Tuesday
21 Aug 2018

വൈക്കം സത്യഗ്രഹത്തിന്‍റെ  ചരിത്രപ്രാധാന്യം

By: Web Desk | Tuesday 27 March 2018 10:51 PM IST

വൈക്കം സത്യഗ്രഹത്തിന്‍റെ മുദ്രാവാക്യം വളരെ വളരെ ലളിതമായിരുന്നു. വൈക്കത്തെ ക്ഷേത്രപരിസരത്തുള്ള പൊതുനിരത്തുകളിലൂടെ അഹിന്ദുക്കളായ ക്രിസ്ത്യാനികള്‍ക്കും മുസ്‌ലിങ്ങള്‍ക്കും മറ്റുമെന്നപോലെ അവര്‍ണരായ ഹിന്ദുക്കള്‍ക്കും വഴിനടക്കാനുള്ള അവകാശം ക്ഷേത്ര ഭരണാധികാരികളും തിരുവിതാംകൂര്‍ മഹാരാജാവും അംഗീകരിക്കണം. പക്ഷേ, വളരെ ലളിതമായ ഈ ആവശ്യത്തില്‍ നിന്ന് കേരളത്തെ മാത്രമല്ല, ഇന്ത്യയെയാകെ പിടിച്ചുകുലുക്കിയ ഒരു മഹാപ്രസ്ഥാനം ഉയര്‍ന്നുവന്നു. ജാതിമത വ്യത്യാസം കൂടാതെ സ്വാതന്ത്ര്യപ്രേമികളേയും ജനാധിപത്യവാദികളേയും മനുഷ്യസ്‌നേഹികളേയും വിപുലമായി അണിനിരത്തിയ ഒരു മഹാപ്രസ്ഥാനം.

ചരിത്രത്തില്‍ പലപ്പോഴും സംഭവിക്കാറുള്ള ഒരു കാര്യമാണിത്. വളരെ നിസാരമാണെന്നു തോന്നുന്ന പ്രശ്‌നങ്ങളില്‍ നിന്ന് ജനങ്ങളെയാകെ കര്‍മ്മരംഗത്തിറക്കുന്ന വിപ്ലവകരമായ പ്രസ്ഥാനം ഉടലെടുക്കുന്നു. വൈക്കം സത്യഗ്രഹത്തില്‍ വഴിനടക്കാനുള്ള അവകാശത്തെ എതിര്‍ത്ത ശക്തികള്‍ ജനങ്ങളുടെ മൊത്തം ജനാധിപത്യാവകാശങ്ങളുടെ ശത്രുക്കളായ സാമ്രാജ്യാധിപത്യത്തിനും ജന്മി – നാടുവാഴിത്തത്തിനുമെതിരായ ദേശീയ – ജനാധിപത്യസമരത്തിന്‍റെ അഭേദ്യഭാഗവും പ്രതീകവുമായിട്ടാണ് വഴിനടക്കാനുള്ള പ്രാഥമികമായ മനുഷ്യാവകാശത്തിനുവേണ്ടിയുള്ള വൈക്കം സത്യഗ്രഹത്തെ ജനങ്ങള്‍ ദര്‍ശിച്ചത്.

