സംസ്ഥാനത്ത്‌ വ്യാജവാറ്റും ലഹരി ഉപയോഗവും വൻ തോതിൽ വർധിച്ചു: ഋഷിരാജ്സിങ്‌

സംസ്ഥാനത്ത്‌ വ്യാജവാറ്റും ലഹരി ഉപയോഗവും വൻ തോതിൽ വർധിച്ചു: ഋഷിരാജ്സിങ്‌
April 21 04:45 2017

കൊച്ചി: സംസ്ഥാനത്ത്‌ കഴിഞ്ഞ പത്ത്‌ മാസത്തിനിടെ വ്യാജ വാറ്റും ലഹരി ഉപയോഗവും വൻതോതിൽ വർധിച്ചതായി എക്സൈസ്‌ കമ്മിഷണർ ഋഷിരാജ്‌ സിങ്‌. കഴിഞ്ഞ പത്ത്‌ മാസത്തിനിടെ സംസ്ഥാനത്ത്‌ 1,27,000 റെയ്ഡുകൾ എക്സൈസ്‌ വകുപ്പിന്റെ നേതൃത്വത്തിൽ നടന്നു. ഇതിന്റെ അടിസ്ഥാനത്തിൽ 23,600 അബ്കാരി കേസുകൾ രജിസ്റ്റർ ചെയ്തതായും എക്സൈസ്‌ കമ്മിഷണർ പറഞ്ഞു. വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്ത്‌ മദ്യവിൽപന കേന്ദ്രങ്ങൾക്കുണ്ടായ ഭാഗികമായ നിയന്ത്രണങ്ങളെ തുടർന്നാണോ ഈ വർധന എന്ന്‌ പറയാൻ കഴിയില്ലെന്നും കണക്കുകൾ സൂചിപ്പിക്കുന്നത്‌ വൻതോതിലുള്ള വർധനയുണ്ടായെന്നുമാണെന്നും അദ്ദേഹം ചോദ്യത്തിന്‌ മറുപടിയായിപറഞ്ഞു. മദ്യ വിൽപനയിലുണ്ടായ നിയന്ത്രണങ്ങളാണോ മറ്റ്‌ ലഹരിവസ്തുക്കളുടെ ഉപയോഗ വർധനയ്ക്ക്‌ കാരണമെന്ന്‌ കണ്ടെത്തുന്നതിനായി പഠനങ്ങൾ ഒന്നും നടന്നിട്ടില്ലെന്നും പഠനങ്ങൾ നടത്തേണ്ടതുണ്ടെന്ന്‌ കണിച്ച്‌ എക്സൈസ്‌ വകുപ്പ്‌ പ്ലാനിംഗ്‌ ബോർഡിന്‌ മുന്നിൽ നിർദ്ദേശം വച്ചിട്ടുണ്ടെന്നും നിർദ്ദേശം അംഗീകരിച്ചാൽ തൃശൂരിലെ എക്സൈസ്‌ അക്കാദമി കേന്ദ്രീകരിച്ച്‌ പഠനം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്ത്‌ അബ്കാരി കേസുകളിൽ 22,000 പേരെ കഴിഞ്ഞ പത്ത്‌ മാസ കാലയളവിൽ ശിക്ഷിച്ചിട്ടുണ്ട്‌. മയക്കുമരുന്നുകളുടെ ഉപയോഗത്തെ തുടർന്ന്‌ എടുത്ത കേസുകളിലൂടെ 39000 പേർക്ക്‌ ജയിൽ ശിക്ഷ നേടിക്കൊടുത്തു. 10,400 ലിറ്റർ വ്യാജ മദ്യമാണ്‌ ഈ കാലയളവിൽ പിടിച്ചെടുത്തത്‌. 10200 ലിറ്റർ വ്യാജക്കള്ളും, 1, 48000 ലിറ്റർ വാഷും , 22,2000 ലിറ്റർ ലഹരി അരിഷ്ടവും ഈ കാലയളവിൽ പിടിച്ചെടുത്തിട്ടുണ്ടെന്നും ഋഷിരാജ്സിങ്‌ പറഞ്ഞു. കൂടാതെ രണ്ട്‌ കോടി രൂപ തൊണ്ടി മുതലായും കണ്ടെടുത്തു. 813 കിലോ കഞ്ചാവും 2592 കഞ്ചാവ്‌ ചെടികളും എക്സൈസ്‌ സംഘം പിടിച്ചെടുത്തിട്ടുണ്ട്‌.135 ഗ്രാം ബ്രൗൺ ഷുഗറാണ്‌ ഈ കലയളവിൽ പിടിച്ചെടുത്തത്‌.
