വേരുകൾ തേടിയ കഥാകാരൻ

വേരുകൾ തേടിയ കഥാകാരൻ
December 27 05:00 2016

ജയ

‘കാനായി കുഞ്ഞിരാമൻ നിർമിച്ച, സുഭാഷ്ചന്ദ്രബോസിന്റെ പ്രതിമയ്ക്ക്‌ കാലിന്‌ നീളംപോരാ എന്ന്‌ ബ്രിഗേഡിയർ. അത്‌ ശുദ്ധ നുണയാണെന്ന്‌ ആർക്കും ബോധ്യമാകും. തർക്കം മൂത്തു. ബ്രിഗേഡിയറും നടേശനും പൗലോസും രാത്രി പത്തുമണിക്ക്‌ പ്രതിമ നിൽക്കുന്ന കവലയിലിറങ്ങി. ബ്രിഗേഡിയർ പ്രതിമയുടെ പീഠത്തിൽ പിടിച്ചു കയറി. പൊലീസ്‌ മൂന്നുപേരേയും പിടിച്ചു സ്റ്റേഷനിലാക്കി.ഒടുവിൽ അവർ ഒരു തീരുമാനത്തിലെത്തി. പ്രതിമ ഓകെ. കാൽ നീളം ഓകെ. വെരിഫിക്കേഷൻ ഇമ്പോസിബിൾ. കാരണം പ്രതിമയുടെ സൈസ്‌ ബ്രിഗേഡിയറുടെ സൈസിനേക്കാൾ എത്രയോ വലുത്‌ – ബിഗർ ദാൻ ലൈഫ്‌.’
മലയാറ്റൂർ രാമകൃഷ്ണൻ ഫലിതം വാരിയെറിയുന്നത്‌ നമ്മുടെ മനസിലേക്കല്ല, തലച്ചോറിലേക്കാണ്‌. രസിപ്പിച്ചുകൊണ്ട്‌ ചിന്തിപ്പിക്കുന്ന രാസവിദ്യയാണ്‌ മലയാറ്റൂരിന്റെ ബ്രിഗേഡിയർ കഥകൾ. മലയാള ചെറുകഥയുടെ ദീപ്തമായ സൗന്ദര്യമാണത്‌. ചിലപ്പോൾ മലയാറ്റൂർ ഒരു വിദൂഷകനെപോലെ എത്തും. മറ്റുചിലപ്പോൾ നമ്പ്യാരെപോലെ ആക്ഷേപഹാസ്യത്തിന്റെ ചാട്ടവാറുമായി വരും. വ്യക്തിപരമായ അറിവുകളേയും അനുഭവങ്ങളേയും ഹാസ്യ-പരിഹാസ്യങ്ങളായും ദാരുണമായ ദു:ഖാനുഭവങ്ങളായും കഥകളിലും നോവലുകളിലും അവതരിപ്പിച്ച്‌ മലയാളിയുടെ മനസിനെ നവീകരിക്കുകയായിരുന്നു മലയാറ്റൂർ.
നോവലിസ്റ്റ്‌, ചെറുകഥാകൃത്ത്‌, പത്രപ്രവർത്തകൻ, കാർട്ടൂണിസ്റ്റ്‌, ചലച്ചിത്രസംവിധായകൻ, ഭരണകർത്താവ്‌. അങ്ങനെ പല കുപ്പായങ്ങൾ എടുത്തണിഞ്ഞ മലയാറ്റൂർ ചിലതിനോടൊക്കെ കലഹിച്ചു. പാലക്കാട്‌ പുതിയ കൽപാത്തിയിൽ 1927 മെയ്‌ 27ന്‌ കെ ആർ വിശ്വനാഥസ്വാമിയുടേയും ജാനകി അമ്മാളുവിന്റെയും മകനായി ജനിച്ചു. സ്കൂൾ വിദ്യാഭ്യാസത്തിനുശേഷം ആലുവ യൂസി കോളേജിൽ നിന്നും ഇന്റർമീഡിയേറ്റ്‌ പഠനം പൂർത്തീകരിച്ചു. 1946ൽ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിൽ നിന്നും ബിഎസ്സി വിജയിച്ച രാമകൃഷ്ണൻ ലോ കോളജിൽ നിന്നും ബിഎൽ ബിരുദവും നേടി. തുടർന്ന്‌ വക്കീലായി പരിശീലനം തുടങ്ങി. ഇന്ത്യൻ ദേശീയപ്രക്ഷോഭത്തിന്റെയും കമ്യൂണിസ്റ്റ്‌ മുന്നേറ്റത്തിന്റെയും കാലത്താണ്‌ രാമകൃഷ്ണൻ വിദ്യാർത്ഥിയായി തിരുവനന്തപുരത്ത്‌ എത്തുന്നത്‌. രാഷ്ട്രീയം രാമകൃഷ്ണന്‌ ആവേശമായി. വിദ്യാർത്ഥി കോൺഗ്രസിൽ ചേർന്ന്‌ പ്രവർത്തിച്ചു. പിന്നീട്്‌ പി കൃഷ്ണപിള്ളയുടെ പൗരോഹിത്യത്തിൽ വിദ്യാർത്ഥി ഫെഡറേഷന്റെ പ്രവർത്തകനായി.