1924 മാര്‍ച്ച് 30-ാം തീയതിയാണ് സുപ്രസിദ്ധമായ വൈക്കം സത്യഗ്രഹം ആരംഭിച്ചത്. 1923ല്‍ കാക്കിനഡയില്‍ വച്ച് കൂടിയ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ വാര്‍ഷിക സമ്മേളനത്തില്‍ അയിത്തോച്ചാടനം ഒരു അടിയന്തര പരിപാടിയായി എല്ലാ കോണ്‍ഗ്രസ് കമ്മിറ്റികളും ഏറ്റെടുക്കണമെന്ന ഒരു സുപ്രധാനമായ പ്രമേയം അംഗീകരിച്ചു. ഇത്തരമൊരു പ്രമേയം പാസാക്കുന്നതിന് ആ സമ്മേളനത്തിന് പ്രേരണ നല്‍കിയതും നിര്‍ബന്ധം ചെലുത്തിയതും കേരളത്തില്‍ നിന്നുപോയ പ്രതിനിധികളായിരുന്നു – പ്രത്യേകിച്ചും സ്വദേശാഭിമാനി ടി കെ മാധവന്‍. കോണ്‍ഗ്രസ് ആ പ്രമേയം പാസാക്കിയ ഉടന്‍തന്നെ അത് നടപ്പില്‍ വരുത്താന്‍ പ്രചരണ പ്രക്ഷോഭം ആരംഭിക്കുകയും വൈക്കം സത്യഗ്രഹത്തിലേയ്ക്ക് നീങ്ങുകയും ചെയ്തതിന് നേതൃത്വം നല്‍കിയത് കേരളത്തിലെ കോണ്‍ഗ്രസ് പ്രസ്ഥാനമായിരുന്നു.
ഇപ്പോള്‍ ഒരു സമുദായ നേതാവ് വിളമ്പുന്നു: വൈക്കം സത്യഗ്രഹത്തില്‍ കമ്മ്യൂണിസ്റ്റുകാര്‍ക്ക് ഒരു പങ്കുമില്ല. എസ്എന്‍ഡിപിയാണ് സമരം നടത്തിയത്. വൈക്കം സത്യഗ്രഹത്തിന് എസ്എന്‍ഡിപി യോഗത്തിന്റെ പിന്തുണ ഉണ്ടാകില്ലെന്ന് സമരനായകനായിരുന്ന ടി കെ മാധവന് നല്ലവണ്ണം അറിയാമായിരുന്നു. മറ്റ് കോണ്‍ഗ്രസ് നേതാക്കളെല്ലാം എസ്എന്‍ഡിപിയുടെ പിന്തുണ പ്രതീക്ഷിച്ചു. സത്യഗ്രഹത്തിന്റെ തലേന്ന് രാത്രി എസ്എന്‍ഡിപിയുടെ മറുപടിയും പ്രതീക്ഷിച്ച് അവര്‍ ദീര്‍ഘനേരം കാത്തിരുന്നു. ഒടുവില്‍ മാധവന്‍ പ്രതീക്ഷിച്ചതുപോലെ ‘എസ്എന്‍ഡിപിക്ക് ഈ സത്യഗ്രഹത്തില്‍ സഹകരിക്കാന്‍ നിര്‍വാഹമില്ല’ എന്ന മറുപടിയാണ് കിട്ടിയത്. ഈ ചരിത്രസത്യം അറിയാതെയാണ് ഇപ്പോള്‍ ഒരു സമുദായനേതാവ് വീമ്പിളക്കുന്നത്. അന്നത്തെ എസ്എന്‍ഡിപിയല്ല ഇന്നത്തേതെന്നും ഓര്‍ക്കുക. വൈക്കം സത്യഗ്രഹത്തിന് നേതൃത്വം നല്‍കിയ പ്രമുഖരെല്ലാം പില്‍ക്കാലത്ത് കമ്മ്യൂണിസ്റ്റ് നേതാക്കളായി മാറിയെന്നതും ചരിത്രം.
എന്തുകൊണ്ട് അയിത്തോച്ചാടനം പ്രധാന പരിപാടിയായി കോണ്‍ഗ്രസ് ഏറ്റെടുക്കണമെന്ന് നിര്‍ദേശം മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വന്നില്ല? എന്തുകൊണ്ട് കാക്കിനഡ സമ്മേളനം അംഗീകരിച്ച പ്രമേയം നടപ്പിലാക്കാനുള്ള മുന്‍കൈ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വന്നില്ല. അത് യാദൃശ്ചികമല്ല, അതിന് ചരിത്രപരമായ കാരണങ്ങളുണ്ട്.

