വെള്ളത്തിന്റെ വേര്‌ തേടി

വെള്ളത്തിന്റെ വേര്‌ തേടി
May 19 04:45 2017

കുടിവെള്ളത്തിനായി പൊരുതിയ വേനൽക്കാല സമരങ്ങളെല്ലാം അവസാനിക്കാറായി. കുത്തിയൊലിക്കുന്ന മഴയുടെ വരവാണ്‌ അടുത്തമാസങ്ങളിൽ കേരളം കാണാൻ പോകുന്നത്‌ എന്ന്‌ സാരം. എന്നാൽ ഈ കൊടും വേനലിൽ മഴയെ കാത്തിരുന്ന കുറച്ച്‌ പേർ പാലക്കാടുള്ള ഒരു ഗ്രാമത്തിലുണ്ട്‌. 279 സ്ത്രീകളാണ്‌ മഴയെ വരവേൽക്കാൻ കാത്തിരിക്കുന്നത്‌. കുടിവെള്ള ക്ഷാമത്തെ ശപിച്ചുകൊണ്ടല്ല, മറിച്ച്‌ കുടിവെള്ളം കിട്ടാക്കനിയായ ദേശത്ത്‌ 190ലധികം കിണറുകൾ കുഴിച്ചുകൊണ്ടാണ്‌ അവർ മഴയെ കാത്തിരിക്കുന്നത്‌.
ശുദ്ധമായ കുടിവെള്ളത്തിനായി ഇത്രയധികം കിണറുകൾ കുത്തിയത്‌ പൂക്കോട്ട്കാവ്‌ പഞ്ചായത്തിലാണ്‌. മഹാത്മാ ഗാന്ധി റൂറൽ എംപ്ലോയ്മെന്റ്‌ ഗ്യാരന്റി സ്കീം എന്ന പദ്ധതിയുടെ അടിസ്ഥാനത്തിൽ ആരംഭിച്ച ഈ പ്രവർത്തനത്തിന്‌ ഒരു ലക്ഷ്യമേ ഉണ്ടായിരുന്നുള്ളൂ. നാട്ടിൽ ശുദ്ധമായ കുടിവെള്ളം കിട്ടുക എന്നത്‌ മാത്രം.
2016ലാണ്‌ ഇവർ ഈ ഉദ്യമത്തിന്‌ നാന്ദി കുറിച്ചത്‌. ടാങ്കർ ലോറികളിലാണ്‌ പണ്ട്‌ ഇവിടെ വെള്ളം എത്തിച്ചുകൊണ്ടിരുന്നത്‌. ഇരുപത്‌ സ്ത്രീകളാണ്‌ ഈ കൂട്ടായ്മയിലുള്ളത്‌. ഇത്രയധികം കിണറുകൾ നിർമ്മിക്കുന്ന ഇന്ത്യയിലെ ആദ്യ സ്ത്രീ കൂട്ടായ്മയായി ഇതോടെ ഇവർ മാറി. അടുത്ത മൂന്ന്‌ വർഷത്തിനുള്ളിൽ 310 കിണറുകൾ നിർമ്മിക്കുക എന്നതാണ്‌ ഇവരുടെ അടുത്ത ലക്ഷ്യം. ദിവസേന 240 രൂപ വരുമാനം ലഭിക്കുന്ന ഒരു തൊഴിൽമാർഗം കൂടിയാണ്‌ ഇവർ ഇതിലൂടെ കണ്ടെത്തിയിരിക്കുന്നത്‌. സ്വയം തൊഴിലിനൊപ്പം ഒരു പൊതു പ്രശ്നം ഇല്ലാതാക്കുന്നതിനുള്ള ഉപായം കൂടിയാണ്‌ ഇവർ കണ്ടെത്തിയിരിക്കുന്നത്‌. ഏകദേശം 13ഓളം പഞ്ചായത്തുകൾ ഇന്ന്‌ രൂക്ഷമായ ജലക്ഷാമത്തിൽ നിന്ന്‌ മോചനം നേടിക്കൊണ്ടിരിക്കുകയാണ്‌. പുതുതായി പരിശീലനം ലഭിച്ച 20 സ്ത്രീകൾ അടുത്തിടെ കൂട്ടായ്മയിൽ ചേരുകയും ചെയ്തു.
പൂക്കോട്ട്കാവിലെ ഈ പദ്ധതിയിൽ പ്രചോദനമുൾക്കൊണ്ട്‌ നിരവധി ഗ്രാമപഞ്ചായത്തുകൾ കിണർ നിർമ്മാണത്തിനുൾപ്പെടെയുള്ള ഗ്രാമീണ ആവശ്യങ്ങൾക്ക്‌ മുന്നിട്ട്‌ വന്നിട്ടുണ്ട്‌. ആവശ്യമാണ്‌ പ്രശ്നങ്ങളുടെ മാതാവ്‌. എന്നാൽ സമരമല്ല, പ്രശ്നങ്ങൾക്ക്‌ ഉത്തരം നൽകുക പ്രവർത്തനങ്ങളാണ്‌.

view more articles

About Article Author