Monday
25 Jun 2018

വെല്ലുവിളി നേരിടുന്ന ഇന്ത്യൻ ഗ്രാമങ്ങൾ

By: Web Desk | Tuesday 18 July 2017 4:55 AM IST

ഇടപെടൽ
ഇ ചന്ദ്രശേഖരൻ നായർ
ജൂലൈ പത്തിലെ മിക്ക ദിനപത്രങ്ങളിലും വന്ന വാർത്ത മുഴുവൻ ഇന്ത്യക്കാരെയും ലജ്ജിപ്പിക്കുന്നതായിരുന്നു. ബിജെപി ഭരിക്കുന്ന മധ്യപ്രദേശിലെ മാൻസോർ ഗ്രാമത്തിൽ കന്നുകാലികളെ വാങ്ങി നിലനിർത്തി കൃഷി ചെയ്യാനുള്ള സാമ്പത്തികശേഷി ഇല്ലാത്തതിനാൽ സ്വന്തം പെൺമക്കളെ ഉപയോഗിച്ച്‌ നിലം ഉഴുന്ന കർഷകനെക്കുറിച്ചായിരുന്നു വാർത്ത. പെൺമക്കളെ ഉപയോഗിച്ച്‌ നിലം ഉഴുന്ന കർഷകന്റെ ചിത്രം അടക്കമുള്ള വാർത്ത മാധ്യമങ്ങളിൽ പ്രാധാന്യത്തോടെ പ്രചരിച്ചതോടെ, ഇതിന്‌ പ്രതിവിധിയൊന്നും കാണാതെ, ജില്ലാ ഭരണകൂടം, മക്കളെക്കൊണ്ട്‌ നിലം ഉഴരുതെന്ന്‌ കർശന നിർദ്ദേശം നൽകി. സ്വന്തം പെൺമക്കളെ ഉപയോഗിച്ച്‌ നിലം ഉഴുവേണ്ട സ്ഥിതിവിശേഷത്തിലേക്ക്‌ ഇന്ത്യയിലെ ഗ്രാമീണ കൃഷിക്കാർ തകർന്നിരിക്കുന്നുവെന്ന യാഥാർഥ്യത്തിലേക്കാണ്‌ ഈ വാർത്തയും ചിത്രവും വിരൽചൂണ്ടുന്നത്‌. മധ്യപ്രദേശിലെ കർഷകർ ഒരു മാസത്തിലേറെയായി പ്രക്ഷോഭത്തിലാണ്‌. കാർഷികോൽപ്പന്നങ്ങൾക്ക്‌ ആദായകരമായ വില ലഭ്യമാക്കണമെന്നും കാർഷിക കടങ്ങൾ എഴുതിത്തള്ളണമെന്നും ആവശ്യപ്പെട്ടാണ്‌ പ്രക്ഷോഭം. കർഷകർക്ക്‌ നേരെ പൊലീസിനെ ഉപയോഗിച്ച്‌ വെടിവയ്പ്‌ നടത്തിയാണ്‌ ബിജെപി ഭരണം കർഷകപ്രക്ഷോഭത്തെ നേരിട്ടത്‌. പൊലീസ്‌ വെടിവയ്പിൽ അഞ്ച്‌ കർഷകരാണ്‌ കൊല്ലപ്പെട്ടത്‌.