ജാതി മേധാവിത്തവും തല്‍ഫലമായി സാമ്പത്തികവും സാമൂഹികവുമായ അടിമത്തവും രാഷ്ട്രീയമായ വിവേചനവും അനാചാരങ്ങളും അസമത്വങ്ങളും കേരളത്തെ ഒരു ‘ഭ്രാന്താലയമാക്കിയിരുന്നുവെന്നത് മാത്രമല്ല, അതിനു കാരണം. ജാതി മേധാവിത്ത വ്യവസ്ഥയ്ക്കും അത് സൃഷ്ടിച്ച അനാചാരങ്ങള്‍ക്കും അസമത്വങ്ങള്‍ക്കുമെതിരായി നാനാജാതിക്കാരുടെ വമ്പിച്ച സാമൂഹ്യ പരിഷ്‌കാര പ്രസ്ഥാനങ്ങള്‍ കേരളത്തില്‍ 19-ാം നൂറ്റാണ്ടിന്റെ അവസാനത്തിലും 20-ാം നൂറ്റാണ്ടിന്‍റെ ആദ്യവര്‍ഷങ്ങളിലുമായി വളര്‍ന്നുവന്നിരുന്നു. കേരളത്തില്‍ വിപ്ലവകരമായ ജനാധിപത്യ പ്രസ്ഥാനത്തിന്‍റെ ആദ്യാങ്കുരങ്ങള്‍ ജാതിവ്യവസ്ഥയ്ക്കും അയിത്തത്തിനും അനാചാരങ്ങള്‍ക്കും സാമൂഹ്യമായ അസമത്വങ്ങള്‍ക്കുമെതിരായ സാമൂഹ്യ പരിഷ്‌കാര പ്രക്ഷോഭങ്ങളുടെ രൂപമാണ് കൈക്കൊണ്ടത്.’

‘മാറ്റുവിന്‍ ചട്ടങ്ങളെ സ്വയം, അല്ലെങ്കില്‍ മാറ്റുമതുകളീനിങ്ങളെത്താന്‍’ എന്ന വിപ്ലവകാഹളം കേരളത്തിലാകെ വിശേഷിച്ചും തിരുവിതാംകൂറില്‍ മാറ്റൊലികൊണ്ടു. അയിത്തം അവസാനിപ്പിക്കണമെന്ന ബോധം നാടാകെ വളര്‍ന്നുവന്നു. അയിത്തക്കാരായി ജീവിക്കാന്‍ ഇനിമേല്‍ തയ്യാറല്ലെന്ന് അവര്‍ണരായി അകറ്റിനിര്‍ത്തപ്പെട്ടവര്‍ പ്രഖ്യാപിച്ചു.
അയിത്തത്തിനെതിരായ സമരം പൊതു ജനാധിപത്യപ്രസ്ഥാനത്തിന്റെ, ദേശീയ സ്വാതന്ത്ര്യസമരത്തിന്‍റെ, ഒരു അടിയന്തരാവശ്യമായി കേരളത്തില്‍ വളര്‍ന്നുകഴിഞ്ഞതുകൊണ്ടാണ് വൈക്കം സത്യഗ്രഹം സംഘടിപ്പിക്കുന്നതിന് കോണ്‍ഗ്രസ് നേതൃത്വം മുന്നോട്ടുവന്നത്. അതുവരേയും ദേശീയ പ്രസ്ഥാനത്തില്‍ നിന്നും കോണ്‍ഗ്രസില്‍ നിന്നും അകന്നുനിന്നുകൊണ്ടും ഒട്ടൊക്കെ എതിരായും വളര്‍ന്നുവന്ന അയിത്തത്തിനെതിരായ സാമൂഹ്യമായ അസമത്വങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരായ ബഹുജന പ്രസ്ഥാനത്തെ ദേശീയപ്രസ്ഥാനവുമായി കൂട്ടിയിണക്കി എന്നതാണ് വൈക്കം സത്യഗ്രഹത്തിന്‍റെ ചരിത്രപ്രാധാന്യം.

വൈക്കം സത്യഗ്രഹം ജയിച്ചു. വൈക്കം ക്ഷേത്രത്തിനു ചുറ്റുമുള്ള പൊതുനിരത്തുകളില്‍ അവര്‍ണര്‍ക്ക് വഴിനടക്കാനുള്ള അവകാശം ലഭിച്ചു. അതുകൊണ്ട് അയിത്തം അവസാനിച്ചില്ല, സാമൂഹ്യമായ അനീതികളും അസമത്വങ്ങളും അവസാനിച്ചില്ല; ജാതി മേധാവിത്തം അവസാനിച്ചില്ല. 1931 – 32ല്‍ പ്രസിദ്ധമായ ഗുരുവായൂര്‍ സത്യഗ്രഹം നടന്നു. അതിനും നേതൃത്വം കൊടുത്തത് കോണ്‍ഗ്രസാണ്. ക്ഷേത്ര പരിസരങ്ങളില്‍ വഴിനടക്കാന്‍ മാത്രമല്ല, ക്ഷേത്രപ്രവേശനത്തിനുവേണ്ടികൂടിയുള്ളതായിരുന്നു ആ സമരം. അചിരേണ ആദ്യം ഗുരുവായൂര്‍ ക്ഷേത്രവും പിന്നീട് തിരുവിതാംകൂറിലെ എല്ലാ ക്ഷേത്രങ്ങളും ഹരിജനങ്ങള്‍ക്കും അവര്‍ണ ഹിന്ദുക്കള്‍ക്കുമായി തുറക്കപ്പെട്ടു.

