Monday
17 Dec 2018

വിവേകാനന്ദനും നവ്യവേദാന്തവും

By: Web Desk | Thursday 11 January 2018 10:33 PM IST

എന്‍ ഇ ബാലറാം

1863 ജനുവരി 12 നാണ്
സ്വാമി വിവേകാനന്ദന്‍ ജനിച്ചത്.
അദ്ദേഹത്തെക്കുറിച്ച്
എന്‍ ഇ ബാലറാം എഴുതിയ
ലേഖനത്തിലെ പ്രസക്തഭാഗം

ഇന്ന് വിവേകാനന്ദന്റെ ജന്മദിനം ആഘോഷിക്കുന്നു. അദ്ദേഹത്തിന്റെ സന്ദേശത്തെപ്പറ്റി ഓര്‍ക്കാനും ചര്‍ച്ചചെയ്യാനും അതു നല്ലൊരവസരമാണ്. പക്ഷപാതരഹിതമായി ആ ദാര്‍ശനികഭഗീരഥന്റെ ആശയസംഭാവനകള്‍ അപഗ്രഥിക്കയാണെങ്കില്‍ അവ ഇപ്പോഴും പ്രയോജനവും പ്രസക്തിയും ഉള്ളവയാണെന്നു കാണാം. മതമൗലികവാദ താണ്ഡവത്തിനു മുക്കിക്കളയാന്‍ ആവാത്തവിധമുള്ള ശബ്ദഘനവും അര്‍ഥഘനവും ആ മഹാന്റെ ചിന്തകള്‍ക്ക് ഇപ്പോഴും ഉണ്ടെന്നതാണ് യാഥാര്‍ഥ്യം. വിവേകാനന്ദ ചിന്തകളെക്കുറിച്ച് സമഗ്രമായ ഒരു പഠനം ഇവിടെ ഉദ്ദേശിക്കുന്നില്ല. മനുഷ്യ സ്‌നേഹിയായ ആ സന്യാസി ഉന്നയിച്ച ചില പ്രധാന പ്രശ്‌നങ്ങള്‍ മാത്രം പുനഃപഠനത്തിന് വിധേയമാക്കയാണ് ഈ ലേഖനത്തില്‍ ചെയ്യുന്നത്.
വിവേകാനന്ദന്റെ ചിന്തയെ ദാര്‍ശനികന്മാര്‍ പൊതുവെ വിളിക്കുന്നത് നവ്യവേദാന്തം എന്നാണ്. യഥാര്‍ഥത്തില്‍ ഈ നവ്യവേദാന്താശയം രാജാറാം മോഹന്‍േറായി മുതല്‍ ആരംഭിക്കുന്നുണ്ട്. നാടുവാഴിത്ത പ്രധാനമായ സമൂഹഘടനയില്‍ നിന്നു കോളനിവ്യവസ്ഥയിലേക്ക് മാറിയ ഘട്ടത്തില്‍ ഉണ്ടായ കോളനിവിരുദ്ധമായ അവബോധമോ ആശയമോ ആണ് വാസ്തവത്തില്‍ ഈ നവ്യവേദാന്തത്തില്‍ കാണുന്നത്. പശ്ചാത്തല പരിശോധന ആഴത്തില്‍ നടത്തിയാല്‍ പന്ത്രണ്ടാം നൂറ്റാണ്ട് മുതല്‍ പ്രകടമായിക്കണ്ട നവ്യന്യായസിദ്ധാന്തം ഇന്ത്യയുടെ പ്രത്യയശാസ്ത്രപുരോഗതിയില്‍ ആശ്ചര്യകരമായ ഒരു സംഭവമാണെന്നു കാണാം.
