ശതാബ്ദി പിന്നിട്ട സരസകവി പട്ടവും പൊൻമോതിരാദരവും

ശതാബ്ദി പിന്നിട്ട സരസകവി പട്ടവും പൊൻമോതിരാദരവും
April 08 04:45 2017

മൂലൂർ എസ്‌ പത്മനാഭപ്പണിക്കരുടെ പൊൻമോതിരാദരത്തിന്‌ 104 വയസ്‌

മലയാള കാവ്യരംഗത്ത്‌ എഴുത്തുകൊണ്ടും സംവാദങ്ങൾ കൊണ്ടും സജീവമായിരുന്നു മൂലൂർ എസ്‌ പത്മനാഭപ്പണിക്കർ. കവിതയെ കലാപമാക്കി മാറ്റിയ മൂലൂരിനെ സരസകവിയെന്ന്‌ ആദ്യം വിളിച്ചു ബഹുമാനിച്ചത്‌ കേരളവർമ്മ വലിയകോയിത്തമ്പുരാൻ കേരള കാളിദാസനായിരുന്നു.
86 വർഷം മുമ്പ്‌ കഥാവശേഷനായ മൂലൂരിന്‌ പൊൻമോതിരവും സരസകവി ബഹുമതിയും നൽകി ആദരിച്ചിട്ട്‌ ഏപ്രിൽ 10ന്‌ 104 വർഷം പിന്നിടുന്നു. സരസകവിയെന്ന്‌ മൂലൂർ എസ്‌ പത്മനാഭപ്പണിക്കരെ ആദ്യം വിളിച്ച്‌ ബഹുമാനിച്ച കേരളവർമ്മ വലിയകോയിത്തമ്പുരാനും മൂലൂരും തമ്മിൽ ഗാഢമായ ബന്ധമാണ്‌ ഉണ്ടായിരുന്നത്‌. അക്കാലത്ത്‌ രൂഢമൂലമായിരുന്ന ജാതീയമായ ഉച്ചനീചത്വങ്ങളൊന്നും അതിനു തടസ്സമായില്ല. ഈ സൗഹൃദത്തിന്‌ ഒരു നിത്യസ്മാരകം ഉണ്ട്‌ – മൂലൂർ പണികഴിപ്പിച്ച വീട്‌ – കേരളവർമ്മ സൗധം – എന്നാണ്‌ അതിന്‌ നൽകിയിരിക്കുന്ന പേര്‌. പത്തനംതിട്ടയിലെ ഇലവുംതിട്ടയിൽ മൂലൂർ സ്ഥാപിച്ച സ്കൂളിന്റെ പേരും കേരളവർമ്മ വിലാസം യു.പി.സ്കൂൾ എന്നുതന്നെ.

