Friday
22 Jun 2018

ശ്രദ്ധ തിരിച്ചുവിടാനുള്ള ശ്രമങ്ങൾ തുറന്നുകാട്ടുക; യഥാർഥ പ്രശ്നങ്ങളിൽ ശ്രദ്ധയൂന്നുക

By: Web Desk | Sunday 16 July 2017 4:55 AM IST

സ്വാതന്ത്ര്യത്തിനുശേഷം രാജ്യം നേടിയ സാമ്പത്തിക വികസനത്തെ ഇല്ലാതാക്കുന്ന നടപടികളാണ്‌ മോഡി സർക്കാർ സ്വീകരിക്കുന്നത്‌. വിനാശകാരിയായ നവ-ഉദാരവൽക്കരണ സാമ്പത്തിക നയങ്ങൾ സ്വീകരിക്കുന്നതിലൂടെയാണ്‌ ഇത്തരത്തിലുള്ള ദുരന്തം ഉണ്ടാകുന്നത്‌. സാമ്പത്തിക പ്രശ്നങ്ങളിൽ നിന്നും ജനശ്രദ്ധ തിരിക്കുന്നതിനായി ജാതിയുടെയും മതത്തിന്റെയും പേരിലുള്ള ധ്രുവീകരണം നടത്താനാണ്‌ സംഘപരിവാറിന്റെയും മോഡി സർക്കാരിന്റെയും ശ്രമം. സാധാരണക്കാരന്റെമേലുള്ള സാമ്പത്തികഭാരം മറച്ചുപിടിക്കുന്നതിനും രാജ്യത്തിന്റെ മതേതര-ജനാധിപത്യ സ്വതന്ത്ര സങ്കൽപ്പങ്ങൾക്കും സമൂഹത്തിനും ഉണ്ടാകുന്ന ഭീഷണികളിൽ നിന്നും ശ്രദ്ധ തിരിച്ചുവിടാനാണ്‌ ഈ വർഗീയ ധ്രുവീകരണം മോഡിസർക്കാർ തുടരുന്നത്‌.
ഭരണഘടന വാഗ്ദാനം ചെയ്യുന്ന എല്ലാ സ്വാതന്ത്ര്യങ്ങളെയും അവകാശങ്ങളെയും ചോദ്യം ചെയ്യുന്ന വിധത്തിലുള്ള തീരുമാനങ്ങളാണ്‌ മോഡി സർക്കാർ തുടരുന്നത്‌. ഇത്‌ തികച്ചും അപമാനകരമായ കാര്യമാണ്‌.
അഴിമതിക്കെതിരെ തന്റെ സർക്കാരും പാർട്ടിയും ശക്തമായി പോരാടുന്നുവെന്ന്‌ പറയാൻ കിട്ടുന്ന ഒരവസരവും മോഡി പാഴാക്കാറില്ല. തനിക്കും തന്റെ പാർട്ടി നേതാക്കൾക്കും എതിരെ ഉയർന്നിട്ടുള്ള അഴിമതിക്കേസുകൾ മറച്ചുപിടിക്കുന്നതിനുള്ള എല്ലാ കുതന്ത്രങ്ങളും മോഡി സ്വീകരിക്കുന്നുണ്ട്‌. പനാമ വെളിപ്പെടുത്തൽ തന്നെ ഇതിനുള്ള ഏറ്റവും നല്ല ഉദാഹരണമാണ്‌. പനാമ പേപ്പറുകളുടെ വെളിപ്പെടുത്തലുകൾ നിരവധി രാജ്യങ്ങളിൽ ഗുരുതരമായ രാഷ്ട്രീയ അരക്ഷിതാവസ്ഥ സൃഷ്ടിച്ചു. വിദേശങ്ങളിൽ സ്വത്ത്‌ സമ്പാദിച്ചുവെന്ന വെളിപ്പെടുത്തലിനെ തുടർന്ന്‌ നിരവധി രാഷ്ട്രീയക്കാർക്കും ഭരണാധികാരികൾക്കും അവരുടെ സ്ഥാനമാനങ്ങൾ ഒഴിയേണ്ട അവസ്ഥയുണ്ടായി. ഇതിൽ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ്‌ പാകിസ്ഥാൻ പ്രധാനമന്ത്രി നവാസ്‌ ഷെറീഫിന്റേത്‌. നവാസ്‌ ഷെറീഫും തന്റെ മക്കളും അനധികൃതമായി വിദേശത്ത്‌ സമ്പാദിച്ച സ്വത്ത്‌ സംബന്ധിച്ച അന്വേഷണം നടത്താൻ സംയുക്ത അന്വേഷണ സംഘത്തെ പാകിസ്ഥാൻ സുപ്രിംകോടതി നിയോഗിച്ചു. ഈ പണമൊക്കെ അഴിമതിയിലൂടെ സമ്പാദിച്ചതെന്നാണ്‌ പനാമ പേപ്പർ വെളിപ്പെടുത്തലുകൾ വ്യക്തമാക്കുന്നത്‌. ഏത്‌ സ്രോതസിലൂടെയാണ്‌ പണം സമ്പാദിച്ചതെന്ന കാര്യം വെളിപ്പെടുത്താൻ ഷെറീഫും കുടുംബവും ഇനിയും തയ്യാറായിട്ടില്ല. ഇതിന്റെ അടിസ്ഥാനത്തിലാണ്‌ നിയമനടപടികൾ തുടരാനുള്ള തീരുമാനം. പ്രധാനമന്ത്രി നവാസ്‌ ഷെറീഫ്‌ രാജിവയ്ക്കണമെന്ന്‌ പ്രതിപക്ഷം ആവശ്യപ്പെടുന്നു.
