സംഗീതം പോരാട്ടമാക്കിയ അഫ്ഗാൻ റാപ്പ്‌ ഗായിക

സംഗീതം പോരാട്ടമാക്കിയ അഫ്ഗാൻ റാപ്പ്‌ ഗായിക
January 06 04:50 2017

ഗീന
അഫ്ഘാനിസ്ഥാനിൽ സ്വാതന്ത്ര്യത്തിനും അവകാശങ്ങൾക്കും വേണ്ടി സ്ത്രീകൾ നിരന്തരം പോരാട്ടങ്ങൾ നടത്തുകയാണ്‌. ഏതാണ്ട്‌ മൂന്നര പതിറ്റാണ്ടിന്‌ മുമ്പുവരെ ആ രാജ്യത്ത്‌ നിലനിന്ന പുരോഗമന സാമൂഹ്യരാഷ്ട്രീയ കാലാവസ്ഥ താലിബാന്റെ വരവോടുകൂടി അസ്തമിക്കുകയാണുണ്ടായത്‌. മതമൗലികവാദികൾ ഭരണത്തിൽ പിടിമുറിക്കയതോടെ ആ രാജ്യത്തെ സ്ത്രീകളുടെ അവസ്ഥയാണ്‌ ഏറെ കഷ്ടത്തിലായത്‌. പെൺകുട്ടികളെ വിദ്യാഭ്യാസം ചെയ്യിക്കുന്നതിലും തൊഴിലെടുക്കുന്നതിലും വിലക്കുകൾ വീണു. നിരവധി പെൺ പള്ളിക്കൂടങ്ങൾ താഴിട്ടുപൂട്ടി. വസ്ത്രധാരണ സ്വാതന്ത്ര്യം, സഞ്ചാരസ്വാതന്ത്ര്യം എന്നിവ കടുത്ത നിയന്ത്രണങ്ങൾക്ക്‌ വിധേയമാക്കി. ഇസ്ലാമിക രാഷ്ട്രമെന്ന പദവിയുടെ മറവിൽ ഏറ്റവും സ്ത്രീവിരുദ്ധമായ പരിഷ്കാരങ്ങൾക്കാണു ഭരണകൂടം ശ്രമിച്ചത്‌. വർഗീയ വംശീയ കലാപങ്ങളും യുദ്ധങ്ങളും കൊണ്ട്‌ ഛിന്നഭിന്നമായ പൗരാണിക രാഷ്ട്രത്തിൽ താലിബാൻ ഭരണമൊഴിയുമ്പോഴേയ്ക്കും ഏതാണ്ടെല്ലാ ചരിത്രസ്മാരകങ്ങളും പൈതൃകശേഷിപ്പുകളും നാമാവശേഷമായിരുന്നു. ഇന്നും മതഭീകരവാദം നിലനിൽക്കുന്ന രാജ്യത്തെ സ്ത്രീകൾ സ്വതന്ത്ര ജീവിതത്തിനും മനുഷ്യാവകാശങ്ങൾക്കും വേണ്ടി പോരാടുകയാണ്‌. പാരഡൈസ്‌ സൊറോറി എന്ന റാപ്പ്‌ സംഗീതജ്ഞയുടെ അനുഭവ കഥ ഈ അവസ്ഥയുടെ ക്രൂരമായ മുഖമാണ്‌ അനാവരണം ചെയ്യുന്നത്‌. സംഗീതത്തെ ഏറെ സ്നേഹിച്ച സൊറോറി മറ്റൊരു സംഗീതജ്ഞനായ ഡൈവേഴ്സിനെ കണ്ടുമുട്ടുംവരെ റാപ്പ്‌ തന്റെ പാഷനും തൊഴിലുമാകുമെന്ന്‌ വിശ്വസിച്ചിരുന്നില്ല. ഇറാനിൽ അഫ്ഗാൻ ദമ്പതികൾക്ക്‌ പിറന്ന സൊറോറി താലിബാൻ ഭരണം നിലംപൊത്തിയശേഷമാണ്‌ അഫ്ഘാനിസ്ഥാനിലെ ഹിരാത്‌ നഗരത്തിലേയ്ക്ക്‌ താമസം മാറ്റുന്നത്‌. ഹിരാത്‌ മതത്തിന്‌ സ്വാധീനമുള്ള നഗരമാണ്‌. തുടക്കത്തിൽ 143 ബാൻഡ്‌ എന്ന