സാമൂഹ്യ പരിഷ്കർത്താവ്‌
ആർക്കും അവഗണിക്കാനാവാത്ത പൗരുഷം, ആകർഷകവും അധൃഷ്യവുമായ വ്യക്തിപ്രഭാവം, സാമൂഹ്യ പരിഷ്കരണത്തിനുള്ള അടങ്ങാത്ത ത്വര, സമൂഹത്തെപ്പറ്റി ശരിയും ശാസ്ത്രീയവുമായ കാഴ്ചപ്പാട്‌, തികഞ്ഞ സഹാനുഭൂതി – മൂലൂർ എസ്‌.പത്മനാഭപ്പണിക്കർ എന്ന കാവ്യപ്രതിഭയുടെയും തിരുവിതാംകൂറിലെ പ്രമുഖ സാമൂഹ്യ നായകന്റെയും വ്യക്തിവിശേഷങ്ങൾ ഇങ്ങനെ എഴുതിപ്പോകാം. കേരള നവോത്ഥാനത്തിന്റെ പിതാവായിരുന്ന ശ്രീനാരായണ ഗുരുവിന്റെ വത്സല ശിഷ്യന്‌ ഇങ്ങനെയൊക്കെ ആകാതെ വയ്യ. ശ്രീനാരായണ ഗുരുവിന്റെ സന്ദേശ വാഹകരിൽ പ്രധാനിയായിരുന്നു സരസകവി മൂലൂർ. ഗുരുദേവന്റെ ആദർശങ്ങൾ പിൻതുടർന്ന്‌ മൂലൂർ ഉത്സാഹത്തോടും ആത്മാർത്ഥതയോടും അധഃസ്ഥിതർക്കുവേണ്ടി പ്രവർത്തിച്ചു. തെക്കൻ തിരുവിതാംകൂറിൽ അയ്യൻകാളിയുടെ നേതൃത്വത്തിൽ പുലയർക്കുണ്ടായ ഉണർവ്വ്‌ വടക്കൻ പ്രദേശങ്ങളിൽ വ്യാപിപ്പിക്കുന്നതിന്‌ അവരുടെ ഇടയിൽ നിന്ന്‌ സമർത്ഥരായ നേതാക്കൻമാരെ കണ്ടുപിടിച്ച്‌ സമുദായോദ്ധാരണം നടത്തുന്നതിന്‌ അദ്ദേഹം രംഗത്തെത്തി. ഇതിനായി നേതൃസ്ഥാനത്തേക്ക്‌ മൂലൂർ ഉയർത്തിവിട്ടവരാണ്‌ കേശവശാസ്ത്രിയും കുറുമ്പൻ ദൈവത്താനും. രണ്ടുപേർക്കും ശ്രീമൂലം പ്രജാസഭയിൽ പ്രവർത്തിക്കുന്നതിനും കേശവശാസ്ത്രിക്ക്‌ ഡപ്യൂട്ടി സ്പീക്കർ പദവി വരെ ഉയർത്തുന്നതിനും സാധിച്ചു. പ്രജാസഭാ സമ്മേളനത്തോടനുബന്ധിച്ച്‌ നടക്കുന്ന അധ:കൃത സമ്മേളനത്തിൽ പുലയ ബാലൻമാർക്ക്‌ ചൊല്ലാനുള്ള ധാരാളം പുലവൃത്ത ഗാനങ്ങൾ സരസകവി രചിച്ചുകൊടുത്തിട്ടുണ്ട്‌. ഇവയെല്ലാം സമാഹരിച്ച്‌ പുലവൃത്തം എന്നൊരു പുസ്തകം മൂലൂർ രചിച്ചിട്ടുണ്ട്‌.

ശ്രീനാരായണഗുരുവിന്റെ അരുമ ശിഷ്യൻ
ജാതിവ്യവസ്ഥയുടെ മൂർധന്യത്തിലാണ്‌ മൂലൂരിന്റെ ജനനവും ബാല്യവും. 5-ാ‍ം വയസ്സിൽ കുടിപ്പള്ളിക്കൂടത്തിൽ പഠിക്കാൻ പോയ ആ ബാലനോട്‌ അകലെയുള്ള അയിത്തപ്പുരയിൽ പോയി ഇരിക്കാൻ നിർദ്ദേശിച്ചപ്പോൾ അവിടെ വിദ്യാഭ്യാസം ഉപേക്ഷിച്ച്‌ ഇറങ്ങിപ്പോന്ന സമയത്തുണ്ടായ പ്രതിഷേധമാണ്‌ അദ്ദേഹം ഒറ്റയ്ക്ക്‌ നടത്തിയ പോരാട്ടത്തിന്റെ നിദാനം. ഈഴവർ ഉൾപ്പെടെയുള്ള പാർശ്വവത്കരിക്കപ്പെട്ടവരെയും പിൻതള്ളപ്പെട്ടവരെയും മുഖ്യധാരയിലേക്ക്‌ കൊണ്ടുവരിക എന്നത്‌ ജീവിതവ്രതമായംഗീകരിച്ച മൂലൂർ, കുമാരനാശാന്‌ മുന്നേ, ശ്രീനാരായണഗുരുവിന്റെ സാമൂഹ്യ വിപ്ലവം ഏറ്റെടുത്തു. ഗുരുവുമായി അടുത്ത ബന്ധം പുലർത്തിയ അദ്ദേഹം എസ്‌.എൻ.ഡി.പി യോഗം ആരംഭിക്കും മുമ്പുതന്നെ സമുദായ പരിഷ്കരണ പ്രവർത്തനങ്ങളിലേർപ്പെട്ടിരുന്നു. യോഗത്തിന്റെ തുടക്കം മുതൽ ഒപ്പം സഞ്ചരിച്ച അദ്ദേഹം 12-ാ‍മത്തെ വാർഷിക സമ്മേളനം മുതൽ ഡയറക്ടറായും 25-ാ‍ം വാർഷിക യോഗത്തിൽ (1928) വൈസ്‌ പ്രസിഡന്റുമായി.