സംസ്ഥാനത്ത്‌ നടന്നതിൽ വച്ച്‌ വലിയ ലഹരി മരുന്ന്‌ വേട്ടയിലൊന്നാണ്‌ ഇന്നലെ കൊച്ചിയിൽ നടന്നത്‌. 84 ലക്ഷം രൂപ വിലവരുന്ന ലഹരി വസ്തുക്കളാണ്‌ ഇന്നലെ നടന്ന റെയ്ഡിലൂടെ പിടിച്ചെടുത്തതെന്നും ഋഷിരാജ്സിങ്‌ പറഞ്ഞു.
ഗോവയിൽനിന്നാണ്‌ ലഹിരി വസ്തുക്കൾസംസ്ഥാനത്തേക്ക്‌ വരുന്നതെന്നും ഇന്നലെ പിടികൂടിയ ആളെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ 40 ലക്ഷത്തോളം വരുന്ന വിദ്യാർഥികളെയും 30 ലക്ഷത്തോളം വരുന്ന ഇതര സംസ്ഥാന തൊഴിലാളികളെയുമാണ്‌ ലഹരി സംഘങ്ങൾ ലക്ഷ്യമിട്ടിരിക്കുന്നതെന്നും ഋഷിരാജ്സിങ്‌ പറഞ്ഞു.
മയക്കുമരുന്നുകേസുകളിൽ ശിക്ഷ വർധിപ്പിക്കുന്നതിനാവശ്യമായ നിയമഭേദഗതികൾ നടപ്പാക്കണമെന്ന്‌ കേന്ദ്രസർക്കാരിനോട്‌ സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഇതുമായി ബന്ധപ്പെട്ട്‌ ചില യോഗങ്ങൾ നടന്നതായും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം കായംകുളത്ത്‌ പിടികൂടിയ സ്പിരിറ്റ്‌ കേസിലെ പ്രധാന പ്രതിയെ ചോദ്യം ചെയ്തതിൽനിന്നാണ്‌ കരുനാഗപ്പള്ളിയിൽനിന്ന്‌ 950 ലിററർ സ്പിരിറ്റ്‌ ഇന്നലെ പിടികൂടാൻ കഴിഞ്ഞതെന്നും സംസ്ഥാനത്ത്‌ അടുത്തിടെ നടന്ന ഏറ്റവും വലിയ സ്പിരിറ്റ്‌ വേട്ടയാണിതെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്ത്‌ മയക്കുമരുന്നു കേസുകളിൽ കൂടുതൽ രജിസറ്റർ ചെയ്യുന്നതിനാലാണ്‌ ദേശീയ ക്രൈം റെകോഡ്‌ ബ്യൂറോയുടെ കണക്കുപ്രകാരം മയക്കുമരുന്ന്‌ ഉപയോഗത്തിൽ രാജ്യത്ത്‌ രണ്ടാം സ്ഥാനത്തുള്ള സംസ്ഥാനമായി കേരളം മാറുന്നതെന്നും എന്നാൽ കേരളത്തേക്കാൾ കൂടുതൽ ജനസംഖ്യയുള്ള പല വലിയ സംസ്ഥാനങ്ങളിലും കേസുകൾ പോലും രജിസ്റ്റർ ചെയ്യുന്ന സാഹചര്യമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

  Categories:
view more articles

About Article Author