Monday
25 Jun 2018

വേണം നിയമനിർമാണം; ബോണ്ടിനും ട്രെയിനി സമ്പ്രദായത്തിനും കൂച്ചുവിലങ്ങിടാൻ

By: Web Desk | Wednesday 19 July 2017 4:45 AM IST

വത്സൻ രാമംകുളത്ത്‌

ആശുപത്രി മാനേജ്മെന്റുകൾ ഇന്നും ചെയ്യുന്നത്‌ ജോലിയിൽ കയറുന്നവർ മേറ്റ്വിടെയും പോകാതിരിക്കാനുള്ള ബോണ്ട്‌ തന്ത്രം തന്നെയാണ്‌. ചൂഷണത്തിന്റെയും അടിമപ്പണിയുടെയും ആണിക്കല്ല്‌ തന്നെയാണ്‌ ബോണ്ട്‌ സമ്പ്രദായം. 2011ൽ അലയടിച്ച നഴ്സിങ്‌ സമരത്തോടെ മാനേജ്മെന്റുകൾ ബോണ്ട്‌ സംവിധാനം പ്രത്യക്ഷത്തിൽ ഉപേക്ഷിച്ചു. എന്നാൽ, ട്രെയിനി സമ്പ്രദായം നടപ്പാക്കി കൊള്ളലാഭം കൊയ്തു. മുൻ ലക്കങ്ങളിൽ സൂചിപ്പിച്ച രീതിയിൽ കേരളത്തിലെ അഞ്ച്‌ ലക്ഷത്തിലേറെ വരുന്ന നഴ്സുമാരിൽ 80 ശതമാനവും ഇന്ന്‌ ട്രെയിനി എന്ന നിലയിലാണ്‌ ജോലിയെടുക്കുന്നത്‌. ഈ ഒരു വസ്തുതയാണ്‌ സമൂഹവും സർക്കാരും തിരിച്ചറിയാതെ പോകുന്നത്‌.
അടിസ്ഥാന വേതനം എത്രതന്നെയാക്കിയാലും ട്രിയിനിയായി പണിയെടുക്കുന്നവന്റെ കൂലി 2500 മുതൽ 3000 വരെയാണ്‌. നിയമവിരുദ്ധമായ ട്രെയിനി സംവിധാനത്തിന്‌ വീണ്ടും പച്ചക്കൊടി കാട്ടിയാണ്‌ 56 ശതമാനത്തിന്റെ ശമ്പള വർദ്ധനവ്‌ ഉണ്ടാക്കികൊടുത്തുവെന്ന്‌ പറയുന്നവരെല്ലാം ട്രെയിനിക്ക്‌ 6,000 മുതൽ 6,500 രൂപ വരെ വേതനം നിശ്ചയിച്ചിട്ടുള്ളത്‌. മഹാഭൂരിപക്ഷം പേരും ആറായിരത്തിനും ആറായിരത്തി അഞ്ഞൂറിനും ജോലിയെടുക്കണം. അടിസ്ഥാന ശമ്പളമായ 17,200 രൂപ ഏതാനും പേർ മാത്രം വാങ്ങിയാൽ മതിയെന്ന്‌ പറഞ്ഞാൽ അതെന്ത്‌ ന്യായം.
നഴ്സുമാരുടെ സമരത്തിന്റെ അടിസ്ഥാനം തന്നെ ട്രെയിനി എന്ന സംവിധനം നിലനിർത്തുന്നതും മേറ്റ്ല്ലാ വിഭാഗം നഴ്സുമാരുടേതുപോലെ അമിത ജോലി ചെയ്യുന്ന അവർക്ക്‌ ആറായിരം രൂപ നൽകാമെന്നുമുള്ള തീരുമാനത്തിനെതിരെ തുടരുന്ന സമരത്തെയാണ്‌ അസത്യം കൊണ്ട്‌ മൂടിവയ്ക്കപ്പെടുന്നത്‌. ട്രെയിനിങ്‌ സമ്പ്രദായം റദ്ദാക്കികൊണ്ട്‌ ഉത്തരവുകളുണ്ട്‌. സർക്കാരുകൾ തന്നെ നിയോഗിച്ച വിവിധ കമ്മിറ്റികളുടെ റിപ്പോർട്ടുകളുണ്ട്‌. ഇതെല്ലാം പൂഴ്ത്തിവയ്ക്കപ്പെടുന്നത്‌ ആർക്കുവേണ്ടിയെന്നതാണ്‌ ചോദ്യം. 