കവിതയിലെ കലാപക്കൊടി
സവർണരുടെ പേരുകളോടുചേർന്ന്‌ അവർകൾ ഉപയോഗിക്കുകയും ആ വിശേഷണം തന്നെപ്പോലുള്ളവർക്ക്‌ നിഷേധിക്കുകയും ചെയ്യുന്നതിനെച്ചൊല്ലിയുണ്ടായ അവർകൾ വഴക്കും നമ്പൂതിരിമാരെ തിരുമനസ്സെന്നു വിളിക്കാതെ വെറും നമ്പൂതിരിയെന്ന്‌ കവിതയിൽ സംബോധന ചെയ്തതിനെ ചൊല്ലിയുണ്ടായ നമ്പൂതിരി വഴക്കും ഏറ്റെടുത്ത്‌ വിജയിപ്പിച്ച മൂലൂരിന്റെ സാഹിത്യ സമരങ്ങളിൽ ഏറ്റവും പ്രശസ്തം കവിരാമായണയുദ്ധമാണ്‌. സമുദായത്തിലെ സവർണ്ണമേധാവിത്വം പോലെ സാഹിത്യത്തിലും നിലനിന്നിരുന്ന വർണവ്യവസ്ഥകൾക്കുനേരെ മൂലൂർ കലഹിച്ചു. കവിരാമായണത്തിന്റെ പ്രസിദ്ധീകരണം മലയാളസാഹിത്യത്തിൽ ഏറെ പ്രക്ഷുബ്ധമായ കൊടുങ്കാറ്റുയർത്തിയ സംഭവമായിരുന്നു. ചരിത്രം ഇങ്ങനെ: അന്നത്തെ കവിശ്രേഷ്ഠരിൽ പ്രധാനിയായ കൊടുങ്ങല്ലൂർ കുഞ്ഞികുട്ടൻ തമ്പുരാൻ സമകാലീന മലയാളകവികളെ മഹാഭാരത്തിലെ കഥാപാത്രങ്ങളായി രൂപകൽപന ചെയ്ത്‌ കവിഭാരതം രചിക്കാൻ തീരുമാനിച്ചെന്ന്‌ മനോരമയിൽ ഒരു വിജ്ഞാപനം പുറപ്പെടുവിച്ചു. ശ്രീനാരായണഗുരു, വെളുത്തേരിൽ കേശവ വൈദ്യൻ, പെരുന്നെല്ലി കൃഷ്ണൻ വൈദ്യർ എന്നീ പ്രശസ്ത കവികളെക്കൂടി കവിഭാരതത്തിൽ ഉൾപ്പെടുത്തണമെന്ന ഒരു നിവേദനം മൂലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാന്‌ സമർപ്പിച്ചു. അങ്ങനെ തന്നെ ചെയ്യുമെന്ന്‌ തമ്പുരാൻ ഉറപ്പും കൊടുത്തു.
അധികം വൈകാതെ തന്നെ കവിഭാരതം പുറത്തുവന്നു. എന്നാൽ അതിൽ ഈഴവ വിഭാഗത്തിൽപ്പെട്ട ഒരു കവിയ്ക്കും സ്ഥാനം കിട്ടിയില്ല. ഈ അനീതിക്കെതിരായ പ്രതിഷേധമായിരുന്നു മൂലൂരിന്റെ കവിരാമായണം. പക്ഷേ, വിശാല മനസ്കനായ മൂലൂർ തന്റെ ഗ്രന്ഥത്തിൽ സവർണ കവികളെ ഒഴിവാക്കിയില്ലെന്നു മാത്രമല്ല, അവർക്കെല്ലാം അർഹമായ സ്ഥാനം നൽകുകയും ചെയ്തു. കവിഭാരതത്തിൽ നാലാം സ്ഥാനത്തിരുത്തിയ വലിയകോയിത്തമ്പുരാന്‌ മൂലൂർ ഒന്നാം സ്ഥാനം (ബ്രഹ്മാവ്‌) തന്നെ നൽകി. കുഞ്ഞിക്കുട്ടൻ തമ്പുരാന്‌ നാലാം സ്ഥാനവും. എ ആർ, പന്തളം കേരളവർമ്മ, ഉള്ളൂർ, കെ.സി.കേശവപിള്ള, വള്ളത്തോൾ തുടങ്ങി 77 കവികളെയാണ്‌ കവിരാമായണത്തിൽ ഉൾപ്പെടുത്തുയത്‌. കുഞ്ഞിക്കുട്ടൻ തമ്പുരാനുണ്ടോ വിടുന്നു. “കണ്ടേൻ കവിരാമായണ-/മുണ്ടേതാണ്ടിതിനു കവന സാമർഥ്യം/കണ്ടേടം കൊണ്ടു നമു-/ക്കുണ്ടേ ബോധ്യം വരുത്താത്ത വിഷയങ്ങൾ”, എന്ന്‌ തന്റെ എതിർപ്പ്‌ പ്രകടിപ്പിച്ചതോടെ മൂലൂരും ഏറ്റുമുട്ടാനൊരുങ്ങി.
കവിരാമായണം പുറത്തുവന്നപ്പോൾ അത്‌ മലയാളസാഹിത്യരംഗത്ത്‌ സൃഷ്ടിച്ച ആശയസംഘട്ടനം വലുതായിരുന്നു. കവിരാമായണത്തെപ്പറ്റി മുണ്ടശ്ശേരി ഇങ്ങനെ എഴുതി: “മലയാള സാഹിത്യത്തിന്റെ നടയ്ക്കൽ കിടന്ന ജാതി വൈകൃതങ്ങൾ സമസ്തവും തൂത്തുവാരി കളഞ്ഞ്‌ സരസ്വതി ക്ഷേത്രത്തിൽ എല്ലാവർക്കും കയറി മണിയടിച്ചു തൊഴാമെന്ന്‌ മൂലൂർ കവിരാമായണത്തിലൂടെ വരുത്തിത്തീർത്തു.”

