വേനൽ കടുത്ത്‌ തുടങ്ങി നിർജലീകരണം കരുതിയിരിക്കുക

വേനൽ കടുത്ത്‌ തുടങ്ങി നിർജലീകരണം കരുതിയിരിക്കുക
March 14 04:45 2017

അംബ്രല്ല എന്ന ഫ്രഞ്ച്‌ വാക്കിനർഥം ‘തണൽ’ എന്നാണ്‌. സൂര്യരശ്മികൾക്കെതിരെ കുട നല്ലൊരു പ്രതിരോധമാണ്‌. പ്രത്യേകിച്ച്‌ സൂര്യപ്രകാശത്തിൽ നിന്നും പുറപ്പെടുന്ന അൾട്രാവയലറ്റ്‌ രശ്മികളുടെ താണ്ഡവത്തിൽ നിന്നും ഒരു പരിധിവരെ രക്ഷപ്പെടാൻ കുട സഹായിക്കും. അതോടൊപ്പം നിർജലീകരണം വലിയതോതിൽ കുറയ്ക്കാൻ സാധിക്കും

വലിയശാല രാജു

കടുത്ത വേനൽ തുടങ്ങിയതോടെ സൂര്യൻ കത്തിജ്വലിക്കുന്ന രശ്മികൾകൊണ്ട്‌ ആക്രമിക്കാൻ തുടങ്ങിക്കഴിഞ്ഞു. കഴിഞ്ഞവർഷം പാലക്കാട്ട്‌ രണ്ടുപേർ സൂര്യാഘാതമേറ്റ്‌ മരണമടഞ്ഞിരുന്നു. കേരളത്തിന്റെ ചരിത്രത്തിൽ ആദ്യത്തെ സംഭവമായിരുന്നു അത്‌. ഈ വർഷം കുറച്ചുകൂടെ ശക്തമായ വേനലായിരിക്കുമെന്നാണ്‌ കാലാവസ്ഥാ നിരീക്ഷകർ പൊതുവെ ചൂണ്ടിക്കാട്ടുന്നത്‌.
ഈ വരണ്ടകാലത്ത്‌ നമുക്ക്‌ നേരിട്ടുള്ള സൂര്യരശ്മികളും ചൂടുംകൊണ്ട്‌ പ്രധാനമായും സംഭവിക്കുന്നതാണ്‌ നിർജ്ജലീകരണം. പലരും നിസാരമായി കരുതുന്നതും എന്നാൽ ശ്രദ്ധിച്ചില്ലെങ്കിൽ ഗുരുതരമായ അവസ്ഥയിലേയ്ക്ക്‌ എത്തുന്നതുമായ ഒരു അവസ്ഥയാണിത്‌. ഓസോൺ പാളികളിലെ തകർച്ച മൂലം ഗുരുതരമായ ഭവിഷത്തുകൾ സംഭവിക്കുന്ന പ്രദേശങ്ങളിലൊന്നാണ്‌ കേരളം. അൾട്രാവയലറ്റ്‌ രശ്മി പതിക്കുന്നതിന്റെ ഇൻഡക്സ്‌ കേരളത്തിൽ വളരെ കൂടുതലാണ്‌. ഇതുംകൂടി ആകുമ്പോൾ കേരളത്തിന്റെ സ്ഥിതി വളരെ ദയനീയമാകും.

എന്താണ്‌ നിർജ്ജലീകരണം
നമ്മുടെ ശരീരത്തിന്റെ 70 ശതമാനത്തോളം ജലമാണ്‌. അതികഠിനമായ ചൂടും വരണ്ട കാലാവസ്ഥയും മൂലം ഉണ്ടാകുന്ന ജലത്തിന്റെ കുറവുകൊണ്ടാണ്‌ നിർജലീകരണം സംഭവിക്കുന്നത്‌. നാം വെള്ളം കുടിക്കുന്നത്‌ കുറയുമ്പോഴോ അമിതമായി ശരീരത്തിൽ നിന്നും വിയർപ്പിലൂടെ ജലം നഷ്ടപ്പെടുമ്പോഴോ നിർജ്ജലീകരണം സംഭവിക്കാം.
വളരെയെധികം ദാഹം തോന്നുക, ചുണ്ടും, നാവും വരളുക, ചർമം വരളുക, തലവേദന, വിയർപ്പ്‌ ഉണ്ടാകാതിരിക്കുക, വളരെയെധികം ക്ഷീണവും തളർച്ചയും ഉണ്ടാകുക, മൂത്രത്തിന്റെ അളവ്‌ കുറയുക തുടങ്ങിയ ലക്ഷണങ്ങൾ നിർജ്ജലീകരണത്തിന്റേതാണ്‌.