പനാമ പേപ്പർ വെളിപ്പെടുത്തലുകൾ പ്രകാരം 500-ലധികം വരുന്ന ഇന്ത്യൻ രാഷ്ട്രീയക്കാരും കച്ചവടക്കാരും ഉദ്യോഗസ്ഥരും അനധികൃത നിക്ഷേപക പട്ടികയിലുണ്ട്‌. ഈ സമ്പാദ്യം എല്ലാംതന്നെ കള്ളപ്പണവുമാണ്‌. ഇത്തരത്തിലുള്ള കുറ്റവാളികളുടെ പേരുകൾ പുറത്തുവിടുന്നതിന്‌ പകരം കള്ളപ്പണക്കാരുടെ പേരുകൾ മറച്ചുവയ്ക്കാനുള്ള എല്ലാ ശ്രമങ്ങളും മോഡി സർക്കാർ സ്വീകരിക്കുന്നു. കള്ളപ്പണക്കാരുടെ പട്ടിക ഇനിയും പുറത്തുവിട്ടിട്ടില്ല. എന്തിനാണ്‌ ഈ പട്ടിക സർക്കാർ മൂടിവയ്ക്കുന്നത്‌? എന്തുകൊണ്ടാണ്‌ സുപ്രിംകോടതി ഈ സംഭവത്തിൽ സ്വമേധയാ കേസെടുത്ത്‌ കുറ്റക്കാർക്കെതിരെ നോട്ടീസ്‌ നൽകാത്തത്‌?
അഴിമതിയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ മാത്രമല്ല മോഡി സർക്കാർ ജനങ്ങൾക്കിടയിൽ സംശയങ്ങൾ സൃഷ്ടിക്കുന്നത്‌, അഥവാ സംശയത്തിന്റെ നിഴലിൽ എത്തുന്നത്‌. സഹാറ – ബിർള ഗ്രൂപ്പുകളിൽ നിന്ന്‌ കോടികൾ പ്രധാനമന്ത്രി മോഡിതന്നെ കോഴവാങ്ങി അഴിമതി നടത്തിയ ആളാണ്‌. എന്നാൽ ഈ കേസ്‌ അവസാനിപ്പിച്ചതായുള്ള സുപ്രിംകോടതി വിധിയുടെ സാങ്കേതികത്വത്തിലേയ്ക്കൊന്നും പോകുന്നില്ല. കോടതിവിധി എന്തുമായിക്കൊള്ളട്ടെ, തനിക്കെതിരെ ഉണ്ടായിട്ടുള്ള ആരോപണങ്ങൾ സംബന്ധിച്ച്‌ നിഷ്പക്ഷമായ അന്വേഷണം നടത്താൻ മോഡി തയ്യാറാകണം. ബിജെപി ഭരിക്കുന്ന മധ്യപ്രദേശ്‌, രാജസ്ഥാൻ, ഛത്തീസ്ഗഢ്‌ എന്നീ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർക്കെതിരെ ഉണ്ടായിട്ടുള്ള അഴിമതിക്കേസുകളിലെ നിലപാടും ഇതുതന്നെയാണ്‌. ലളിത്‌ മോഡി കേസിൽ കേന്ദ്രമന്ത്രിക്കെതിരേതന്നെ ആരോപണങ്ങൾ ഉയർന്നിട്ടുണ്ട്‌. കൂട്ടിലടച്ച തത്തയെന്ന്‌ സുപ്രിംകോടതി പരാമർശിച്ച സിബിഐ പ്രതിപക്ഷ നേതാക്കൾക്കെതിരെയുള്ള ആരോപണങ്ങളിൽ അത്യുത്സാഹത്തോടെയാണ്‌ പ്രവർത്തിക്കുന്നത്‌. പതിറ്റാണ്ടുകൾ പഴക്കമുള്ള കേസുകൾ ചികഞ്ഞെടുക്കുമ്പോഴും ബിജെപി മുഖ്യമന്ത്രിമാർക്കെതിരെയും മറ്റ്‌ നേതാക്കൾക്കെതിരെയുമുള്ള ആരോപണങ്ങളിൽ മൗനം പാലിക്കുന്നു.
