വിവിപാറ്റ്‌ യന്ത്രങ്ങളും തെരഞ്ഞെടുപ്പുകളുടെ വിശ്വാസ്യതയും

April 18 04:55 2017

വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിലേക്ക്‌ ആവശ്യമായ വിവിപാറ്റ്‌ (വോട്ടർ വെരിഫൈയബിൾ പേപ്പർ ഓഡിറ്റ്‌ ട്രേൽ) മെഷീനുകൾ വാങ്ങാൻ ആവശ്യമായ പണം അടിയന്തിരമായി അനുവദിക്കണമെന്ന്‌ കേന്ദ്ര തെരഞ്ഞെടുപ്പ്‌ കമ്മീഷൻ (സിഇസി) കേന്ദ്ര നിയമ മന്ത്രാലയത്തോട്‌ ആവശ്യപ്പെട്ടിരിക്കുന്നു. നിലവിലുള്ള ഇലക്ട്രോണിക്‌ വോട്ടിങ്‌ മെഷീൻ (ഇവിഎം) സംബന്ധിച്ച്‌ രാജ്യവ്യാപകമായി ഉയർന്നിരിക്കുന്ന ആക്ഷേപങ്ങളുടെ പശ്ചാത്തലത്തിലാണ്‌ സിഇസി നസിം സെയ്ദിയുടെ അഭ്യർഥന. ഇവിഎമ്മിൽ ഭരണകക്ഷിയായ ബിജെപിയും അവരെ അനുകൂലിക്കുന്ന ഉദ്യോഗസ്ഥരും കൃത്രിമം നടത്തിയതായി യുപിയും പഞ്ചാബുമടക്കം അഞ്ച്‌ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിനെ തുടർന്ന്‌ പ്രതിപക്ഷത്തുനിന്നും ശക്തമായ ആരോപണം ഉയർന്നിരുന്നു. മധ്യപ്രദേശിലെ അട്ടേർ അസംബ്ലി മണ്ഡലത്തിലെ വോട്ടെടുപ്പിന്‌ മുമ്പ്‌ പരിശോധനാവേളയിൽ വിവിപാറ്റ്‌ മെഷീനുകളിൽ തന്നെ ക്രമക്കേട്‌ കണ്ടെത്തിയതായി വാർത്തയുണ്ടായിരുന്നു. ഏത്‌ ചിഹ്നത്തിൽ ഏത്‌ സ്ഥാനാർഥിക്ക്‌ വോട്ട്‌ ചെയ്താലും മെഷീൻ വോട്ട്‌ രേഖപ്പെടുത്തുന്നത്‌ ബിജെപി സ്ഥാനാർഥിക്ക്‌ മാത്രമായിരുന്നുവെന്നായിരുന്നു വാർത്ത. അത്‌ ചോദ്യം ചെയ്ത മാധ്യമപ്രവർത്തകരെ വരണാധികാരിയടക്കം ഉദ്യോഗസ്ഥർ ഭീഷണിപ്പെടുത്തിയിരുന്നതായും വാർത്തയിൽ പറഞ്ഞിരുന്നു. ഈ ആരോപണങ്ങൾ എല്ലാം തെരഞ്ഞെടുപ്പ്‌ കമ്മീഷനും സർക്കാരുകളും നിഷേധിക്കുകയായിരുന്നു. ഇവിഎം സംബന്ധിച്ച്‌ സുപ്രിംകോടതിയിൽ നിലവിലുള്ള കേസിൽ വാദം തുടരുകയാണ്‌. ഇക്കാര്യത്തിൽ കോടതിവിധി വരാനിരിക്കെയാണ്‌ സിഇസി വിവിപാറ്റ്‌ മെഷീനുകൾക്ക്‌ 3,174 കോടി രൂപ അനുവദിക്കണമെന്ന ആവശ്യവുമായി നിയമമന്ത്രാലയത്തെ സമീപിച്ചിരിക്കുന്നത്‌. ഫെബ്രുവരി മാസത്തിൽ ഓർഡർ നൽകിയാൽ മാത്രമേ രാജ്യത്തെ എല്ലാ പോളിങ്‌ ബൂത്തുകളിലേയ്ക്കും ആവശ്യമായ 16 ലക്ഷം പുതിയ യന്ത്രങ്ങൾ 2018 സെപ്റ്റംബറോടെ ലഭ്യമാകുവെന്നാണ്‌ സിഇസി പറയുന്നത്‌.