രാജാറാംമോഹന്റോയ് ഈ ശാഖയില്‍ വിദഗ്ധനായിരുന്നു. നിര്‍ഭാഗ്യവശാല്‍ നമ്മുടെ ദാര്‍ശനികന്മാര്‍ നവ്യന്യായത്തിന്റെ സംഭാവനകള്‍ അവബോധവികാസത്തെ എത്ര സഹായിച്ചുവെന്നു വേണ്ടത്ര വിലയിരുത്തിയില്ല. വിവേകാനന്ദചിന്തയുടെ പശ്ചാത്തലം പരിശോധനാര്‍ഹമാണ്. രാജാറാം മോഹന്‍ റോയിയുടെ ചിന്തകളും ബ്രഹ്മസമാജത്തിന്റെ സന്ദേശവും അദ്ദേഹത്തില്‍ ചെലുത്തിയ സ്വാധീനമാണ് ഒന്നാമതായി ചൂണ്ടിക്കാണിക്കാനുള്ളത്.
രണ്ടാമത്തെ കാര്യം രാമകൃഷ്ണപരമഹംസരുടെ ശിഷ്യത്വമാണ്. സര്‍വമത സാഹോദര്യത്തിനുവേണ്ടി നിരന്തരമായി പ്രവര്‍ത്തിക്കുകയും ഈശ്വരഭജനം മനുഷ്യസേവനത്തിന്റെ ഭാഗമാണെന്നു കാണുകയും ചെയ്ത ഏറ്റവും വലിയ മനുഷ്യസ്‌നേഹിയായ ഗദാധര്‍ ചതോപാധ്യായയാണ് രാമകൃഷ്ണന്‍ എന്ന സന്യാസിയായി മാറിയത്. സുപ്രസിദ്ധ ഹിന്ദു ലിബറല്‍ ചിന്തകനും ബ്രഹ്മസമാജവാദിയും ആയ കേശവചന്ദ്രസേനനാണ് രാമകൃഷ്ണനെ പരമഹംസന്‍ എന്ന് വിളിച്ചത്. കേശവചന്ദ്രസേനന്റെ ഇന്ത്യന്‍മിറര്‍ എന്ന പത്രം വഴിയാണ് പരമഹംസരുടെ സന്ദേശം ഇടത്തരക്കാരുടെ ഇടയില്‍ എത്തിയത്. രാമകൃഷ്ണന്‍ സാധാരണ ഹിന്ദു സന്യാസിമാരില്‍ നിന്നു തികച്ചും വ്യത്യസ്തനായിരുന്നു. അദ്ദേഹത്തിന് ക്രിസ്ത്യാനികളും മുഹമ്മദീയരുമായ ശിഷ്യന്മാരുണ്ടായിരുന്നു. ഒരിക്കല്‍ അദ്ദേഹത്തെ സന്ദര്‍ശിക്കാന്‍ ചെന്ന ക്രിസ്തീയ പാതിരിസംഘത്തോടു ക്രിസ്തുവിന് നമസ്‌കാരം എന്നദ്ദേഹം പറഞ്ഞപ്പോള്‍ ആ സംഘം അമ്പരന്നുപോയി. പരമഹംസനോടു കാരണം ആരാഞ്ഞപ്പോള്‍ ഏറ്റവും ഉദാത്തനായ ദൈവപുത്രനാണ് ക്രിസ്തുവെന്നായിരുന്നു മറുപടി. യാദൃച്ഛികമായാണ് നരേന്ദ്രന്‍ രാമകൃഷ്ണനെ കണ്ടത്. വേഡ്‌സ്‌വര്‍ത്തിന്റെ കവിത പഠിക്കുമ്പോഴാണ് നരേന്ദ്രന്‍ മിസ്റ്റിസിസത്തെപ്പറ്റി കേള്‍ക്കുന്നത്. പ്രൊഫസറായ ഹേസ്റ്റിയോടു ചോദിച്ചപ്പോള്‍ പ്രസ്തുത വിഷയം മനസ്സിലാക്കാന്‍ രാമകൃഷ്ണനെ കാണുകയാണ് നല്ലതെന്ന് അദ്ദേഹം ഉപദേശിച്ചു. അങ്ങനെയാണ് രാമകൃഷ്ണപരമഹംസരുമായി നരേന്ദ്രന്‍ പരിചയപ്പെടുന്നത്. അേദ്ദഹവുമായി നടത്തിയ നിരന്തരമായ തര്‍ക്കത്തില്‍ കൂടിയാണ് ആ യുവാവ് ഒരു ദാര്‍ശികനായി മാറുന്നത്. ഇതരമത ചിന്തകളോടുളള ആദരവും സാമൂഹ്യസേവനത്തിലുള്ള ആഭിമുഖ്യവും സന്ന്യാസവൃത്തിയിലുള്ള വിശ്വാസവും രാമകൃഷ്ണന്റെ സ്വാധീനത്തില്‍ നിന്നാണ് നരേന്ദ്രന്‍ എന്ന വിവേകാനന്ദനുണ്ടായത്.
