വീണ്ടും രാഷ്ട്രീയത്തിലേക്കില്ല: ഇറോം ഷർമ്മിള

വീണ്ടും രാഷ്ട്രീയത്തിലേക്കില്ല: ഇറോം ഷർമ്മിള
March 21 04:45 2017

തിരുവനന്തപുരം: വീണ്ടും രാഷ്ട്രീയത്തിലേക്കില്ലെന്നും എന്നാൽ പ്രജാ പാർട്ടി നിലനിർത്തേണ്ടത്‌ ആവശ്യമാണെന്നും ഇന്ത്യയുടെ ഉരുക്ക്‌ വനിത ഇറോം ഷർമിള. തിരുവനന്തപുരം കേസരി ഹാളിൽ മാധ്യമങ്ങളോട്‌ സംസാരിക്കുകയായിരുന്നു ഇറോം. കേരളത്തിന്റെ കാര്യത്തിൽ ജനാധിപത്യത്തിൽ തനിക്ക്‌ കൂടുതൽ പ്രതീക്ഷയുണ്ട്‌. കേരളത്തിലെ ജനങ്ങളും വിദ്യാർഥികളും ജനാധിപത്യത്തിനും സമൂഹത്തിനും വേണ്ടി നിലകൊള്ളുന്നവരാണെന്നാണ്‌ തനിക്ക്‌ തോന്നുന്നതെന്നും ഇറോം ഷർമിള പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയനും മറ്റ്‌ ഇടതുപക്ഷ നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ച്ച തനിക്ക്‌ ഊർജ്ജം പകർന്നു. തുടർന്നുള്ള എല്ലാ പ്രവർത്തനങ്ങൾക്കും കേരളത്തിലെ ഇടതുപക്ഷം പൂർണ്ണ പിന്തുണ നൽകുമെന്ന പ്രതീക്ഷ തനിക്കുണ്ട്‌. കേരളത്തിലേതു പോലല്ല മണിപ്പൂരിലെ അവസ്ഥ. കേരളത്തിൽ തനിക്ക്‌ സമൂഹത്തിന്റെ വിവിധ തുറകളിൽ നിന്നുള്ള ബുദ്ധിജീവികളെയും, സാമൂഹ്യപ്രവർത്തകരെയും, ഊർജ്ജസ്വലരായ വിദ്യാർഥികളെയും കാണാൻ കഴിഞ്ഞു. കേരളത്തിൽ എല്ലായിടത്തു നിന്നും തനിക്ക്‌ നല്ല സ്വീകാര്യതയുണ്ടെന്ന്‌ മനസ്സിലായെന്നും അവർ പറഞ്ഞു.മണിപ്പൂരിലെ തോൽവിക്കു കാരണം അവിടത്തെ ജനങ്ങൾ പണത്തിലും മസിൽ പവറിലും ഹിപ്നോട്ടൈസ്‌ ചെയ്യപ്പെട്ടതുകൊണ്ടാണ്‌. ബിജെപിയും കോൺഗ്രസ്സും കാലങ്ങളായി മാറി മാറി മണിപ്പൂർ ഭരിക്കുന്നവരാണ്‌. അവർക്ക്‌ ജനങ്ങളെ കയ്യിലെടുക്കാൻ ഒരു ബുദ്ധിമുട്ടും ഇല്ല. രാഷ്ട്രീയത്തിലെ തോൽവി കൊണ്ട്‌ താൻ സാമൂഹ്യപ്രവർത്തനങ്ങളിൽ നിന്നും മാറി നിൽക്കില്ലെന്നും ഇറോം ശർമിള കൂട്ടിച്ചേർത്തു.
ആദ്യമായി അറബിക്കടൽ കണ്ട സന്തോഷവും കേരളത്തിന്റെ പ്രകൃതിഭംഗി ആസ്വദിക്കാൻ കഴിഞ്ഞതിന്റെ സന്തോഷവും അവർ പങ്കു വച്ചു. സഹപ്രവർത്തകയായ നജ്മാ ബീവിയും ഇറോം ഷർമിളയ്ക്കൊപ്പം ഉണ്ടായിരുന്നു. നജ്മാ ബീവിയും മണിപ്പൂരിൽ നടന്ന തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടിരുന്നു. സാമൂഹ്യപ്രവർത്തകനായ ബഷീർ മടാലയും ഇവർക്കൊപ്പം മാധ്യമങ്ങളെ കാണാൻ എത്തിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ, ഭരണപരിഷ്ക്കാര കമ്മിഷൻ ചെയർമാൻ വി എസ്‌ അച്യുതാനന്ദൻ ഇടതു നേതാക്കൾ തുടങ്ങിയവരുമായി ഇറോം കൂടിക്കാഴ്ച നടത്തി.
ഇന്നലെ രാവിലെ തിരുവനന്തപുരത്തെത്തിയ ഇറോം ഷർമിളയ്ക്ക്‌ ഊഷ്മളമായ സ്വീകരണമാണ്‌ ലഭിച്ചത്‌. തൈക്കാട്‌ ഗസ്റ്റുഹൗസിൽ തങ്ങിയ ഇറോമിനെ സിപിഐ ജില്ലാ സെക്രട്ടറി ജിആർ അനിൽ, എഐവൈഎഫ്‌ സംസ്ഥാന സെക്രട്ടറി മഹേഷ്‌ കക്കത്ത്‌, ജോയിന്റ്‌ സെക്രട്ടറി അരുൺ കെഎസ്‌, എഐവൈഎഫ്‌ ജില്ലാ പ്രസിഡന്റ്‌ എ എസ്‌ ആനന്ദ്‌ കുമാർ, ഡെപ്യൂട്ടി മേയർ രാഖി രവികുമാർ എന്നിവർ സന്ദർശിച്ചു.

  Categories:
view more articles

About Article Author