ബിജെപി മുഖ്യമന്ത്രിമാർക്കെതിരെയും നേതാക്കൾക്കെതിരെയുമുള്ള അഴിമതിക്കേസുകൾ പുറത്തുകൊണ്ടുവന്ന്‌ അവരുടെ യഥാർത്ഥ മുഖം ജനങ്ങളുടെ മുമ്പിൽ വെളിവാക്കണം. അതോടൊപ്പം പനാമ പേപ്പറിൽ പരാമർശിച്ചിട്ടുള്ള വ്യക്തികളുടെയും കമ്പനികളുടെയും പേരുകൾ പുറത്തുവിടാൻ സമ്മർദ്ദം ചെലുത്തണം. അഴിമതി മാത്രമല്ല ഈ ഭരണാധികാരികൾ ചെയ്തിട്ടുള്ള കുറ്റം. നോട്ടുകൾ പിൻവലിച്ച നടപടിയിലൂടെ സാധാരണക്കാരന്റെമേൽ കൂടുതൽ സാമ്പത്തിക ഭാരം അടിച്ചേൽപ്പിച്ചു. നോട്ടുകൾ പിൻവലിച്ച്‌ ആദ്യ മൂന്നു മാസങ്ങൾക്കുള്ളിൽതന്നെ ഭരണകക്ഷിയിലെ നേതാക്കളും അവരുടെ അനുഭാവികളും വേണ്ടുവോളം കള്ളപ്പണം വെളുപ്പിച്ചു. അതേസമയം പാവപ്പെട്ടവൻ കഷ്ടപ്പെട്ട്‌ സമ്പാദിച്ച നോട്ടുകൾ മാറാൻ കഴിയാത്ത അവസ്ഥയുണ്ടായി. ഈ സാഹചര്യത്തിലും ഭരണകക്ഷി നേതാക്കൾക്ക്‌ നോട്ടുകൾ മാറാനുള്ള എല്ലാ സാഹചര്യങ്ങളും ഒരുക്കിക്കൊടുത്തു. നോട്ടുകൾ പിൻവലിച്ച്‌ എട്ട്‌ മാസം കഴിഞ്ഞിട്ടും എത്രമാത്രം പഴയനോട്ടുകളാണ്‌ തിരികെ എത്തിയതെന്ന്‌ പറയാൻ റിസർവ്വ്‌ ബാങ്ക്‌ ഗവർണർക്ക്‌ കഴിയുന്നില്ല. കൂടാതെ എത്രമാത്രം പുതിയ നോട്ടുകൾ പുറത്തിറക്കിയെന്നുള്ള കാര്യത്തിലും അദ്ദേഹത്തിന്‌ വ്യക്തതയില്ല. എന്തു ലക്ഷ്യം നേടുന്നതിനുവേണ്ടിയാണോ നോട്ടുകൾ പിൻവലിച്ച വിനാശകരമായ നടപടിയെന്നത്‌ ഇപ്പോഴും മറച്ചുവയ്ക്കുന്നു.
ജിഎസ്ടി നടപ്പാക്കിയതും സാധാരണക്കാരന്റെ മേലുള്ള മറ്റൊരടിയാണ്‌. സർക്കാരിന്റെ യഥാർത്ഥ വരുമാനസ്രോതസായ പരോക്ഷനികുതി ഏർപ്പെടുത്തുന്നതിലൂടെ സാധാരണക്കാരന്റെമേൽ കൂടുതൽ ഭാരം വീണ്ടും അടിച്ചേൽപ്പിച്ചു. സമ്പന്നരുടെയും കോർപ്പറേറ്റുകളുടെയും നികുതി കുറച്ചു. ഇതിലൂടെ നഷ്ടമായ പണം ജിഎസ്ടി ഏർപ്പെടുത്തി സാധാരണക്കാരനെ പിഴിയാനാണ്‌ മോഡി സർക്കാർ ശ്രമിക്കുന്നത്‌.
