Saturday
26 May 2018

ശ്രീവൽസം: അനധികൃത സ്വത്ത്സമ്പാദനം സമഗ്ര അന്വേഷണം വേണം

By: Web Desk | Wednesday 14 June 2017 4:55 AM IST

വൻതോതിലുള്ള അനധികൃത സ്വത്ത്‌ സമ്പാദനക്കേസിൽ ആദായനികുതി വകുപ്പിന്റെ അന്വേഷണം നേരിടുന്ന ശ്രീവൽസം സ്ഥാപനങ്ങൾ യുഡിഎഫ്‌ ഭരണത്തിന്റെ തണലിൽ കേരളത്തിൽ അരങ്ങേറിയ മറ്റൊരു അഴിമതി പരമ്പരയുടെ ചുരുളാണ്‌ അഴിക്കുന്നത്‌. സ്ഥാപനങ്ങളുടെ ഉടമയുടെ യക്ഷിക്കഥകളെ അനുസ്മരിപ്പിക്കുന്ന സാമ്പത്തിക വളർച്ച ഭരണകൂട പിന്തുണയോടെ നടന്ന വൻ അഴിമതിയിലേക്കാണ്‌ വിരൽ ചൂണ്ടുന്നത്‌. ശ്രീവൽസം സ്ഥാപനങ്ങളുടെ ഉടമ എംകെആർ പിള്ള നാഗാലൻഡ്‌ പൊലീസിൽ കോൺസ്റ്റബിളായാണ്‌ സർക്കാർ സർവീസിൽ പ്രവേശിച്ചത്‌. വിരമിക്കുമ്പോൾ പിള്ള അഡീഷണൽ എസ്‌ പി ആയിരുന്നു. സർവീസ്‌ കാലത്ത്‌ രാജ്യാതിർത്തിയിൽ നിന്നും പൊലീസ്‌ വാഹനങ്ങളിൽ കള്ളക്കടത്ത്‌ നടത്തിയതിന്‌ പിള്ളക്കെതിരെ അന്വേഷണം നടന്നിരുന്നതായി വാർത്തയുണ്ട്‌. തെളിവുകളുടെ അഭാവത്തിൽ അമ്പേഷണം അവസാനിപ്പിക്കുകയായിരുന്നത്രെ. സർവീസിലിരിക്കെ കള്ളക്കടത്തിന്റെ പേരിൽ അന്വേഷണം നേരിടേണ്ടിവന്ന ഒരാളെ വിരമിച്ചശേഷം നാഗാലാൻഡ്‌ പൊലീസ്‌ ആസ്ഥാനത്ത്‌ വാഹനങ്ങളുടെ ചുമതലക്കാരനായി തുടരാൻ അനുവദിച്ചതിൽ ദുരൂഹതയുണ്ട്‌. ഇക്കാര്യത്തിൽ സിബിഐ അന്വേഷണം നടന്നുവരുന്നതായാണ്‌ വാർത്ത. ശ്രീവൽസം ഗ്രൂപ്പിന്റെ വിവിധ സ്ഥാപനങ്ങളിലായി നടന്ന റെയ്ഡുകളും അന്വേഷണങ്ങളും 450 കോടി രൂപയുടെ അനധികൃത സ്വത്ത്‌ കണ്ടെത്തിയിട്ടുണ്ട്‌. പിള്ളയുടെ മക്കളും ശ്രീവൽസം ബിസിനസ്‌ സാമ്രാജ്യത്തിന്റെ കേരളത്തിലെ നടത്തിപ്പുകാരുമായ അരുൺരാജ,്‌ വരുൺ രാജ്‌ എന്നിവർ അന്വേഷണത്തോട്‌ സഹകരിക്കുന്നുണ്ടെന്നും ഗ്രൂപ്പിന്‌ 1000 കോടി രൂപയുടെ സ്വത്തുള്ളതായി അവർ സമ്മതിച്ചതായും വാർത്തയുണ്ട്‌. ഗ്രൂപ്പിന്റെ മൊത്തം ആസ്തി മൂവായിരം കോടി കവിയുമെന്നാണ്‌ പറയപ്പെടുന്നത്‌. കേരളത്തിനകത്തും പുറത്തുമായി വ്യാപിച്ചുകിടക്കുന്ന അനധികൃത സമ്പത്തിന്റെ ഒരംശത്തെ കുറിച്ച്‌ മാത്രമാണ്‌ ഇതിനകം പുറത്തുവന്ന വാർത്തകൾ സൂചിപ്പിക്കുന്നത്‌.
