വെനസ്വേല: അട്ടിമറി നീക്കത്തിന്‌ പിന്നിൽ യുഎസ്‌ സാമ്രാജ്യത്വം

വെനസ്വേല: അട്ടിമറി നീക്കത്തിന്‌ പിന്നിൽ യുഎസ്‌ സാമ്രാജ്യത്വം
April 19 04:55 2017

ഡബ്ല്യു ടി വിറ്റ്നെ ജൂനിയർ
പ്രസിഡന്റായി ഡൊണാൾഡ്‌ ട്രമ്പ്‌ അധികാരമേറ്റതോടെ വെനസ്വേലയിൽ നിക്കോളാസ്‌ മഡുറോയുടെ നേതൃത്വത്തിലുള്ള സർക്കാരിനെതിരായ അട്ടിമറി നീക്കം ശക്തിപ്പെടുത്തി. രാജ്യത്തിനകത്തും പുറത്തുമുള്ള ചില ശക്തികളെ ഉപയോഗിച്ചാണ്‌ അമേരിക്ക ഈ ശ്രമം നടത്തി വരുന്നത്‌. 1948ൽ ശീതയുദ്ധകാലത്ത്‌ അമേരിക്ക രൂപം നൽകിയ ഓർഗനൈസേഷൻ ഓഫ്‌ അമേരിക്കൻ സ്റ്റേറ്റ്സ്‌ (ഒഎഎസ്‌) എന്ന സംഘടനയാണ്‌ അതിന്‌ പിന്നിൽ പ്രവർത്തിക്കുന്നത്‌.
ഇതിന്റെ മുന്നോടിയായി കഴിഞ്ഞ മാസം ഒഎഎസിന്റെ സെക്രട്ടറി ജനറൽ ലൂയീസ്‌ അൽമാഗ്രോ 75 പേജുള്ള ഒരു റിപ്പോർട്ട്‌ തയാറാക്കി പുറത്തുവിട്ടിരുന്നു. മഡുറോ സർക്കാരിന്റെ മനുഷ്യാവകാശ ലംഘനങ്ങൾ, അവിടെ നടക്കുന്ന മാനുഷിക ദുരന്തങ്ങൾ, പ്രതിപക്ഷവുമായി കൂടിയാലോചന നടത്തുന്നതിൽ പരാജയപ്പെട്ടു എന്നിങ്ങനെയുള്ള കുറ്റപ്പെടുത്തലുകൾക്കാണ്‌ റിപ്പോർട്ടിലെ ഭൂരിഭാഗവും ഉപയോഗിച്ചിരിക്കുന്നത്‌. എത്രയും വേഗം തെരഞ്ഞെടുപ്പ്‌ നടത്തുന്നില്ലെങ്കിൽ ഒഎഎസ്‌ ജനാധിപത്യ പ്രമാണം നടപ്പിലാക്കുമെന്നും രാജ്യത്തെ സംഘടനയിൽ നിന്ന്‌ പുറത്താക്കുമെന്നുമുള്ള ഭീഷണിയും റിപ്പോർട്ടിലുണ്ട്‌.
ഒഎഎസിന്റെ അമേരിക്കൻ രാജ്യങ്ങൾ തമ്മിലുള്ള ജനാധിപത്യ പ്രമാണമനുസരിച്ച്‌ ജനാധിപത്യ അവകാശങ്ങൾ നിഷേധിക്കുന്നുവെന്ന ആരോപണമുയർന്നാൽ ആ രാജ്യത്തിനെതിരെ നയതന്ത്രപരമായ നടപടികൾക്കും സസ്പെൻഷനും അനുവാദമുണ്ട്‌. കെട്ടിച്ചമച്ച ആരോപണങ്ങൾ ഉന്നയിച്ച്‌ ക്യൂബയ്ക്കെതിരെയെന്ന പോലെ വെനസ്വേലയ്ക്കെതിരെയും സമ്മർദമുണ്ടാക്കാനാണ്‌ അമേരിക്കൻ നീക്കം.
