Saturday
26 May 2018

വിശക്കുന്ന കർഷകൻ

By: Web Desk | Friday 16 June 2017 4:55 AM IST

matoliബഹിരാകാശത്തെ ഗ്രഹങ്ങളെ എത്തിപ്പിടിച്ചാലും അത്യന്താധുനിക ആയുധങ്ങൾ വികസിപ്പിച്ചാലും സങ്കീർണമായ കമ്പ്യൂട്ടറുകൾ കണ്ടുപിടിച്ചാലും ഇന്ത്യ ആത്യന്തികമായി ഒരു കാർഷിക രാഷ്ട്രമാണ്‌. വിവിധ ജാതികളും മതങ്ങളും വിശ്വാസങ്ങളുമായി നാനാത്വമുള്ള ഇന്ത്യയുടെ ഏകത്വമെന്ന്‌ പറയുന്നത്‌ മണ്ണിന്റെ സംസ്കൃതിയാണ്‌. മണ്ണിൽ പണിയെടുക്കുന്നവരാണ്‌ ഭൂരിപക്ഷം ഭാരതീയരും. ഇന്ത്യൻ ജനതയുടെ 70 ശതമാനവും കാർഷികവൃത്തിയിൽ ഏർപ്പെട്ടിരിക്കുന്നു. കാർഷികതയാണ്‌ ഇന്ത്യയുടെ സംസ്കൃതി.
ലോകത്ത്‌ കരഭൂമിയുടെ വിസ്തീർണം 13 ദശലക്ഷം ഹെക്ടറിന്‌ മുകളിലാണെങ്കിലും അതിൽ പകുതി മാത്രമേ കാർഷികവൃത്തിക്ക്‌ അനുയോജ്യമായുള്ളു. അതിൽതന്നെ ഏകദേശം 14 ലക്ഷം ഹെക്ടർ മാത്രമേ കൃഷിക്ക്‌ ഉപയോഗിക്കാൻ പറ്റുന്നുള്ളൂ. ഇന്ത്യയിലേയ്ക്ക്‌ വരുമ്പോൾ ജനപെരുപ്പവും അശാസ്ത്രീയമായ വികസനസംരംഭങ്ങളും മറ്റും കൃഷിഭൂമിയെ അനുദിനം കുറച്ചുകൊണ്ടുവരുന്ന കാഴ്ചയാണ്‌. ശാസ്ത്രീയമെന്ന മിഥ്യാധാരണയിൽ അമിത കീടനാശിനി പ്രയോഗങ്ങളും അന്തകവിത്തുകളും ചേർന്ന്‌ മണ്ണിന്റെ ഫലഭൂയിഷ്ടതയും കുറച്ചുകൊണ്ടുവരികയാണ്‌. യുക്തിയും ചിന്തയുമില്ലാതെ മനുഷ്യൻ പ്രകൃതിയെ ആക്രമിക്കുന്നത്‌ ഋതുചംക്രമണത്തിനും മാറ്റം വരുത്തിയതിനാൽ കാലാവസ്ഥയും കൃഷിക്ക്‌ പ്രതികൂലമാകുന്നുണ്ട്‌. എന്നിട്ടും ഇതെല്ലാം അതിജീവിച്ച്‌ കർഷകൻ മണ്ണിൽ കൃഷിയിറക്കുന്നു, നമ്മെ തീറ്റിപ്പോറ്റുന്നു. പരിശ്രമത്തിന്‌ സമാനമായ പ്രതിഫലമില്ലാത്തതിനാൽ കാർഷികവൃത്തിയോട്‌ പുതുതലമുറ ആഭിമുഖ്യം കാട്ടുന്നില്ല. ഇന്ത്യയിൽ കൃഷിക്കാരെപോലെ ചൂഷണവിധേയമാകുന്ന മറ്റൊരു വിഭാഗമില്ല. അർത്ഥം ലഭിക്കാത്ത കൃഷിപ്പണിയോട്‌ പലരും വിടപറഞ്ഞു. മണ്ണിനോടും സസ്യജാലങ്ങളോടും ഹൃദയാഭിമുഖ്യം പുലർത്തുന്നവർ പിടിച്ചുനിൽക്കാൻ കഴിയാതെ ജീവിതത്തിലേയ്ക്ക്‌ ശൂന്യനോട്ടമെറിയുന്നു. ആശയറ്റ്‌ ആത്മഹത്യയിൽ അഭയംപ്രാപിക്കുന്നു. ദാരുണാവസ്ഥ ഭരണകൂടത്തെ അറിയിക്കാൻ ശ്രമിക്കുന്നവരെ വെടിവച്ചുകൊല്ലുന്നു. കൃഷിയും കൃഷിക്കാരനും കുറ്റിയറ്റതാകുകയാണ്‌ ഭാരതത്തിൽ.