സമൂഹത്തിലെ ജീര്‍ണതയും പാവപ്പെട്ടവരുടെ ദുരിതങ്ങളും അദ്ദേഹത്തെ വളരെയധികം ദുഃഖിപ്പിച്ചിരുന്നുവെന്നതാണ് മൂന്നാമത്തെ കാര്യം. അദ്ദേഹത്തിന്റെ ഏതു പ്രസംഗത്തിലും എഴുത്തിലും സംഭാഷണത്തിലും ഈ പ്രശ്‌നങ്ങള്‍ എപ്പോഴും തേട്ടിത്തേട്ടി വന്നതായി കാണാം. ബ്രിട്ടീഷ് ഭരണമാണ് അന്തിമവിശകലനത്തില്‍ ഇതിനുത്തരവാദിയെന്നും സന്യാസി പൂര്‍ണമായി വിശ്വസിച്ചു. കൈത്തൊഴില്‍, കൃഷി എന്നിവയുടെ തകര്‍ച്ചയും സെമിന്ദാര്‍മാരുടെയും സര്‍ക്കാരിന്റെയും ചൂഷണവും അടിക്കടി ഉണ്ടായ ക്ഷാമവും ബംഗാള്‍ സംസ്ഥാനത്തെ മിക്കവാറും ചുടലക്കളമാക്കി മാറ്റിയ ഘട്ടമാണതെന്നോര്‍ക്കണം. ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ ചൂഷണത്തെക്കുറിച്ച് അദ്ദേഹം വെട്ടിത്തുറന്നു പറഞ്ഞത് ഇപ്രകാരമാണ്.”ധനികവര്‍ഗം അതതു നാട്ടിലെ ഗവണ്‍മെന്റുകളെ കയ്യിലാക്കുകയും ജനങ്ങളുടെ അധ്വാനഫലമായ വരുമാനത്തെ കവര്‍ന്നെടുക്കുകയും ചെയ്യുന്നു. ജനങ്ങളെ പട്ടാളക്കാരാക്കി അന്യരാജ്യങ്ങളിലേക്കയക്കുകയും യുദ്ധം നടത്തുകയും ചെയ്യുന്നു. ജനങ്ങളെ കൊല്ലിക്കുന്നു. യുദ്ധം ജയിച്ചാല്‍ ഭണ്ഡാരം സ്വര്‍ണം കൊണ്ടു നിറയ്ക്കുന്നു. കീഴടക്കിയ രാജ്യങ്ങളിലെ ജനങ്ങളുടെ രക്തത്തില്‍ നിന്നാണ് ഈ സമ്പത്ത് കവര്‍ന്നെടുക്കുന്നത്. സാമ്രാജ്യത്വരാജ്യങ്ങളിലെ ഭരണഘടനയും പാര്‍ലമെന്റും സ്വാതന്ത്ര്യവും എല്ലാം വെറും നേരംപോക്കുകള്‍ മാത്രമാണ്. (സമ്പൂര്‍ണകൃതികള്‍- മൂന്നാം വാല്യം, ഭാഗം 158). ഇങ്ങനെ തുറന്നു പറഞ്ഞതുകൊണ്ടാണ് അദ്ദേഹത്തെ രാഷ്ട്രീയ സന്യാസി എന്ന് ചിലര്‍ വിളിച്ചത്. രാഷ്ട്രീയ പ്രശ്‌നങ്ങളില്‍ ഒരിക്കലും അദ്ദേഹം ഇടപ്പെട്ടിരുന്നില്ല എന്ന കാര്യം ഓര്‍ക്കണം. പക്ഷേ, രാഷ്ട്രീയ സംഭവവികാസങ്ങളില്‍ നന്നായി ശ്രദ്ധിച്ചിരുന്നു. 