വിവേചന കാലത്തെ വനിതാ അഭിഭാഷകവൃത്തി

വിവേചന കാലത്തെ വനിതാ അഭിഭാഷകവൃത്തി
May 13 04:55 2017

അഡ്വ. പി വസന്തം
ഇന്ത്യൻ അസോസിയേഷൻ ഓഫ്‌ ലോയേഴ്സിന്റെ നേതൃത്വത്തിൽ വനിതാ അഭിഭാഷകർക്കായി ദ്വിദിന ക്യാമ്പ്‌ ആലപ്പുഴയിൽ വച്ച്‌ നടക്കുകയാണ്‌. ഇന്ത്യൻ ജനാധിപത്യവും അതിന്റെ അടിസ്ഥാന സ്തംഭങ്ങളിൽ ഒന്നായ ജുഡീഷ്യറിയും വലിയ വെല്ലുവിളികളെ നേരിടുന്ന കാലഘട്ടമാണിത്‌. ഭരണഘടന ആദരിക്കപ്പെടുകയും നിയമവാഴ്ച അംഗീകരിക്കപ്പെടുകയും ചെയ്യുന്നതിന്‌ കോടതികളുടെ നിഷ്പക്ഷവും നീതിപൂർവകവുമായ പ്രവർത്തനം പ്രത്യക്ഷ തെളിവാണ്‌. നിർഭയമായി കോടതികളിൽ നീതി തേടുന്നതിന്‌ കുറ്റം ആരോപിക്കുന്നവർക്കും തങ്ങൾ പ്രതിനിധീകരിക്കുന്ന കക്ഷികൾക്കും വേണ്ടി നിയമപരമായ വാദമുഖങ്ങൾ ഉയർത്തുന്നതിന്‌ അഭിഭാഷകർക്കും തെളിവുകളുടെ ബലാബലം മുൻനിർത്തി വിധിപ്രഖ്യാപനത്തിന്‌ ജഡ്ജിമാർക്കും അവസരവും സ്വാതന്ത്ര്യവും ലഭിക്കുമ്പോൾ മാത്രമാണ്‌ സ്വതന്ത്രമായ ജുഡീഷ്യൽ സംവിധാനം നിലനിൽക്കുകയുള്ളു. നമ്മുടെ രാജ്യത്തെ ജുഡീഷ്യറിക്കുണ്ടായിരുന്ന ഒരു പ്രത്യേകത തന്നെ ജാതിമത താൽപര്യങ്ങൾ അമ്പരിപ്പിക്കുന്ന വേഗതയിൽ വളരുന്ന വൈരുദ്ധ്യങ്ങളുടെ ഒരു ഭൂമികയിൽ ഏഴ്‌ പതിറ്റാണ്ട്‌ കാലമായി ശക്തമായി നിലനിന്നു എന്നതാണ്‌. മാത്രമല്ല ഏകീകൃതമല്ലാത്ത ഇന്ത്യയിലെ ജാതി, മതം, ആചാരങ്ങൾ, ഭാഷ, പ്രാദേശികത, സാംസ്കാരിക വൈജാത്യങ്ങൾ എല്ലാമുണ്ടായിട്ടും ഈ കുറവുകളൊക്കെ നിലനിൽക്കുമ്പോഴും ജുഡീഷ്യൽ സംവിധാനത്തിന്‌ ഇന്ത്യൻ ജനാധിപത്യത്തെ ശാക്തീകരിക്കാൻ കഴിഞ്ഞിരുന്നു. മതവിശ്വാസത്തിലൂന്നാത്ത ഭരണഘടനയും സെക്കുലർ ദേശീയബോധമുള്ള ഭരണാധികാരികളുമായിരുന്നു ഇതിന്‌ കാരണം. എന്നാൽ ഇന്ന്‌ അതിൽ നിന്ന്‌ വ്യത്യസ്തമായി “മതസ്വത്വബോധ”ത്തിൽ ഊന്നിയ “ഹിന്ദുരാഷ്ട്ര”ത്തെ സ്വപ്നം കാണുന്ന ഭരണാധികാരികളാണ്‌ രാജ്യം ഭരിക്കുന്നത്‌. ഇവരെ സംബന്ധിച്ചിടത്തോളം ഫാസിസ്റ്റ്‌ ചിന്താഗതികളുടെ പിന്തുണയോടെ ജനാധിപത്യ വ്യവസ്ഥിതിയിൽ നിന്ന്‌ മതാധിപത്യത്തിലേക്ക്‌ ജുഡീഷ്യറിയെ കൊണ്ടുപോവുക എന്നതാണ്‌. ജനാധിപത്യം മതാധിപത്യത്തിനും ഫാസിസത്തിനും വഴിമാറുമ്പോൾ കോടതികളും കുറ്റവും ശിക്ഷയുമെല്ലാം അതിനനുസരിച്ചുള്ള മാറ്റങ്ങൾക്ക്‌ വിധേയമാവും- ഇത്തരം ഘട്ടങ്ങളിൽ കണ്ണും കാതും തുറന്നുവച്ച്‌ ഭരണഘടനയെയും നിയമസംവിധാനങ്ങളെയും സംരക്ഷിക്കേണ്ടത്‌ അഭിഭാഷകരുടെ കൂടി കടമയാണ്‌. കേരളത്തിൽ 49,284 അഭിഭാഷകരിൽ 13,618 സ്ത്രീകൾ ആണുള്ളത്‌. ഇന്നലെകളിൽ നിന്ന്‌ വ്യത്യസ്തമായി വനിതകൾ അഭിഭാഷകവൃത്തിയിലേക്ക്‌ വന്നുകൊണ്ടിരിക്കുന്ന കാഴ്ചയാണ്‌ നാം കാണുന്നത്‌. ഒട്ടേറെ കഴിവുറ്റ സ്ത്രീകൾ ഈ രംഗത്തുണ്ട്‌- എന്നാൽ സ്ത്രീ എന്ന രീതിയിലുള്ള വിഭിന്നങ്ങളായ പ്രശ്നങ്ങളെ ദൈനംദിന ജീവിതത്തിൽ നേരിടേണ്ടിവരുന്നതോടൊപ്പം തങ്ങളുടെ തൊഴിലിന്റെ വിഷയങ്ങളും അവൾ നേരിടേണ്ടിവരുന്നു. മറ്റ്‌ തൊഴിലുകളിൽ നിന്ന്‌ വ്യത്യസ്തമായി പഠനത്തിനും ഗൃഹപാഠത്തിനുമായി ഒട്ടേറെ സമയം മാറ്റിവയ്ക്കേണ്ടവളാണ്‌ അഭിഭാഷക. കുടുംബത്തിലെ ഉത്തരവാദിത്തങ്ങളിൽ നിന്നും അവൾക്ക്‌ മാറിനിൽക്കാൻ കഴിയില്ല. ഗർഭകാലം, പ്രസവം, കുഞ്ഞിന്റെ വളർച്ചയുടെ കാലഘട്ടം, ഇത്തരം അവസരങ്ങളിലും ബഹുഭൂരിപക്ഷം വനിതാ അഭിഭാഷകരും തൊഴിലിൽ നിന്ന്‌ പൂർണമായും മാറിനിൽക്കാൻ നിർബന്ധിക്കപ്പെടുന്നു. ഈ അവസരങ്ങളിൽ ന്യായമായ സാമ്പത്തിക സഹായങ്ങൾ ലഭിക്കാനുള്ള സംവിധാനങ്ങളും നിലവിലില്ല. ഇത്തരം ഒട്ടേറെ പ്രശ്നങ്ങൾ അതിജീവിച്ചുകൊണ്ടാണ്‌ വനിത അഭിഭാഷകർ തങ്ങളുടെ തൊഴിൽ വിജയകരമായി മുന്നോട്ടുപോകുന്നത്‌. ഇത്തരം വിജയങ്ങൾ ഗൗരവമായി ക്യാമ്പിൽ ചർച്ച ചെയ്യും.