തങ്ങൾ കൈക്കൊള്ളുന്ന എല്ലാ സാമ്പത്തിക തീരുമാനങ്ങളും ജനവിരുദ്ധവും കോർപ്പറേറ്റുകൾക്കുവേണ്ടിയുള്ളതുമാണെന്ന്‌ ഭരണത്തിലുള്ളവർക്കുതന്നെ വ്യക്തമാണ്‌. അവശ്യസാധനങ്ങളുടെ വിലക്കയറ്റം തടയുന്നതിൽ മോഡി സർക്കാർ പരാജയപ്പെട്ടു. തൊഴിലില്ലായ്മ വർധിക്കുന്നു. തങ്ങളുടെ അനുഭവത്തിലൂടെ മോഡി സർക്കാർ നടപ്പാക്കുന്ന തീരുമാനങ്ങൾ ജനവിരുദ്ധമാണെന്ന്‌ സാധാരണക്കാരന്‌ ബോധ്യപ്പെട്ടുതുടങ്ങി. ഇതിനെതിരെ ജനരോഷം ശക്തമാണ്‌. ഇതിന്റെ ഭാഗമായാണ്‌ നോട്ടുകൾ പിൻവലിച്ച നടപടി, ചരക്കുസേവന നികുതി നടപ്പാക്കിയത്‌ തുടങ്ങിയ തീരുമാനങ്ങൾക്കെതിരെ രാജ്യത്തിന്റെ വിവിധ കോണുകളിൽ ജനങ്ങൾ പ്രതിഷേധിക്കുന്നത്‌. തൊഴിൽ, സാർവത്രിക വിദ്യാഭ്യാസം, ആരോഗ്യസംരക്ഷണം തുടങ്ങിയ ആവശ്യങ്ങളും പ്രക്ഷോഭത്തിനിറങ്ങിയ സാധാരണക്കാർ ഉന്നയിക്കുന്നു. ഇതിനെ മറികടക്കാനാണ്‌ ജാതി-മത ധ്രുവീകരണ അജൻഡകൾ നടപ്പാക്കാനുള്ള ബിജെപിയുടെ തീരുമാനം. ലൗ ജിഹാദ്‌, ഗോ സംരക്ഷണം തുടങ്ങിയ കാര്യങ്ങളെ ഇതിനുള്ള ആയുധങ്ങളായി ഉപയോഗിക്കുന്നു. ഇത്‌ മാത്രമല്ല മോഡിസർക്കാർ സ്വീകരിക്കുന്നത്‌ വിഭാഗീയ-ഭരണഘടനാ വിരുദ്ധ നിലപാടുകളെ എതിർക്കുന്നവരെ ദേശവിരുദ്ധരായി മുദ്രകുത്തുന്നു. ആവിഷ്കാര സ്വാതന്ത്ര്യം ഹനിക്കപ്പെടുന്നു. ഇതുതന്നെയാണ്‌ നോബൽ സമ്മാന ജേതാവായ അമർത്യാസെന്നിനെ സംബന്ധിച്ച ‘ദി ഓർഗിമേൻഡേറ്റീവ്‌ ഇന്ത്യൻ’ എന്ന ഡോക്യുമെന്ററിയുടെ കാര്യത്തിലും സംഭവിച്ചത്‌.
മോഡി സർക്കാരിന്റെ വിഭാഗീയ പ്രവർത്തനങ്ങളും അതിനുള്ള നടപടികളും മുന്നോട്ടുകൊണ്ടുപോകുന്നതിന്‌ കോർപ്പറേറ്റുകളുടെ നിയന്ത്രണത്തിലുള്ള മാധ്യമങ്ങളെ പൂർണമായും ഉപയോഗിക്കുന്നു. തെറ്റായ വാർത്തകൾ നൽകുന്നതാണ്‌ പുതിയ ആയുധം. സാമൂഹ്യമാധ്യമങ്ങളെയും ഇതിനായി ഉപയോഗിക്കുന്നു. പശ്ചിമബംഗാളിൽ അടുത്തിടെ വർഗീയ ലഹളയ്ക്ക്‌ കാരണമായതും വ്യാജമായ ചിത്രങ്ങളും വീഡിയോകളും പ്രകോപനം ഉളവാക്കുന്ന പോസ്റ്റുകളുമായിരുന്നു. ഇത്തരത്തിൽ വ്യാജ ഫോട്ടോകൾ, വീഡിയോകൾ എന്നിവ പ്രചരിപ്പിക്കുന്നതിലും സാമൂഹ്യമാധ്യമങ്ങളിൽ തെറ്റായി പോസ്റ്റുകൾ ഇടുന്നതിലും സംഘപരിവാർ പ്രത്യേക വൈദഗ്ധ്യം കാണിക്കുന്നുവെന്നാണ്‌ വ്യക്തമാകുന്നത്‌. ഇത്തരത്തിലുള്ള നെറികെട്ട പ്രവർത്തനങ്ങളുടെ ഒരു പരീക്ഷണശാലയായി കശ്മീർ താഴ്‌വര മാറിയെന്നാണ്‌ ഇപ്പോഴത്തെ സംഭവങ്ങൾ വ്യക്തമാക്കുന്നത്‌.
