Tuesday
22 Aug 2017

ശ്രീകാന്ത്‌ ഫൈനലിൽ; പ്രണോയ്‌ പുറത്ത്‌

By: Web Desk | Sunday 18 June 2017 4:45 AM IST

ജക്കാർത്ത: ഇന്തോനേഷ്യ ഓപ്പൺ ബാഡ്മിന്റൺ സെമിയിൽ ഇന്ത്യയ്ക്ക്‌ ജയവും തോൽവിയും. ഒന്നാം നമ്പർതാരത്തെ വീഴ്ത്തി കെ ശ്രീകാന്ത്‌ ഫൈനലിൽ കടന്നപ്പോൾ മലയാളിതാരം എച്ച്‌എസ്‌ പ്രണോയിയുടെ കുതിപ്പ്‌ അവസാനിച്ചു.
ലോക ഒന്നാം നമ്പർ താരം ദക്ഷിണ കൊറിയയുടെ സൺ വാൻ ഹോയെ മൂന്ന്‌ സെറ്റ്‌ നീണ്ട പോരാട്ടത്തിലാണ്‌ ശ്രീകാന്ത്‌ അട്ടിമറിച്ചത്‌. സ്കോർ 21-15, 14-21, 24-22.
ലോക 22 ാ‍ം നമ്പർ താരമാണ്‌ ശ്രീകാന്ത്‌. ദക്ഷിണകൊറിയൻ എതിരാളിയുമായി അവസാനം ഏറ്റുമുട്ടിയ നാല്‌ തവണയും ശ്രീകാന്തിന്‌ തോൽവിയായിരുന്നു ഫലം. ആദ്യസെറ്റ്‌ അനായാസമായി കൈക്കലാക്കിയ ശ്രീകാന്തിന്‌ രണ്ടാം സെറ്റിൽ പിഴച്ചു. എന്നാൽ നിർണായകമായ മൂന്നാം സെറ്റിൽ ഇരുവരും ഒപ്പത്തിനൊപ്പം പൊരുതിയെങ്കിലും ജയം ഇന്ത്യൻ താരത്തിനൊപ്പം നിന്നു.
ഇത്‌ നാലാംതവണയാണ്‌ ശ്രീകാന്ത്‌ സൂപ്പർ സീരിസ്‌ കലാശപ്പോരിന്‌ യോഗ്യതനേടുന്നത്‌. 2014 ൽ, ചൈന ഓപ്പണും 2015 ൽ ഇന്ത്യ ഓപ്പണും ശ്രീകാന്ത്‌ കരസ്ഥമാക്കിയിരുന്നു.
ഒളിമ്പിക്‌ ചാമ്പ്യനെ അട്ടിമറിച്ച്‌ സെമിയിൽ കടന്ന എച്ച്‌ എസ്‌ പ്രണോയ്ക്ക്‌ സെമി പോരാട്ടത്തിൽ കാലിടറുകയായിരുന്നു. ജപ്പാന്റെ കസുമാസയോട്‌ 21-17, 26-28, 18-21 എന്ന സ്കോറിനാണ്‌ ഇന്ത്യൻ താരം പരാജയപ്പെട്ടത്‌.
ആദ്യ ഗെയിം 21-17നു വിജയിച്ച ശേഷം വീറും വാശിയുമേറിയ രണ്ടാം ഗെയിമിൽ 26-28 നു പിന്നിലായ പ്രണോയ്‌ മൂന്നാം ഗെയിം 18-21നു നഷ്ടപ്പെടുത്തി മത്സരം കൈവിട്ടു.
മൂന്നാം ഗെയിമിൽ പലപ്പോഴും പിഴവുകൾ വരുത്തിയ പ്രണോയ്‌ മത്സരം ജപ്പാൻ താരം കസുമാസ സകായിയ്ക്ക്‌ അടിയറവു വയ്ക്കുകയായിരുന്നു. നേരത്തെ വൻ താരങ്ങളെ അട്ടിമറിച്ചുകൊണ്ടാണ്‌ പ്രണോയ്‌ സെമിയിലെത്തിയത്‌.