Monday
18 Dec 2017

സഞ്ചാരികളുടെ ഇഷ്ട കേന്ദ്രമായി ഗ്യാപ്‌ റോഡ്‌ വ്യൂ പോയിന്റ്‌

By: Web Desk | Friday 16 June 2017 4:45 AM IST

സന്ദീപ്‌ രാജാക്കാട്‌
രാജാക്കാട്‌: തെക്കിന്റെ കശ്മീരായ മൂന്നാറിൽ തണുപ്പ്‌ വർധിച്ചതോടെ പ്രകൃതി ഭംഗി ആസ്വദിക്കാൻ എത്തുന്ന സഞ്ചാരികളുടെ വരവും വർധിച്ചു. ഇതോടെ സഞ്ചാരികളുടെ പ്രധാന ഇടത്താവളമായ ഗ്യാപ്‌ റോഡിലും ദിവസേന നൂർക്കണക്കിന്‌ സഞ്ചാരികളാണ്‌ എത്തുന്നത്‌. എന്നാൽ ഇവിടെ വേണ്ടത്ര അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാത്തത്‌ വലിയ പ്രതിസന്ധിയാണ്‌ സൃഷ്ടിക്കുന്നത്‌.
മൂന്നാറിൽ എത്തിയതിന്‌ ശേഷം കുമളി തേക്കടി എന്നിവിടങ്ങളിലേയ്ക്ക്‌ പോകുന്ന സഞ്ചാരികളുടെ പ്രധാന ഇടത്താവളമാണ്‌ ഗ്യാപ്‌റോഡ്‌. കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ മൂന്നാറിനും, പൂപ്പാറയ്ക്കും ഇടയിലാണ്‌ ഗ്യാപ്‌ റോഡ്‌ സ്ഥിതിചെയ്യുന്നത്‌. ആയിരക്കണക്കിന്‌ അടി ഉയരത്തിൽ മലമുകളിലൂടെ കടന്നുപോകുന്ന റോഡിൽ നിന്ന്‌ കാണുവാൻ കഴിയുന്ന മഞ്ഞുമൂടിയ മലനിരകളുടെയും, ഹൈറേഞ്ചിന്റെ കുട്ടനാട്‌ എന്നറിയപ്പെടുന്ന മുട്ടുകാട്‌ പാടശേഖരത്തിന്റെയും വിദൂര കാഴ്ച്ചയാണ്‌ ഇവിടേയ്ക്ക്‌ സഞ്ചാരികളെ ആകർഷിക്കുവാനുള്ള പ്രധാന കാരണം. അതുകൊണ്ട്‌ തന്നെ ഇവിടേക്ക്‌ ദിവസവും സഞ്ചാരികളുടെ വലിയ ഒഴുക്കാണ്‌. മൂന്നാർ വിട്ടതിന്‌ ശേഷം സഞ്ചാരികളെ ആകർഷിക്കുന്ന പ്രധാന ഇടത്താവളമാണിതെങ്കിലും അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം സഞ്ചാരികളെ ഏറെ ബുദ്ധിമുട്ടിലാക്കുന്നുണ്ട്‌. മാത്രവുമല്ല ഇവിടെ സുരക്ഷാ സംവിധാനങ്ങൾ ഇല്ലാത്തതും വലിയ അപകട ഭീഷിണിയാണ്‌ ഉയർത്തുന്നത്‌. ഗ്യാപ്‌ റോഡിൽ നിന്ന്‌ വിദൂര കാഴ്ച്ചകൾ ആസ്വദിക്കുന്നതിന്‌ എത്തുന്ന സഞ്ചാരികൾ ഇവിടെ തീർത്തിരിക്കുന്ന കലുങ്കുകൾക്ക്‌ മുകളിൽ കയറി നിന്നാണ്‌ ഫോട്ടോക്കും മറ്റും പോസ്‌ ചെയ്യുന്നത്‌. ഇവിടെ സുരക്ഷാ വേലികൾ പോലും ഇല്ലാത്തത്‌ വലിയ അപകടങ്ങൾക്ക്‌ ഇട നൽകുന്നുണ്ട്‌. തിരക്കേറിയ സമയങ്ങളിൽ ഇവിടെ എത്തുന്ന സഞ്ചാരികളെ നിയന്ത്രിക്കുന്നതിനും മാർഗനിർദ്ദേശം നൽകുന്നതിനും ജീവനക്കാരെ നിയമിക്കണമെന്നും, സഞ്ചാരികൾക്ക്‌ ആവശ്യമായ സുരക്ഷാ സംവിധാനങ്ങളും, അടിസ്ഥാന സൗകര്യങ്ങളും ഒരുക്കണമെന്നുമുള്ള ആവശ്യം വളരെ നാളുകളായി ഉയരുന്നുണ്ട്‌. എന്നാൽ അധികൃതർ ഇതിന്‌ വേണ്ട യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നാണ്‌ ആക്ഷേപം.