വെള്ളിത്തിരയിലെ പെൺകൂട്ടായ്മയ്ക്ക്‌ മുഖ്യമന്ത്രിയുടെ പിന്തുണ

വെള്ളിത്തിരയിലെ പെൺകൂട്ടായ്മയ്ക്ക്‌ മുഖ്യമന്ത്രിയുടെ പിന്തുണ
May 19 04:45 2017

തിരുവനന്തപുരം: ചലച്ചിത്ര രംഗത്തെ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ പഠിക്കുന്നതിന്‌ പ്രത്യേക സമിതി രൂപീകരിക്കുമെന്ന്‌ വുമൺ കളക്ടീവ്‌ ഇൻ സിനിമ പ്രതിനിധികൾക്ക്‌ മുഖ്യമന്ത്രി പിണറായി വിജയൻ ഉറപ്പുനൽകി. സമിതിയുടെ ശുപാർശയുടെ അടിസ്ഥാനത്തിൽ ചലച്ചിത്ര മേഖലയിലെ ലൈംഗികാതിക്രമവും ലൈംഗിക ചൂഷണവും തടയാൻ സർക്കാർ നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പുതുതായി രൂപീകരിച്ച വനിതാ ചലച്ചിത്ര താരങ്ങളുടെ സംഘടനയാണ്‌ വുമൺ കളക്ടീവ്‌ ഇൻ സിനിമ. സിനിമാ മേഖലയുമായി ബന്ധപ്പെട്ട്‌ പ്രവർത്തിക്കുന്ന സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും അവകാശം സംരക്ഷിക്കാനുമായി മഞ്ജു വാര്യരുടെ നേതൃത്വത്തിൽ രൂപീകരിച്ചതാണ്‌ പുതിയ സംഘടന.
ഇന്ത്യൻ സിനിമാ ചരിത്രത്തിൽ തന്നെ ആദ്യമായിട്ടാണ്‌ ഇത്തരമൊരു സംഘടന രൂപീകരിക്കുന്നത്‌. ഇന്നലെ വൈകിട്ട്‌ സംഘടനാ പ്രവർത്തകർ ഓഫീസിലെത്തി മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തി.
തുടർന്ന്‌ നടന്ന ചർച്ചയിലാണ്‌ ചലച്ചിത്ര മേഖലയിൽ മനുഷ്യാവകാശ ലംഘനങ്ങൾ തടയുന്നതിനു വേണ്ട നടപടികൾ സ്വീകരിക്കാമെന്ന ഉറപ്പ്‌ സംഘടനാ പ്രതിനിധികൾക്ക്‌ നൽകിയത്‌. ചലച്ചിത്ര നിർമ്മാണവുമായി ബന്ധപ്പെട്ട്‌ പ്രവർത്തിക്കുന്ന ജോലിക്കാർ ഏതു തരക്കാരാണെന്നും അവരുടെ പൂർവ ചരിത്രം എന്താണെന്നും പരിശോധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. അതിന്‌ പൊലീസ്‌ സഹായം ഉണ്ടാകുമെന്ന ഉറപ്പും അദ്ദേഹം അറിയിച്ചു.
പുതുതായി രൂപീകരിച്ച സംഘടനയ്ക്ക്‌ വേണ്ടി ബീനാപോൾ, മഞ്ജുവാര്യർ, റീമ കല്ലിങ്കൽ, പാർവതി, വിധു വിൻസെന്റ്്‌, സജിത മഠത്തിൽ, ദീദി ദാമോദരൻ, ഫൗസിയ ഫാത്തിമ, രമ്യ നമ്പീശൻ, സയനോര ഫിലിപ്പ്‌, അഞ്ജലി മേനോൻ, ആശ ആച്ചി ജോസഫ്‌, ഇന്ദു നമ്പൂതിരി തുടങ്ങിയവരാണ്‌ മുഖ്യമന്ത്രിയെ കണ്ടത്‌.
ചലച്ചിത്ര മേഖലയിൽ അടിസ്ഥാന മനുഷ്യാവകാശങ്ങൾ പോലും സ്ത്രീകൾക്ക്‌ നിഷേധിക്കപ്പെടുകയാണെന്ന്‌ അവർ പറഞ്ഞു. കൊച്ചിയിൽ അഭിനേത്രിക്കുണ്ടായ അനുഭവം ആദ്യത്തേതല്ല. സിനിമ ഷൂട്ടിംഗ്‌ നടക്കുന്ന ലൊക്കേഷനുകളും ലൈംഗിക പീഡന നിരോധന നിയമത്തിന്റെ പരിധിയിൽ കൊണ്ടുവരണം. ലൊക്കേഷനുകളിൽ ലൈംഗിക പീഡന പരാതി പരിഹാര സെൽ രൂപീകരിക്കണം. സിനിമയുടെ സാങ്കേതിക മേഖലകളിൽ സ്ത്രീകളുടെ പങ്കാളിത്തം വർധിക്കണമെങ്കിൽ സുരക്ഷിതത്വം ഉറപ്പുവരണം. പിന്നണി പ്രവർത്തനങ്ങളിൽ മുപ്പത്‌ ശതമാനമെങ്കിലും സ്ത്രീ പ്രാതിനിധ്യം ഉറപ്പാക്കുന്ന സിനിമകൾക്ക്‌ പ്രോത്സാഹനമായി സബ്സിഡി നൽകുക തുടങ്ങിയ ആവശ്യങ്ങളും അവർ ഉന്നയിച്ചു. പല ലൊക്കേഷനുകളിലും സ്ത്രീകൾക്ക്‌ മൂത്രമൊഴിക്കാൻ പോലും സൗകര്യമില്ലെന്ന്‌ അവർ പരാതിപ്പെട്ടു. കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടപ്പോൾ പൊലീസ്‌ എടുത്ത സത്വര നടപടികളിൽ അവർ മതിപ്പ്‌ പ്രകടിപ്പിക്കുകയും മുഖ്യമന്ത്രിയെ അഭിനന്ദിക്കുകയും ചെയ്തു.

  Categories:
view more articles

About Article Author