വൈ എം സി എയുടെ ശതോത്തര രജതജൂബിലി വാര്‍ഷികാഘോഷം നാളെ

January 11 01:57 2017

 

കോട്ടയം: കോട്ടയം വൈ എം സി എയുടെ ശതോത്തര രജതജൂബിലി വാര്‍ഷികാഘോഷം ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം നാളെ ഉദ്ഘാടനം ചെയ്യും. രാവിലെ 11.30നു കോട്ടയം വൈ എം സി എ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ വൈ എം സി എ പ്രസിഡന്റ് ഏബ്രഹാം കുര്യന്‍ പാലാമ്പടം അധ്യക്ഷതവഹിക്കും. പോസ്റ്റല്‍ വകുപ്പ് പുറത്തിറക്കുന്ന വൈ എം സി എ ശതോത്തര രജത ജൂബിലി സെപ്ഷല്‍ പോസ്റ്റല്‍ കവര്‍ ഗവര്‍ണര്‍ പ്രകാശനം ചെയ്യും. ജസ്റ്റിസ് കെ ടി തോമസ് മുഖ്യപ്രഭാഷണം നടത്തും. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം എല്‍എ, ജോണ്‍ വര്‍ഗീസ്, സി ഏബ്രഹാം ഇട്ടിച്ചെറിയ, കേരള സര്‍ക്കിള്‍ ചീഫ് പോസ്റ്റ് മാസ്റ്റര്‍ ജനറല്‍ അഞ്ജലി ആനന്ദ് എന്നിവര്‍ പ്രസംഗിക്കും.
ജാതി മത ഭേദമന്യേ കോട്ടയം പട്ടണത്തിലും സമീപ പ്രദേശങ്ങളിലുമുള്ള ജനങ്ങളുടെ സാമൂഹ്യ, സാംസ്‌കാരിക, കായിക ഉന്നമനത്തിന് കോട്ടയം വൈഎംസിഎ അതിന്റെ സ്ഥാപനം മുതല്‍ നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ട്. ഭാരതത്തിലെ അദ്യ വൈഎംസിഎ 1857ല്‍ കോല്‍ക്കത്തയില്‍ ആരംഭിച്ചുവെങ്കിലും 1891ല്‍ വൈഎംസിഎ ദേശീയ കൗണ്‍സില്‍ രൂപീകൃതമായതിനു ശേഷമാണ് വൈ എം സി എ പ്രസ്ഥാനം വ്യാപകമായി ഭാരതത്തില്‍ പ്രചരിപ്പിക്കപ്പെടടത്. തെട്ടടുത്ത വര്‍ഷം തന്നെ വൈ എം സി എ സ്ഥാപിക്കപ്പെട്ടു എന്നത് പട്ടണത്തിന്റെ അന്നത്തെ പ്രാധാന്യം വിളിച്ചോതുന്നു. കായിക രംഗത്ത് കോട്ടയം വൈഎം സി എയുടെ സംഭാവന നിസ്തുലമാണ്. കേരളത്തിലെ ആദ്യത്തെ ബാസ്‌കറ്റ് ബോള്‍ കോര്‍ട്ട് കോട്ടയം വൈഎംസിഎയാണ് സ്ഥാപിച്ചത്. അങ്ങനെ ബാസ്‌കറ്റ്‌ബോളിന്റെ കേരളത്തിലെ കളിത്തൊട്ടിലായി മാറിയ കോട്ടയം വൈ എം സി എ അഞ്ഞുറില്‍പരം ദേശീയ സംസ്ഥാന യൂണിവേഴ്‌സിറ്റി താരങ്ങളെ വളര്‍ത്തിയെടുത്ത് എന്നത് അഭിമാനകരമാണ്. ഫുട്‌ബോള്‍,ബില്യാര്‍ഡ്‌സ്, ബ്രിഡ്ജ്, വോളിബോള്‍, ടെന്നീസ് തുടങ്ങി എല്ലാ കായിക ഇനങ്ങളെയും പ്രോത്സാഹിപ്പിക്കുന്നതിലും വൈഎംസിഎ തനതായ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്.
1923ല്‍ റിക്ഷാതൊഴിലാളികളുടെ ഉന്നമനം ലക്ഷ്യമാക്കി ആരംഭിച്ച സഹകരണ പ്രസ്ഥാനം വൈഎംസിഎയുടെ സാമൂഹ്യ പ്രതിബന്ധതയുടെ തെളിവാണ്. മാനസിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികള്‍ക്കായി 1989 മുതല്‍ വൈഎംസിഎ ബോദി നിലയം സ്‌കൂള്‍ നടത്തിവരുന്നു. ഇപ്പോള്‍ സ്‌കൂളില്‍ 59 കുട്ടികള്‍ പഠിക്കുന്നുണ്ട്. വൈഎംസിഎയുടെ ഹോസ്റ്റല്‍ വിദ്യാര്‍ഥികള്‍ക്കും ദൂരെ നിന്ന് വന്ന് ജോലി ചെയ്യുന്നവര്‍ക്കും ഒരു പോലെ ഉപകാര പ്രദമാണ്. ബോധിനിലയം സ്‌കൂളിന് പുതിയ കെട്ടിടം, സിഎംഎസ് വാലിയില്‍ സ്‌പോര്‍ട്‌സ് കോംപ്ലക്‌സ്, കുമരകത്ത് റിട്രീറ്റ് സെന്റര്‍ മുതലായവ വൈ എം സി എയുടെ ജൂബിലി പ്രോജക്ടുകളാണ്. പത്രസമ്മേളനത്തില്‍ പ്രസിഡന്റ് ഏബ്രഹാം കുര്യന്‍, സി. ഏബ്രഹാം ഇട്ടിച്ചെറിയ, ജോണ്‍ വര്‍ഗീസ്, ജിജോ വി. ഏബ്രഹാം, ബിനോ ബേബി ഏബ്രഹാം എന്നിവര്‍ പങ്കെടുത്തു.

  Categories:
view more articles

About Article Author