ഒഎഎസിന്റെ സെക്രട്ടറി ജനറൽ ലൂയീസ്‌ അൽമാഗ്രോയുടെ പ്രസ്താവന പുറത്തുവന്ന അതേ ദിവസം തന്നെ അമേരിക്കൻ-മെക്സിക്കൻ നേതൃത്വത്തിന്റെ ഭാഗത്തുനിന്ന്‌ മറ്റൊരു പ്രസ്താവനയും പുറത്തുവന്നു. വെനസ്വേലൻ സർക്കാരിനോട്‌ ജനാധിപത്യം പുനഃസ്ഥാപിക്കണമെന്നും അതിനായി രാഷ്ട്രീയ തടവുകാരെ വിട്ടയക്കണമെന്നും സംസ്ഥാന ഗവർണർമാരുടെയും മുനിസിപ്പൽ ഭരണാധികാരികളുടെയും തെരഞ്ഞെടുപ്പ്‌ ഉടൻ നടത്തണമെന്നും അവർ ആവശ്യപ്പെടുകയുമുണ്ടായി. ഒഎഎസിൽ നിന്ന്‌ പുറത്താക്കലിന്‌ മുന്നോടിയായുള്ള സുപ്രധാനമായ നടപടിയാണിതെന്ന്‌ വൈറ്റ്‌ ഹൗസ്‌ വക്താവ്‌ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
മാർച്ച്‌ 28 ന്‌ ചേർന്ന ഒഎഎസ്‌ യോഗത്തിൽ വെനസ്വേലൻ വിഷയം ചർച്ച ചെയ്തിരുന്നുവെങ്കിലും ജനാധിപത്യ പ്രമാണത്തിന്റെ അടിസ്ഥാനത്തിലുള്ള നടപടി തീരുമാനിക്കുന്നതിനാവശ്യമായ മൂന്നിൽ രണ്ടു ഭൂരിപക്ഷമില്ലാത്തതിനാൽ മാറ്റിവയ്ക്കുകയായിരുന്നു. ഫ്ലോറിഡയിലെ റിപ്പബ്ലിക്കൻ സെനറ്ററായ മാക്രോ റൂബിയോ നേരത്തേ തന്നെ ഹെയ്ത്തി, ഡൊമിനിക്കൻ റിപ്പബ്ലിക്ക്‌, എൽ സാൽവദോർ എന്നീ രാജ്യങ്ങളോട്‌ യോഗത്തിൽ പങ്കെടുത്ത്‌ വെനസ്വേലയെ പുറത്താക്കുന്ന പ്രമേയത്തെ അനുകൂലിക്കണമെന്നും അല്ലാത്തപക്ഷം അമേരിക്ക നൽകുന്ന വിദേശ സഹായധനം നിർത്തലാക്കുമെന്നും മൂന്നാര്റിയിപ്പ്‌ നൽകിയിരുന്നു. എന്നിട്ടും യോഗത്തിൽ ഭൂരിപക്ഷം കിട്ടാതെ പോകുകയായിരുന്നു.
പല വിധത്തിലാണ്‌ അമേരിക്ക വെനസ്വേലയിലെ വിമതരെ ഉപയോഗിച്ച്‌ സർക്കാരിനെതിരായി നീക്കം നടത്തിക്കൊണ്ടിരിക്കുന്നത്‌. ഏപ്രിൽ ഒന്നിന്‌ പ്രതിഷേധത്തിന്റെ മറവിൽ വെനസ്വേലൻ നാഷണൽ ഗാർഡിനു നേരെ കടന്നാക്രമണം നടത്താൻ പ്രിതപക്ഷാംഗങ്ങൾ ശ്രമം നടത്തി. ബാരിക്കേഡുകൾ തകർത്തും മറ്റ്‌ അതിക്രമങ്ങൾ നടത്തിയും സംഘർഷമുണ്ടാക്കാനാണ്‌ അവർ ശ്രമിച്ചത്‌. വെനസ്വേലയുടെ നിയമനിർമ്മാണ സഭയും നീതി നിർവഹണ സംവിധാനവും തമ്മിലുള്ള അധികാര വിഭജനം സംബന്ധിച്ചുള്ള തർക്കത്തിന്റെ ചുരുളഴിയാൻ തുടങ്ങിയതോടെയാണ്‌ പ്രതിപക്ഷം സംഘർഷത്തിന്റെ മാർഗത്തിലേയ്ക്കും അമേരിക്കൻ സഹായത്തോടെ അട്ടിമറി നീക്കത്തിനും തുടക്കം കുറിച്ചത്‌. മാർച്ച്‌ 29 ന്‌ രാജ്യത്തെ പരമോന്നത കോടതിയായ സുപ്രിം ട്രൈബ്യൂണൽ ഓഫ്‌ ജസ്റ്റിസ്‌ (സ്പാനിഷ്‌ പേരിന്റെ അടിസ്ഥാനത്തിൽ ടിഎസ്ജെ) ദേശീയ അസംബ്ലി കയ്യടക്കി വച്ചിരുന്ന നിയമനിർവഹണാധികാരം ഏറ്റെടുത്തിരുന്നു. അന്നു തന്നെ ജനാധിപത്യ പ്രമാണം നടപ്പിലാക്കാൻ സമയമായെന്ന്‌ ഒഎഎസിന്റെ സെക്രട്ടറി ജനറൽ ലൂയീസ്‌ അൽമാഗ്രോ പ്രസ്താവന പുറപ്പെടുവിക്കുകയും ചെയ്തു. ഇത്‌ കോടതി സ്വയം നടത്തിയ പാർലമെന്ററി അട്ടിമറിയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ദേശീയ അസംബ്ലിയിലേയ്ക്ക്‌ തെരഞ്ഞെടുക്കപ്പെട്ട മൂന്നു പേരെ, വിലകൊടുത്തുവാങ്ങിയാണ്‌ വിജയം നേടിയെന്നത്‌ കണ്ടെത്തിയതിനെ തുടർന്ന്‌, കഴിഞ്ഞ വർഷം ടിഎസ്ജെ അയോഗ്യരാക്കിയിരുന്നു. ഒടുവിൽ അവർക്ക്‌ രാജി നൽകേണ്ടിയും വന്നു. ഇതുകാരണം ദേശീയ അസംബ്ലിയിൽ മൂന്നിൽ രണ്ടു ഭൂരിപക്ഷം പ്രതിപക്ഷത്തിന്‌ നഷ്ടമായി. സർക്കാർ തീരുമാനങ്ങൾ നടപ്പിലാക്കാതിരിക്കണമെങ്കിൽ സഭയിൽ അവർക്ക്‌ മൂന്നിൽ രണ്ട്‌ ഭൂരിപക്ഷം ആവശ്യമായിരുന്നു. തർക്കത്തിലായ ആമസോൺ മേഖലയിലെ മൂന്ന്‌ സ്ഥാനങ്ങളിലേയ്ക്ക്‌ തെരഞ്ഞെടുപ്പ്‌ നടത്താനുള്ള ടിഎസ്ജെയുടെ തീരുമാനം ദേശീയ അസംബ്ലി അവഗണിക്കുകയായിരുന്നു.
