സംസ്ഥാനത്തിനു മാതൃക: ചൂർണ്ണിക്കരയിലെ ചവറ്റുപാടത്ത്‌ കൊയ്തത്‌ നൂറുമേനി

സംസ്ഥാനത്തിനു മാതൃക: ചൂർണ്ണിക്കരയിലെ ചവറ്റുപാടത്ത്‌ കൊയ്തത്‌ നൂറുമേനി
March 21 03:00 2017

പ്രത്യേക ലേഖകൻ
കൊച്ചി: കൃഷിവകുപ്പിന്റെ സഹകരണത്തോടെ നെല്ല്‌ ഉത്പാദനത്തിൽ കേരളത്തിനു മാതൃകയാവുകയാണ്‌ എറണാകുളം ജില്ലയിലെ ചൂർണ്ണിക്കര പഞ്ചായത്ത്‌. ഒന്നര പതിറ്റാണ്ടായി മാലിന്യം നിറഞ്ഞ്‌ തരിശായിക്കിടന്ന 15 ഏക്കർ പാടത്ത്‌ ശാസ്ത്രീയമായി കൃഷി ചെയ്തു നൂറുമേനി വിളവ്‌ കൊയ്താണ്‌ ഈ ഗ്രാമപഞ്ചായത്ത്‌, കൃഷിയുടെയും അധ്വാനത്തിന്റെയും കൂട്ടായ്മയുടെയുമൊക്കെ പുതിയ ചരിത്രം രചിച്ചത്‌.
പഴയകാലത്ത്‌ കൃഷിഭൂമിയായിരുന്നെങ്കിലും വർഷങ്ങളായി തരിശായിക്കിടക്കുകയായിരുന്നു ചൂർണ്ണിക്കര പഞ്ചായത്തിലെ ഏക്കർ കണക്കിനു വരുന്ന ചവറ്റുപാടം. അതിലെ വലിയൊരു ഭാഗം, കൊച്ചി മെട്രോയുടെ കോച്ച്‌ റിപ്പയറിംഗ്‌ യാർഡിനായി ഏറ്റെടുത്തു. മാലിന്യങ്ങൾ നിറഞ്ഞു കിടന്ന ബാക്കി സ്ഥലത്താണ്‌ സ്വയം സഹായസംഘത്തിലെ ചെറുപ്പക്കാരുടെയും കാർഷിക വിദഗ്ധരുടെയും പഞ്ചായത്ത്‌ അധികൃതരുടെയും ഒത്തൊരുമയോടെ പൊന്ന്‌ വിളയിക്കാനായത്‌. ആ യോജിച്ച പരിശ്രമത്തിന്റെ ഫലത്തിന്‌ ‘ചൂർണ്ണിക്കര കുത്തരി എന്ന്‌’ അവർ പേരുമിട്ടു.
കൃഷിവകുപ്പിന്റെ ‘ആത്മ’ പദ്ധതിയിൽ ജില്ലയിൽ നടപ്പാക്കിയ കൃഷി എന്ന നിലയിൽ 5.9 ലക്ഷംരൂപ ഈ സംരംഭത്തിന്‌ സബ്സിഡിയായി ലഭിച്ചു. കൃഷിയിടം ഒരുക്കൽ മുതൽ കൊയ്തെടുത്ത നെല്ല്‌ കുത്തി അരിയാക്കി പായ്ക്കറ്റിൽ നിറക്കുന്നതു വരെയുള്ള ചെലവ്‌ 15 ഏക്കറിന്‌ 6.7 ലക്ഷം രൂപയാണ്‌. കാർഷിക സർവ്വകലാശാലയിൽ വികസിപ്പിച്ച കാഞ്ചന വിത്തിന്‌ ഹെക്ടറിൽ അഞ്ച്‌ ടൺ ഉത്പാദനമാണ്‌ പറയുന്നതെങ്കിലും ചവറ്റുപാടത്ത്‌ ഹെക്ടറിന്‌ 7.1 ടൺ വിളവ്‌ കിട്ടി. ജ്യോതി