1930 വരെ ബംഗാളിലെ തീവ്രവാദികളുടെ വാസസ്ഥലങ്ങള്‍ പരിശോധിച്ചപ്പോള്‍ എവിടെയും പൊലീസുകാര്‍ കണ്ട ഏകഗ്രന്ഥം ‘കൊളമ്പോ മുതല്‍ അല്‍മോറവരെയുള്ള പ്രസംഗങ്ങള്‍’ എന്ന വിവേകാനന്ദകൃതിയാണ്. അതൊരു ആവൃത്തി വായിച്ചാല്‍ ദേശാഭിമാനത്തിന്റെ ചൈതന്യം എന്തെന്ന് ആര്‍ക്കും മനസിലാകും.
പറഞ്ഞുവന്നതിന്റെ ചുരുക്കം ഇതാണ്. ദാര്‍ശനിക ചിന്തയിലെ അവസാനവാക്ക് പറഞ്ഞുവെന്നോ, ജ്ഞാനാന്വേഷണം അവസാനിച്ചുവെന്നോ കരുതാത്ത ഒരു നവീനസന്യാസിയായിരുന്നു വിവേകാനന്ദന്‍. പ്രാപഞ്ചികസത്തയില്‍ അദ്ദേഹം ദൃഢമായി വിശ്വസിക്കുന്നു. അതുകൊണ്ട് തന്നെ ദാര്‍ശനിക പ്രശ്‌നത്തിന്റെ തുല്യ ഗൗരവത്തില്‍ മാനുഷികപ്രശ്‌നവും കൈകാര്യം ചെയ്യേണ്ടതാണെന്നദ്ദേഹം കരുതുന്നു. വേറൊരു ഭാഷയില്‍ പറയട്ടെ, ദാര്‍ശനിക പ്രശ്‌നത്തിന്റെ കാതല്‍ മനുഷ്യനാണെന്നദ്ദേഹം കണ്ടെത്തി. മതമൈത്രിയിലും മതതുല്യതയിലും മനുഷ്യനന്മയിലും സമൂഹവികാസത്തിലും അദ്ദേഹം വിശ്വസിച്ചു.
ദേശാഭിമാനവും പാവങ്ങളോടുള്ള സ്‌നേഹാദരങ്ങളും ആത്മീയവാദത്തിനെതിരായ സങ്കല്‍പങ്ങളായി അദ്ദേഹം കണ്ടില്ല. കപിലനിലും ബുദ്ധനിലും ശങ്കരനിലും ക്രിസ്തുവിലും മുഹമ്മദിലും എല്ലാം പൂര്‍ണതയുടെ അംശങ്ങള്‍ കാണുന്ന ആ യുവസന്യാസിയുടെ ചിന്തകള്‍ക്ക് ഇന്നത്തെ ഇന്ത്യയില്‍ ധാരാളം പ്രസക്തി ഉണ്ടെന്നു തോന്നുന്നു. ആ അവധൂതന്റെ കൃതികള്‍ വായിക്കുന്നതും ചിന്തകള്‍ ചര്‍ച്ച ചെയ്യുന്നതും ആധുനികാവബോധത്തിന് മാറ്റ് കൂട്ടുമെന്നു തോന്നുന്നു.

(- എന്‍ ഇ ബാലറാം സമ്പൂര്‍ണകൃതികള്‍ – വാല്യം ഒന്ന്)