എല്ലാ രംഗത്തും നിലനിൽക്കുന്ന സ്ത്രീപുരുഷ വിവേചനം നീതിന്യായ വ്യവസ്ഥയിലും നിലനിൽക്കുന്നുണ്ട്‌ എന്നതിന്‌ തെളിവാണ്‌ സുപ്രിംകോടതി മുതൽ കീഴ്ക്കോടതി വരെയുള്ള ജുഡീഷ്യൽ ഓഫീസേഴ്സിന്റെ ഇടയിലുള്ള സ്ത്രീപ്രാതിനിധ്യം. തീർച്ചയായും ജുഡീഷ്യൽ നിയമനങ്ങളിൽ സ്ത്രീപ്രാതിനിധ്യം വർധിപ്പിക്കാൻ സംവരണം ഉണ്ടായേ മതിയാവൂ. സർക്കാർ നിയമനങ്ങൾ പരിശോധിച്ചാലും നമുക്ക്‌ മനസിലാക്കാൻ കഴിയും. രാഷ്ട്രീയമായി വനിതാ അഭിഭാഷകരെക്കാൾ സ്വാധീനമുള്ളവൻ പുരുഷനായതുകൊണ്ട്‌ പുരുഷ അഭിഭാഷകരാണ്‌ പ്രധാനപ്പെട്ട തസ്തികകളിൽ നിയമിക്കപ്പെടുന്നത്‌, നിയമിക്കപ്പെട്ടത്‌. ജുഡീഷ്യൽ നിയമനങ്ങളിൽ സംവരണത്തിന്റെ ആവശ്യകതയെക്കുറിച്ചും വനിതാ അഭിഭാഷകർ ചർച്ചകൾ നടത്തും.
കോളനിവാഴ്ച ഇന്ത്യയ്ക്ക്‌ നൽകിയ രണ്ട്‌ വലിയ സംഭാവനകളായിരുന്നു ഇംഗ്ലീഷ്‌ വിദ്യാഭ്യാസവും നിയമവ്യവസ്ഥിതിയും. ഭരണഘടന ഇന്ത്യയ്ക്ക്‌ സാമൂഹ്യപരിഷ്കരണത്തിനുള്ള ഒരു നയരേഖയായിരുന്നു. ഭരണഘടനയിൽ സ്ത്രീകൾക്ക്‌ പുരുഷന്മാരോടൊപ്പം എല്ലാ കാര്യത്തിലും തുല്യത ഉറപ്പുവരുത്തുകയും സ്ത്രീകളുടെ സ്ഥാനം ഉയർത്താൻ വേണ്ടി അനുയോജ്യമായ നിയമനിർമാണം നടത്തുവാൻ സർക്കാരുകൾക്ക്‌ നിർദേശം നൽകുകയും ചെയ്തു. ഒരു തരത്തിലുള്ള വിവേചനവും നമ്മുടെ ഭരണഘടന അനുവദിക്കുന്നില്ല.
