വൈദികനു നേരെ ഓസ്ട്രേലിയയിൽ വംശീയാക്രമണം

വൈദികനു നേരെ ഓസ്ട്രേലിയയിൽ വംശീയാക്രമണം
March 20 04:45 2017

മെൽബൺ: താമരശ്ശേരി രൂപത വൈദികനായ ഫാ. ടോമി കളത്തുരിനെതിരെ ഓസ്ട്രേലിയയിൽ വംശീയാക്രമണം. മെൽബണിൽ ഫാക്നർ നോർത്തിലാണ്‌ സംഭവം. ഇവിടെയുള്ള സെന്റ്‌ മാത്യു ഇടവക ദൈവാലയത്തിൽ വികാരിയാണ്‌ ഫാ. ടോമി കളത്തൂർ. മാർച്ച്‌ 19 ന്‌ ഞായറാഴ്ച വി. കുർബാനയ്ക്കുവേണ്ടി തയ്യാറായി ദൈവാലയത്തിയ വൈദികനോട്‌ അവിടെയത്തിയ ഒരാൾ തനിക്ക്‌ ചില കാര്യങ്ങൾ സംസാരിക്കാനുണ്ടെന്ന്‌ പറഞ്ഞു. വി. കുർബാനയ്ക്ക്‌ സമയമായതിനാൽ അതിനു ശേഷം സംസാരിക്കാമെന്നു പറഞ്ഞ വൈദികനെ അക്രമി കയ്യിൽ ഒളിപ്പിച്ചിരുന്ന കത്തിയെടുത്ത്‌ കഴുത്തിൽ കുത്തുകയായിരുന്നു. വിശുദ്ധ കുർബാനയുടെ തിരുവസ്ത്രങ്ങളും തണുപ്പിനെ പ്രതിരോധിക്കാനുള്ള മറ്റ്‌ കട്ടി കൂടിയ വസ്ത്രങ്ങളും ധരിച്ചിരുന്നതിനാൽ കഴുത്തിൽ ഗുരുതരമായ മുറിവ്‌ ഉണ്ടായില്ല.
വൈദികനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും പ്രാഥമിക ശുശ്രൂഷകൾക്കു ശേഷം വിട്ടയയ്ക്കുകയും ചെയ്തു. കഴിഞ്ഞ ഞായറാഴചയും ഇതേ അക്രമി ദൈവാലയത്തിൽ ചെല്ലുകയും വൈദികനോട്‌ ഇന്ത്യാക്കാരനാണോ എന്ന്‌ ചോദിക്കുകയും ചെയ്തു. ഇന്ത്യാക്കാരനാണെങ്കിൽ വി. കുർബാന അർപ്പിക്കുവാൻ പാടില്ല എന്ന്‌ പറഞ്ഞ്‌ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.
താമരശ്ശേരി രൂപതാ വൈദികനായ ഫാ. ടോമി ആനക്കാംപൊയിൽ കരിമ്പ്‌ സ്വദേശിയാണ്‌. 1994 ൽ വൈദികനായ ഇദ്ദേഹം അടയ്ക്കാക്കുണ്ട്‌, കല്ലുരുട്ടി, ചുണ്ടത്തുംപൊയിൽ, വെറ്റിലപ്പാറ തുടങ്ങിയ ഇടവകകളിൽ വികാരിയായും താമരശ്ശേരി അൽഫോൻസ സ്കൂളിൽ അധ്യാപകനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്‌. നാലു വർഷമായി ഓസ്ട്രലിയയിൽ സേവനം ചെയ്യുകയാണ്‌. ഫാ. ടോമി കളത്തൂരിനെതിരെ നടന്ന ആക്രമണത്തിൽ താമരശ്ശേരി രൂപത പ്രതിഷേധിച്ചു.

  Categories:
view more articles

About Article Author