പഴയതും പുതിയതുമായ വോട്ടിങ്‌ യന്ത്രങ്ങളെപ്പറ്റി രാഷ്ട്രീയ പാർട്ടികൾക്കും പൊതുജനങ്ങൾക്കുമിടയിൽ ധാരാളം ശക്തമായ ആശങ്കകൾ നിലനിൽക്കെ വിവിപാറ്റ്‌ യന്ത്രങ്ങൾക്കായി പണം അനുവദിക്കും മുമ്പ്‌ അവ കുറ്റമറ്റ യന്ത്രങ്ങളാണെന്ന്‌ ബന്ധപ്പെട്ട എല്ലാവരേയും സംശയരഹിതമായി ബോധ്യപ്പെടുത്താൻ സുപ്രിംകോടതിക്കും സിഇസിക്കും ബാധ്യതയുണ്ട്‌. അത്‌ തെരഞ്ഞെടുപ്പ്‌ പ്രക്രിയയിലും ജനാധിപത്യത്തിൽ തന്നെയും വിശ്വാസം ഊട്ടി ഉറപ്പിക്കാൻ അനിവാര്യമാണ്‌. ഇപ്പോൾ സുപ്രിംകോടതിയിലുള്ള കേസിന്റെ വാദം സമയബന്ധിതമായി പൂർത്തിയാക്കുകയും നിർദിഷ്ട വിവിപാറ്റ്‌ മെഷീനുകൾ കുറ്റമറ്റതാണെന്ന്‌ ഉറപ്പുവരുത്തുകയും ചെയ്യുക എന്നത്‌ ഇക്കാര്യത്തിലുള്ള മുന്നുറപ്പാണ്‌. ഏതുതരം യന്ത്രങ്ങൾക്കും തകരാറുണ്ടാവുക സ്വാഭാവികമാണ്‌. അതുപൊലെതന്നെ അവയിൽ കൃത്രിമം കാട്ടാനാവുമെന്നതും അനുഭവപാഠമാണ്‌. കയ്യൂക്കും പണക്കൊഴുപ്പുംകൊണ്ട്‌ തെരഞ്ഞെടുപ്പ്‌ ഫലങ്ങളെ സ്വാധീനിക്കാമെന്നത്‌ മറ്റൊരു സാർവത്രിക സത്യമാണ്‌. വോട്ടിങ്‌ മെഷീനുകളെ അത്തരത്തിൽ ദുരുപയോഗം ചെയ്യാൻ ആരും മുതിരില്ലെന്ന്‌ കരുതാനുമാവില്ല. അതുകൊണ്ടുതന്നെ അത്തരം യന്ത്രങ്ങളുടെ അല്ലെങ്കിൽ വോട്ടിങ്‌ രീതികളുടെ വിശ്വാസ്യത ഉറപ്പുവരുത്തുകയെന്നത്‌ ജനാധിപത്യത്തിൽ ഒഴിവാക്കാനാവാത്ത അനിവാര്യതയാണ്‌. അത്തരം ആവശ്യങ്ങൾ ഉത്തരവാദിത്വപ്പെട്ട രാഷ്ട്രീയ പാർട്ടികളിൽ നിന്നും സംഘടനകളിൽ നിന്നും പൊതുജനങ്ങളിൽ നിന്നും ഉയരുമ്പോൾ അതിനെ അധിക്ഷേപിക്കുന്നതും അവഗണിക്കുന്നതുമായ സമീപനം ഗവൺമെന്റിന്റെയോ സിഇസിയുടെയോ സുപ്രിംകോടതിയുടെ തന്നെയോ ഭാഗത്തുനിന്ന്‌ ഉണ്ടാവുന്നത്‌ ഖേദകരവും ജനാധിപത്യത്തെ ദുർബലപ്പെടുത്തുന്നതുമാണ്‌.
