Monday
23 Apr 2018

വ്യാപാരി പണിമുടക്കും വിപണി സ്തംഭനവും പരിഹരിക്കണം

By: Web Desk | Tuesday 11 July 2017 4:55 AM IST

കേരളത്തിലെ ഗണ്യമായ ഒരുപങ്ക്‌ വ്യാപാരസ്ഥാപനങ്ങൾ ഇന്ന്‌ കടകളടച്ച്‌ സമരത്തിലാണ്‌. ചരക്ക്‌ സേവന നികുതി നടപ്പായതിന്റെ പശ്ചാത്തലത്തിൽ ഉൽപന്നങ്ങളുടെ വിലയും നികുതിയും സംബന്ധിച്ച്‌ വ്യാപാരികളും സർക്കാരും തമ്മിലുള്ള ചർച്ചകൾ പരാജയപ്പെട്ടതിനെ തുടർന്നാണ്‌ സമരം. ജിഎസ്ടിയുമായി ബന്ധപ്പെട്ട്‌ കോഴിയിറച്ചി വില കുറയ്ക്കണമെന്ന ആവശ്യം നിരാകരിച്ചുകൊണ്ടാണ്‌ ആ രംഗത്തുള്ള വലിയൊരു വിഭാഗം കച്ചവടക്കാർ അനിശ്ചിതകാല സമരം ആരംഭിച്ചിരിക്കുന്നത്‌. ദിനംപ്രതി മാറുന്ന എണ്ണവില തങ്ങൾക്ക്‌ നഷ്ടമുണ്ടാക്കുന്നതിൽ പ്രതിഷേധിച്ചാണ്‌ പെട്രോൾ പമ്പുടമകൾ സമരം നടത്തുന്നത്‌. വ്യാപാരികളിൽ ഒരു വിഭാഗവും ഹോട്ടൽ, റസ്റ്റോറന്റ്‌ ഉടമകളുടെ സംഘടനയും കോഴി വിൽപനയിൽ ഏർപ്പെട്ടിട്ടുള്ള ഒരു വിഭാഗവും സമരത്തിൽ നിന്ന്‌ വിട്ടുനിൽക്കുമെന്ന്‌ വ്യക്തമാക്കിയിട്ടുണ്ട്‌. സമരം ചെയ്യുന്ന കോഴി വ്യാപാരികൾ ഒഴികെയുള്ളവരുടെ സമരം ഇന്ന്‌ മാത്രമാണെന്നത്‌ പൊതുജനങ്ങൾക്ക്‌ ആശ്വാസകരമാണ്‌. ജിഎസ്ടി നടപ്പിലായതോടെ ഭൂരിഭാഗം നിത്യോപയോഗ വസ്തുക്കളുടെയും വിലയിൽ നേരിയ കുറവുണ്ടായതായാണ്‌ സർക്കാർ പുതിയതും പഴയതുമായ നികുതി നിരക്കുകൾ, പരമാവധി വിൽപന വില (എംആർപി) എന്നിവ ഔദ്യോഗികമായി പ്രഖ്യാപിച്ചുകൊണ്ടുള്ള പരസ്യത്തിൽ നിന്ന്‌ വ്യക്തമാകുന്നത്‌. എന്നാൽ അത്‌ ഉപഭോക്താവിന്‌ ലഭ്യമാക്കാൻ വിസമ്മതിക്കുന്ന പശ്ചാത്തലത്തിൽ കർശന നടപടികളുമായി മുന്നോട്ടുപോകുമെന്ന സർക്കാരിന്റെ മൂന്നാര്റിയിപ്പാണ്‌ വ്യാപാരികളെ പ്രകോപിപ്പിച്ചിരിക്കുന്നത്‌. പുതിയ നികുതി സമ്പ്രദായം നടപ്പാക്കുന്നതിൽ സ്വാഭാവികമായി ഉണ്ടായേക്കാവുന്ന ആശയക്കുഴപ്പങ്ങളും സാങ്കേതിക തടസങ്ങളും പരിഹരിക്കാൻ സർക്കാർ സന്നദ്ധമായിട്ടും അത്‌ അംഗീകരിക്കാതെയാണ്‌ ഒരു വിഭാഗം കടയടപ്പ്‌ സമരത്തിന്‌ മുതിർന്നിരിക്കുന്നത്‌. സർക്കാർ നിലപാട്‌ അംഗീകരിച്ച്‌ ഒരു വിഭാഗം വ്യാപാരികൾ സമരത്തിൽ നിന്നും പിന്മാറിയിട്ടുണ്ടെന്നതും ശ്രദ്ധേയമാണ്‌. ജിഎസ്ടി നിലവിൽ വന്നതോടെ നികുതി ഘടനയിലുണ്ടായ മാറ്റത്തിന്റെ പ്രയോജനം ഉപഭോക്താവിനു നിഷേധിക്കുന്ന വ്യാപാരികളുടെയും അവരുടെ സംഘടനകളുടെയും നിലപാട്‌ പൊതുജന താൽപര്യത്തിന്‌ വിരുദ്ധവും ജനങ്ങൾക്കും ജനകീയ സർക്കാരിനും അംഗീകരിക്കാനാവുന്നതുമല്ല.