കർഷകരുടെ കടഭാരം വർധിച്ചുകൊണ്ടിരിക്കുകയാണ്‌. അളഗപ്പ സർവകലാശാലയിലെ സാമ്പത്തി വികസനത്തിന്റെയും ഗ്രാമവികസനത്തിന്റെയും പ്രൊഫസർ നാരായണ മൂർത്തി ജൂലൈ 12ന്‌ എഴുതിയ ലേഖനത്തിൽ കർഷക ആത്മഹത്യകൾ വർധിച്ചുവരുന്നതിന്റെ കണക്കുകൾ കൊടുത്തിട്ടുണ്ട്‌. നാഷണൽ ക്രൈം റിക്കാർഡ്സ്‌ ബ്യൂറോയുടെ കണക്കനുസരിച്ച്‌, 2008 ൽ 16,196 കർഷകരാണ്‌ ആത്മഹത്യ ചെയ്തത്‌. 1998 നെ അപേക്ഷിച്ച്‌ 1.13 ശതമാനം കൂടുതലാണിത്‌. 2013 ൽ കർഷകരുടെ ആത്മഹത്യ 7.1 ശതമാനം വർധിച്ചു. കടഭാരംകൊണ്ട്‌ കൃഷിക്കാർ ആത്മഹത്യ ചെയ്യുന്നതിനാൽ പല സംസ്ഥാനങ്ങളിലും കാർഷിക കടങ്ങൾ എഴുതിത്തള്ളാൻ നടപടി സ്വീകരിച്ചു തുടങ്ങിയിട്ടുണ്ട്‌. രാജ്യത്തെ കാർഷിക മേഖല നേരിടുന്ന പ്രശ്നങ്ങൾക്ക്‌ കടം എഴുതിത്തള്ളൽ ഒരു പരിഹാരമാണോ? താൽക്കാലിക ആശ്വാസമെന്നതിൽ കവിഞ്ഞ്‌ കൃഷിക്കാരുടെ പ്രശ്നങ്ങൾക്ക്‌ ഇതൊരു ശാശ്വത പരിഹാരം ആവുന്നില്ല. കൃഷി ലാഭകരമല്ലെന്നതാണ്‌ കൃഷിക്കാരുടെ യഥാർഥ പ്രശ്നം. കോസ്റ്റ്‌ ഓഫ്‌ കൾട്ടിവേഷൻ സർവേ കമ്മിഷന്റെ കണക്കനുസരിച്ച്‌ 1972-73 മുതൽ 2013-14 വരെ ഭക്ഷ്യധാന്യങ്ങളിൽ നിന്നും ഭക്ഷ്യേതര വിളകളിൽ നിന്നും കർഷകർക്ക്‌ ആദായകരമായ വില ലഭിച്ചിരുന്നില്ല. ഓരോ വർഷം ഉൽപ്പാദന ചെലവിൽ ഉണ്ടാവുന്ന വർധനവിനനുസരിച്ച്‌ കാർഷികോൽപ്പന്നങ്ങൾക്ക്‌ വില ലഭിക്കുന്നില്ല. ഇതിന്റെ ഫലമായി കർഷകർ കടക്കെണിയിൽപ്പെടുന്നു. നാഷണൽ സാമ്പിൾ സർവേ ഓർഗനൈസേഷന്റെ കണക്കനുസരിച്ച്‌ ഒരു കർഷക കുടുംബത്തിന്റെ പ്രതിമാസ വരുമാനം 6472 രൂപയാണ്‌, ചെലവ്‌ 6228 രൂപയും. കൃഷിക്കാരുടെ ഉൽപ്പാദന ചെലവ്‌ വർധിക്കുകയും വരുമാനം മാറ്റമില്ലാതെ തുടരുകയും ചെയ്യുന്നു. ഇതിന്റെ ഫലമായി കൃഷിക്കാർ കൂടുതൽ കടക്കാരായിക്കൊണ്ടിരിക്കുന്നു.
ഈ ദുരിതത്തിനെതിരെ കർഷകർ രാജ്യവ്യാപകമായി സമരരംഗത്തേക്ക്‌ നീങ്ങിക്കൊണ്ടിരിക്കുകയാണ്‌. കർഷക പ്രസ്ഥാനങ്ങളുടെ കൂട്ടായ്മയായ സംയുക്ത കിസാൻ മുക്തിമോർച്ചയുടെ ജാഥ ഗുജറാത്തിൽ പര്യടനം പൂർത്തിയാക്കി. ജാഥയ്ക്ക്‌ ഗുജറാത്തിൽ വമ്പിച്ച സ്വീകരണമാണ്‌ ലഭിച്ചത്‌. കർഷക ജാഥ രാജസ്ഥാനിലേക്ക്‌ പ്രവേശിച്ചിരിക്കുകയാണ്‌. ഉൽപ്പാദന ചെലവും അതിന്റെ 50 ശതമാനവും ചേർന്നൊരു വില ഉൽപ്പന്നങ്ങൾക്ക്‌ ലഭ്യമാക്കണം, കാർഷികവായ്പകൾ എഴുതിത്തള്ളുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ്‌ സംയുക്ത കിസാൻ മുക്തിമോർച്ചയുടെ പ്രക്ഷോഭം. കർഷക പ്രക്ഷോഭത്തിൽ അഞ്ച്‌ കൃഷിക്കാരെ വെടിവച്ച്‌ കൊന്ന മധ്യപ്രദേശിലെ മാൻസോർ ഗ്രാമത്തിൽ നിന്നുമാണ്‌ കർഷക ജാഥ ആരംഭിച്ചത്‌. മധ്യപ്രദേശിലൊക്കെ ജാഥയ്ക്ക്‌ വമ്പിച്ച സ്വീകരണമാണ്‌ ലഭിച്ചത്‌. കർഷകർ ഉയർത്തുന്ന ഈ ആവശ്യങ്ങൾ എങ്ങനെ നടപ്പിലാക്കും? വളരെ ഗൗരവമേറിയ ഈ പ്രശ്നത്തിന്‌ പരിഹാര മാർഗം കണ്ടെത്താൻ കേന്ദ്രസർക്കാർ അടിയന്തര നടപടി കൈക്കൊള്ളേണ്ടിയിരിക്കുന്നു.