പന്തളത്തും ഹരിപ്പാടും കായംകുളത്തും മറ്റുമായി വസ്ത്രം, ആഭരണം, വാഹനം, ഭൂമികച്ചവടം എന്നിങ്ങനെ വിവിധ ബിസിനസ്‌ ഇടപാടുകളുമായി ബന്ധപ്പെട്ട്‌ ഒരു മുൻ പൊലീസ്‌ കോൺസ്റ്റബിൾ ഇത്ര വലിയ അനധികൃത സമ്പത്ത്‌ ആർജിക്കണമെങ്കിൽ അതിന്‌ ഉന്നത രാഷ്ട്രീയ നേതൃത്വമടക്കം ഭരണകൂട ഒത്താശ കൂടാതെ കഴിയില്ലെന്ന്‌ തിരിച്ചറിയാൻ ആർക്കും അന്വേഷണ ഏജൻസികളുടെ പിന്തുണയോ അസാമാന്യമായ ബുദ്ധിവൈഭവമോ ആവശ്യമില്ല. ഹരിപ്പാട്‌ മെഡിക്കൽ കോളജിന്റെ പേരിലും വിവാദ ഗ്രൂപ്പിന്റെ ഭൂമി ഇടപാടുകൾ നടന്നിട്ടുണ്ടെന്ന്‌ വരുമ്പോൾ സംശയത്തിന്റെ സൂചിമുന ബന്ധപ്പെട്ട രാഷ്ട്രീയ നേതൃത്വത്തിലേക്ക്‌ നീങ്ങുക തികച്ചും സ്വാഭാവികം മാത്രമാണ്‌. അതിന്റെ പേരിൽ സംശയം ഉന്നയിക്കുന്നവർക്കു നേരെയും അന്വേഷണം ആവശ്യപ്പെടുന്നവർക്ക്‌ നേരെയും അരിശം കൊള്ളുന്നത്‌ അർഥശൂന്യവും അപഹാസ്യവുമാണ്‌. പ്രശ്നത്തെക്കുറിച്ച്‌ അന്വേഷണം ആവശ്യപ്പെട്ട്‌ മുഖ്യമന്ത്രിക്ക്‌ പരാതി നൽകിയതിന്റെയും അക്കാര്യം മാധ്യമങ്ങളോട്‌ വെളിപ്പെടുത്തിയതിന്റെയും പേരിൽ സിപിഐ ആലപ്പുഴ ജില്ലാ സെക്രട്ടറി ടി ജെ ആഞ്ചലോസിനെ പ്രതിക്കൂട്ടിൽ നിർത്താനും വിചാരണചെയ്യാനും മുൻ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തലയും കോൺഗ്രസ്‌ നേതൃത്വവും നടത്തുന്ന ശ്രമങ്ങൾ അപഹാസ്യമാണ്‌. അവർ ആരോപിക്കുംവിധം എൽഡിഎഫ്‌ ഘടക കക്ഷികളുടെ പ്രാദേശിക നേതൃത്വത്തിന്‌ ശ്രീവൽസം ഗ്രൂപ്പിന്റെ അനധികൃത ഇടപാടുകളിൽ ഏതെങ്കിലും തരത്തിലുള്ള അവിഹിത ബന്ധം ഉണ്ടെങ്കിൽ സമഗ്രമായ അന്വേഷണത്തിലൂടെ അതും പുറത്തുകൊണ്ടുവരുന്നതിനെ ആരും എതിർക്കുന്നില്ലെന്നത്‌ ആ നേതാക്കൾ ഓർമിക്കുന്നത്‌ നന്നായിരിക്കും.
