വേഴാമ്പലേ നീയറിഞ്ഞോ, മലയാളികളും നിന്നെപ്പോലെ…

വേഴാമ്പലേ നീയറിഞ്ഞോ, മലയാളികളും നിന്നെപ്പോലെ…
May 18 04:45 2017

സഭാവലോകനം
ജി ബാബുരാജ്‌
പാറിപ്പറന്നു നടക്കുന്ന പക്ഷികൾ നൂറായിരമെണ്ണമുള്ള നാട്ടിൽ ആരാണ്‌ വേഴാമ്പലിനെ സംസ്ഥാന പക്ഷിയായി കണ്ടെത്തിയത്‌? ആരായാലും ആ ഭാവനയേയും ദീർഘവീക്ഷണത്തേയും അംഗീകരിച്ചേ മതിയാവൂ. മഴയത്ത്‌, ഒരിറ്റു ദാഹജലത്തിനായി കാത്തിരിക്കുന്ന മലയാളിയുടെ തനി പ്രതീകമായി എത്ര പെട്ടെന്നാണ്‌ വേഴാമ്പൽ മാറിയത്‌. സംസ്ഥാനം നേരിടുന്ന അതിരൂക്ഷമായ ജലദൗർലഭ്യവും മഴയ്ക്കുവേണ്ടിയുള്ള വേഴാമ്പലിന്റെ കാത്തിരിപ്പും സിപിഐയിലെ സി കെ ആശയാണ്‌ സഭയിൽ വിവരിച്ചത്‌.
വരും തലമുറയ്ക്കുകൂടി വേണ്ടിയാവണം നമ്മുടെ ആവാസവ്യവസ്ഥയെക്കുറിച്ചുള്ള ആസൂത്രണമെന്ന്‌ ആശ ചൂണ്ടിക്കാട്ടി. ജലസേചനം, ജലവിതരണം, മത്സ്യബന്ധനം എന്നീ വകുപ്പുകളിലുള്ള ധനാഭ്യർഥന ചർച്ചയിൽ പങ്കെടുക്കുകയായിരുന്നു ആശ. സർക്കാരിന്റെ പ്രവർത്തനം അഴിമതിമുക്തമായപ്പോൾ തന്നെ പദ്ധതികൾക്കെല്ലാം ഗതിവേഗം കൂടി. കഴിഞ്ഞ സർക്കാരിന്റെ കാലത്ത്‌ തുടക്കമിട്ട 1839 കോടിയുടെ കുട്ടനാട്‌ പാക്കേജ്‌ അടിമുടി അഴിമതിയിൽ മുങ്ങിക്കിടക്കുകയായിരുന്നു. ജപ്പാൻ കുടിവെള്ള പദ്ധതിയുടെ ഭാഗമായി വൈക്കത്ത്‌ മറവൻതുരുത്തിൽ കുഴിച്ചിട്ട ജലവിതരണ പൈപ്പ്‌ ജലബോംബായി മാറിയെന്നാണ്‌ ആശ പറയുന്നത്‌. ഒന്നും രണ്ടും തവണയല്ല, 11 പ്രാവശ്യമാണ്‌ ആ പൈപ്പ്‌ പൊട്ടിത്തകർന്നത്‌.
കാലത്തിന്റെ ചുവരെഴുത്ത്‌ കാണാതെ പ്രതിപക്ഷം അർഥശൂന്യമായ സമരങ്ങളാണ്‌ നടത്തുന്നതെന്ന്‌ ജി എസ്‌ ജയലാൽ പറഞ്ഞു. കാൽച്ചുവട്ടിലെ മണ്ണ്‌ ഒലിച്ചുപോകുന്നത്‌ അവർ കാണുന്നില്ല. തട്ടകവും തറവാട്ടും തകർന്ന്‌ കുളംതോണ്ടിപ്പോകുന്ന അവസ്ഥയിലായിരിക്കുകയാണ്‌ കോൺഗ്രസ്‌. മഹത്തായ രാജ്യത്തെ രണ്ടായോ പലതായോ ഭിന്നിക്കാൻ തക്കംനോക്കി കഴിയുകയാണ്‌ വർഗീയ ഫാസിസ്റ്റ്‌ ശക്തികൾ. അവർക്കുമുന്നിൽ യഥാർത്ഥ ഇടതുപക്ഷ ബദലാണ്‌ എൽഡിഎഫ്‌ തെളിയിച്ചുകൊണ്ടിരിക്കുന്നത്‌. മത്സ്യസമ്പത്തിന്റെ കുറവുമൂലം തൊഴിൽ നഷ്ടമുണ്ടാകുന്ന പാവപ്പെട്ട മത്സ്യത്തൊഴിലാളികൾക്ക്‌ ബദൽ തൊഴിൽ മാർഗങ്ങൾ കണ്ടെത്താനുള്ള പദ്ധതികൾക്കും ഫിഷറീസ്‌ വകുപ്പ്‌ രൂപം നൽകണമെന്ന്‌ ജയലാൽ ആവശ്യപ്പെട്ടു.