പുതിയ നികുതി നിലവിൽ വന്നതോടെ കോഴിയിറച്ചി വില ഗണ്യമായി കുറയുമെന്നാണ്‌ സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നത്‌. എന്നാൽ നികുതി നിരക്കിൽ വന്ന കുറവിന്റെ ആനുകൂല്യം ഉപഭോക്താവിന്‌ നിഷേധിക്കുന്ന, വളരെ ഉയർന്ന വില തങ്ങൾക്ക്‌ ലഭിക്കണമെന്ന വാശിയാണ്‌ ഒരു പറ്റം വ്യാപാരികൾ തുടർന്നുവരുന്നത്‌. കേരളത്തിലെ കോഴിയിറച്ചി വ്യപാരം നിയന്ത്രിക്കുന്ന തമിഴ്‌നാട്‌ ലോബിയാണ്‌ അവയുടെ വില നിശ്ചയിക്കുന്നത്‌. രാജ്യത്തെതന്നെ ഏറ്റവുമധികം കോഴിയിറച്ചി ഉപഭോഗം നടക്കുന്ന സംസ്ഥാനമാണ്‌ കേരളം. എന്നാൽ നമുക്ക്‌ ആവശ്യമായ കോഴിയിറച്ചിയുടെ ഏതാണ്ട്‌ എഴുപതുശതമാനത്തിലധികം വരുന്നത്‌ തമിഴ്‌നാട്‌, കർണാടക സംസ്ഥാനങ്ങളിൽ നിന്നാണ്‌. കേരളത്തിൽ കോഴിയുടെ ആഭ്യന്തര ഉൽപാദനം ഗണ്യമായി ഉയർത്താതെ ഈ ലോബിയെ നിയന്ത്രിക്കുക സാമാന്യേന ദുഷ്കരമാണ്‌. വില താഴ്ത്തണമെന്ന സർക്കാർ നിർദ്ദേശത്തിന്റെ പശ്ചാത്തലത്തിൽ കേരളത്തിൽ നിന്ന്‌ കോഴികളെയും കോഴിക്കുഞ്ഞുങ്ങളെയും തിടുക്കത്തിൽ അതിർത്തി കടത്തി തമിഴ്‌നാട്ടിലേക്ക്‌ കൊണ്ടുപോയത്‌ ഈ വസ്തുതയാണ്‌ ചൂണ്ടിക്കാട്ടുന്നത്‌. സംസ്ഥാന സർക്കാർ ഇത്‌ ഗൗരവമായി കണ്ട്‌ എല്ലാവിധ പ്രോത്സാഹനവും നൽകി ആഭ്യന്തര കോഴി ഉൽപാദനം ഗണ്യമായി ഉയർത്താൻ സത്വര നടപടി സ്വീകരിക്കണം. അതായിരിക്കും ഏറെ ആവശ്യക്കാരുള്ള കോഴിയിറച്ചിയുടെ വില നിയന്ത്രിച്ചു നിർത്താനുള്ള സുപ്രധാന നടപടി.
പെട്രോളിയം ഇന്ധന വിതരണത്തിലെ വ്യാപാരികൾ ഉന്നയിക്കുന്ന പ്രശ്നങ്ങൾക്ക്‌ പരിഹാരം കാണേണ്ടത്‌ കേന്ദ്ര സർക്കാരാണ്‌. ഇന്ധന വിലയ്ക്കുള്ള നിയന്ത്രണങ്ങൾ എടുത്തുകളയുമ്പോൾ കേന്ദ്ര സർക്കാർ അന്താരാഷ്ട്ര വിപണിയിൽ ഉണ്ടാവുന്ന ഏറ്റക്കുറച്ചിലുകളുടെ പ്രയോജനം ഉപഭോക്താവിന്‌ ലഭ്യമാക്കുമെന്നാണ്‌ പറഞ്ഞിട്ടുള്ളത്‌. എന്നാൽ ഫലത്തിൽ അത്‌ ഉപഭോക്താവിന്‌ യാതൊരു നേട്ടവും ഉണ്ടാക്കിയില്ല. മാത്രമല്ല എണ്ണക്കമ്പനികൾക്കും നികുതി ഉയർത്തി സർക്കാർ ഖജനാവിനും നേട്ടമുണ്ടാക്കാൻ മാത്രമാണ്‌ ആ പരിഷ്കാരം വഴി കഴിഞ്ഞത്‌. ഇപ്പോൾ ദിനംപ്രതി വിലമാറുന്നത്‌ ഉപഭോക്താവിനുണ്ടാക്കുന്ന അസൗകര്യങ്ങൾക്ക്‌ പുറമെ മുൻകൂട്ടി ഇന്ധനം ശേഖരിക്കുന്ന വ്യാപാരികൾ പുതുക്കിയ വിലയ്ക്ക്‌ അവ വിൽക്കേണ്ടിവരുന്നത്‌ വൻ നഷ്ടത്തിന്‌ ഇടയാക്കുന്നതായാണ്‌ അവർ പറയുന്നത്‌. അത്‌ തീർച്ചയായും പരിഗണിക്കപ്പെടേണ്ടതും പരിഹരിക്കപ്പെടേണ്ടതുമായ പ്രശ്നമാണ്‌. എണ്ണക്കമ്പനികളും കേന്ദ്ര സർക്കാരും ഇക്കാര്യം അനുഭാവപൂർവം പരിഗണിച്ച്‌ പൊതുജനങ്ങൾക്ക്‌ ഉണ്ടാകുന്ന നഷ്ടങ്ങളും ബുദ്ധിമുട്ടുകളും ഒഴിവാക്കാൻ നടപടി സ്വീകരിക്കണം. വ്യാപാരരംഗത്ത്‌ ഉയർന്നുവന്നിരിക്കുന്ന ഇത്തരം പ്രശ്നങ്ങൾ ഓരോന്നും പരിഹരിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകളും വ്യാപാരി സമൂഹവും ഉയർന്ന പരിഗണന നൽകി ജനജീവിതത്തിന്റെ സുഗമമായ മുന്നോട്ടുപോക്ക്‌ ഉറപ്പുവരുത്തണം.