കടക്കെണിയാണ്‌ കർഷകർ നേരിട്ടുകൊണ്ടിരിക്കുന്ന ഏറ്റവും വലിയ പ്രതിസന്ധി. വിളകൾക്ക്‌ വില ലഭിക്കാത്തതും പ്രതികൂല കാലാവസ്ഥയെ തുടർന്നുണ്ടാകുന്ന വിളനാശവും ഇടനിലക്കാരന്റെ ചൂഷണങ്ങളും കർഷകരുടെ പ്രശ്നങ്ങളെ കൂടുതൽ രൂക്ഷമാക്കുന്നു. ഉൽപ്പന്നങ്ങൾക്ക്‌ താങ്ങുവില നിശ്ചയിക്കുക, ആവശ്യക്കാർ ഇല്ലാത്തപ്പോൾ സർക്കാർതന്നെ വിളകൾ സംഭരിക്കുക തുടങ്ങിയ ജീവൽപ്രധാനമായ ആവശ്യങ്ങൾ ഉന്നയിച്ചാണ്‌ കർഷകർ രാജ്യത്തിന്റെ ഓരോ കോണിൽ നിന്നും പ്രക്ഷോഭമായി എത്തിക്കൊണ്ടിരിക്കുന്നത്‌. അധികാരത്തിന്റെ സുഖശീതളിമയിൽ വികസനമന്ത്രം മാത്രം ഉരുവിട്ടുകൊണ്ടിരിക്കുന്ന ഭരണവർഗവും നഗരത്തിന്റെ സൗകര്യങ്ങളിൽ എല്ലാം മറന്ന്‌ ജീവിക്കുന്ന വരേണ്യവർഗങ്ങളും ശ്രദ്ധയുടെ ഒരു മിഴിചിമ്മൽപോലും സമരം ചെയ്യുന്ന കർഷകർക്കുമേൽ പതിപ്പിക്കാത്തതിനെ തുടർന്ന്‌ വിചിത്രമായ സമരമുറകളാണ്‌ കർഷകർ അവലംബിക്കുന്നത്‌. കഴുത്തിൽ തലയോട്ടിയണിഞ്ഞും അർധനഗ്നരായും പാമ്പിനെ തിന്നും എലിയെ കടിച്ചുപിടിച്ചും മാലിന്യം ഭക്ഷിച്ചുമൊക്കെയായിരുന്നു തമിഴ്‌നാട്ടിലെ കർഷകർ ഡൽഹിയിൽ സമരം ചെയ്തത്‌. അലോസരമുണ്ടാക്കുന്ന കർഷകസമരത്തെ മധ്യപ്രദേശിലെ ബിജെപി സർക്കാർ തോക്കുകൊണ്ടായിരുന്നു നേരിട്ടത്‌. ആറ്‌ കർഷകരെയാണ്‌ അവിടെ സർക്കാർ വെടിവച്ചുകൊന്നത്‌. ഉത്തർപ്രദേശ്‌, പഞ്ചാബ്‌, രാജസ്ഥാൻ, പശ്ചിമബംഗാൾ, അസം, ആന്ധ്രപ്രദേശ്‌, തെലങ്കാന, ഝാർഖണ്ഡ്‌ എന്നീ സംസ്ഥാനങ്ങളിലും കർഷകർ ജീവിതസമരവുമായി തെരുവിലിറങ്ങിക്കഴിഞ്ഞു.
