Monday
23 Jul 2018

ശാസ്ത്രീയ തീറ്റക്രമം മൃഗസംരക്ഷണ മേഖലയ്ക്ക്‌

By: Web Desk | Saturday 24 June 2017 4:45 AM IST

ഡോ. ദീപക്‌ ചന്ദ്രൻ

കൃഷി എന്ന വിപുലമായ നിർവചനത്തിൽ തന്നെയാണ്‌ മൃഗസംരക്ഷണവും ഉൾപ്പെടുന്നത്‌. വളരെ പണ്ടു മുതലെ കൃഷിയും കാലിവളർത്തലും നമ്മുടെ കാർഷിക സമ്പദ്‌വ്യവസ്ഥയുടെ രണ്ട്‌ അവിഭാജ്യഘടകങ്ങൾ ആയിരുന്നു. മാത്രവുമല്ല എല്ലായ്പ്പോഴും ഇവ പരസ്പര പൂരകവുമാണ്‌. അതുകൊണ്ടുതന്നെ ഗ്രാമീണ കർഷകന്റെ ശരാശരി വരുമാനം വർദ്ധിപ്പിക്കുന്ന കാര്യത്തിൽ മൃഗസംരക്ഷണത്തിനും അതിന്റേതായ പ്രാധാന്യമുണ്ട്‌.
നമ്മുടെ ഇന്ത്യയുടെ വളർച്ചനിരക്ക്‌, വരുമാന വർദ്ധനവ്‌, ജനസംഖ്യാപെരുപ്പം എന്നിവ കണക്കിലെടുത്താൽ 2022-ൽ പാലിന്റെ ആവശ്യകത ഏകദേശം 210 ദശലക്ഷം ടണ്ണോളം വരും. പക്ഷേ ഇന്ത്യയുടെ ശരാശരി വാർഷിക പാലുത്പാദനം 3.7 ദശലക്ഷത്തിൽ നിന്നും 6 ദശലക്ഷം ടൺ ആയെങ്കിൽ മാത്രമേ ഈ ലക്ഷ്യം കൈവരിക്കാൻ സധിക്കുകയുള്ളൂ. എന്നാൽ തീറ്റയുടെ ലഭ്യത കുറവ്‌, സ്ഥല പരിമിതി, വിപണന തന്ത്രങ്ങളുടെ പോരായ്മ, വർദ്ധിച്ചു വരുന്ന ചെലവ്‌ എന്നിവ ഈ മേഖലയെ പ്രതികൂലമായി ബാധിക്കും. ഇന്ന്‌ പാലുത്പാദനത്തിന്റെ ചിലവിന്റെ 50% തീറ്റച്ചെലവാണ്‌. ചെലവ്‌ ചുരുക്കുവാനുളള മുഖ്യ പോംവഴിയാണ്‌ ശാസ്ത്രീയ സന്തുലിത തീറ്റക്രമം. ഇത്‌ പ്രാവർത്തികമാക്കുന്നതിലൂടെ കുറഞ്ഞ ചിലവിൽ കൂടുതൽ പാൽ ലഭിക്കുവാനും തീറ്റയുടെ പാഴ്ച്ചെലവ്‌ ഒഴിവാക്കാനും സാധിക്കും. ഉത്പാദനം വർദ്ധിപ്പിക്കുന്നതോടൊപ്പം കർഷകർ ചെലവു നിയന്ത്രിക്കുന്നതിലും ശ്രദ്ധ പതിപ്പിക്കേണ്ടത്‌ അത്യാവശ്യമാണ്‌. സന്തുലിത തീറ്റയോടൊപ്പം ധാതുലവണങ്ങളുടെ സന്തുലനത്തിലും ഉയർന്ന ഉത്പാദനക്ഷമതയ്ക്ക്‌ ഊന്നൽ നൽകേണ്ടതുണ്ട്‌.
സന്തുലിത തീറ്റയെന്നാൽ തീറ്റയുടെ ഘടകങ്ങളായ പ്രോട്ടീൻ, കാർബോഹൈഡ്രേറ്റ്‌, ധാതുക്കൾ, ലവണങ്ങൾ, കൊഴുപ്പ്‌ എന്നീ പോഷകങ്ങൾ പശുവിന്റെ ആരോഗ്യത്തിന്‌ ആവശ്യമായ അളവിൽ നൽകുന്ന ആഹാരം എന്നാണർത്ഥം. ദേശീയ ക്ഷീരവികസന ബോർഡിന്റെ കണക്കനുസരിച്ച്‌ സന്തുലിത തീറ്റ നൽകുക വഴി ഒരു പശുവിൽ നിന്ന്‌ കിട്ടുന്ന ഒരു ലിറ്റർ പാലിന്റെ ഉൽപാദനച്ചെലവ്‌ 0.25 മുതൽ 2 രൂപ വരെ കുറയ്ക്കുവാനാവുമെന്ന്‌ കണ്ടെത്തിയിട്ടുണ്ട്‌. അതുപോലെതന്നെ പാൽ ഉത്പാദനം 0.2-1 കിലോഗ്രാമും, കൊഴുപ്പിന്റെ അളവ്‌ 0.2-0.30 ശതമാനവും ഉയർന്നതായും കണ്ടെത്തിയിട്ടുണ്ട്‌. ഇത്‌ എട്ട്‌ മുതൽ 26 രൂപവരെയുള്ള ലാഭം പ്രദാനം ചെയ്യും. സന്തുലിത