ഓരോ ദിവസവും ഭരണാധികാരികളുടെ സ്വേച്ഛാധിപത്യ ഫാസിസ്റ്റ്‌ പ്രവണതകൾ വർധിച്ചുവരുന്നു. ഇതിനെതിരെ പ്രതിരോധം തീർക്കേണ്ടത്‌ അനിവാര്യമാണ്‌. ഇതിനായി ഇടതുപാർട്ടികൾ മുൻകൈ എടുക്കണം. അഴിമതി, സാമ്പത്തിക പ്രശ്നങ്ങൾ എന്നിവയ്ക്കെതിരെ ജനാധിപത്യ-മതേതര ശക്തികൾ താൽപ്പര്യം കാണിക്കുന്നുണ്ട്‌. എന്നാൽ വർഗീയ പ്രശ്നങ്ങൾക്കെതിരെ പ്രതികരിക്കുന്നതിൽ അത്രമാത്രം താൽപ്പര്യം ഈ മതേതര പാർട്ടികൾ കാണിക്കുന്നില്ല. നവ ഉദാരവൽക്കരണത്തിന്റെ നയങ്ങൾ അപ്പടി വിഴുങ്ങിയ പല നേതാക്കളും കള്ളപ്പണക്കാരുടെ പനാമ പട്ടികയിലുണ്ട്‌. ഭരണാധികാരികൾ കാണിക്കുന്ന ഈ സാമ്പത്തിക നെറികേടുകൾക്കെതിരെ പോരാടാനുള്ള മുൻകൈ എടുക്കേണ്ട ഉത്തരവാദിത്തം ഇടതുപാർട്ടികൾക്കാണ്‌. രണ്ട്‌ പോരാട്ടങ്ങൾ സംയുക്തമായി നടത്തേണ്ട സാഹചര്യമാണ്‌ ഇപ്പോഴുള്ളത്‌. ജാതീയവും വർഗീയവുമായ അജൻഡകൾക്കെതിരെയും ജനവിരുദ്ധ സാമ്പത്തിക നയങ്ങൾക്കെതിരെയുമാണ്‌ പോരാടേണ്ടത്‌. ഇതിനെ വൈരുധ്യാത്മകമായി കണക്കാക്കരുത്‌. ഈ രണ്ട്‌ സമരങ്ങളും സമാന്തരമായി കൊണ്ടുപോകണം. എല്ലാറ്റിനും ഉപരിയായി സാമ്പത്തിക നയങ്ങളാണ്‌ രാഷ്ട്രീയത്തെ നിർണയിക്കുന്നത്‌. മറിച്ചല്ല.
പാർലമെന്റിന്റെ വർഷകാല സമ്മേളനം പുതിയ ഒരു സമീപനത്തിന്‌ നാന്ദികുറിക്കും. ഭരണാധികാരികളുടെ ആശീർവാദത്തോടെ നടക്കുന്ന വൈകാരികവും വർഗീയവും ജാതീയവും വിഭാഗീയവുമായ പ്രശ്നങ്ങളോട്‌ പ്രതികരിക്കണം. കോർപ്പറേറ്റുകളുടെ നിയന്ത്രണത്തിൽ കോർപ്പറേറ്റുകൾക്കുവേണ്ടി ഭരണം നടത്തുന്ന സർക്കാരിന്റെ സാമ്പത്തിക നയങ്ങൾക്കെതിരെയും പ്രതികരിക്കണം. ഇതിനുള്ള ഏറ്റവും നല്ല വേദിയാണ്‌ പാർലമെന്റ്‌. എന്നാൽ യഥാർത്ഥ പോരാട്ടം തെരുവുകളിലും രാജ്യത്തിന്റെ എല്ലാ മുക്കിലും മൂലയിലുമാകണം.