പേരിൽ സൊറോറിയും ഡൈവേഴ്സും ചേർന്ന്‌ ആരംഭിച്ച റാപ്പ്‌ സംഗീത ഗ്രൂപ്പിന്‌ വലിയ വെല്ലുവിളികളൊന്നുമുണ്ടായില്ല. എന്നാൽ ഹിജാബിന്‌ പകരം തൊപ്പി ധരിച്ച്‌ ആധുനിക വസ്ത്രധാരണത്തോടെ റാപ്പ്‌ സംഗീതം ഒരു സ്ത്രീ ആലപിക്കുന്നതിനെതിരെ മതതീവ്രവാദികൾ ഭീഷണി ഉയർത്താൻ തുടങ്ങി. ശരിയത്ത്‌ നിയമമനുസരിച്ച്‌ സ്ത്രീകൾക്ക്‌ സംഗീതാലാപനം ഹറാമാണെന്ന വാദവുമായി അവർ സൊറോറിയെ ആക്രമിച്ചു. വധഭീഷണി മുഴക്കുക മാത്രമല്ല, പത്തോളം പേർ സംഘം ചേർന്ന്‌ സൊറോറിയെ തെരുവിൽ നേരിട്ടു. ക്രൂരപീഡനത്തെ തുടർന്ന്‌ മൃതപ്രായയായ സൊറോറിക്ക്‌ ഡൈവേഴ്സ്‌ കരുത്തും പിന്തുണയും നൽകി. ഹിരാത്‌ വിട്ട്‌ അവർ തജികിസ്ഥാനിലേയ്ക്ക്‌ താമസം മാറ്റി. നലെസ്താൻ എന്ന സംഗീത ആൽബത്തിലൂടെ അഫ്ഗാൻ സ്ത്രീകളുടെ അവസ്ഥയെ സൊറോറി നിശിതമായി വിമർശിച്ചു. ആൽബം ഹിറ്റായി. സ്ത്രീകൾ ബലാൽസംഗത്തെ ചെറുത്താൽ ആസിഡ്‌ ആക്രമത്തിനിരയാകുന്നതും ബാലവിവാഹങ്ങൾക്ക്‌ നിർബന്ധിതമാകുന്നതും ഭർത്താക്കന്മാർ പച്ചയ്ക്ക്‌ തീകൊളുത്തുന്നതും ആൽബത്തിൽ കടുത്ത വിമർശനത്തിനിരയാക്കി. ‘നിങ്ങൾ ഗായികയോ കലാകാരിയോ അധ്യാപികയോ ആരോ ആകട്ടെ. ഒരു അഫ്ഗാൻ വനിതയാണെങ്കിൽ നിങ്ങൾ അവർക്കൊരു പ്രശ്നമാണ്‌. ഇതിനെതിരെ ശബ്ദമുയർത്താൻ കഴിയാത്തവരുടെ ശബ്ദമാണ്‌ എന്റെ സംഗീതം’ സൊറോറി പറഞ്ഞു. ഏതായാലും ആൽബം പുറത്തിറങ്ങിയതോടെ അഫ്ഗാനിസ്ഥാനിൽ നിന്നും പലായനം ചെയ്യാൻ സൊറോറിയും ഡൈവേഴ്സും നിർബിന്ധിതരായി. ബർലിനിൽ സ്ഥിര താമസമാക്കാൻ നിർബന്ധിതരായ സൊറോറി അവിടെയിരുന്നുകൊണ്ടും അഫ്ഗാനിലെ അടിച്ചമർത്തപ്പെട്ട സ്ത്രീകൾക്കും ലോകത്തെ മറ്റു സ്ത്രീകൾക്കും വേണ്ടി സംഗീത തപസ്യ നടത്തുകയാണ്‌ മനുഷ്യാവകാശ പ്രവർത്തനങ്ങൾക്ക്‌ 2013 ൽ ഐക്യരാഷ്ട്രസഭയുടെ അംഗീകാരം സൊറോറിയെ തേടിയെത്തി. ‘എന്റെ സംഗീതം ഇനിയും അഫ്ഗാനാവശ്യമുണ്ട്‌. ഞാൻ പാടിക്കൊണ്ടിരിക്കും’ സൊറോറി പറഞ്ഞു.

view more articles

About Article Author