25 ശതമാനം ട്രെയിനികളെ നിയോഗിക്കാൻ അനുവാദമുണ്ട്‌. അതിന്റെ മറവിൽ നിലവിലെ സ്റ്റാഫിന്റെ 65 ശതമാനത്തിലേറെ ട്രെയിനികളെ ഉപയോഗിക്കുന്ന ആശുപത്രികളുടെ എണ്ണം കേരളത്തിൽ അറന്നൂറിലേറെയാണ്‌. വൻകിട കോർപ്പറേറ്റ്‌ ആശുപത്രികളിലെല്ലാം ഈ കള്ളക്കളി തുടരുന്നു. സർക്കാർ പ്രഖ്യാപിക്കട്ടെ ഞങ്ങൾ നൽകാൻ തയ്യാറെന്ന്‌ ആവർത്തിച്ചാവർത്തിച്ച്‌ മാനേജ്മെന്റുകൾ പറയുന്നുണ്ട്‌. പൂർണമായും നഴ്സിങ്‌ മേഖലയിലെ പ്രശ്നങ്ങൾ പഠിച്ചല്ല ഇത്തരം ചർച്ചകളിലേക്ക്‌ പലരും കടന്നുചെല്ലുന്നതും തീർപ്പുണ്ടാക്കുന്നതും. സ്വകാര്യ ആശുപത്രി വ്യവസായ ബന്ധസമിതിയുടെ മിനിമം വേജസ്‌ കമ്മിറ്റിയിൽ അവസാനം ട്രേഡ്‌ യൂണിയനുകൾ സമർപ്പിച്ച നിർദ്ദേശം ഇനി ചവറ്റുകുട്ടയിൽ പോകുമെന്നതിന്റെ ഉദാഹരണമാണ്‌ തൊഴിൽ, ആരോഗ്യം, നിയമം മന്ത്രിമാരുടെ യോഗത്തിന്‌ ശേഷം ഉണ്ടായ മിനിമം വേജസ്‌ നിർദ്ദേശം. ഇത്‌ പരിശോധിച്ച്‌ കരട്‌ വിഞ്ജാപനം ഇറക്കേണ്ട മിനിമം വേജസ്‌ അഡ്വൈസറി ബോർഡിലാകട്ടെ നഴ്സുമാരുടെ പ്രതിനിധികളാരും തന്നെയില്ലതാനും.
ട്രെയിനി സംവിധാനമെന്ന മാനേജ്മെന്റിന്റെ തന്ത്രവിദ്യയിൽ തെറ്റിദ്ധരിക്കപ്പെട്ടാണ്‌ ഭരണസംവിധാനങ്ങൾ നടപടികളിലേക്ക്‌ നീങ്ങുന്നത്‌. മന്ത്രിതല യോഗത്തിലെ തീരുമാനപ്രകാരം സംസ്ഥാനത്തെ നാല്‌ ലക്ഷത്തോളം നഴ്സുമാർക്ക്‌ കിട്ടാൻ പോകുന്ന ആറായിരം രൂപയിൽ ഇനിയൊരു വർദ്ധനവുണ്ടാകാൻ നിയമാനുസരണം അഞ്ച്‌ വർഷം കഴിയണം. അഞ്ച്‌ വർഷമെത്തുമ്പോഴേക്കും ആറായിരം രൂപയുടെ മൂല്യവും ജീവിത നിലവാര സൂചികയും എത്രത്തോളം ഭീകരമാകും എന്നത്‌ ആര്‌ ചിന്തിക്കും?. നഴ്സിങ്‌ പഠനത്തിനിറങ്ങുന്നവർക്ക്‌ എല്ലാം അക്കര പച്ചയായി തോന്നി വിദേശത്തുപോയാൽ പോലും ദുരിതമാണ്‌. ജനിച്ച മണ്ണിൽ എല്ലാ ആനുകൂല്യങ്ങളും നിലനിർത്തി വെട്ടിക്കുറവുകളില്ലാതെ ചുരുങ്ങിയത്‌ 20,000 രൂപയെങ്കിലും കിട്ടിയാൽ നഴ്സിനും അവരുടെ കുടുംബത്തിനും ആശ്വാസമാകും. ട്രെയിനി, ബോണ്ട്‌ സംവിധാനങ്ങൾ ആശുപത്രി മേഖലയിൽ നിന്ന്‌ പാടെ തുടച്ചുനീക്കണം. ഇതിനായുള്ള നിയമനിർമ്മാണത്തിനാണ്‌ സർക്കാർ സംവിധാനമൊരുക്കേണ്ടത്‌. 20,000 നൽകിയാൽ ചെറുകിട ആശുപത്രികൾ അടച്ചുപൂട്ടേണ്ടി വരുമെന്ന്‌ പറയുന്ന കോർപറേറ്റുകളുടെയും വൻകിട മാനേജ്മെന്റുകളുടെയും സ്നേഹം ആർക്ക്‌ വേണ്ടിയാണെന്ന സത്യവും അന്വേഷിക്കുന്നു.

(അവസാനിക്കുന്നില്ല)