വൈശാഖിയിലൊഴുകിയ രക്തപ്പുഴ

വൈശാഖിയിലൊഴുകിയ രക്തപ്പുഴ
April 13 04:45 2017

പി കെ അജേഷ്‌

1919 ഏപിൽ 13 അന്ന്‌ വൈശാഖി ഉത്സവദിനമായിരുന്നു. ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും വലിയ യുദ്ധക്കുറ്റങ്ങളിലൊന്ന്‌ പിറന്ന ദിവസം. ജാലിയൻ വാലാ ബാഗിലെ കിണർ രക്തംവീണ്‌ ചുവന്നു. 2000 ത്തോളം സാധാരണ മനുഷ്യരാണ്‌ ബ്രിട്ടീഷ്‌ പട്ടാളക്കാരുടെ തോക്കിന്‌ മുമ്പിൽ വെടിയേറ്റുവീണത്‌. ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ ഏറ്റവും രക്തരൂക്ഷിതമായ അധ്യായത്തിന്‌ ഇന്ന്‌ 98 വയസുതികയുന്നു.
അമൃത്സർ അന്ന്‌ ബ്രിട്ടീഷ്‌ വിരുദ്ധ പോരാട്ടത്തിന്റെ ഒരു കേന്ദ്രമായിരുന്നു. ഒന്നാം ലോക മഹായുദ്ധം ഏൽപിച്ച ഭാരം ചുമലിലേന്തേണ്ടിവന്നത്‌ ഇന്ത്യയിലെ സാധാരണക്കാരായിരുന്നു. അതിനെതിരെയുള്ള പ്രതിഷേധം സ്വതന്ത്ര്യപ്രക്ഷോഭമായി രൂപമെടുത്തു. റൗലറ്റ്‌ ആക്ടെന്ന കരിനിയമം അതിനെ ആളിക്കത്തിച്ചു. റഷ്യൻ സ്വാതന്ത്ര്യ ആശയങ്ങൾ യുവാക്കളിൽ പോരാടുള്ള ഉത്സാഹം വളർത്തി. ഗാന്ധിജി ആഹ്വാനം ചെയ്ത രാജ്യവ്യാപകമായ സമരത്തെ പഞ്ചാബ്‌ ആവേശത്തോടെയാണ്‌ ഏറ്റെടുത്തത്‌. മാർച്ച്‌ 30, ഏപ്രിൽ ആറ്‌ തീയതികളിൽ ഇത്‌ ബ്രിട്ടീഷുകാർക്ക്‌ മൂന്നാര്റിയിപ്പായി. പലയിടത്തും സമരം അക്രമാസക്തമാവുകയും ചെയ്തു.
പഞ്ചാബിലെ പ്രധാന നേതാക്കളായിരുന്ന ഡോ.സത്യപാൽ, സെയ്ഫുദ്ദീൻ കിച്ച്ലു എന്നിവരെ പൊലീസ്‌ തടവിലാക്കി. ഇതിൽ പ്രതിഷേധിച്ച്‌ ഏപ്രിൽ 10ന്‌ അമൃത്സറിൽ ഹർത്താലചരിച്ചു. അമൃത്സറിൽ ഡെപ്യൂട്ടി കമ്മീഷണറുടെ വീട്ടിലേക്കു നടന്ന പ്രതിഷേധ റാലിക്കു നേരെ പോലീസ്‌ നിറയൊഴിച്ചു. ഇതിൽ രോഷകുലരായ ജനക്കൂട്ടം ബാങ്കുകൾക്കും സർക്കാർ സ്ഥാപനങ്ങൾക്കും തീവെച്ചു. അക്രമങ്ങളിൽ അഞ്ച്‌ ബ്രിട്ടീഷുകാരും പോലീസ്‌ വെടിവെപ്പിൽ ഇരുപതിലേറെ ഇന്ത്യക്കാരും കൊല്ലപ്പെട്ടു. വീണ്ടും പലയിടത്തും അക്രമങ്ങൾ പൊട്ടിപ്പുറപ്പെട്ടതോടെ ഏപ്രിൽ 13 ന്‌ നിരോധനാജ്ഞ പ്രഖ്യാപിക്കപ്പെട്ടു. മാർഷെല ഷേർവുഡ്‌ എന്ന ബ്രിട്ടീഷ്‌ വനിതക്കെതിരായ ആക്രമണശ്രമം ബ്രിട്ടീഷ്‌ പട്ടാളത്തെ കോപംകൊള്ളിച്ചു. 1857 ലെ ഒന്നാം സ്വാതന്ത്ര്യസമരത്തിന്‌ തുല്യമായ അവസ്ഥയാണെന്ന്‌ പഞ്ചാബിലെ ലഫ്റ്റനന്റ്‌ ഗവർണർ മൈക്കൽ ഒഡ്വയർ വിലയിരുത്തി. ബ്രിഗേഡിയർ ജനറൽ റജിനാൾഡ്‌ ഡയർ നേരിട്ട്‌ നഗരത്തിന്റെ നിയന്ത്രണം ഏറ്റെടുത്തു.
വൈശാഖി ഉത്സവത്തിന്റെ ഭാഗമായ പരിപാടിയ്ക്കാണ്‌ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ വിവിധ മതസ്ഥരായ ഇരുപതിനായിരത്തോളം പേർ ജാലിയൻവാലാ ബാഗിൽ ഒത്തുചേർന്നിരുന്നത്‌. നിരോധനാജ്ഞയെക്കുറിച്ചൊന്നും അറിവില്ലാതെ ഗ്രാമീണരാണ്‌ ഉത്സവാഘോഷങ്ങൾക്കായി എത്തിയിരുന്നത്‌.
വൈകിട്ട്‌ അഞ്ചരയോടെ ജനറൽ റജിനാൾഡ്‌ ഡയർ, 90 അംഗങ്ങൾ വരുന്ന ഒരു ചെറിയ സായുധസേനയുമായി മൈതാനം വളഞ്ഞു. യന്ത്രവത്കൃതതോക്കുകൾ ഘടിപ്പിച്ച രണ്ട്‌ വാഹനങ്ങൾകൂടി സേനയോടൊപ്പം ഡയർ കൊണ്ടുവന്നിരുന്നു. എന്നാൽ മൈതാനത്തിലേക്കുള്ള വഴി തീരെ ചെറുതായിരുന്നതിനാൽ ആ വാഹനങ്ങൾ അകത്തേക്ക്‌ പ്രവേശിപ്പിക്കാൻ കഴിഞ്ഞിരുന്നില്ല. ജാലിയൻവാലാബാഗ്‌ മൈതാനം മതിലുകളാൽ ചുറ്റപ്പെട്ടതാണ്‌, മൈതാനത്തിലേക്കുള്ള വാതിലുകൾ തീരെ ഇടുങ്ങിയതുമാണ്‌ അതിൽ പലതും സ്ഥിരമായി അടച്ചിട്ടിരിക്കുകയുമാണ്‌. പ്രധാന വാതിൽ സൈനികരെക്കൊണ്ടും വാഹനത്തെക്കൊണ്ടും അടച്ചിരുന്നു.
യോഗം പിരിഞ്ഞുപോകാൻ മൂന്നാര്റിയിപ്പു നൽകാതെ തന്നെയാണ്‌ ഡയർ വെടിവെപ്പിന്‌ ഉത്തരവിട്ടത്‌. വെടിക്കോപ്പുകൾ തീരുന്നതുവരെ വെടിവെക്കാനായിരുന്നു ഉത്തരവ്‌. 1,650 തവണയാണ്‌ പട്ടാളക്കാർ ജനക്കൂട്ടത്തിനു നേരെ വെടിവെച്ചത്‌. സംഭവത്തിനുശേഷം ഒഴിഞ്ഞു കിടന്ന തിരകളുടെ പൊതികളിൽ നിന്നുമാണ്‌ ഈ കണക്ക്‌ പിന്നീട്‌ ലഭിച്ചത്‌. അപ്രതീക്ഷിതമായി വന്ന ആക്രമണത്തിൽ നിന്നും രക്ഷപ്പെടാനായി, ജനങ്ങൾ കൂട്ടത്തോടെ മൈതാനത്തിനകത്തുള്ള ഒരു ചെറിയ കിണറിലേക്ക്‌ ചാടി. 120 മൃതശരീരങ്ങളാണ്‌ ഈ ചെറിയ കിണറിൽ നിന്നുമാത്രമായി ലഭിച്ചത്‌.
വെടിവെപ്പിൽ മരണമടഞ്ഞവരുടെ എണ്ണത്തെക്കുറിച്ച്‌ ഇപ്പോഴും തർക്കങ്ങൾ നിലനിൽക്കുന്നുണ്ട്‌. 379 പേർ വെടിവെപ്പിൽ മരിച്ചുവെന്നാണ്‌ ബ്രിട്ടീഷ്‌ സർക്കാരിന്റെ കണക്കുകൾ. എന്നാലിത്‌ 1800ൽ ഏറെയായിരുന്നു എന്ന്‌ ഇതിനെക്കുറിച്ച്‌ പഠിച്ച കോൺഗ്രസ്സിന്റെ കണക്കുകൾ പറയുന്നു.
അമൃത്സറിലെ ഒരുകൂട്ടം വിപ്ലവകാരികളുമായി ബ്രിട്ടീഷ്‌ സൈന്യം ഏറ്റുമുട്ടി എന്നാണ്‌ ഡയർ തന്റെ മേലധികാരിക്ക്‌ അയച്ച റിപ്പോർട്ടിൽ പറയുന്നത്‌. ജനറൽ ഡയർ ചെയ്ത നടപടി ശരിയാണെന്നും തങ്ങൾ അത്‌ അംഗീകരിക്കുന്നുവെന്നും ലഫ്റ്റനന്റ്‌ ഗവർണർ മൈക്കൽ ഒഡ്വയറുടെ മറുപടി സന്ദേശത്തിൽ രേഖപ്പെടുത്തിയിരിക്കുന്നു. അമൃത്സറിലെ മറ്റു ഭാഗങ്ങളിൽകൂടി പട്ടാളനിയമം പ്രഖ്യാപിക്കണമെന്ന്‌ ഗവർണറുടെ അപേക്ഷ വൈസ്രോയി ചെംസ്ഫോർഡ്‌ പ്രഭു അംഗീകരിക്കുകയും ചെയ്തു.
കൂട്ടക്കൊലയ്ക്കെതിരെ രാജ്യമെങ്ങും പ്രതിഷേധം കത്തിപ്പടർന്നു. സിഖ്‌ പട്ടാളക്കാർ സൈനികസേവനം ബഹിഷ്കരിച്ചു. രവീന്ദ്രനാഥ ടാഗോർ സർ സ്ഥാനം ഉപേക്ഷിച്ചു. ബ്രിട്ടീഷ്‌ പ്രധാനമന്ത്രിയായിരുന്ന വിൻസ്റ്റൺ ചർച്ചിൽ മൃഗീയം എന്നാണ്‌ ജാലിയൻവാലാ ബാഗ്‌ സംഭവത്തെ വിശേഷിപ്പിച്ചത്‌. 37 നെതിരേ 247 വോട്ടുകൾക്ക്‌ ഹൗസ്‌ ഓഫ്‌ കോമൺസ്‌ ഡയർക്കെതിരേയുള്ള പ്രമേയം പാസ്സാക്കി. 1920 ൽ സൈനികസേവനത്തിൽ നിന്നും നിഷ്കാസിതനായെങ്കിലും വീരപരിവേഷത്തോടെയാണ്‌ ജനറൽ ഡയർ ഇംഗ്ലണ്ടിൽ തിരിച്ചെത്തിയത്‌. കൂട്ടക്കൊലയിലെ പ്രധാനസൂത്രധാരൻ ആയ മൈക്കൽ ഒഡ്വയറിനെ 1940 ൽ ഉധം സിങ്‌ ലണ്ടനിൽവച്ച്‌ വെടിവെച്ചു കൊന്നു. ഉധം സിങ്‌ ജാലിയൻവാലാബാഗ്‌ സംഭവത്തിൽ പരുക്കേറ്റയാൾകൂടിയായിരുന്നു.
സംഭവത്തിൽ അന്വേഷണത്തിനായി ഹണ്ടർ കമ്മിഷനെ നിയോഗിച്ചു. സ്കോട്ട്ലാന്റിലെ സോളിസിറ്റർ ജനറലായിരുന്ന വില്യം ഹണ്ടർ പ്രഭുവിന്റെ നേതൃത്വത്തിലായിരുന്നു ഈ കമ്മീഷൻ പ്രവർത്തിച്ചത്‌. മൂന്ന്‌ ഇന്ത്യക്കാരും ഹണ്ടർ ഉൾപ്പെടെ അഞ്ച്‌ ബ്രിട്ടീഷുകാരുമായിരുന്നു കമ്മിഷൻ അംഗങ്ങൾ.
