സഞ്ചാരികൾക്ക്‌ അന്യമായി ചരിത്ര സ്മാരകമായ ആനയിറങ്കൽ തൂക്കുപാലം

സഞ്ചാരികൾക്ക്‌ അന്യമായി ചരിത്ര സ്മാരകമായ ആനയിറങ്കൽ തൂക്കുപാലം
April 17 04:45 2017

സന്ദീപ്‌ രാജാക്കാട്‌
രാജാക്കാട്‌: തെക്കിന്റെ കശ്മീരായ മൂന്നാറിനോട്‌ ചേർന്ന്‌ കിടക്കുന്ന ആനയിറങ്കൽ ജലാശയത്തിലെ തൂക്കുപാലം ഏവർക്കും കൗതുകമാണ്‌. ബ്രിട്ടീഷ്‌ എൻജീനീയർമാരുടെ കരവിരുതിൽ തീർത്തതാണ്‌ ഈ പാലം. എന്നാൽ ഇവിടെയെത്തുന്ന സഞ്ചാരികൾക്ക്‌ ഇന്നും അന്യമാണ്‌ ഈ പാലം. കണ്ണൻ ദേവൻ കമ്പനിയുടെ പെരിയകനാൽ ന്യു ഡിവിഷനിലാണ്‌ ഈ തൂക്കുപാലം സ്ഥിതിചെയ്യുന്നത്‌.
200 വർഷങ്ങൾക്ക്‌ മുൻപ്‌ ഇടുക്കിയുടെ മലനിരകളിൽ ബ്രിട്ടീഷ്‌ ഇൌ‍സ്റ്റ്‌ ഇന്ത്യാ കമ്പനി തേയില കൃഷി ആരംഭിച്ചപ്പോൾ മതികെട്ടാൻചോല, സുര്യനെല്ലി,ബി എൽ റാം,തുടങ്ങിയ മലനിരകളിൽ നിന്നും മഴവെള്ളം ഒഴുകി എത്തുന്ന തോടുകൾക്ക്‌ കുറുകെയാണ്‌ ഈ പാലം നിർമ്മിച്ചത്‌. കണ്ണൻ ദേവൻ മലനിരകളിൽ നിന്നും നുള്ളിയെടുത്ത കൊളുന്ത്‌ പെരിയകനാൽ ഫാക്ടറിയിലേക്ക്‌ എത്തിക്കുന്നതിനുള്ള എളുപ്പമാർഗമായിട്ടാണ്‌ ബ്രിട്ടീഷ്‌ എൻജിനീയർമാർ ഈ പാലം നിർമ്മിച്ചത്‌. കപ്പൽ മാർഗം ഇന്ത്യയിൽ എത്തിച്ച ഉരുക്ക്‌ വടത്തിലാണ്‌ തൂക്കുപാലത്തിന്റെ നിർമ്മാണം പൂർത്തിയാക്കിയിരിക്കുന്നത്‌. പച്ച പരവതാനി വിരിച്ച തേയില ചെരുവുകൾക്ക്‌ ഇടയിൽ ബ്രിട്ടീഷ്‌ കയ്യൊപ്പ്‌ പതിഞ്ഞ പാലത്തിന്‌ ഏകദേശം നൂറ്‌ മീറ്ററോളം നീളം വരും. കാട്ടാന ശല്യം രൂക്ഷമായിരുന്ന കാലത്ത്‌ തൊഴിലാളികൾക്ക്‌ പെട്ടെന്ന്‌ ലയങ്ങളിലേക്ക്‌ എത്തുന്നത്തിനുള്ള മാർഗം കൂടിയായിരുന്നു ഇത്‌.
ബ്രിട്ടീഷ്‌ ഇൌ‍സ്റ്റ്‌ ഇന്ത്യ കമ്പനിയുടെ ഭരണം അവസാനിച്ചപ്പോൾ തേയിലത്തോട്ടങ്ങൾ കണ്ണദേവൻ കമ്പനിയുടെ അധീനതയിൽ ആകുകയായിരിന്നു. 1963ൽ ആനയിറങ്കൽ അണകെട്ട്‌ നിർമ്മിച്ചതോടെ ഈ പാലം ജലശായത്തിനു കുറുകെയായി മാറി. പിന്നീട്‌ കൊളുന്ത്‌ വാഹനങ്ങളിൽ ഫാക്ടറിയിൽ എത്തിക്കാൻ തുടങ്ങിയതോടെ ചരിത്ര സ്മാരകം അപ്പാടെ ഉപേക്ഷിച്ച മട്ടായി. നിലവിൽ തൊഴിലാളികൾ ലയങ്ങളിലേക്ക്‌ മടങ്ങുന്നതിനു മാത്രമാണ്‌ ഈ തൂക്കുപാലം ഉപയോഗിക്കുന്നത്‌.
ആനയിറങ്കൽ ജലാശയം നിറഞ്ഞു കിടക്കുമ്പോൾ പാലത്തിലുടെ ഉള്ള യാത്ര സാഹസികത നിറഞ്ഞതാണ്‌. പാലത്തിലുടെയുള്ള സഞ്ചാരം ഏവരെയും ആകർഷിക്കും.
എന്നാൽ ഇന്ന്‌ ഈ ചരിത്ര സ്മാരകം അപകടാവസ്ഥയിലായിരിക്കുകയാണ്‌. കമ്പികൾ പലതും പൊട്ടിയ നിലയിലാണ്‌. സ്വകാര്യകമ്പനിയുടെ അധീനതയിലായതിനാൽ ഈ തൂക്കു പാലം വേണ്ട വിധം സംരക്ഷിക്കപ്പെടുന്നില്ല. ദേശിയപാതയിൽ നിന്നും അരകിലോമിറ്റർ സഞ്ചരിച്ചാൽ ഈ തൂക്കു പാലത്തിനടുത്ത്‌ എത്താം. തൂക്കുപാലത്തിന്റെ പ്രാധാന്യം മനസ്സിലാക്കി സംരക്ഷിക്കാനോ ടൂറിസം സാധ്യതകൾ പ്രയോജനപ്പെടുത്തനോ അധികൃതർ തയാറകുന്നില്ലെന്ന ആക്ഷേപം നിലിവിലുണ്ട്‌.

  Categories:
view more articles

About Article Author