കൃഷിക്കാരുടെ ആത്മഹത്യ പരിഹരിക്കുന്നതിനെക്കുറിച്ച്‌ സുപ്രിം കോടതി ഇപ്പോൾ അഭിപ്രായ പ്രകടനം നടത്തിയിരിക്കുന്നു. കർഷക ക്ഷേമപദ്ധതികൾ കടലാസിലിരുന്നാൽ പോരാ, ആത്മഹത്യ ചെയ്യുന്ന കർഷകർക്ക്‌ നഷ്ടപരിഹാരം നൽകുന്നതുകൊണ്ട്‌ പ്രശ്നപരിഹാരം ആവുന്നില്ല. എന്തുകൊണ്ടാണ്‌ കൃഷിക്കാർ ആത്മഹത്യ ചെയ്യുന്നത്‌? അവരുടെ കടഭാരം താങ്ങാവുന്നതിനുമപ്പുറമാണ്‌. രാജ്യത്തെ പരമോന്നത നീതിപീഠത്തിന്റെ നിരീക്ഷണം ഗൗരവതരമാണ്‌. കർഷകരുടെ ആഥത്യ അവസാനിപ്പിക്കുന്നതിനുള്ള നടപടികൾക്ക്‌ സുപ്രിം കോടതി ഒരു വർഷം അനുവദിച്ചു. ഒരു വർഷംകൊണ്ട്‌ പ്രശ്നം പരിഹരിക്കാമെന്നാണ്‌ സോളിസിറ്റർ ജനറൽ കെ കെ വേണുഗോപാൽ സുപ്രിം കോടതിയിൽ പറഞ്ഞത്‌. തീർച്ചയായും പ്രശ്നങ്ങൾ സങ്കീർണമാണ്‌. മിതമായ പലിശനിരക്കിൽ കർഷകർക്ക്‌ വായ്പ ലഭിക്കണം. അവരുടെ ഉൽപ്പന്നങ്ങൾക്ക്‌ ആദായകരമായ വില ലഭ്യമാക്കണം. അതിനാവശ്യമായ സംവിധാനമുണ്ടാക്കണം. ഒപ്പം വിളനാശത്തിന്‌ ന്യായമായ നഷ്ടപരിഹാരം ലഭ്യമാക്കുന്ന ഒരു ഇൻഷുറൻസ്‌ പദ്ധതി ഉണ്ടാവണം. കാർഷിക രംഗത്തെ ഏതാനും പ്രശ്നങ്ങൾ ചൂണ്ടിക്കാണിച്ചെന്നുമാത്രം.
രാജ്യത്ത്‌ കടഭാരം കൊണ്ട്‌ കൃഷിക്കാർ ആത്മഹത്യ ചെയ്യാത്ത ഒരു സംസ്ഥാനം കേരളമാണ്‌. കാർഷികാവശ്യങ്ങൾക്ക്‌ മിതമായ പലിശനിരക്കിൽ കർഷകർക്ക്‌ വായ്പ ലഭ്യമാവണം. മിക്ക സംസ്ഥാനങ്ങളിലും ഗ്രാമീണ സമ്പദ്ഘടന നിയന്ത്രിക്കുന്നത്‌ ബാങ്കൂകളോ സഹകരണ സംഘങ്ങളോ അല്ല. വൻപലിശ ഈടാക്കുന്ന സ്വകാര്യ പണമിടപാടുകാരാണ്‌. ഈ ഹുണ്ടിക പിരിവുകാരാണ്‌ രാജ്യത്തെ മിക്ക ഗ്രാമങ്ങളുടെയും സാമ്പത്തിക പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നത്‌. ഗ്രാമങ്ങളിൽ ചിട്ടികളുടെ കുത്തക സ്വകാര്യ പണമിടപാടുകാരിലാണ്‌.