മൂലൂർ എന്ന വിദ്യാഭ്യാസ വിചക്ഷണൻ
ജാതിപരമായ ഉച്ചനീച ഭേദത്തിനെതിരായി പടവെട്ടാൻ കുമാരനാശാനെക്കാൾ മുമ്പ്‌ രംഗത്തിറങ്ങിയ കവിയായിരുന്നു മൂലൂർ പത്മനാഭപ്പണിക്കർ. തിരുവിതാംകൂറിലെ പിന്നോക്കവിഭാഗങ്ങളുടെ പുരോഗതിക്ക്‌ വഴിതെളിച്ച സഞ്ചാരസ്വാതന്ത്ര്യം, ക്ഷേത്രപ്രവേശനം, പൗരസമത്വവാദം, പ്രായപൂർത്തി വോട്ടവകാശം, സർക്കാരുദ്യോഗ പ്രാതിനിധ്യം തുടങ്ങി നിരവധി വിഷയങ്ങൾ അധികാരികളുടെ ശ്രദ്ധയിൽ കൊണ്ടുവരാനും ഫലപ്രാപ്തിയിലെത്തിക്കാനും മൂലൂരിനു കഴിഞ്ഞിട്ടുണ്ട്‌. 1914 ൽ ശ്രീമൂലം പ്രജാസഭയിലേക്ക്‌ അദ്ദേഹത്തെ നാമനിർദ്ദേശം ചെയ്തു. മികച്ച പ്രസംഗകൻ ആയിരുന്നതാണ്‌ പ്രജാസഭാംഗം എന്നനിലയിൽ മൂലൂരിനെ ഏറെ തിളങ്ങാൻ സഹായകമായത്‌. വിദ്യാഭ്യാസം കൊണ്ടുമാത്രമേ അധ:സ്ഥിതർ സാമൂഹ്യ പുരോഗതി നേടുവെന്ന്‌ അദ്ദേഹം മനസിലാക്കി. പത്തനംതിട്ട ജില്ലയിൽ ഒട്ടനവധി വിദ്യാലയങ്ങൾ അദ്ദേഹം സ്ഥാപിച്ചു. അവയെല്ലാം പൊതുവിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി വിട്ടുകൊടുക്കുകയും ചെയ്തു. സരസകവിയുടെ പേരിൽത്തന്നെ നാലു വിദ്യാഭ്യാസ സ്ഥാപനങ്ങൾ പത്തനംതിട്ട ജില്ലയിലുണ്ട്‌. അരുവിപ്പുറം ശിവപ്രതിഷ്ഠ നടന്ന്‌ അധികകാലം താമസിയാതെ മെഴുവേലിയിലെ ആനന്ദഭൂതേശ്വര ക്ഷേത്രം പണികഴിപ്പിച്ചത്‌ മൂലൂരാണ്‌. അവർണ്ണർക്ക്‌ ക്ഷേത്രദർശനം നിഷേധിച്ചിരുന്ന അക്കാലത്ത്‌ കവി നിർമ്മിച്ച ക്ഷേത്രത്തിൽ ഗിരിജനങ്ങൾ ആദ്യമായി സ്വാതന്ത്ര്യത്തോടെ ക്ഷേത്രദർശനം നടത്തി ആരാധിച്ചു. അവിടത്തെ പ്രതിഷ്ഠയും ആദ്യപൂജയും നടത്തിയത്‌ ശ്രീനാരായണഗുരുവായിരുന്നു.