തീറ്റ നൽകുന്നതിലൂടെ വിരശല്യവും ഒരളവുവരെ കുറയ്ക്കാം. തീറ്റ സംതുലിതമല്ലെങ്കിൽ വിരകൾ ചില പ്രത്യേക ഘടകങ്ങളെ ആശ്രയിച്ച്‌ കേന്ദ്രീകരിച്ച്‌ വിരബാധയ്ക്കിടവരുത്തും. കൂടുതൽ പെറ്റു പെരുകുകയും ചെയ്യുന്നു. എന്നാൽ സന്തുലിത തീറ്റ നൽകുന്നതിലൂടെ ആരോഗ്യം വീണ്ടെടുക്കാനും വിരശല്യത്തെ ചെറുത്തു നിൽക്കുന്നതിനുള്ള ശേഷി ഉറപ്പുവരുത്തുന്നതായും കണ്ടെത്തിയിട്ടുണ്ട്‌. സാധാരണയായി പശുക്കളിൽ ഭക്ഷണം ആമാശയത്തിന്റെ ആദ്യ അറയായ റൂമനിൽ വച്ച്‌ പുളിപ്പിക്കൽ പ്രക്രീയയ്ക്ക്‌ വിധേയമാവുന്നതിലൂടെ അമ്ലങ്ങൾക്കു പുറമെ ധാരാളം കാർബൺ ഡൈ ഓക്സൈഡും മീഥേനും ഉണ്ടാവുന്നു. ഇവ ഉച്ഛ്വാസവായുവിലൂടെ പുറന്തള്ളപ്പെടുന്നു. മീഥേൻ നഷ്ടമാവുന്നതിലൂടെ ഭക്ഷണത്തിലൂടെ ലഭിക്കേണ്ടിയിരുന്ന ഏഴ്‌ ശതമാനം ഊർജ്ജം നഷ്ടപ്പെടുന്നു. മാത്രമല്ല, മീഥേൻ കാലാവസ്ഥാ വ്യതിയാനങ്ങൾക്ക്‌ കാരണമാവുന്ന ഹരിത ഗൃഹ വാതകമാണ്‌. കാർബൺ ഡൈ ഓക്സൈഡ്‌, നീരാവി, മീഥേൻ എന്നീ വാതകങ്ങൾ അന്തരീക്ഷ ഊഷ്മാവ്‌ ഉയർത്തുന്നതിൽ മുഖ്യ പങ്കു വഹിക്കുന്നു. ഇന്ത്യയിൽ ഉത്പാദിപ്പിക്കുന്ന മീഥേന്റെ അളവ്‌ കൂടുന്നത്‌ വികസിത രാജ്യങ്ങളുടെ വിമർശനത്തിന്‌ കാരണമാകുന്നുണ്ട്‌. ഇതിന്‌ പരിഹാരമായി ഉത്പാദനശേഷി കുറഞ്ഞ കന്നുകാലികളുടെ എണ്ണം കുറയ്ക്കുക, നിർദ്ദിഷ്ട തീറ്റക്രമത്തിലൂടെ മീഥേൻ ഉൽപാദനം കുറയ്ക്കുക എന്നീ നിർദ്ദേശങ്ങൾക്ക്‌ സാധ്യതയേറി വരുന്നു.
ഭാവിയിൽ കാർബൺ ക്രെഡിറ്റ്‌, കൂടുതൽ മീഥേൻ ഉത്പാദനത്തിനുള്ള പിഴയടക്കൽ, ഉത്പാദന നിരോധനം, പാൽ, മാംസം എന്നിവയുടെ ഇറക്കുമതി നിരോധനം തുടങ്ങിയ കർക്കശ നടപടികൾക്കും ഇത്‌ വഴിയൊരുക്കാം. ഇത്‌ നമ്മുടെ കാലിസമ്പത്തിനു തന്നെ ഭീഷണിയായി വരും അതുകൊണ്ട്‌ മീഥേന്റെ ഉത്പാദനം കുറയ്ക്കുന്നതിനുള്ള സത്വര നടപടികൾ അവലംബിക്കേണ്ടതുണ്ട്‌. സന്തുലിത തീറ്റ നൽകുന്നതിലൂടെ മീഥേനുൽപാദനം 17 മുതൽ 20 ശതമാനം വരെ കുറയ്ക്കുവാനാകും ഇപ്രകാരം ഊർജ്ജ നഷ്ടവും കുറയ്ക്കാം. സംതുലിത തീറ്റ നൽകുന്നതിനോടൊപ്പം വെള്ളം വേണ്ടയളവിൽ നൽകണം. ശരിയായ പുൽത്തൊട്ടി നിർമ്മിക്കുക, കുട്ടികൾക്ക്‌ കന്നിപ്പാൽ നൽകുക, തീറ്റപ്പുൽ നുറുക്കി കൊടുക്കുക, വിരയിളക്കുക, പ്രതിരോധ കുത്തിവെയ്പ്‌, ശരിയായ സമയത്തുള്ള കൃത്രിമ ബീജാദാനം എന്നീ കാര്യങ്ങളിൽ കർഷകർ കൂടുതൽ ശ്രദ്ധ ചെലുത്തേണ്ടതാണ്‌.
(ലേഖകൻ കേരള വെറ്ററിനറി ആന്റ്‌ അനിമൽ
സയൻസസ്‌ യൂണിവേഴ്സിറ്റിയിലെ
റിസർച്ച്‌ അസിസ്റ്റന്റാണ്‌)