നവംബർ 19 നാണ്‌ ഡയർ കമ്മീഷനു മുമ്പിൽ ഹാജരായത്‌. ജനക്കൂട്ടം ജാലിയൻവാലാബാഗിൽ ഒത്തുകൂടിയിട്ടുണ്ടെങ്കിൽ അവിടെ വെടിവെപ്പു നടത്താൻ കരുതി തന്നെയാണ്‌ താൻ പോയതെന്നാണ്‌ ഡയർ കമ്മീഷനു മുമ്പാകെ മൊഴി നൽകിയത്‌.
യന്ത്രവത്കൃത തോക്കുകൾ ഘടിപ്പിച്ച വാഹനങ്ങൾ മൈതാനത്തേക്ക്‌ കടത്തിവിടാൻ കഴിഞ്ഞിരുന്നെങ്കിൽ അതുപയോഗിച്ചും വെടിയുതിർത്തേനെയെന്നും ഡയർ മൊഴി നൽകിയെന്ന്‌ നൈജൽ കൊല്ലറ്റ്‌ 2006 ൽ പ്രസിദ്ധീകരിച്ച ദ ബുച്ചർ ഓഫ്‌ അമൃത്സർ എന്ന പുസ്തകത്തിൽ രേഖപ്പെടുത്തുന്നു. കമ്മിഷനിലെ ഇന്ത്യൻ അംഗങ്ങളിലൊരാളായ ചിമൻലാൽ സെതൽവാദിന്റെ ഓർമ്മക്കുറിപ്പുകളിലും ഇക്കാര്യം പറയുന്നുണ്ട്‌.
ബ്രിട്ടീഷ്‌ അംഗങ്ങളും ഇന്ത്യൻ അംഗങ്ങളും വെവ്വേറെയാണ്‌ റിപ്പോർട്ട്‌ തയ്യാറാക്കിയത്‌. ജനറൽ ഡയർക്കെതിരേ യാതൊരു വിധ ശിക്ഷാ നടപടികളും കമ്മീഷൻ ശുപാർശ ചെയ്തിരുന്നില്ല. വൈസ്രോയി കൗൺസിലിലെ അംഗങ്ങളും ഡയർ കുറ്റക്കാരനെന്നു കണ്ടെത്തിയെങ്കിലും രാഷ്ട്രീയപരമായ കാരണങ്ങളാൽ നടപടിയൊന്നും ഉണ്ടായിരുന്നില്ല. എന്നാൽ ഡയർ കുറ്റക്കാരനാണെന്നു കമ്മീഷനുൾപ്പടെ കണ്ടെത്തിയിരുന്നതിനാൽ അദ്ദേഹത്തെ പിന്നീട്‌ സൈനിക സേവനങ്ങളിൽ നിന്നും തിരിച്ചുവിളിക്കുകയായിരുന്നു. ഇന്ത്യയിലെ ബ്രിട്ടീഷ്‌ ഭരണത്തിന്റെ അന്ത്യം കുറിക്കപ്പെട്ട സംഭവങ്ങളിലൊന്നായി ജാലിയൻവാലാബാഗ്‌ കൂട്ടക്കൊല കണക്കാക്കപ്പെടുന്നു.
കൂട്ടക്കൊല നടന്ന സ്ഥലത്ത്‌ ജീവൻ ത്യജിക്കേണ്ടിവന്നവരുടെ ഓർമ്മയ്ക്കായി 1961 ലാണ്‌ സ്മാരകം പണികഴിപ്പിച്ചത്‌. ഇന്നും പാർക്കിലെ ഭിത്തികളിൽ അന്നത്തെ വെടിയുണ്ടകളുടെ പാടുകൾ അവശേഷിക്കുന്നുണ്ട്‌. വെടിയുണ്ടയിൽ നിന്നും രക്ഷപെടാനായി നിരവധി പേർ ചാടിയ സമീപത്തുള്ള കിണറും അതുപോലെ സൂക്ഷിച്ചിട്ടുണ്ട്‌. സ്വാതന്ത്ര്യത്തിന്റെ ജ്വാല’ യാണ്‌ ഉദ്യാനത്തിന്റെ മറ്റൊരു സവിശേഷത. കൂട്ടക്കൊലയിൽ മരിച്ചവരുടെ ഓർമ്മയ്ക്കായി എന്നും ഈ കെടാവിളക്ക്‌ എരിയുന്നു.

  Categories:
view more articles

About Article Author