വോട്ടിങ്‌ യന്ത്രങ്ങൾ നവീകരിച്ചതുകൊണ്ട്‌ മാത്രം പരിഹരിക്കാവുന്ന പ്രശ്നങ്ങളല്ല ഇന്ത്യയുടെ തെരഞ്ഞെടുപ്പ്‌ രംഗം നേരിടുന്ന പ്രശ്നങ്ങൾ. അത്‌ നിരവധിയായ പോരായ്മകളിൽ ഒന്നുമാത്രമാണ്‌. അതുകൊണ്ടുതന്നെ വോട്ടിങ്‌ യന്ത്രങ്ങളുടെ ആധുനീകവത്കരണത്തോടൊപ്പം തെരഞ്ഞെടുപ്പു രംഗം കഴിയുന്നത്ര കുറ്റമറ്റതാക്കി മാറ്റാനുള്ള ശ്രമങ്ങൾക്ക്‌ ഭരണകൂടവും തെരഞ്ഞെടുപ്പ്‌ കമ്മീഷനും സുപ്രിംകോടതിയും സത്വര ശ്രദ്ധ പതിപ്പിക്കേണ്ടതുണ്ട്‌. തെരഞ്ഞെടുപ്പ്‌ ഫലങ്ങളെ തങ്ങൾക്ക്‌ അനുകൂലമായി മാറ്റാൻ രാഷ്ട്രീയ പാർട്ടികൾ, വിശേഷാൽ ഭരണം കയ്യാളുന്നവർ, നടത്തിവരുന്ന അധാർമികവും ഭരണഘടന വിരുദ്ധവുമായ എല്ലാ കുതന്ത്രങ്ങൾക്കും തടയിടാൻ നമുക്ക്‌ കഴിയണം. തെരഞ്ഞെടുപ്പ്‌ പ്രകടനപത്രികകളിലെ വാഗ്ദാനങ്ങളെപറ്റി സുപ്രിംകോടതി പരാമർശം നടത്തി നാളുകൾ കഴിയുംമുമ്പാണ്‌ തെരഞ്ഞെടുപ്പ്‌ മാത്രം ലക്ഷ്യംവച്ച്‌ ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള പദ്ധതികൾക്ക്‌ നരേന്ദ്രമോഡിയും ബിജെപിയും ഭുവനേശ്വറിൽ രൂപം നൽകിയിരിക്കുന്നത്‌. ഭരണകക്ഷിയുടെ ഈ നീക്കങ്ങൾ ഓരോന്നും തെരഞ്ഞെടുപ്പുകളുടെ നിഷ്പക്ഷതയെയും പവിത്രതയെയും വിശ്വാസ്യതയെയും പരിഹാസ്യമാക്കി മാറ്റുന്നുവെന്നതും നാം വിസ്മരിച്ചുകൂട. ഇവിടെയാണ്‌ വോട്ടിങ്‌ യന്ത്രങ്ങളുടെ ഒറ്റപ്പെട്ട പരിഷ്കാരം അപ്രസക്തമാകുന്നത്‌. വോട്ടിങ്‌ യന്ത്രങ്ങളുടെ നവീകരണം പ്രസക്തമാകണമെങ്കിൽ അത്‌ സമഗ്ര തെരഞ്ഞെടുപ്പ്‌ പരിഷ്കാരങ്ങളുടെ ഭാഗമായി മാറണം. അതിന്‌ അനുകൂലമായ രാഷ്ട്രീയാന്തരീക്ഷം സൃഷ്ടിക്കുന്നതിൽ പ്രതിപക്ഷ പാർട്ടികളും പൊതുസമൂഹവും പ്രത്യേക ഊന്നൽ നൽകണം.

  Categories:
view more articles

About Article Author