വഴിനടക്കാനുള്ള പൗരാവകാശം നേടിയെടുത്തതുകൊണ്ടോ ക്ഷേത്രപ്രവേശനാവകാശം അംഗീകരിക്കപ്പെട്ടതുകൊണ്ടോ മാത്രം ജാതിമേധാവിത്തവും അയിത്തവും നശിപ്പിക്കപ്പെടുകയില്ലെന്ന് അനുഭവം തെളിയിച്ചു. ആ സമരങ്ങളെല്ലാം തീര്‍ച്ചയായും സാമൂഹ്യവും സാമ്പത്തികവുമായ മോചനത്തിനുവേണ്ടിയുള്ള വിപ്ലവപ്രസ്ഥാനത്തിലെ സുപ്രധാനമായ നാഴികക്കല്ലുകളായിരുന്നു.

തൊഴിലാളിവര്‍ഗത്തിന്‍റെ രാഷ്ട്രീയപ്പാര്‍ട്ടിയായ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി രംഗത്തുവന്നതോടെ സാമൂഹ്യമായ മോചനത്തിനുവേണ്ടിയുള്ള സമരത്തിന് പുതിയ ഉള്ളടക്കവും വ്യാപ്തിയും കിട്ടി. സാമ്പത്തികമായ മോചനത്തിനുവേണ്ടിയുള്ള സമരവുമായി അത് കൂട്ടിയിണക്കപ്പെട്ടു. ജാതിമത വ്യത്യാസം കൂടാതെ തൊഴിലാളികളെയും കൃഷിക്കാരേയും കര്‍ഷകത്തൊഴിലാളികളെയും അവരുടെ വര്‍ഗസംഘടനകളില്‍ ഏകോപിപ്പിക്കാനും അടിയന്തരവും ആത്യന്തികവുമായ ആവശ്യങ്ങള്‍ക്കുവേണ്ടിയുള്ള സമരങ്ങളില്‍ അവരെ നയിക്കാനും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി വിട്ടുവീഴ്ചയില്ലാതെ പ്രവര്‍ത്തിച്ചു.

വൈക്കം സത്യഗ്രഹത്തിന്‍റെയും ഗുരുവായൂര്‍ സത്യഗ്രഹത്തിന്‍റെയും ജനാധിപത്യപരമായ പാരമ്പര്യത്തെ മുന്നോട്ടു കൊണ്ടുപോകുന്നതും ജാതിമേധാവിത്തത്തെ അടിസ്ഥാനമാക്കിയ അസമത്വങ്ങളും അടിമത്തവും പൂര്‍ണമായും ശാശ്വതമായും അവസാനിപ്പിക്കുന്നതിനുള്ള അവശ്യോപാധിയായി സാമ്പത്തികമായ വിമോചനത്തെ ഉയര്‍ത്തിപ്പിടിക്കുന്നതും രാജ്യത്തിന്‍റെ നാനാഭാഗത്തും ഇന്നും തുടരുന്ന ഹരിജന മര്‍ദ്ദനങ്ങള്‍ക്കെതിരായും ഗിരിജനങ്ങളുടെ അവകാശങ്ങള്‍ക്കുവേണ്ടിയും ഊര്‍ജ്ജിതമായി പോരാടുന്നതും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയാണെന്ന് അഭിമാനത്തോടെ പറയാം.
വൈക്കം സത്യഗ്രഹത്തിന്റെ 94-ാം വാര്‍ഷികം ആഘോഷിക്കുമ്പോള്‍ സാമൂഹ്യമായ അവശതകള്‍ക്കെതിരായ സമരം പരിപൂര്‍ണവിജയത്തിലെത്തിക്കാന്‍ ഇനിയും തുടര്‍ന്ന് നടത്തേണ്ടതായിട്ടുണ്ടെന്ന് നാം മറക്കാതിരിക്കുക.