സംസ്ഥാന ജിഎസ്ടി നിയമം അടുത്ത സഭാ സമ്മേളനത്തിൽ

സംസ്ഥാന ജിഎസ്ടി നിയമം അടുത്ത സഭാ സമ്മേളനത്തിൽ
April 21 03:31 2017

തിരുവനന്തപുരം: രാജ്യത്ത്‌ ചരക്കു സേവന നികുതി നടപ്പാക്കുന്നതിന്റെ ഭാഗമായി സംസ്ഥാന ചരക്കു സേവന നികുതി നിയമം അടുത്ത നിയമസഭാ സമ്മേളനത്തിൽ പാസാക്കും. ജിഎസ്ടി നടപ്പാക്കുന്നതിനുള്ള തയ്യാറെടുപ്പുകൾ അതിദ്രുതം മുന്നേറുകയാണെന്ന്‌ ധനവകുപ്പ്‌ അറിയിച്ചു.
സംസ്ഥാന വാണിജ്യ നികുതി വകുപ്പിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന മുന്നൊരുക്കങ്ങൾ അവലോകനം ചെയ്യുന്നതിനും കരട്‌ നിയമം വിശദമായി പരിശോധിക്കുന്നതിനും വേണ്ടി ധനകാര്യ മന്ത്രിയുടെ ഓഫീസിൽ ഇന്നലെ ബ്രെയിൻ സ്റ്റോമിംഗ്‌ സെഷൻ നടന്നു. രാവിലെ 10 മണിക്ക്‌ ആരംഭിച്ച അവലോകന പരിപാടി ഉച്ചയ്ക്ക്‌ രണ്ട്‌ മണിവരെ നീണ്ടു. ധനമന്ത്രി ഡോ. ടി എം തോമസ്‌ ഐസക്ക്‌, വാണിജ്യ നികുതി വകുപ്പ്‌ സെക്രട്ടറി പി മാരപാണ്ഡ്യൻ, വാണിജ്യ നികുതി കമ്മിഷണർ ഡോ. രാജൻ ഖോബ്രഗഡേ, നിയമ സെക്രട്ടറി ബി ജി ഹരീന്ദ്രനാഥ്‌ എന്നിവർ യോഗത്തിന്‌ നേതൃത്വം നൽകി. വാണിജ്യ നികുതി ഡെപ്യുട്ടി കമ്മിഷണർമാർ, ജോയിന്റ്‌ കമ്മിഷണർമാർ, ഹൈക്കോടതിയിലെ നികുതി സ്പെഷ്യൽ ഗവൺമെന്റ്‌ പ്ലീഡർമാർ, സെക്രട്ടേറിയറ്റ്‌ നികുതി വകുപ്പിലെയും നിയമ വകുപ്പിലെയും അഡീഷണൽ സെക്രട്ടറിമാർ എന്നിവർ പങ്കെടുത്തു.
കരട്‌ നിയമത്തിലെ ഓരോ അധ്യായവും സംബന്ധിച്ച വിശദമായ അവതരണങ്ങൾ നടത്തി അവലോകനം നടത്തുകയാണ്‌ ചെയ്തത്‌. ഓരോ അധ്യായത്തെ സംബന്ധിച്ചുമുള്ള അവതരണങ്ങൾ നടത്തിയത്‌ വാണിജ്യ നികുതി ജോയിന്റ്‌ കമ്മിഷണർമാരും ഡെപ്യൂട്ടി കമ്മിഷണർമാരുമാണ്‌. ചരക്കു സേവന നികുതി സമ്പ്രദായത്തെ സംബന്ധിച്ച ആഴത്തിലുള്ള പഠനം വാണിജ്യ നികുതി വകുപ്പിന്റെ വിവിധ തലങ്ങളിൽ എത്തിക്കുന്നതിനുള്ള ട്യൂട്ടോറിയൽ നടന്നു വരികയാണ്‌. ഇതിന്റെകൂടി ഭാഗമായിട്ടാണ്‌ ഉന്നത ഉദ്യോഗസ്ഥന്മാർ കരടു നിയമത്തെ സംബന്ധിച്ച്‌ അവലോകന അവതരണങ്ങൾ നടത്തിയത്‌. ജിഎസ്ടി കൗൺസിൽ തയ്യാറാക്കിയ കരടു നിയമത്തിന്റെ ചട്ടക്കൂടിൽ നിന്നുകൊണ്ട്‌ സംസ്ഥാനത്തിന്റെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നവിധം നിയമം തയ്യാറാക്കുന്നതു സംബന്ധിച്ച്‌ നിയമോപദേശം നൽകാൻ അഡ്വക്കേറ്റ്‌ ജനറലിനെയും നിയമ വകുപ്പിനെയും ചുമതലപ്പെടുത്തി. കേന്ദ്ര ചരക്കു സേവന നിയമം ലോട്ടറിയെ ചരക്കായി നിർവചിച്ചിരിക്കുകയാണ്‌. ഈ സാഹചര്യത്തിൽ സംസ്ഥാന ചരക്കു സേവന നിയമത്തിൽ ലോട്ടറിക്ക്‌ ഉയർന്ന നികുതി ഈടാക്കുന്നതിനും കേന്ദ്ര ലോട്ടറി നിയമത്തിന്റെ വ്യവസ്ഥകൾ പ്രകാരം മാത്രം ലോട്ടറി നടത്തുന്നു എന്ന്‌ ഉറപ്പുവരുത്താൻ കഴിയുന്ന വ്യവസ്ഥകൾ ഉൾക്കൊള്ളിക്കുന്നതിനും തത്വത്തിൽ തീരുമാനമായി. ഇതിന്റെ നിയമ വശങ്ങൾ പരിശോധിക്കാൻ അഡ്വക്കേറ്റ്‌ ജനറലിനെയും നിയമ വകുപ്പിനെയും ചുമതലപ്പെടുത്തും.
ലോട്ടറി സംബന്ധിച്ച ഇത്തരം വ്യവസ്ഥകൾ ഉൾക്കൊള്ളിക്കേണ്ടതിന്റെ പ്രാധാന്യം സംബന്ധിച്ച്‌ കേന്ദ്രധനമന്ത്രിയെ സന്ദർശിച്ച്‌ സംസ്ഥാന ധനമന്ത്രി ചർച്ച നടത്തിയിരുന്നു.

  Categories:
view more articles

About Article Author