1954ൽ ഇടതുപിന്തുണയോടെ തിരുക്കൊച്ചി നിയമസഭയിലേക്ക്‌ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. 1955ൽ മട്ടാഞ്ചേരിയിൽ രണ്ടാംക്ലാസ്‌ മജിസ്ട്രേറ്റ്‌ ആയിട്ടായിരുന്നു ഔദ്യോഗിക ജീവിതം ആരംഭിച്ചത്‌. പിന്നീട്‌ ഇന്ത്യൻ സിവിൽ സർവ്വീസിൽ പ്രവേശിച്ചു. പക്ഷേ 1981ൽ ഐഎഎസിൽ നിന്ന്‌ രാജിവച്ച്‌ മുഴുവൻസമയ സാഹിത്യപ്രവർത്തകനായി മാറി.
ഓരോ എഴുത്തുകാരനും അയാളുടെ കലാസൃഷ്ടിയിലൂടെ അയാളുടെ തന്നെ വേരുകൾ അന്വേഷിക്കുകയാണ്‌ ചെയ്യുന്നത്‌. കലഹപ്രിയമായ ഒരു മനസ്സായിരുന്നു മലയാറ്റൂരിന്റേത്‌. തമിഴ്‌ ബ്രാഹ്മണ സമൂഹത്തിന്റെ ജീവിതവും ബ്യൂറോക്രസിയുടെ ആന്തരിക ലോകവുമാണ്‌ മലയാറ്റൂർ നോവലുകളിലെ പ്രധാന പ്രമേയങ്ങൾ. കാർട്ടൂണിസ്റ്റും ചിത്രകാരനുമായതിനാൽ കഥയിലും നോവലുകളിലും കാരിക്കേച്ചറുകളുടെ സങ്കേതത്തെ വളരെ സമർത്ഥമായി മലയാറ്റൂർ പ്രയോജനപ്പെടുത്തി. പാരമ്പര്യത്തെ നിഷേധിക്കാതെ പുതിയ ജീവിതസാഹചര്യങ്ങളെ പക്വതയോടെ അവതരിപ്പിച്ചു. മറ്റൊരുതരത്തിൽ താൻ ജീവിച്ച കാലഘട്ടത്തിലെ സമൂഹത്തെ വർണ്ണക്കടലാസിൽ പൊതിയാതെ സാഹിത്യത്തിൽ അവതരിപ്പിക്കുകയായിരുന്നു മലയാറ്റൂർ. ചിലപ്പോൾ ജീവിതത്തെ സമൂഹത്തിൽ നിന്നും ചീന്തിയെടുത്ത്‌ മലയാറ്റൂർ കലാസൃഷ്ടിയിലൂടെ നമുക്ക്‌ നൽകും. ‘വേരു’കളും ‘യന്ത്ര’വും അത്തരം കൃതികളാണ്‌.
ജന്മനാ സമർത്ഥനും സുന്ദരനുമായ ‘യക്ഷി’യിലെ ശ്രീനിവാസനും ‘വേരു’കളിലെ രഘുവും വായനക്കാരന്റെ മനസ്സിൽ ആഴത്തിൽ പതിഞ്ഞ കഥാപാത്രങ്ങളാണ്‌. ആർതർ കോനൻ ഡോയലും ബ്രോംസ്റ്റോക്കറും മലയാറ്റൂരിനെ സ്വാധീനിച്ചിരുന്നു.
‘യക്ഷി’യും മൃതിയുടെ കവാടവും ഈ സ്വാധീനത്തിൽ പിറന്നതാണ്‌. 23 നോവലുകളും 17 കഥാസമാഹാരങ്ങളും ‘എന്റെ ഐഎഎസ്‌ ദിനങ്ങൾ’, ‘ഓർമകളുടെ ആൽബം’ എന്നീ ഓർമ്മക്കുറിപ്പുകളും ഉൾപ്പെടെ ഒട്ടേറെ കൃതികൾ മലയാറ്റൂർ കൈരളിക്ക്‌ നൽകി. വേരുകൾക്ക്‌ 1967ലെ കേരള സാഹിത്യഅക്കാദമി അവാർഡും യന്ത്രത്തിന്‌ 1979ലെ വയലാർ അവാർഡും ലഭിച്ചു. 1997 ഡിസംബർ 27ന്‌ മലയാറ്റൂർ അന്തരിച്ചു.

  Categories:
view more articles

About Article Author