കേരളത്തിൽ കടഭാരം കൊണ്ട്‌ കർഷകർ ആത്മഹത്യ ചെയ്യുന്നത്‌ എന്തുകൊണ്ടാണ്‌. കാർഷികവും കാർഷികേതരവുമായ ആവശ്യങ്ങൾക്ക്‌ മിതമായ പലിശയ്ക്ക്‌ പണം കടം കൊടുക്കാൻ കേരളത്തിൽ സഹകരണ ബാങ്കുകൾ ഉണ്ട്‌. 1975 ൽ ഒരു സഹകരണസംഘത്തിന്റെ ശരാശരി നിക്ഷേപം 50,000 രൂപയായിരുന്നു. ഇപ്പോഴത്‌ 40 കോടി രൂപയിലധികമാണ്‌. ചിട്ടി നടത്തിപ്പിൽ നിന്നും സ്വകാര്യ പണമിടപാടുകാരെ പൂർണമായും ഒഴിവാക്കി ഗ്രാമീണ മേഖലയിൽ ചിട്ടി നടത്തുന്നത്‌ സഹകരണ സംഘങ്ങളാണ്‌. ചുരുക്കത്തിൽ കേരളത്തിൽ ഗ്രാമീണ സാമ്പത്തിക പ്രവർത്തനങ്ങളുടെ നിയന്ത്രണം സഹകരണ ബാങ്കുകൾക്കാണ്‌. ദേശീയതലത്തിലെ മറ്റ്‌ കാർഷിക പ്രശ്നങ്ങൾ കേരളത്തിലെ കൃഷിക്കാർക്കുമുണ്ട്‌. അതിൽ ഏറ്റവും പ്രധാനം, കാർഷികോൽപ്പന്നങ്ങൾക്ക്‌ ആദായകരമായ വില ലഭിക്കുന്നില്ല എന്നത്‌ തന്നെ.
ഇപ്പോൾ കേരളത്തിലെ സഹകരണ ബാങ്കുകളെ തകർക്കാനാണ്‌ കേന്ദ്ര സർക്കാരും റിസർവ്വ്‌ ബാങ്കും ശ്രമിക്കുന്നത്‌. പിൻവലിച്ച കറൻസികൾ നിക്ഷേപമായി സ്വീകരിച്ചുവെന്ന്‌ പറഞ്ഞ്‌ കൊല്ലം ജില്ലയിലെ അഞ്ച്‌ പ്രാഥമിക സഹകരണ ബാങ്കുകൾക്കെതിരെ നടപടി സ്വീകരിച്ചിരിക്കുന്നു. ആ ബാങ്കുകളുടെ സെക്രട്ടറിമാർ, ഹൈക്കോടതിയിൽ നിന്നും ജാമ്യം എടുത്തിരിക്കുന്നു. ഈ ബാങ്കുകൾക്കെതിരെ നടപടി സ്വീകരിച്ചത്‌ സിബിഐ ആണ്‌. വോട്ടവകാശമുള്ള അംഗങ്ങളിൽ നിന്നുമാത്രമേ സഹകരണ സംഘങ്ങൾ നിക്ഷേപം സ്വീകരിക്കാവുവെന്നാണ്‌ റിസർവ്വ്‌ ബാങ്കിന്റെ നിർദ്ദേശം. ഇതെല്ലാം ആരെ സഹായിക്കാനാണ്‌? കേരളത്തിലെ ഗ്രാമങ്ങളിൽ നിന്നും പുറത്താക്കപ്പെട്ട അമിത പലിശക്കാരായ സ്വകാര്യ പണമിടപാടുകാരുടെ നിയന്ത്രണത്തിലേക്ക്‌ ഗ്രാമീണ സമ്പദ്ഘടനയെയും കൊണ്ടുവരാനാണ്‌ ഇവരുടെ ശ്രമം. ഇത്‌ കേരളീയ സമൂഹം തിരിച്ചറിയണം.