ശവക്കല്ലറകളിൽ അന്തിയുറങ്ങുന്നവർ

ശവക്കല്ലറകളിൽ അന്തിയുറങ്ങുന്നവർ
January 02 04:48 2017

ഇറാനിലെ ഭവനരഹിതരുടെ ജീവിത നേർക്കാഴ്ചകൾ
ടെഹ്‌റാൻ: പ്രകൃതിവാതകത്തിന്റെയും എണ്ണയുടെയും കരുതൽശേഖരത്തിൽ ശക്തരായ ഇറാനിൽ ഒരു കൂട്ടം ആളുകൾ അന്തിയുറങ്ങുന്നത്‌ ശവക്കല്ലറയ്ക്കുള്ളിൽ. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ ഭവനരഹിതരായ 50ഓളം പേരാണ്‌ മൂടി തുറന്ന ശവക്കല്ലറകളിൽ രാത്രികാലങ്ങളിൽ ഉറങ്ങുന്നത്‌. ഷഹ്‌റ്‌വാന്ദ്‌ എന്ന പത്രമാണ്‌ റിപ്പോർട്ട്‌ പുറത്തു കൊണ്ടുവന്നത്‌. സയ്യിദ്‌ ഗൊലാം ഹൊസൈനി പകർത്തിയ ചിത്രങ്ങളിലൂടെയാണ്‌ ഭവനരഹിതരുടെ ദുരിതപൂർണമായ അവസ്ഥ പുറം ലോകം അറിഞ്ഞത്‌.
കുഴിയിൽ അടുപ്പുകൂട്ടിയും പുകവലിച്ചുമാണ്‌ കൊടുംതണുപ്പിനെ ഇവർ അതിജീവിക്കുന്നത്‌. ദാരിദ്ര്യംമൂലം ഇവരിൽ പലരും ലഹരിക്ക്‌ അടിമകളായിട്ടുണ്ടെന്നും റിപ്പോർട്ടുകൾ പറയുന്നു.
ചിത്രങ്ങൾ പുറത്തുവന്നതോടെ ശവക്കല്ലറയിൽ ഉറങ്ങിയിരുന്ന ഭവനരഹിതരെ അവിടെ നിന്ന്‌ ബലമായി തന്നെ മാറ്റി. ഇവർക്ക്‌ പുനരധിവാസ സൗകര്യം ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ്‌ സർക്കാർ. കല്ലാര്റകളിൽ ഉറങ്ങിയിരുന്നവരിൽ ചിലർ പത്ത്‌ വർഷമായി ഈ ശീലം തുടങ്ങിയിട്ട്‌.
ഇറാനിൽ അടുത്ത വർഷം മേയ്‌ മാസത്തിൽ പൊതുതെരഞ്ഞെടുപ്പ്‌ നടക്കാനിരിക്കെയാണ്‌ ചിത്രം പുറത്തുവന്നിരിക്കുന്നത്‌. രാജ്യത്തിെ‍ൻറ സാമ്പത്തികാവസ്ഥയുടെ നേർചിത്രമാണ്‌ ‘ശവക്കുഴി ജീവിതങ്ങൾ’ പറയുന്നതെന്ന്‌ ചൂണ്ടിക്കാട്ടി റൂഹാനി എതിരാളികൾ രംഗത്തെത്തി. ഭവനരഹിതരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന്‌ മുഴുവൻ പൗരൻമാരുടെയും സഹകരണം ആവശ്യമാണെന്ന്‌ ഇറാൻ പ്രസിഡന്റ്‌ ഹസ്സൻ റൂഹാനി പറഞ്ഞു. ഇറാനിൽ നിന്നുള്ള ഓസ്കർ അവാർഡ്‌ ജേതാവായ സംവിധായകൻ അസ്ഗർ ഫർഹാദിയും മറ്റ്‌ പ്രമുഖരും സംഭവത്തിൽ ഞെട്ടലും വേദനയും രേഖപ്പെടുത്തി.

  Categories:
view more articles

About Article Author