ഇന്ത്യൻ സമൂഹം സ്ത്രീകൾക്ക്‌ അർഹമായ സ്ഥാനം നൽകി അംഗീകരിക്കുവാൻ മടികാണിക്കുന്നതുകൊണ്ടാണ്‌ നിയമനിർമാണത്തിന്റെ ആവശ്യകത ഉയർന്നുവന്നത്‌. എന്നാൽ ഭരണഘടന ഉറപ്പുനൽകുന്ന തുല്യതയെ ചോദ്യം ചെയ്യുന്ന വ്യക്തിനിയമങ്ങൾ ഇന്ന്‌ നിലവിലുണ്ട്‌. ഭരണഘടന ഉറപ്പുനൽകുന്ന മൗലിക അവകാശങ്ങളെ ഭരണകൂടം അടിച്ചമർത്തുന്നു. തൊഴിലാളികൾ, കർഷകർ, കുഞ്ഞുങ്ങൾ, സ്ത്രീകൾ, മുതിർന്ന പൗരന്മാർ, ആദിവാസികൾ, ദളിതർ എന്നിവരെയെല്ലാം അവകാശധ്വംസനങ്ങൾക്ക്‌ ഇരയാക്കുന്നു. സ്ത്രീകളെയും കുഞ്ഞുങ്ങളെയും ലൈംഗിക അതിക്രമത്തിന്‌ വിധേയമാക്കുന്ന വാർത്തകളില്ലാതെ ഒരു ദിനം പോലും കടന്നുപോവുന്നില്ല. വളരെ കുറഞ്ഞ ആളുകൾ മാത്രമേ പരാതിപ്പെടാൻ പോലും തയാറാവുന്നുള്ളു. ശക്തമായ നിയമങ്ങൾ നിലവിലുണ്ടായിട്ടും പാവപ്പെട്ട ആളുകൾക്ക്‌ നീതി ലഭിക്കാത്ത സാഹചര്യം ഇന്ന്‌ നിലനിൽക്കുന്നുണ്ട്‌. നിയമത്തെക്കുറിച്ചുള്ള അവബോധത്തിന്റെ അഭാവം, സാമ്പത്തികപ്രയാസം, ഒറ്റപ്പെടൽ, നാണക്കേട്‌ ഇതെല്ലാം നീതിലഭിക്കാത്തതിന്‌ കാരണമാവാറുണ്ട്‌. ഇത്തരം സന്ദർഭങ്ങളിൽ അഭിഭാഷകരുടെ സഹായം സമൂഹത്തിന്‌ ലഭിക്കേണ്ടതായുണ്ട്‌.
പുസ്തകത്തിലെ നിയമവും അതിന്റെ പ്രാവർത്തികമാക്കലും തമ്മിലുള്ള വിടവുകൾ നികത്തുന്ന രീതിയിൽ വനിതാ അഭിഭാഷകർ സൗജന്യ നിയമസഹായം നൽകും. ജനജീവിതവുമായി നിയമത്തെ ചേർത്തിണക്കും. ഇത്തരം സാമൂഹ്യ പ്രവർത്തനങ്ങളെക്കുറിച്ച്‌ ഗൗരവമായി ചർച്ച ചെയ്ത്്‌ സൗജന്യ നിയമസഹായ കേന്ദ്രങ്ങൾ ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട്‌ തീരുമാനങ്ങളെടുക്കും.
ഭരണാധികാരികളുടെ ഹിന്ദുത്വഫാസിസം രാജ്യത്തിന്റെ ഐക്യത്തിന്റെയും അഖണ്ഡതയുടെയും ഇഴകളെ അപകടപ്പെടുത്തിക്കൊണ്ട്‌ വർഗീയവിഷം ആഴത്തിലേയ്ക്ക്‌ വ്യാപിപ്പിക്കുകയാണ്‌. ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും അടിത്തറയെ അത്‌ നിഷേധിക്കുകയാണ്‌.
ഭരണഘടനയെയും നിയമസംവിധാനത്തെയും ദുർബലപ്പെടുത്താനുള്ള പ്രവർത്തനങ്ങൾ നടത്തുന്നു. ഫാസിസത്തിന്റെ ജുഡീഷ്യറിയിലേക്കുള്ള അധിനിവേശത്തെ തടഞ്ഞുനിർത്താൻ നമ്മുടെ ജനാധിപത്യത്തെ സംരക്ഷിക്കാൻ, ഭരണഘടനയെ സംരക്ഷിക്കാൻ നമ്മൾ അഭിഭാഷകർ കണ്ണും കാതും തുറന്നിരിക്കേണ്ട സമയമാണിത്‌.

  Categories:
view more articles

About Article Author