ജലവിഭവ വകുപ്പുമന്ത്രി വളരെ നല്ല മനുഷ്യനാണെന്നാണ്‌ ഹൈബി ഈഡൻ പറയുന്നത്‌. പക്ഷേ കൊച്ചി നഗരത്തിലെ കുടിവെള്ള പ്രശ്നം ഇതുവരെ പരിഹരിക്കപ്പെട്ടിട്ടില്ല. അതിനു മന്ത്രി കുറ്റക്കാരനല്ലെന്നു പറയുന്ന ഹൈബി ഫിഷറീസ്‌ മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മയ്ക്കും ഗുഡ്‌ സർട്ടിഫിക്കറ്റാണ്‌ നൽകിയത്‌. തരിശുരഹിത പഞ്ചായത്തും തരിശുരഹിത മണ്ഡലവുമൊക്കെയാണ്‌ നമ്മുടെ ലക്ഷ്യങ്ങൾ. പക്ഷേ, ആ നേട്ടം കൈവരിക്കണമെങ്കിൽ ചെറുകിട ജലസേചന പദ്ധതികളെ പ്രോത്സാഹിപ്പിക്കണമെന്നാണ്‌ സി കൃഷ്ണന്റെ അഭിപ്രായം.
വരൾച്ചയിൽ പൊറുതിമുട്ടിയ കേരളത്തിൽ, ശുദ്ധജലമൊഴുക്കാൻ അഹോരാത്രം യത്നിക്കുന്ന മന്ത്രി മാത്യു ടി തോമസിനെ കെ ജെ മാക്സിയും ഐ ബി സതീഷും ഭഗീരഥനോടാണ്‌ ഉപമിച്ചത്‌. ഭഗീരഥൻ തപഃശക്തികൊണ്ടാണ്‌ ആകാശഗംഗയെ ഭൂമിയിലെത്തിച്ചെങ്കിൽ മന്ത്രി മനഃശക്തികൊണ്ടുമാണ്‌ ജലവിതരണ പദ്ധതികൾ കുറ്റമറ്റനിലയിലാക്കിയതെന്നാണ്‌ സതീഷ്‌ പറഞ്ഞത്‌. ഒരുപാട്‌ പൂജ്യങ്ങളുള്ള പാസ്ബുക്കും സ്വർണപണ്ടങ്ങളുമല്ല, നനവുള്ള മണ്ണാണ്‌ നാം അടുത്ത തലമുറയ്ക്കായി കരുതിവയ്ക്കേണ്ടത്‌. അന്തിചർച്ചകളിലൂടെയും ചില പത്രങ്ങളുടെ തലക്കെട്ടുകളിലൂടെയും മാത്രമാണ്‌ പ്രതിപക്ഷം ജീവൻ നിലനിർത്തുന്നതെന്നും സതീഷ്‌ പറഞ്ഞു.
ആഫ്രിക്കൻ മുഷിയെന്ന ഭീകരനെ പാലക്കാട്ടുനിന്ന്‌ തുരത്തണമെന്നാണ്‌ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട ചർച്ചയിൽ കെ വി വിജയദാസ്‌ പറഞ്ഞത്‌. അവിടെ ഉൾനാടൻ മത്സ്യകൃഷിയിൽ മുഷിയും ഉൾപ്പെട്ടിട്ടുണ്ടെന്നു പറഞ്ഞ വിജയദാസ്‌ ആ മത്സ്യത്തെ പല നാടുകളും നിരോധിച്ചതാണെന്നും ചൂണ്ടിക്കാട്ടി. വിദേശങ്ങളിൽ വിജയകരമായി നടപ്പിലാക്കിവരുന്ന കടൽജലം ശുദ്ധീകരിച്ച്‌ കുടിവെള്ളമാക്കുന്ന പദ്ധതി എന്തുകൊണ്ട്‌ നമുക്കും പരീക്ഷിച്ചുകൂടാ എന്നായിരുന്നു വിജയദാസിന്റെ ചോദ്യം.
അച്യുതമേനോൻ സർക്കാർ 1974-ൽ സംസ്ഥാനത്തെ നദികളെക്കുറിച്ച്‌ വിശദമായ ഒരു പഠനറിപ്പോർട്ട്‌ തയ്യാറാക്കിയിട്ടുണ്ടെന്നും മന്ത്രി മാത്യു ടി തോമസ്‌ ആ റിപ്പോർട്ടൊന്ന്‌ പഠിക്കണമെന്നും കെ കൃഷ്ണൻകുട്ടി നിർദേശിച്ചു. നദീജലത്തെ ഫലപ്രദമായി വിനിയോഗിച്ച്‌ വരൾച്ചയുടെ ആഘാതം കുറയ്ക്കാനുതകുന്ന ഒട്ടേറെ പദ്ധതികൾ അന്നത്തെ റിപ്പോർട്ടിലുണ്ടെന്ന്‌ കൃഷ്ണൻകുട്ടി ചൂണ്ടിക്കാട്ടി. അന്തർസംസ്ഥാന നദീജല തർക്കങ്ങളിൽ കേരളം പതിവായി തോൽക്കുന്ന സാഹചര്യം പ്രത്യേകം വിലയിരുത്തണമെന്നും കൃഷ്ണൻകുട്ടി പറഞ്ഞു.
