Thursday
24 May 2018

വൃത്തിഹീനമായ സാഹചര്യത്തില്‍ ഇറച്ചി സൂക്ഷിച്ച കടകള്‍ക്ക് പിഴ

By: Web Desk | Thursday 8 February 2018 10:32 PM IST

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളിയില്‍ പ്രവര്‍ത്തിച്ചിരുന്ന അനധികൃത ഇറച്ചികടകളില്‍ നിന്നും ഇറച്ചിപിടിച്ചെടുത്ത സംഭവത്തില്‍ കടകളില്‍ നിന്നു പിഴ ഈടാക്കും. വൃത്തിഹീനമായ സാഹചര്യത്തില്‍ പ്രവര്‍ത്തിച്ചിരുന്ന 10 കടകളില്‍ നിന്നാണു ഇറച്ചി പിടിച്ചെടുത്ത് നശിപ്പിച്ചത്. ഓരോ കടകളില്‍ നിന്നും 1000രൂപ വീതമാണു പിഴയായി ഈടാക്കിയിരിക്കുന്നത്. ഇതിനു പുറമെ കടകളില്‍ ഇറച്ചി തൂക്കിയിട്ടു വില്പന നടത്താന്‍ അനുവദിക്കുകയില്ല. കാഞ്ഞിരപ്പള്ളി പ്രദേശത്ത് ഇനിമുതല്‍ കോള്‍ഡ് സ്‌റ്റോറേജിന്റെ ലൈസന്‍സ് വാങ്ങി മാത്രമേ ഇറച്ചി വ്യാപാരം നടത്താന്‍ അനുവദിക്കുകയോള്ളുവെന്നും അധികൃതര്‍ വ്യക്തമാക്കി. ഇന്നലെ ആരോഗ്യവകുപ്പും പഞ്ചായത്തും സംയുക്തമായി നടത്തിയ പരിശോധനയില്‍ ആയിരത്തഞ്ഞൂറിലേറെ കിലോ ഇറച്ചി പിടിച്ചെടുത്ത് നശിപ്പിച്ചത്. വൃത്തിഹീനമായ അന്തരീക്ഷത്തില്‍ വില്പന നടത്താനായി സൂക്ഷിച്ചിരുന്ന ഇറച്ചിയാണ് പിടികൂടി നശിപ്പിച്ചത്. കോള്‍ഡ് സ്റ്റോറേജിന്റെ ലൈസന്‍സിന്റെ മറവില്‍ പ്രവര്‍ത്തിച്ചിരുന്ന കടകളില്‍ നിന്നാണ് ഇറച്ചി പിടികൂടിയത്.
ആയിരത്തഞ്ഞൂറ് കിലോഗ്രാമോളം പോത്തിറച്ചിയും 50 കിലോഗ്രാമോളം കോഴിയിറച്ചിയുമാണ് പിടിച്ചെടുത്ത് നശിപ്പിച്ചത്. ടൗണിന്റെ വിവിധ ഭാഗങ്ങളിലായി പ്രവര്‍ത്തിക്കുന്ന 10 ഇറച്ചി കടകളിലാണ് ആരോഗ്യ വകുപ്പും പഞ്ചായത്തും സംയുക്തമായി പരിശോധന നടത്തിയത്. ഇതില്‍ എട്ടുകടകളില്‍ ഇറച്ചി വില്‍പ്പന നടത്തുന്നത് മാനദണ്ഡങ്ങള്‍ പാലിക്കാതെയാണന്ന് കണ്ടെത്തിയിരുന്നു. ഈ കടകളില്‍ നിന്നാണ് വില്പനക്കായി വച്ചിരുന്ന ഇറച്ചി പിടികൂടിയത്. ഇവിടങ്ങളില്‍ ഹൈക്കോടതി ഉത്തരവിന് വിരുദ്ധമായി ഇറച്ചി തൂക്കിയിട്ട് പ്രദര്‍ശിപ്പിച്ചായിരുന്നു വില്പന നടത്തിയിരുന്നത്. കൂടാതെ വൃത്തിഹീനവും ദുര്‍ഗന്ധം വമിക്കുന്ന അന്തരീക്ഷവുമാണ് ഇവിടുണ്ടായിരുന്നതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. പലയിടങ്ങളിലും ഫ്രീസറോ വൈദ്യുതി തടസം നേരിടാന്‍ ജനറേറ്ററോ ഉണ്ടായിരുന്നില്ല. ഇതില്‍ ഒരു കോള്‍ഡ് സ്റ്റോറേജ് ലൈസന്‍സ് കാലാവധി കഴിഞ്ഞിട്ടും പ്രവര്‍ത്തിച്ചു വന്നിരുന്നതായി പരിശോധനയില്‍ വ്യക്തമായി. പിടിച്ചെടുത്ത ഇറച്ചി പഞ്ചായത്ത് വക സ്ഥലത്ത് പിന്നീട് കുഴിച്ച് മൂടി. ജില്ലാ ഹെല്‍ത്ത് ഓഫീസറുടെയും പഞ്ചായത്ത് സെക്രട്ടറിയുടെയും നേതൃത്വത്തില്‍ രണ്ട് സംഘങ്ങളായി തിരിഞ്ഞ് ഇറച്ചി കടകളില്‍ നടത്തിയ പരിശോധനയില്‍ പോലീസും പങ്കെടുത്തു.