ശ്രീവൽസം സ്ഥാപനങ്ങളുടെ അനധികൃത സ്വത്ത്‌ സമ്പാദനത്തിനെതിരെ യുഡിഎഫ്‌ ഭരണകാലത്ത്‌ പരാതികൾ ഉയർന്നിട്ടും അക്കാര്യങ്ങളിൽ യാതൊരു അന്വേഷണവും നടന്നതായി കാണുന്നില്ല. ഒരു കോൺഗ്രസ്‌ നേതാക്കളും അത്തരം അവകാശവാദങ്ങളും ഉന്നയിക്കുന്നില്ല. നാഗാലാൻഡ്‌ പൊലീസിന്റെ ട്രക്കുകളടക്കം വാഹനങ്ങൾ ശ്രീവൽസം സ്ഥാപനങ്ങളുടെ സ്വകാര്യ ഭൂമിയിൽ സ്ഥിരമായി വന്നുപോകുകയും അവിടെ യഥേഷ്ടം പാർക്ക്‌ ചെയ്യുകയും പതിവായിട്ടും അതേപ്പറ്റി അന്വേഷണത്തിന്‌ കേരള പൊലീസോ അന്നത്തെ ഭരണനേതൃത്വമോ യാതൊരു ശ്രമവും നടത്തിയില്ലെന്നത്‌ അവർ നൽകിപ്പോന്ന ഒത്താശയുടേയോ അതല്ലെങ്കിൽ അവരുടെ അറിവോടും സമ്മതത്തോടും നടന്ന ക്രിമിനൽ കുറ്റകൃത്യത്തിന്റെയോ തെളിവായി മാത്രമേ കാണാനാവു. ലഭ്യമായ വസ്തുതകളുടെ അടിസ്ഥാനത്തിൽ ഒന്നിലധികം സംസ്ഥാനങ്ങളും അവിടങ്ങളിലെ ഭരണകൂടങ്ങളും ഉൾപ്പെട്ട വൻ പകൽക്കൊള്ളയുടെ കഥകളാണ്‌ ശ്രീവൽസം ഗ്രൂപ്പിന്റെ അനധികൃത സ്വത്ത്‌ സമ്പാദനത്തിലൂടെ പുറത്തുവരുന്നത്‌. അതിൽ സാധാരണ ജനങ്ങളുടെ ജീവനും സ്വത്തിനുമുള്ള സുരക്ഷിതത്വത്തിന്റെ പ്രശ്നം കൂടി ഉൾപ്പെട്ടിരിക്കുന്നു. അതുകൊണ്ടുതന്നെ വസ്തുതകൾ എന്തെന്ന്‌ അറിയാനും കുറ്റവാളികൾ നിയമത്തിന്റെ പിടിയിൽ നിന്ന്‌ രക്ഷപ്പെടില്ലെന്ന്‌ ഉറപ്പുവരുത്താനും ജനങ്ങൾക്ക്‌ അവകാശമുണ്ട്‌. അനുയോജ്യവും സമഗ്രവുമായ അന്വേഷണത്തിലൂടെ മാത്രമേ അതിന്‌ കഴിയു. അഴിമതി പൊതുജീവിതത്തിൽ നിന്ന്‌ തുടച്ചുനീക്കാൻ പ്രതിജ്ഞാബദ്ധമായ എൽഡിഎഫ്‌ സർക്കാർ ഇക്കാര്യത്തിൽ യാതൊരു വിട്ടുവീഴ്ചയ്ക്കും തയാറാവില്ലെന്ന്‌ ജനം ഉറച്ചുവിശ്വസിക്കുന്നു.