ശീമപ്ലാവ്‌ നട്ടു വളർത്താം

ശീമപ്ലാവ്‌ നട്ടു വളർത്താം
April 29 04:45 2017

മാങ്ങയും ചക്കയും കഴിഞ്ഞാൽ മലയാളിയുടെ പ്രിയപ്പെട്ട ഭക്ഷ്യവസ്തുവാണ്‌ കടച്ചക്ക അല്ലെങ്കിൽ ശീമച്ചക്ക. ശീമച്ചക്ക തീയലിനെക്കുറിച്ചോർക്കുമ്പോഴേ വായിൽ വെള്ളമൂറും. പണ്ട്‌ ഒരോ വീട്ടുവളപ്പിലും ഒരു ശീമപ്ലാവുണ്ടാകും. മൂത്ത കടച്ചക്ക പച്ചക്കറി ആയാണ്‌ കൂടുതലും ഉപയോഗിച്ചു വരുന്നത്‌. നല്ലവണ്ണം കായ്ക്കുന്ന കടപ്ലാവ്‌ നല്ല ആദായവും തരുന്ന ഒന്നാണ്‌. ശീമപ്ലാവിന്റെ പുതിയ ഇനങ്ങൾ ഒന്നും തന്നെ പുറത്തിറങ്ങിയിട്ടില്ല. അതിനാൽ നല്ല നാടൻ ഇനങ്ങൾ നടുകയാണ്‌ ഉത്തമം. നന്നായി പടർന്നു പന്തലിച്ചു വളരുന്ന വൃക്ഷം കൂടി ആയതിനാൽ നല്ല അകലം ആവശ്യമാണ്‌.
കടപ്ലാവിന്റെ വേരു മുറിച്ചെടുത്ത്‌ മുളപ്പിച്ച്‌ നടാവുന്നതാണ്‌. കേടുപറ്റാത്ത വിരൽവണ്ണം മുഴുപ്പുള്ള വേര്‌ ശ്രദ്ധയോടെ മണ്ണുനീക്കി മുറിച്ചെടുക്കണം. 1520 സെന്റിമീറ്റർ നീളത്തിൽ ഇവ മുറിച്ച്‌ മണൽ, മണ്ണ്‌, ചാണകപ്പൊടി ഇവ സമം കലർത്തിയ മിശ്രിതം നടുന്നിടത്തിനു സമാന്തരമായി പാകിയ ശേഷം മണലിട്ടു മൂടണം. തുടർച്ചയായി നനയ്ക്കുകയും ചെയ്യണം. വേരുമുളച്ച്‌ ചെടികൾക്ക്‌ ഏതാണ്ട്‌ 3035 സെന്റിമീറ്റർ ഉയരം വയ്ക്കുമ്പോൾ അവ വേരിനു കേടു കൂടാതെ പറിച്ചെടുത്ത്‌ പ്രധാന കൃഷിസ്ഥലത്തു നടാം.
കായിച്ചു കൊണ്ടിരിക്കുന്ന വലിയ കടപ്ലാവിന്റെ ചുവട്ടിൽ ധാരാളം തൈകൾ ഉണ്ടാകും. അവ ശ്രദ്ധയോടെ പറിച്ചു നടുന്നതും ഉത്തമമാണ്‌.
തൈയുടെ വലിപ്പമനുസരിച്ചാവണം കുഴി തയാറാക്കുവാൻ. കുഴിയിൽ അടിവളമായി കമ്പോസ്റ്റ്‌, ചാണകപ്പൊടി എന്നിവ ചേർത്തിളക്കിയ ശേഷം കടപ്ലാവിൻ തൈകൾ നടാം. ജൂലൈ, ഓഗസ്റ്റ്‌ മാസമാണ്‌ നടാൻ ഏററവും അനുയോജ്യമായ സമയം. മഴക്കാലങ്ങളിൽ കുഴിയിൽ വെള്ളം കെട്ടിനിൽക്കാതെ പ്രത്യേകം ശ്രദ്ധിക്കണം. അതുപോലെ വേനൽക്കാലങ്ങളിൽ വെയിലിൽ നിന്നും രക്ഷനൽകണം.
തൈകൾ നട്ട്‌ മൂന്നുനാലു വർഷം കഴിയുമ്പോൾ കായ്കൾ ഉണ്ടാകുവാൻ തുടങ്ങും. ഈ കാലയളവിൽ ചാണകപ്പൊടി, കമ്പോസ്റ്റ്‌ എന്നിവ വളമായി നൽകാവുന്നതാണ്‌. വേനൽക്കാലങ്ങളിൽ ജലസേചനവും നൽകണം. നന നൽകുന്നത്‌ കായ്ഫലം വർധിക്കുവാൻ ഇടനൽകും. മഴക്കാലത്തെ ചില കുമിൾ രോഗങ്ങൾ കായ്കൾ പൊഴിയുന്നതിന്‌ കാരണമാകും. ഒരു ശതമാനം വീര്യമുള്ള ബോർഡോ മിശ്രിതം തളിക്കുന്നത്‌ കായ്പൊഴിച്ചിൽ കുറയ്ക്കും.

  Categories:
view more articles

About Article Author