കർഷകരുടെ പ്രശ്നങ്ങൾ വർഷങ്ങളായി നിലനിന്നിരുന്നെങ്കിലും ഭരണകൂടങ്ങൾ അവ കണ്ടില്ലെന്ന്‌ നടിക്കുകയാണ്‌. ഉൾഗ്രാമങ്ങളിലെവിടെയെങ്കിലും വിയർപ്പിന്‌ വിലകിട്ടാതെ ജീവനൊടുക്കുന്ന കർഷകൻ ആരുടേയും ശ്രദ്ധാകേന്ദ്രമായിരുന്നില്ല. ചൂഷണത്തിനും പ്രകൃതിക്ഷോഭത്തിനും വരൾച്ചയ്ക്കും കടക്കെണിക്കുമപ്പുറം കർഷകന്റെ ജീവിതം സർക്കാർ നയങ്ങൾ കൊണ്ടുതന്നെ കൂടുതൽ ദുരിതപൂർണമാകുകയാണ്‌.
കേന്ദ്രസർക്കാരിന്റെ നോട്ടുനിരോധനം കർഷകർക്ക്‌ വൻ തിരിച്ചടിയായിരിക്കുകയാണ്‌. വിളകൾ വിലയ്ക്കുവാങ്ങാനെത്തുന്ന ഇടനിലക്കാർ കാശും ചെക്കും വച്ചുകളിക്കുകയാണ്‌. രൊക്കം കാശ്‌ അപ്പോൾ കൊടുക്കണമെങ്കിൽ വിളകൾക്ക്‌ അവർ തുച്ഛമായ വിലയേ ഇടുന്നുള്ളൂ. ചെക്കാണെങ്കിൽമാത്രം ഭേദപ്പെട്ട വില നൽകാൻ തയ്യാറാകുന്നു. ഗ്രാമത്തിലെ മണ്ണിനേയും ചെടികളെയും മാത്രം അറിയുന്ന കർഷകന്റെ മുന്നിൽ ഡിജിറ്റൽ മണിചേഞ്ചിനെക്കുറിച്ചും സ്മാർട്ട്‌ ഫോൺ ബാങ്കിങ്ങിനെക്കുറിച്ചും പറഞ്ഞിട്ട്‌ വല്ലകാര്യവുമുണ്ടോ? ഈ പഴുതിലൂടെയും കോർപ്പറേറ്റുകൾ കടന്നെത്തി കർഷകന്റെ അധ്വാനത്തെ നിസാരമായി തട്ടിയെടുക്കുകയാണ്‌. നഗരത്തിലെ വിദ്യാസമ്പന്നനായ ഒരു മധ്യവയസ്കനുപോലും കറൻസിരഹിത പണമിടപാടുമായി താദാമ്യം പ്രാപിക്കാനാകുന്നില്ല. പിന്നെയാണോ ഗ്രാമീണനായ കർഷകൻ? കർഷക ദുരിതങ്ങൾക്ക്‌ ആക്കംകൂട്ടാനെന്നോണം കാലികശാപ്പ്‌ നിയന്ത്രണവും സർക്കാർ കൊണ്ടുവന്നു.
