വിവാഹപൂര്‍വ്വ കൗണ്‍സലിങ്ങ് ഫലപ്രദമായി നടപ്പാക്കും: സംസ്ഥാന വനിതാ കമ്മീഷന്‍

May 20 01:27 2017

 

പാലക്കാട്: വിദ്യാസമ്പന്നരുള്‍പ്പെടെയുളള യുവദമ്പതിമാര്‍ക്കിടയില്‍ വിവാഹമോചന പ്രവണത തടയാന്‍ സംസ്ഥാന വനിതാ കമ്മീഷന്റെ നേതൃത്വത്തില്‍ വിവാഹപൂര്‍വ്വ കൗണ്‍സലിങ്ങ് ഫലപ്രദമായി നടപ്പാക്കുമെന്ന് കമ്മീഷന്‍ അംഗം ഷിജി ശിവജി അറിയിച്ചു.
ജില്ലാപഞ്ചായത്ത് ഹാളില്‍ നടന്ന കമ്മീഷന്‍ സിറ്റിങ്ങിലാണ് യുവജനങ്ങള്‍ക്കിടയിലെ ഈ മനോഭാവത്തെയും പ്രവണതയേയും ഗൗരവമായി കാണുന്നതായി കമ്മീഷന്‍ അറിയിച്ചത്.
വിവാഹിതരായി ദിവസങ്ങള്‍ക്ക് ശേഷമൊ ഒരു വര്‍ഷത്തിന് ശേഷമൊ തക്കതായ കാരണമില്ലാതെ വിവാഹമേചനത്തിന് തയ്യാറാകുന്ന മനോഭാവമാണ് ജില്ലയിലും കൂടുതലായി കണ്ടുവരുന്നതെന്ന് വ്യക്തമായി.
ജില്ലയിലുള്‍പ്പെടെ പഞ്ചായത്ത് തലത്തില്‍ സ്ത്രീ സുരക്ഷ, സ്ത്രീകളുടേയും കുട്ടികളുടേയും സംരക്ഷണം, അമ്മമാരുടെ അറിവിലേക്കുളള കാര്യങ്ങള്‍, കുട്ടികള്‍ക്കെതിരെയുളള അക്രമങ്ങളുടെ പ്രതിരോധം തുടങ്ങിയ ഉള്‍പ്പെടുത്തി സെമിനാറുകളും നടത്തും.
കുടുംബപരമായ പ്രശ്‌നങ്ങളാണ് കൂടുതലും കമ്മീഷന്‍ മുന്‍പില്‍ വന്നത്. മൊത്തം 52 കേസുകള്‍ പരിഗണിച്ചതില്‍ 13 എണ്ണമാണ് തീര്‍പ്പാക്കിയത്.
21 എണ്ണം അടുത്ത സിറ്റിങ്ങിലേക്ക് മാറ്റി. രണ്ടെണ്ണം ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് അന്വേഷണത്തിന് കൈമാറി.
16 പരാതികള്‍ എതിര്‍ കക്ഷികള്‍ എത്താത്തതിനെ തുടര്‍ന്ന് അടുത്ത സിറ്റിങ്ങിലേക്ക് മാറ്റി.
സിറ്റിങ്ങില്‍ നാല് പുതിയ പരാതികള്‍ സ്വീകരിച്ചു.
വനിതാകമ്മീഷന്‍ നടത്തിയ സിറ്റിങ്ങില്‍ അഡ്വക്കേറ്റുമാരായ ടി.ശോഭന, കെ.രാധിക, സി. രമിക, കലക്ടറേറ്റ് സീനിയര്‍ സൂപ്രണ്ട് വി.വിശാലാക്ഷി, കൗണ്‍സിലര്‍ സ്റ്റെഫി തുടങ്ങിയവര്‍ പങ്കെടുത്തു.

view more articles

About Article Author