റബർ കർഷകരാകെ പ്രതിസന്ധിയിലാണെന്ന്‌ ചൂണ്ടിക്കാട്ടിയ പി സി ജോർജ്ജ്‌ താൻ പൂഞ്ഞാറിൽ ആറേക്കർ റബർ തോട്ടം വെട്ടിവെളുപ്പിച്ച്‌ കാട്ടുകടുക്ക നട്ടിരിക്കുകയാണെന്ന്‌ വെളിപ്പെടുത്തി. “അയ്യോ, അതു മഹാ കഷ്ടമായി. അത്രയും സ്ഥലത്ത്‌ കശുമാവ്‌ നട്ടിരുന്നെങ്കിൽ കശുഅണ്ടി തൊഴിലാളികളെങ്കിലും രക്ഷപ്പെട്ടേനെ” എന്നായി ഉടൻ കശുഅണ്ടിയുടെ കൂടി ചുമതലയുള്ള മന്ത്രി മേഴ്സിക്കുട്ടിയമ്മ.  എന്തായാലും തൈ നട്ടുപോയി. ഇനി അടുത്ത സീസണിൽ ആലോചിക്കാമെന്ന്‌ പി സി ജോർജ്ജ്‌ മറുപടിയും നൽകി.
ഇന്ത്യൻ മഹാസമുദ്രത്തിലെയും അറബിക്കടലിലേയും റാന്തൽ മത്സ്യങ്ങൾ വരെ എൽഡിഎഫ്‌ ഭരണം വന്നതോടെ കേരള തീരത്തേയ്ക്ക്‌ വരികയാണെന്നാണ്‌ എം നൗഷാദ്‌ പറയുന്നത്‌. പക്ഷേ, എന്തു ചെയ്യാം. എൽഡിഎഫ്‌ ഭരണത്തിന്റെ നന്മകൾ കാണാൻ പ്രതിപക്ഷത്തിനു മാത്രം കഴിയുന്നില്ല. കൃത്രിമ മഴയെന്നു കേട്ടിട്ടുണ്ട്‌. പക്ഷേ കൃത്രിമ സമരമെന്ന്‌ കേൾക്കുന്നത്‌ പ്രതിപക്ഷം സമരങ്ങൾ തുടങ്ങിയ ശേഷമാണെന്ന്‌ നൗഷാദ്‌ പറഞ്ഞു. ഓരോ സമരങ്ങളും തോറ്റു തൊപ്പിയിടുമ്പോഴും ‘യോദ്ധ’യിൽ ജഗതി പറയുന്നതുപോലെ ഇനി കാവിലെ അടുത്ത പാട്ടുൽസവത്തിനു കാണാമെന്നു പറഞ്ഞ്‌ പ്രതിപക്ഷം പിന്നെയും സമരങ്ങൾക്ക്‌ ഇറങ്ങിത്തിരിക്കുകയാണെന്നാണ്‌ നൗഷാദ്‌ പരിഹസിച്ചത്‌.
രാഷ്ട്രീയം പറയില്ലെന്നു വാശിപിടിച്ച മട്ടിലായിരുന്നു ലീഗിലെ എൻ എ നെല്ലിക്കുന്നും ടി വി ഇബ്രാഹിമും. എന്നാൽ രാഷ്ട്രീയം പറയാനല്ലെങ്കിൽ നിയമസഭയെന്തിന്‌ എന്ന മറുചോദ്യമാണ്‌ അംഗങ്ങളോട്‌ എം സ്വരാജ്‌ ഉന്നയിച്ചത്‌.
നിയമസഭാ മാർച്ച്‌ നടത്തിയ കെഎസ്‌യു പ്രവർത്തകരെ പൊലീസ്‌ മർദ്ദിച്ചെന്നാരോപിച്ച്‌ അടിയന്തര പ്രമേയം കൊണ്ടുവന്ന പ്രതിപക്ഷം പിന്നീട്‌ വാക്കൗട്ട്‌ നടത്തി. മൂന്നുവർഷം മുമ്പ്‌ സഭ പാസാക്കിയ കേരള മാരിടൈം ബോർഡ്‌ ബിൽ രാഷ്ട്രപതി തിരിച്ചയച്ച സാഹചര്യത്തിൽ സഭ പിൻവലിച്ചു. ഉദ്യോഗസ്ഥർക്ക്‌ കാര്യമായ ജോലിയൊന്നുമില്ലെന്ന്‌ കണ്ടെത്തിയതിനാൽ ഡൽഹിയിലെ കാവേരി സ്പെഷ്യൽ സെൽ അടച്ചുപൂട്ടുമെന്നും ഉദ്യോഗസ്ഥരെ പുനർവിന്യസിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

  Categories:
view more articles

About Article Author