Thursday
19 Jul 2018

വേണം, ഒരു പുതിയ വിനോദസഞ്ചാര കാഴ്ചപ്പാട്‌

By: Web Desk | Friday 9 June 2017 4:45 AM IST

കേരളം കാണാത്ത മലയാളി 3
ബേബി ആലുവ
കൊച്ചി: വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക്‌ ഔദ്യോഗികമായി സംഘടിപ്പിക്കുന്ന യാത്രാ പരിപാടികളൊക്കെ വലിയ ചെലവേറിയതാണ്‌. സമ്പന്നരെ മാത്രം ലക്ഷ്യംവച്ചുള്ളതാണൊക്കെ. ഈ സൗകര്യങ്ങൾ സാധാരണക്കാർക്കുകൂടി ഉപകരിക്കാൻ കഴിയുംവിധത്തിലുള്ള കാഴ്ചപ്പാടും രൂപീകരണവും അധികൃത സ്ഥാനങ്ങളിൽ നിന്നുണ്ടാകണം. യാത്രാ നിരക്കുകൾ, പാവപ്പെട്ടവർക്ക്‌ താങ്ങാൻ കഴിയുംവിധത്തിൽ കുറയ്ക്കുകയും, വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ചെലവ്‌ കുറഞ്ഞ താമസ സൗകര്യങ്ങൾ ഏർപ്പാട്‌ ചെയ്യുകയും വേണം. അവിടങ്ങളിലെ ഭക്ഷണനിരക്ക്‌ മിതമാകണം. ഈ സൗകര്യങ്ങൾ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർ മാത്രമേ പ്രയോജനപ്പെടുത്തുന്നുള്ളൂ എന്നുറപ്പാക്കണം.
വിനോദസഞ്ചാര മേഖലയെക്കുറിച്ച്‌ സർക്കാർ സംഘടിപ്പിക്കുന്ന ചർച്ചകളിലെങ്കിലും ഈ മേഖലയിലേക്ക്‌ പാവപ്പെട്ടവനെയും ക്ഷണിക്കാൻ കഴിയുന്നതെങ്ങനെ എന്ന നിലയിലുള്ള ആലോചനകളുണ്ടാകണം.
ടൂറിസത്തിനുപറ്റിയ പ്രാദേശിക കേന്ദ്രങ്ങളെ കണ്ടെത്തുകയും വികസിപ്പിക്കുകയും അവ നിലനിർത്തുകയും ചെയ്യണ്ടതുണ്ട്‌. വ്യവസ്ഥകൾക്ക്‌ പൂർണ്ണമായി വിധേയപ്പെടുന്ന അംഗീകൃത ഹോംസ്റ്റേകൾക്ക്‌ തുടക്കം കുറിക്കണം. ഇത്തരം ഗ്രാമീണ കേന്ദ്രങ്ങളെ ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലുകളുമായും ബന്ധപ്പെടുത്തണം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ 10 ശതമാനം വിഹിതം ഇത്തരം കേന്ദ്രങ്ങൾക്കായി മാറ്റിവയ്ക്കണം. വിനോദസഞ്ചാരത്തെ അപായപ്പെടുത്തുകയും അപകടപ്പെടുത്തുകയും ചെയ്യുന്ന യാതൊരുവിധ പരിസ്ഥിതി വിനാശപ്രവർത്തനങ്ങളും ഇവിടങ്ങളിൽ അനുവദിക്കരുത്‌.
ടൂറിസത്തിനായി വകയിരുത്തുന്ന ദേശീയ-സംസ്ഥാന ഫണ്ടുകളിൽ നിന്ന്‌ 30 ശതമാനം വിഹിതം ഗ്രാമീണ ടൂറിസത്തിനായി നീക്കിവക്കണം. നബാഡ്‌ പോലുള്ള കാർഷിക വികസന ഏജൻസികൾ ഇവയ്ക്ക്‌ ഗ്രാന്റ്‌ നൽകണം. പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും മുന്നോട്ടുകൊണ്ടുപോകാനുമായി ഈ വകുപ്പിനുമാത്രമായി ഒരു മന്ത്രിയുണ്ടാവുന്നതും നന്ന്‌. പ്രാദേശിക ഗൈഡുകളെ പരിശീലിപ്പിക്കുകയും ടൂറിസ്റ്റ്‌ സൗഹൃദ വാഹനങ്ങൾക്കായി ടാക്സി-ഓട്ടോ ഡ്രൈവർമാരെ പ്രേരിപ്പിക്കാനും ശ്രദ്ധിക്കണം. ഗ്രാമീണ ടൂറിസത്തിന്റെ എല്ലാ മേഖലകളിലും കുടുംബശ്രീ യൂണിറ്റുകൾക്ക്‌ പ്രാമുഖ്യമുണ്ടാകണം. അതിലൂടെ ധാരാളം തൊഴിലവസരങ്ങളുണ്ടാകണം. ഗ്രാമീണ ടൂറിസം മേഖല പൂർണ്ണമായി നാടിന്‌ ഉപകാരപ്പെടണം. നാട്ടിലെ പാവപ്പെട്ടവരെ കൂടി കണക്കിലെടുത്തുകൊണ്ടുള്ള ഈ ഗ്രാമീണ ടൂറിസത്തിലേക്ക്‌ വിദേശ സഞ്ചാരികളെയും ആഭ്യന്തര സഞ്ചാരികളെയും ആകർഷിക്കാനും കഴിയും. കേരളത്തിലെ പല സാമൂഹിക സംഘടനകളും സർക്കാരിന്‌ മുമ്പിൽവയ്ക്കുന്ന വിലയേറിയ നിർദ്ദേശങ്ങളാണിവ.
കുറഞ്ഞ വിലയ്ക്ക്‌ ഭക്ഷണം ലഭിക്കുന്ന, രാത്രി മുഴുവൻ ഉണർന്നിരിക്കുന്ന കച്ചവടത്തെരുവുകളുണ്ട്‌ പല വിദേശരാജ്യങ്ങളിലും. സർക്കാരിന്റെയും ടൂറിസം വകുപ്പിന്റെയും ശ്രദ്ധ ഈ വിഷയത്തിലേക്ക്‌ പലരും ക്ഷണിക്കുന്നു. പകൽ പ്രവർത്തിക്കുന്ന ചെറുതും വലുതുമായ വ്യാപാര സ്ഥാപനങ്ങൾ രാത്രിയിൽ അടച്ചുകഴിഞ്ഞാൽ, ആ വഴിക്കുള്ള ഗതാഗതം നിരോധിച്ച്‌, ചെറിയ ഭക്ഷണശാലകൾ പ്രവർത്തിക്കുന്ന രാത്രികാല കച്ചവടകേന്ദ്രങ്ങളായി ഇത്തരം തെരുവുകൾ മാറുന്നു. നിസ്സാര വിലയ്ക്ക്‌ ഉപഭോക്താവിന്റെ മനസ്സ്‌ നിറയ്ക്കുന്ന നല്ല ഭക്ഷണം. മതിയായ സുരക്ഷ. പുലരുമ്പോൾ മാലിന്യങ്ങൾ പൂർണ്ണമായി നീക്കം ചെയ്ത്‌, പതിവുപോലുള്ള പകൽത്തിരക്കുകളിലേക്ക്‌ തെരുവുകളെ സജ്ജമാക്കുന്നു. വിദേശരാജ്യങ്ങളിൽ വിജയം കണ്ട ഈ രീതി സർക്കാരും വിനോദസഞ്ചാരവകുപ്പും മനസ്സിരുത്തിയാൽ കേരളത്തിലും പ്രായോഗികമാക്കാം. എറണാകുളത്തെ എം ജി റോഡ്‌, ഇതിന്റെ ആദ്യ പരീക്ഷണശാലയാക്കാമെന്നും അഭിപ്രായമുയരുന്നു. ഇതിലൂടെയെല്ലാം തൊഴിൽരംഗത്ത്‌ പുരോഗതിയുണ്ടാകും. വരുമാനം നാടിന്‌ മുതൽക്കൂട്ടുമാകും.
അതാതിടങ്ങളിലെ എംഎൽഎമാർ ചെയർമാൻമാരായി ടൂറിസം ഡെസ്റ്റിനേഷൻ കമ്മിറ്റികൾ രൂപവത്ക്കരിച്ചിട്ടുണ്ട്‌ സർക്കാർ. ഒരു നേർച്ച പോലെ ഈ സമിതികൾ യോഗം ചേർന്നാൽ പോരാ. തോടുകളും കുളങ്ങളും നന്നാക്കുന്നതിലേക്ക്‌ മാത്രമായി ആലോചനകൾ പരിമിതപ്പെടുകയുമരുത്‌. നാട്ടിലെ ഓരോ പ്രദേശവും ടൂറിസത്തിന്‌ അനുയോജ്യമാണെന്നും എല്ലാ പഞ്ചായത്തുകളും വിനോദസഞ്ചാര കേന്ദ്രങ്ങളാക്കുമെന്നുമുള്ള ആഴത്തിലുള്ള കാഴ്ചപ്പാടിലേക്ക്‌ ഈ കമ്മിറ്റികൾ ഉയരണം. അതുവഴി സാമൂഹിക ചുറ്റുപാടുകൾക്കും നാടിനും മനുഷ്യനും മാറ്റവും വളർച്ചയുമുണ്ടാകും.
(അവസാനിച്ചു)