എന്നും കർമ്മനിരതൻ
കവിതകൊണ്ടും ജീവിതം കൊണ്ടും യാഥാസ്ഥിതികത്വത്തിനെതിരെ പൊരുതിയ മൂലൂർ കേരളീയ നവോത്ഥാനത്തിന്‌ നൽകിയ സംഭാവനകൾ നിസ്തുലമാണ്‌. 50ലേറെ കൃതികളിലൂടെ കൈരളിയെ അനുഗ്രഹിച്ച മൂലൂർ ആശാൻ, വള്ളത്തോൾ, ഉള്ളൂർ എന്നിവരോട്‌ ആത്മബന്ധം പുലർത്തിയിരുന്നു. കെ.വി. സൈമൺ വേദവിഹാരം എന്ന മഹാകാവ്യം രചിക്കാനിടയായത്‌ മൂലൂരിന്റെ പ്രേരണയാലാണ്‌. ആ കാവ്യത്തിന്‌ ഉള്ളൂരിന്റെ അവതാരിക നേടിക്കൊടുത്തതും മറ്റാരുമായിരുന്നില്ല. 1911-ൽ മയ്യനാട്ടു നിന്നാരംഭിച്ച കേരളകൗമുദി പത്രത്തിന്റെ ആദ്യ പത്രാധിപരും മൂലൂരായിരുന്നു. വിദ്യാഭിവർദ്ധിനി, പ്രബുദ്ധസിംഹളർ തുടങ്ങിയ പത്രമാസികകളുടെ പത്രാധിപത്യം അദ്ദേഹം വഹിച്ചിട്ടുണ്ട്‌. കേരളത്തിന്റെ തനത്‌ കലാരൂപമെന്ന നിലയിൽ കഥകളിയുടെ പ്രാധാന്യം തിരിച്ചറിഞ്ഞ കലാകാരനുമാണ്‌ മൂലൂർ. സ്വന്തമായി കളരിയോഗം സംഘടിപ്പിച്ചതും കളരി നടത്തിയും പുതിയ കലാകാരൻമാരെ കണ്ടെത്തിയും അദ്ദേഹം കഥകളിക്ക്‌ പ്രചാരം നൽകി. സ്വന്തമായി രണ്ട്‌ ആട്ടക്കഥകളും രചിച്ചു. കൃഷ്ണാർജ്ജുന വിജയവും, കുചേല ചരിതവും തിരുവിതാംകൂർ സർക്കാരിന്റെ ശ്രീമൂലം പ്രജാസഭയിൽ നീണ്ട 14 വർഷം അംഗമായിരുന്ന മൂലൂരിനെ സർക്കാരിന്റെ ഇറിഗേഷൻ കമ്മിറ്റിയിൽ നോമിനേറ്റ്‌ ചെയ്യപ്പെട്ടു. 1931 മാർച്ചിൽ ഒരു കമ്മിറ്റി യോഗത്തിൽ പങ്കുകൊള്ളുന്നതിന്‌ പോയി മടങ്ങിവരുമ്പോൾ ആലപ്പുഴ പട്ടണം മുഴുവൻ മസൂരി രോഗം സംഹാരതാണ്ഡവം നടത്തുകയായിരുന്നു. മാർച്ച്‌ 14-ാ‍ം തീയതി അദ്ദേഹം രോഗബാധിതനായി.
1931 മാർച്ച്‌ 22 ന്‌ (1106 മീനമാസം 8) മൂലൂർ നിര്യാതനായി. 1989 മാർച്ച്‌ ആറിന്‌ മൂലൂർ സ്മാരകമായി കേരളവർമ്മ സൗധം ഉൾപ്പെടെയുള്ള സ്ഥലം അന്നത്തെ സാംസ്കാരിക മന്ത്രി ടി കെ രാമകൃഷ്ണൻ സർക്കാരിനുവേണ്ടി ഏറ്റെടുത്തു. ഇന്ന്‌ വലിയൊരു സാംസ്കാരിക കേന്ദ്രമായി മൂലൂർ സ്മാരകം മാറിക്കഴിഞ്ഞു.

  Categories:
view more articles

About Article Author