ശ്രീശാന്തിന്റെ വിലക്ക്‌ നീക്കില്ലെന്ന്‌ ബിസിസിഐ

ശ്രീശാന്തിന്റെ വിലക്ക്‌ നീക്കില്ലെന്ന്‌ ബിസിസിഐ
April 19 04:45 2017

കൊച്ചി : ശ്രീശാന്തിന്റെ വിലക്ക്‌ നീക്കാനോ സ്കോട്ട്ലാൻഡ്‌ പ്രീമിയർ ലീഗിൽ കളിക്കുന്നതിന്‌ അനുമതി നൽകാനോ സാധിക്കില്ലെന്ന്‌ ഇന്ത്യൻ ക്രിക്കറ്റ്‌ കൺട്രോൾ ബോർഡ്‌ ഹൈക്കോടതിയിൽ വ്യക്തമാക്കി. ക്രിക്കറ്റിലെ ആജീവനാന്ത വിലക്കിനെതിരെ ശ്രീശാന്ത്‌ നൽകിയ ഹർജിയിൽ ബി.സി.സി.ഐയുടെ പ്രതിനിധി രാഹുൽ ജോഹ്‌റിയാണ്‌ ഇക്കാര്യം വ്യക്തമാക്കി മറുപടി സത്യവാങ്മൂലം നൽകിയത്‌. ഹർജി വെള്ളിയാഴ്ച ഹൈക്കോടതി വീണ്ടും പരിഗണിക്കും.
ഐ.പി.എൽ ആറാം സീസണിലെ ഒത്തുകളി വിവാദത്തെത്തുടർന്ന്‌ പൊലീസ്‌ രജിസ്റ്റർ ചെയ്ത കേസിൽ കോടതി തന്നെ കുറ്റവിമുക്തനാക്കിയിട്ടും ബി.സി.സി.ഐ വിലക്ക്‌ പിൻവലിക്കുന്നില്ലെന്നാരോപിച്ചാണ്‌ ശ്രീശാന്ത്‌ ഹൈക്കോടതിയെ സമീപിച്ചത്‌. എന്നാൽ വിവാദവുമായി ബന്ധപ്പെട്ട തെളിവുകൾ വിശദമായി പരിശോധിച്ചാണ്‌ അച്ചടക്ക നടപടിയെടുത്തതെന്ന്‌ ബി.സി.സി.ഐ വ്യക്തമാക്കുന്നു. 2015 ജൂലായ്‌ 25 ന്‌ പട്യാല സെഷൻസ്‌ കോടതി ശ്രീശാന്തിനെ കുറ്റവിമുക്തനാക്കിയെങ്കിലും ഇതിനെതിരെ പൊലീസ്‌ നൽകിയ അപ്പീൽ ഡെൽഹി ഹൈക്കോടതി ആഗസ്റ്റ്‌ 11 ന്‌ പരിഗണിച്ചേക്കും. സെഷൻസ്‌ കോടതി വിധി അന്തിമമാണെന്ന്‌ പറയാൻ കഴിയില്ല. ശ്രീശാന്തിനെ കുറ്റവിമുക്തനാക്കിയ സെഷൻസ്‌ കോടതി വിധി 2015 ഒക്ടോബർ 18 ന്‌ ചേർന്ന ബി.സി.സി.ഐയുടെ വർക്കിംഗ്‌ കമ്മിറ്റി പരിഗണിച്ചിരുന്നു. ബി.സി.സി.ഐയുടെ അഴിമതി വിരുദ്ധ നിലപാടിനു പുറമേ ക്രിക്കറ്റ്‌ കളിയുടെ ധാർമിക മൂല്യം ഉയർത്തിപ്പിടിക്കേണ്ട ബാദ്ധ്യതയും കണക്കിലെടുത്ത്‌ വിലക്ക്‌ പിൻവലിക്കേണ്ടെന്നായിരുന്നു കമ്മിറ്റി തീരുമാനിച്ചത്‌. സ്കോട്ട്ലാൻഡ്‌ പ്രീമിയർ ലീഗിൽ കളിക്കാൻ അനുമതി തേടി ശ്രീശാന്ത്‌ ജനുവരി 17 ന്‌ കെ.സി.എ മുഖേന അപേക്ഷ നൽകിയിരുന്നു. എന്നാൽ വിലക്കു നീക്കി എൻ.ഒ.സി നൽകാൻ തക്ക പുതിയ സാഹചര്യമൊന്നും നിലവിലില്ലെന്നും ആജീവനാന്ത വിലക്കുള്ളതിനാൽ എൻ.ഒ.സി നൽകാനാവില്ലെന്നും വ്യക്തമാക്കി കെ.സി.എയ്ക്ക്‌ മറുപടി നൽകി. വീണ്ടും ശ്രീശാന്ത്‌ ഇതേ ആവശ്യം ഉന്നയിച്ച്‌ അപേക്ഷ നൽകിയപ്പോൾ അച്ചടക്ക സമിതിയുടെ മുൻ തീരുമാനം ഫെബ്രുവരി 15 ന്‌ വീണ്ടും കെ.സി.ഐ അറിയിച്ചു.
ഇതിനു ശേഷം മാർച്ച്‌ ആറിന്‌ അച്ചടക്ക സമിതി തീരുമാനം പുന: പരിശോധിക്കാൻ ശ്രീശാന്ത്‌ ഇമെയിൽ മുഖേന അപേക്ഷ നൽകി. എന്നാൽ വിലക്ക്‌ നീക്കാനോ അനുമതി നൽകാനോ കഴിയില്ലെന്ന്‌ വ്യക്തമാക്കി ഏപ്രിൽ 15 ന്‌ മറുപടി നൽകിയെന്നും ഇതിന്റെ പകർപ്പ്‌ ഹൈക്കോടതിയിൽ ഹാജരാക്കിയിട്ടുണ്ടെന്നും ബി.സി.സി.ഐയുടെ മറുപടി സത്യവാങ്മൂലത്തിൽ പറയുന്നു.

  Categories:
view more articles

About Article Author