കർഷകസമരം പിടിവിട്ടുപോകുന്നതു കണ്ടും അടിത്തറ ഇളക്കുമെന്നുകണ്ടും ഭരണകൂടം പലിശ സബ്സിഡിയും വായ്പ എഴുതിത്തള്ളലുമൊക്കെയായി മുന്നോട്ടുവരുന്നുണ്ട്‌. കാർഷിക വായ്പ മൊത്തം എഴുതിത്തള്ളണമെങ്കിൽ 2.57 ലക്ഷം കോടി വേണ്ടിവരുമത്രേ! ഇത്‌ പ്രായോഗികമല്ലെന്നും രാഷ്ട്രത്തിന്‌ താങ്ങാനാകാത്തതാണെന്നും നിരീക്ഷണമുണ്ട്‌. കർഷകന്റെ ഉൽപ്പന്നങ്ങൾക്ക്‌ താങ്ങുവില നൽകാനും ഉൽപ്പന്നങ്ങൾ സംഭരിക്കാനുമുള്ള നടപടികളും കാർഷികവായ്പാനയത്തിൽ ഉദാരസമീപനങ്ങളും അടിയന്തരമായി കൈക്കൊള്ളുകയാണ്‌ സർക്കാരുകൾ ചെയ്യേണ്ടതെന്ന്‌ വിദഗ്ധർ പറയുന്നു. കർഷകന്‌ സ്ഥായിയായ വരുമാനമുറപ്പിക്കാൻ നടപടികൾ വേണമെന്ന ശുപാർശയും മാറിമാറി വന്ന സർക്കാരുകൾ അവഗണിച്ചതാണ്‌ ഇപ്പോഴത്തെ ദുരിതാവസ്ഥയ്ക്ക്‌ കാരണമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്‌.
കാർഷികവൃത്തിയിലൂടയേ ഏതൊരുരാജ്യവും അഭിവൃദ്ധിയിലേയ്ക്ക്‌ ഉയരുകയുള്ളു. രണ്ടാംലോക മഹായുദ്ധത്തിൽ തകർന്നു തരിപ്പണമായ ജപ്പാന്റെ ഉയർത്തെഴുന്നേൽപ്പും സമ്പന്നതയും അവരുടെ കാഷികമേഖലയുടെ വളർച്ചയിൽ നിന്നും സ്വയം പര്യാപ്തതയിൽ നിന്നും ആയിരുന്നു. ഇന്ത്യയിൽ കർഷകസമരങ്ങളുടെ ഉല കത്തുന്നത്‌ എന്തായാലും ഭരണകൂടത്തിന്റെ ഇരുപ്പുറപ്പിക്കില്ല. റഷ്യൻ വിപ്ലവവും ചൈനീസ്‌ വിപ്ലവവുമൊക്കെ നാമ്പിട്ടത്‌ കൃഷിഭൂമിയിൽ നിന്നായിരുന്നു.
ചായക്കച്ചവടക്കാരനും ഗ്രാമീണനും പിന്നാക്കക്കാരനുമെന്നൊക്കെ സ്വയം വിശേഷിപ്പിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോഡി രാജ്യത്ത്‌ ഡിജിറ്റൽ വിപ്ലവവും സാങ്കേതിക വികസനവുമൊക്കെ കൊണ്ടുവരേണ്ടതിനു പകരം ആദ്യം ശ്രമിക്കേണ്ടിയിരുന്നത്‌ കാർഷികവിപ്ലവത്തിനും ഭക്ഷ്യ സ്വയംപര്യാപ്തതയ്ക്കും വേണ്ടിയായിരുന്നു. ദാർശനികനായ എഴുത്തുകാരൻ ലിയോടോൾസ്റ്റോയിയും രാഷ്ട്രപിതാവ്‌ മഹാത്മാഗാന്ധിയും ഏറെ വാചാലമായിട്ടുള്ളതും കാർഷിക സംസ്കൃതിയെക്കുറിച്ചായിരുന്നു. ഇന്ത്യയെപ്പോലെ വിശക്കുന്ന വയറുകളുടെ ഭൂരിപക്ഷമുള്ള രാഷ്ട്രത്തിന്‌ മേറ്റ്ന്താണ്‌ പോംവഴി? വിശക്കുന്നവനെ പരീക്ഷിക്കരുത്‌.

മാറ്റൊലി: രാജ്യത്ത്‌ ഇപ്പോൾ നടക്കുന്ന കർഷക ആത്മഹത്യയൊക്കെ ഒരർഥത്തിൽ ഭരണകൂട കൊലപാതകങ്ങൾ മാത്രമാണ്‌