിപ്പിക്കുന്നതാണ്‌ മറ്റൊരു പോംവഴി. അതായത്‌, ഉപദേശിച്ചു തിരുത്തിക്കേണ്ടവർ തന്നെ ഉപയോഗസുഖത്തിൽ മതിമറന്നാടുമ്പോൾ ആ ഉപദേശത്തിനാരു വില കൽപ്പിക്കും?
മറ്റൊരു പ്രധാന ദൗത്യം രഹസ്യവിവരം കൈമാറുകയെന്നതാണ്‌. ലഹരി ഇടപാടുകൾ നടക്കുന്നുവെന്ന സന്ദേശം ലഭിക്കുന്നതുവഴി നല്ലൊരു ശതമാനം ഇടപാടുകരെ അഴിക്കകത്താക്കാൻ അന്വേഷണ സംഘത്തിനാവുന്നുവെന്നത്‌ പ്രതീക്ഷയ്ക്ക്‌ വക നൽകുന്നു. പക്ഷെ, പിടിയിലായവർ നിഷ്പ്രയാസം പുറത്തുവരികയും വീണ്ടും വ്യാപാരം കൊഴുപ്പിക്കുകയും ചെയ്യുന്നതാണ്‌ കണ്ടുവരുന്നത്‌. ലഹരിമാഫിയയ്ക്ക്‌ സഹായകരമായ രീതിയിലുള്ള നിയമവ്യവസ്ഥകൾ എന്നേ പൊളിച്ചെഴുതേണ്ടതും കടുത്ത ശിക്ഷാവിധികളുണ്ടാകേണ്ടതും ലഹരി നീരാളിക്കൈകളിൽ നിന്ന്‌ യുവതലമുറയെ രക്ഷിക്കാൻ സമൂഹം ഒറ്റക്കെട്ടായി പ്രതിരോധനിര തീർക്കേണ്ടതും ഒട്ടും വൈകിച്ചുകൂടാ.
സി ബാലകൃഷ്ണൻ
ചക്കരക്കുളമ്പ്‌, മണ്ണാർക്കാട്‌