ശ്വാസകോശാർബുദം വ്യാപിക്കുന്നതിന്‌ പ്രധാന കാരണം പുകയില ഉപയോഗമെന്ന്‌ പഠനം

ശ്വാസകോശാർബുദം വ്യാപിക്കുന്നതിന്‌ പ്രധാന കാരണം പുകയില ഉപയോഗമെന്ന്‌ പഠനം
January 25 04:50 2017

കോഴിക്കോട്‌: സംസ്ഥാനത്തെ വടക്കൻ ജില്ലകളായ കോഴിക്കോട്‌, കണ്ണൂർ, കാസർഗോഡ്‌ എന്നിവിടങ്ങളിൽ വൻതോതിൽ വ്യാപിക്കുന്ന ശ്വാസകോശാർബുദത്തിന്റെ കാരണങ്ങളിലൊന്ന്‌ പുകയില ഉപയോഗമാണെന്ന്‌ കണ്ണൂരിലെ മലബാർ ക്യാൻസർ സെന്റർ (എംസിസി) നടത്തിയ പഠനത്തിൽ കണ്ടെത്തി.
ഈ ജില്ലകളിലെ അർബുദ രോഗികളിൽ മുപ്പത്തിയാറ്‌ ശതമാനം പേർക്ക്‌ പുകവലി ശീലമുണ്ട്‌. 40 ശതമാനം പുകവലിക്കാരായ രോഗികളുമായി കാസർകോഡാണ്‌ ആദ്യസ്ഥാനത്തുള്ളത്‌. 34 ശതമാനം രോഗികൾ കണ്ണൂരിൽ പുകവലിക്കുമ്പോൾ കോഴിക്കോട്‌ അത്‌ 33 ശതമാനമാണ്‌. ആരോഗ്യമന്ത്രാലയത്തിന്റെ ഗ്ലോബൽ അഡൽറ്റ്‌ ടുബാക്കോ സർവ്വേ പ്രകാരം കേരളത്തിലെ പ്രായപൂർത്തിയായവരിൽ പുകവലിക്കാർ 13.4 ശതമാനമണ്‌.
ശ്വാസകോശ-സ്തനാർബുദങ്ങളാണ്‌ ഈ മൂന്ന്‌ ജില്ലകളിൽ ഏറെ കണ്ടുവരുന്നത്‌. കണ്ണൂരിൽ 15 ശതമാനം വീതമാണ്‌ അർബുദങ്ങളിൽ ഈ രണ്ട്‌ വിഭാഗം കാണപ്പെട്ടുവരുന്നത്‌. കോഴിക്കോട്‌ 11 ശതമാനം ശ്വാസകോശാർബുദവും 13 ശതമാനം സ്തനാർബുദവുമുണ്ട്‌. കാസർകോഡ്‌ 13 ശതമാനം ശ്വാസകോശ അർബുദവും 15 ശതമാനം സ്തനാർബുദവുമാണുള്ളത്‌.
ഉത്തരകേരളത്തിൽ അർബുദത്തിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ ഇവയാണ്‌. 1,259 പുരുഷൻമാരും 1,107 സ്ത്രീകളുമായി 2,366 രോഗികളാണ്‌ എംസിസിയിൽ 2011-ലെ കണക്കനുസരിച്ച്‌ രജിസ്റ്റർ ചെയ്തിരിക്കുന്നത്‌ കോഴിക്കോട്‌ (457), കണ്ണൂർ (1670), കാസർകോഡ്‌ (239) എന്നിങ്ങനെയാണത്‌. മെഡിക്കൽ റെക്കോഡുകളിൽനിന്നാണ്‌ ഇവരുടെ ജനസംഖ്യാപരവും വ്യക്തിപരവും രോഗവുമായി ബന്ധപ്പെട്ടതുമായ വിവരങ്ങൾ മനസിലാക്കിയിരിക്കുന്നത്‌. ഒരു പുനരവലോകന പഠനം (ജോഗ്രഫിക്കൽ ഡിസ്ട്രിബ്യൂഷൻ ഓഫ്‌ ക്യാൻസർ ഇൻ നോർത്തേൺ കേരള, ഇന്ത്യ: ഏ റിട്രോസ്പെക്റ്റീവ്‌ അനാലിസിസ്‌) എന്നുപേരിട്ടിരിക്കുന്ന പഠനം എംസിസിയുടെ 2011-ലെ ഡേറ്റ ഉപയോഗിച്ച്‌ തയ്യാറാക്കിയതാണ്‌. ഇന്ത്യൻ ജേണൽ ഓഫ്‌ അപ്ലൈഡ്‌ റിസർച്ചിലാണ്‌ പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്‌.
സെക്കൻഡ്‌ ഹാൻഡ്‌ സ്മോക്കിംഗ്‌, പാസീവ്‌ സ്മോക്കിംഗ്‌ എന്നിവയുടെ ദൂഷ്യഫലങ്ങളും പഠനം സൂചിപ്പിക്കുന്നുണ്ട്‌. രജിസ്റ്റർ ചെയ്ത സ്ത്രീ രോഗികളിൽ 10 ശതമാനം പേരും പാസീവ്‌ സ്മോക്കിംഗ്‌ വിഭാഗത്തിൽ വരുന്നുണ്ട്‌. സെക്കൻഡ്‌ ഹാൻഡ്‌ സ്മോക്കിങ്ങിന്‌ ശ്വാസകോശാർബുദത്തോടും ലിംഫോമ, ലുക്കീമിയ, കുട്ടികളിലെ ബ്രെയിൻ ട്യൂമർ, ബ്രെസ്റ്റ്‌ ക്യാൻസർ, ഉദര, തലച്ചോർ ക്യാൻസറുകൾ എന്നിവയോടെല്ലാം ബന്ധമുള്ളതായി ശാസ്ത്രീയ രേഖകൾ ഉദ്ധരിച്ച്‌ പഠനം പറയുന്നുണ്ട്‌.
പുകയില നിയന്ത്രണമാണ്‌ അർബുദം തടയുന്നതിനുള്ള മികച്ച മാർഗമെന്ന വസ്തുതയ്ക്ക്‌ വീണ്ടും അടിവരയിടുകയാണെന്ന്‌ പഠനത്തിന്റെ മുഖ്യ ഗവേഷകനും സഹരചയിതാവുമായ മലബാർ ക്യാൻസർ സെന്റർ ഡയറക്ടർ ഡോ. ബി.സതീശൻ പറയുന്നു. ഉത്തര കേരളത്തിൽ പുകവലിക്കുന്ന രൂപത്തിലും ചവയ്ക്കുന്ന രൂപത്തിലും ഉള്ള പുകയിലയുടെ ഉയർന്ന തോതിലെ ലഭ്യതയും ഉപയോഗവും പ്രദേശത്തെ പുകയിലയുമായി ബന്ധമുള്ള അർബുദത്തിന്റെ ഉയർന്ന തോതിന്‌ കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. രോഗികളിൽ വെറ്റിലമുറുക്കുന്ന ശീലം കണ്ണൂരിൽ 14 ശതമാനവും കാസർകോട്ട്‌ 19 ശതമാനവും കോഴിക്കോട്ട്‌ 16 ശതമാനവുമാണ്‌. പുകയില ഉപയോഗിച്ചും പുകയില ഇല്ലാതെയും വെറ്റില മുറുക്കുന്നത്‌ മനുഷ്യരിൽ അർബുദകാരണമാകുമെന്ന്‌ ലോകാരോഗ്യസംഘടനയുടെ അർബുദ ഗവേഷണത്തിനുള്ള അന്താരാഷ്ട്ര ഏജൻസി (ദി ഇന്റർനാഷണൽ ഏജൻസി ഫോർ ക്യാൻസർ റിസേർച്ച്‌- ഐഏആർസി) ശാസ്ത്രീയപഠനങ്ങളിലൂടെ വ്യക്തമാക്കിയിരുന്നു.

  Categories:
view more articles

About Article Author