നിർജ്ജലീകരണം എങ്ങനെ തടയാം
നിർജ്ജലീകരണം തടയാനുള്ള എളുപ്പ പോംവഴി ധാരാളം വെള്ളം കുടിക്കുക എന്നതാണ്‌. ഒരുദിവസം മൂന്ന്‌ ലിറ്റർ വെള്ളമെങ്കിലും കുടിക്കാൻ ശ്രദ്ധിക്കു. ചായ, കാപ്പി, കോള, മദ്യം തുടങ്ങിയവ പാടേ ഉപേക്ഷിക്കുക. ബേക്കറി വിഭവങ്ങളും മാംസാഹാരങ്ങളും ചൂടുകാലത്ത്‌ അതിന്റെ രൂക്ഷത വർധിപ്പിക്കും. അരിയാഹാരം ഹിതകരമാണ്‌. പഴങ്ങളും പഴച്ചാറുകളും ശീലമാക്കുക.
നിർജ്ജലീകരണത്തിന്റെ ലക്ഷണങ്ങൾ കണ്ടെങ്കിൽ ഒരു കാരണവശാലും വ്യായാമം ചെയ്യാതിരിക്കുക. നല്ല തണുത്ത വെള്ളത്തിൽ കുളിക്കുക, കോട്ടൺ വസ്ത്രങ്ങൾ ഉപയോഗിക്കുക, അയഞ്ഞ വസ്ത്രങ്ങൾ ധരിക്കാൻ ശ്രദ്ധിക്കുക ഇവയൊക്കെയാണ്‌ നിർജലീകരണത്തെ ചെറുക്കാനുള്ള ഉപാധികൾ. പ്രത്യേകം ശ്രദ്ധിക്കേണ്ടത്‌ നിർജലീകരണം മരണകാരണമാകുമെന്നുള്ളതാണ്‌.

കുട്ടികളിലും പ്രായമായവരിലും നിർജലീകരണത്തിന്റെ തോത്‌ വളരെ കൂടുതലാണ്‌. തീവ്രമായ സൂര്യപ്രകാശമുള്ളപ്പോൾ വെയിൽ ഏൽക്കാതിരിക്കാൻ ഇവർ പ്രത്യേകം ശ്രദ്ധിക്കണം.
ദീർഘമായി യാത്ര ചെയ്യുന്നവർ, അധികമായി സൂര്യപ്രകാശം ഏൽക്കുന്ന തരത്തിൽ ജോലി ചെയ്യുന്നവർ തുടങ്ങിയവരിൽ നിർജലീകരണം കൂടുതലായി സംഭവിക്കാവുന്നതാണ്‌. രക്തസമ്മർദം കുറയുക, ശരീരത്തിൽ ഉപ്പിന്റേയും പൊട്ടാസ്യത്തിന്റേയും അംശം കുറയുക, വൃക്കകൾക്ക്‌ പ്രവർത്തനക്ഷമത കുറയുക, മൂത്രാശയത്തിൽ അണുബാധയുണ്ടാകുക എന്നിവയ്ക്കും നിർജലീകരണം കാരണമാകും. യാത്ര ചെയ്യുമ്പോൾ തിളപ്പിച്ചാറ്റിയ വെള്ളം കുപ്പിയിൽ എപ്പോഴും കരുതുക. ഇത്‌ നിർജലീകരണത്തെ ചെറുക്കാൻ സഹായകരമാകും.

കുട മഴയ്ക്കുള്ളതല്ല
ഇന്ന്‌ കുട ഉപയോഗിക്കുന്നവർ കുറവാണ്‌. പ്രായമായവരാണ്‌ കുറച്ചെങ്കിലും വേനലിൽ കുട ഉപയോഗിക്കുന്നത്‌. കൗമാര-യൗവന പ്രായത്തിലുള്ളവർ കുട പിടിക്കുന്നത്‌ അപമാനമായാണ്‌ കണക്കാക്കുന്നത്‌. കേരളത്തിൽ കുട ഉപയോഗിക്കുന്നത്‌ പ്രധാനമായും മഴക്കാലത്താണ്‌.
യഥാർത്ഥത്തിൽ കുട മഴയ്ക്ക്‌ വേണ്ടിയുളളതല്ല. വെയിലിനെ ചെറുക്കാൻ നിർമിക്കപ്പെട്ടവയാണ്‌. അംബ്രല്ല എന്ന ഫ്രഞ്ച്‌ വാക്കിനർഥം ‘തണൽ’ എന്നാണ്‌. സൂര്യരശ്മികൾക്കെതിരെ കുട നല്ലൊരു പ്രതിരോധമാണ്‌. പ്രത്യേകിച്ച്‌ സൂര്യപ്രകാശത്തിൽ നിന്നും പുറപ്പെടുന്ന അൾട്രാവയലറ്റ്‌ രശ്മികളുടെ താണ്ഡവത്തിൽ നിന്നും ഒരു പരിധിവരെ രക്ഷപ്പെടാൻ കുട സഹായിക്കും.
അതോടൊപ്പം നിർജലീകരണം വലിയതോതിൽ കുറയ്ക്കാൻ സാധിക്കും. കുട ഒരു ശീലമാക്കുക, വേനൽക്കാല ആരോഗ്യം നിലനിർത്താൻ ഇത്‌ സഹായിക്കും.

നറുനണ്ടിയും രാമച്ചവും ഉപയോഗിക്കുക
അങ്ങാടിക്കടയിൽ നിന്നും വാങ്ങാൻ കിട്ടുന്ന നറുനണ്ടിയും രാമച്ചവും രണ്ടുംകൂടി 10 ഗ്രാം വീതം ചേർത്ത്‌ തിളപ്പിച്ച വെള്ളം ദിവസവും കുടിക്കുന്നത്‌ ശരീരത്തെ തണുപ്പിക്കുന്നതിനും ഉഷ്ണം കുറയ്ക്കുന്നതിനും സഹായിക്കും. അതോടൊപ്പം ദിവസവും മൂന്നോ നാലോ തവണ മുഖവും കാലും കഴുകുന്നതും ശരീരത്തെ തണുപ്പിക്കാൻ ഉത്തമമാണ്‌.

 

  Categories:
view more articles

About Article Author