നെല്ലിന്‌ ഹെക്ടറിന്‌ അഞ്ച്‌ മുതൽ ആറു വരെയാണ്‌ ഉത്പാദന ശേഷിയെങ്കിൽ ഇവിടെ ഹെക്ടറിന്‌ 9.86 ടൺ വിളവ്‌ ലഭിച്ചു. വർഷങ്ങളിലെ രാസ-ജൈവ മാലിന്യങ്ങൾ അടിഞ്ഞുകൂടി തനിമ നഷ്ടപ്പെട്ട മണ്ണ്‌ എന്ന്‌ ചിന്തിച്ച്‌ പിന്മാറിയിരുന്നെങ്കിൽ ചൂർണ്ണിക്കരയുടെ പെരുമ ചരിത്രമാക്കിയ ഉദ്യമം സംഭവിക്കുമായിരുന്നില്ലെന്ന്‌ സംഘാടകർ പറയുന്നു. കൃഷിയിടത്തിന്റെ അരികു ചേർന്ന്‌ ചാലുണ്ടാക്കി എസ്കവേറ്റർ ഉപയോഗിച്ച്‌ പാടത്തെ പുല്ല്‌ മുഴുവൻ നീക്കം ചെയ്തു. ഇതിനു മാത്രമായി വേണ്ടിവന്നത്‌ രണ്ടാഴ്ചത്തെ അദ്ധ്വാനമാണ്‌. തുടർച്ചയായി ഈ സ്ഥലത്തേക്ക്‌ വെള്ളമെത്തിച്ച്‌ മണ്ണിന്റെ സ്വാഭാവികത നഷ്ടപ്പെടുത്തിയ ഘനലോഹങ്ങളും മൂലകങ്ങളും ഒട്ടും അവശേഷിക്കാതെ ഒഴുക്കിക്കളഞ്ഞു. മണ്ണ്‌ ഉഴുതുമറിച്ച്‌ കൃഷിക്ക്‌ ഉപയുക്തമാക്കി. കുറവുളള മൂലകങ്ങൾ മണ്ണിൽച്ചേർത്തു. ഞാറ്‌ യന്ത്രം ഉപയോഗിച്ചു നട്ടു. ഞാറുകൾ വളരാനുള്ള ഈർപ്പം മാത്രം നിലനിർത്തുകയും വെള്ളം കെട്ടി നിൽക്കാതെ ശ്രദ്ധിക്കുകയും ചെയ്തു. ഞാറുകളെ രോഗം ബാധിക്കാതിരിക്കാൻ ജൈവ കീടനാശിനികളും മറ്റും, കൃഷി വിദഗ്ധരുടെ നിർദ്ദേശപ്രകാരം ഉപയോഗിച്ചു. സൂക്ഷ്മ മൂലകങ്ങൾ സമയാസമയങ്ങളിൽ തളിച്ചു. വേണ്ടപരിചരണം കൃത്യസമയത്തുണ്ടായപ്പോൾ ഫലം അത്ഭുതകരമായിരുന്നു.
കഴിഞ്ഞദിവസം, കൂട്ടായ്മ സംഘടിപ്പിച്ച ചടങ്ങിൽ വച്ച്‌ ചൂർണ്ണിക്കര കുത്തരിയുടെ വിതരണം നിർവഹിച്ചത്‌ മുഖ്യമന്ത്രി പിണറായി വിജയനാണ്‌. അദ്ദേഹം ഈ പ്രവർത്തനങ്ങളെ മുക്തകണ്ഠം പ്രശംസിച്ചു. പല സമീപ പഞ്ചായത്തുകളും സഹകരണ സ്ഥാപനങ്ങളും തങ്ങളുടെ പ്രദേശത്തെ തരിശുനിലങ്ങൾ കണ്ടെത്തി നെല്ലും മറ്റ്‌ കാർഷിക വിഭവങ്ങളും വിളയിച്ചെടുക്കാനുള്ള തയ്യാറെടുപ്പിലാണിപ്പോൾ.

  Categories:
view more articles

About Article Author