ജനുവരി ഒമ്പതിന്‌ യോഗം ചേർന്ന ദേശീയ അസംബ്ലി പ്രസിഡന്റ്‌ മഡുറോ ഓഫീസിൽ നിന്ന്‌ പുറത്താക്കപ്പെട്ടുവെന്നും പുതിയ പ്രസിഡന്റിനെ കണ്ടെത്തുന്നതിനും പ്രാദേശിക സമിതികളിലേക്ക്‌ ഉടൻ തെരഞ്ഞെടുപ്പ്‌ ആവശ്യമാണെന്നും പ്രഖ്യാപിച്ചതായി ബിബിസി റിപ്പോർട്ട്‌ ചെയ്യുകയുണ്ടായി. പ്രസ്തുത റിപ്പോർട്ട്‌ പ്രകാരം മഡുറോ ടിഎസ്ജെയിൽ വിശ്വാസമർപ്പിച്ച്‌ അവരെ ഭരണമേൽപ്പിച്ചുവെന്നും പറഞ്ഞിരുന്നു. അതിനുമപ്പുറം അസംബ്ലിയുടെ പ്രവർത്തനങ്ങൾ ടിഎസ്ജെ ബോധപൂർവം റദ്ദാക്കിയെന്ന കുറ്റപ്പെടുത്തലും റിപ്പോർട്ടിലുണ്ടായിരുന്നു. മാർച്ച്‌ 21 ന്‌ യോഗം ചേർന്ന ദേശീയ അസംബ്ലി അമേരിക്കൻ രാജ്യങ്ങൾ തമ്മിലുള്ള ജനാധിപത്യ പ്രമാണത്തിനായുള്ള നടപടികളുടെ പ്രവർത്തനങ്ങൾ പുനരാരംഭിക്കുന്നതിനും ഒഎഎസ്‌ മുഖേന നടപ്പിലാക്കുന്നതിനുമായി വോട്ട്‌ ചെയ്യുകയുമുണ്ടായി. ടിഎസ്ജെയുടെ ഉത്തരവുകൾ നിരാകരിക്കുന്ന അസംബ്ലിയുടെ നടപടി നിയമപരമായി നിലനിൽക്കുന്നതല്ലെന്നതാണ്‌ യാഥാർഥ്യം.
ഹൂഗോ ഷാവേസിന്റെ കാലം മുതൽ വെനസ്വേലയിലെ ഭരണം അമേരിക്കയ്ക്ക്‌ ചതുർഥിയായിരുന്നു. അക്കാലത്ത്‌ വിവിധ കുത്തിത്തിരിപ്പുകൾക്ക്‌ രാജ്യത്തിനകത്തുള്ള ഛിദ്രശക്തികളെ ഉപയോഗിച്ച്‌ അമേരിക്ക നേതൃത്വം നൽകിയിരുന്നു. അദ്ദേഹത്തിന്‌ പിൻഗാമിയായി എത്തിയ മഡുറോയുടെ ഭരണത്തിന്‌ നേരെയും ഇതേ രീതിയിലുള്ള സമീപനം തന്നെയാണ്‌ പിന്തുടരുന്നതെന്നാണ്‌ ഇപ്പോഴത്തെ സംഭവങ്ങൾ തെളിയിക്കുന്നത്‌.
ഭൂഖണ്ഡത്തിലെ പുരോഗമന സർക്കാരുകൾക്കെല്ലാമെതിരെ പല ഘട്ടങ്ങളിലായി ഇത്തരത്തിലുള്ള സമീപനം അമേരിക്കയുടെ ഭാഗത്തുനിന്നുണ്ടായിട്ടുണ്ട്‌. 2009 ൽ ഹോണ്ടുറാസിലും 2012 ൽ പരാഗ്വേയിലും 2016 ൽ ബ്രസീലിലും ഇത്തരം ശ്രമങ്ങൾ അമേരിക്ക നടത്തിയിട്ടുണ്ട്‌.
(കടപ്പാട്‌: പീപ്പിൾസ്‌ വേൾഡ്‌)

  Categories:
view more articles

About Article Author